ഹൃദയസരസ്സ്

രാത്രികാല കർഫ്യൂമും ലോക്ഡൗണും പിൻവലിച്ചെന്ന വാർത്തകേട്ടപാടെ ഒരു ടൂർ പ്രോഗ്രാം ദർശന്റെ മനസ്സിലുദിച്ചു.

ചെമ്പ്രകൊടുമുടിയിലേക്കൊരു ട്രക്കിങ്‌ വളരെക്കാലമായി ആഗ്രഹിക്കുന്നതാണ്. കോവിഡ്, ടൂറിസം മേഖലക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയിട്ടുള്ളത് കൊണ്ട് ഇപ്പോൾ  മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തുറന്നിട്ടുണ്ടെന്ന്  സുഹൃത്ത് റമീസ്  വിളിച്ചുപറഞ്ഞപ്പോഴാണ് ടൂറു പോകാൻ  ഒരു ധൈര്യം കിട്ടിയത്. 
മഹാമാരിക്കാലമായതുകൊണ്ടുതന്നെ വിദേശികളും മറ്റു സംസ്ഥാനക്കാരും കുറവായിരിക്കുമെന്ന്  അവനു തോന്നി. 

താനും വിഷ്ണുപ്രിയയും രണ്ടുഡോസ് വാക്‌സിനും എടുത്തതാണ് അതുകൊണ്ട്  ആർടിസിപി സർട്ടിഫിക്കറ്റൊന്നും വേണ്ടിവരില്ല. 

വിവാഹശേഷമുള്ള ആദ്യ ടൂറാണ്. 
ഒരു വർഷംതികയറായി.
 അടച്ചുപൂട്ടൽക്കാലം അവളുടെ ഓർമ്മകളുടെ തിരയിളക്കത്തിന്റ കാലം കൂടിയായിരുന്നു.

 വിവാഹത്തിന്റ ആദ്യനാളുകളിൽ മഴയുംകാറ്റും അവൾക്ക് പേടിസ്വപ്നമായിരുന്നു. 
ഓരോമഴയും അനേകം തീപ്പന്തങ്ങളായി അവളെ പൊള്ളിച്ചുകൊണ്ടിരുന്നു. 
 മഴക്കാറ് നിറഞ്ഞു മാനം കറുത്തു തുടങ്ങുമ്പോഴേ അവൾ അസ്വസ്ഥയാകും. ഇരുകൈകൾകൊണ്ട് ചെവിപൊത്തി കണ്ണടച്ച് ബെഡ്ഢിൽ കമഴ്ന്നുകിടക്കും.ചിലപ്പോൾ അലറിനിലവിളിക്കും 

ദർശന് മഴ, കുളിരുള്ള ഒരു കവിതയാണെങ്കിൽ,, അവൾക്ക് ദുരന്തങ്ങൾ വാരിവിതച്ച്, പ്രിയപ്പെട്ടവരെ തട്ടികൊണ്ടുപോയ പേമാരിയാണത്. 

അക്കാലങ്ങളിലെ  അവളുടെ ഭയം അവനെ ഒരുപാട് അസ്വസ്ഥനാക്കിയിരുന്നു. ആ ആത്മസംഘർഷം  കണ്ണുകളിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. 

ഉറങ്ങിക്കിടന്ന അച്ഛന്റെയും അമ്മയുടേയും ശരീരത്തിൽ അപ്പാടെ ഇടിഞ്ഞുവീണ വീടും, ചളിയിൽ പുതഞ്ഞു ഇല്ലാതായിപ്പോയ കൂട്ടുകാരേയും ഓർത്തുള്ള ഞെട്ടലിൽ നിന്ന് എപ്പോഴെങ്കിലും അവൾക്ക് മുക്തയാകാൻ കഴിയുമോ എന്നവൻ ചിന്തിച്ചുകൊണ്ടിരുന്നു. 

എല്ലാകാലവും വേട്ടയാടുന്ന ഒരു ദുഃസ്വപ്നം പോലെ അതവളെ പിന്തുടരാതിരിക്കില്ല എന്ന തോന്നലിൽ, തിരക്കിട്ടെടുത്ത തന്റെ തീരുമാനം അസ്ഥാനത്തായിപ്പോയോ എന്നവൻ സംശയിക്കുക പോലും ചെയ്തിരുന്നു. 

 പഠിക്കാൻ ഹോസ്റ്റലിൽ ആയതുകൊണ്ടുമാത്രം അത്ഭുതംപോലെ രക്ഷപെട്ടതാണ് അവൾ.

ഉണർന്നവരും ഉറങ്ങിക്കിടന്നവരും ഒരിക്കലും ഉണരാത്ത ഉറക്കത്തിനായി മണ്ണിനടിയിൽ അമർന്നു പോകുന്ന രംഗം എത്ര ഭയാനകമാണ്. എന്തൊക്കെ പ്രതീക്ഷകളോടെ അന്നത്തെ ദിവസം  രാവിലെ ഉണർന്നെഴുന്നേറ്റിട്ടുണ്ടാവുക? 

എത്ര പ്രണയങ്ങൾ കൈമാറാൻ കഴിയാതെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിട്ടുണ്ടാവും. പൂർത്തിയാകാനിരിക്കുന്ന വീട്ടുപണി, എഴുതേണ്ടിയിരുന്ന പരീക്ഷകൾ, കൊടുത്തു തീർക്കാനിരുന്ന ബാധ്യതകൾ, കിട്ടാനുള്ള ധനങ്ങൾ, പറഞ്ഞുതീർക്കാൻ കൊതിച്ച കെറുവുകൾ രുചിയോടെ കഴിക്കാനുണ്ടാക്കിയ ഭക്ഷണങ്ങൾ പാതിവായിച്ച പുസ്തകങ്ങൾ, അവസരം കാത്തിരുന്ന പ്രതികാരങ്ങൾ, കാണാൻ ആഗ്രഹിച്ച മുഖങ്ങൾ എല്ലാമെല്ലാം നിമിഷങ്ങൾകൊണ്ട് പാഞ്ഞുവന്ന ഉരുള്പൊട്ടലിലും മണ്ണിടിച്ചലിലും ഭൂമിക്കടിയിൽ ആഴ്ന്നു പോയ പ്രതിഭാസം.
ബന്ധങ്ങളും സ്വപ്‌നങ്ങളും ഉരുൾപ്പൊട്ടലിൽ ഒലിച്ചു പോയ ഒരു  പാവം പെൺകുട്ടിക്ക് ജീവിതം കൊടുക്കണമെന്ന മോഹമേ അന്നുണ്ടായിരുന്നുള്ളൂ 
ഇപ്പോൾ അവൾ ഒരുപാട് മാറിയിരിക്കുന്നു മഴപ്പേടി അവളെ ഇപ്പോൾ തളർത്തുന്നില്ല.അസമയത്തു അവൾ അലറിവിളിക്കുന്നില്ല. 

 അതുകൊണ്ടാണ് അവളുടെ നാട്ടിൽ തന്നെ ടൂർ പ്രോഗ്രാം അറേഞ്ച് ചെയ്യാൻ ദർശൻ തീരുമാനിച്ചത്. 

തികച്ചും അപ്രതീക്ഷിതമായാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അച്ഛന്റെ വയനാട് യാത്രയും,അവിടെയുള്ള അച്ഛന്റെ  സുഹൃത്തിന്റെ വീട്ടിലേക്കുള്ള സന്ദർശനവും അതിനു കാരണമായി.

 വയനാട് എന്നും അച്ഛന്റെ ഒരു ദൗർബല്യമായിരുന്നു. സംസാരത്തിൽ എന്നും ഇടതിങ്ങിയ കാടും തേയില തോട്ടവും ബ്രിട്ടീഷ്‌കാർ ഇന്ത്യ വിട്ടുപോയിട്ടും, അന്ന്  ഉപേക്ഷിച്ചുപോകാത്ത ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കമ്പനിയും അവിടെ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ അച്ഛനും, പിന്നെ  അമ്മയും,  എസ്റ്റേറ്റിലെ ജി എം ജെയ്സൺ സായിപ്പും എസ്റ്റേറ്റ് ബംഗ്ലാവും അവിടത്തെ ആർഭാടങ്ങളും, തൊഴിലാളികളുടെ പാടിയും,  തേയില കൊളുന്ത് നുള്ളുന്ന മാറാപ്പണിഞ്ഞ സ്ത്രീകളും ഒക്കെ കടന്നുവരും. 

"ഞങ്ങൾ താമസിച്ച ബ്രിട്ടീഷ്‌ ബാംഗ്ലാവൊക്കെ ഇപ്പോൾ അവിടത്തെ ടൂറിസ്റ്റ് റിസോർട്ടുകളാണ്." എന്നൊരു നെടുവീർപ്പോടെ അച്ഛൻ സംസാരം അവസാനിപ്പിക്കും. 
അമ്മയാണ് ഒരിക്കൽകൂടി അച്ഛനെ ആ സ്ഥലങ്ങളൊക്ക കാണിക്കണം എന്നു പറഞ്ഞത്. അങ്ങിനെയാണ് അന്ന് വയനാട്ടിൽ ടൂറിനു പോകാൻ അവർ തയ്യാറായത്. കൂട്ടത്തിൽ അച്ഛന്റെ പഴയ സുഹൃത്തിന്റെ മകളെ പെണ്ണുകാണാനും തീരുമാനമായി. പക്ഷേ വിവാഹം എന്നു പറയുന്നത് വിധിപോലെയേ വരുമെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.

വണ്ടിയോടിക്കുമ്പോൾ അച്ഛൻ കാടിനെക്കുറിച്ചും പ്ലാന്റെഷനെക്കുറിച്ചും ലക്ഷ്വറി റിസോർട്ടുകളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. 
ഇരുവശവും ഇടതൂർന്ന വനങ്ങൾക്കിടയിലെ ഹെയർപിൻ വളവുകളിലൂടെയുള്ള ഡ്രൈവിംഗ് ആകർഷകവും അതേ സമയം അപകടകരവുമായിരുന്നു 

"ദർശൻ, ശ്രദ്ധിച്ച്,  എന്ന് അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.. 

അപ്പോൾ അച്ഛൻ കളിയാക്കി. "എന്തൊരു വേവലാതിയാണ് നിനക്ക് മോൻ വണ്ടിയോടിക്കുമ്പോൾ.

പണ്ട് കർക്കിടകവാവിന് ബലിയിടാൻ തിരുനെല്ലിയിൽ പോയപോയി വരുമ്പോൾ അച്ഛനായിരുന്നു വണ്ടി ഓടിച്ചത്. ഈ ഹെയർപിൻ വളവ് പാസ്‌ ചെയ്യുന്നേരം അമ്മ, അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ചൊന്നുമല്ല പറഞ്ഞത്  പത്തുമുപ്പതു കരിങ്കൽതൂണിൽ താങ്ങി നിർത്തിയ ക്ഷേത്രത്തിന്റെ വിസ്മയത്തെ കുറിച്ചാണ് എന്നു ദർശൻ ഓർമ്മിച്ചു. 
മക്കൾ എത്ര വലുതായാലും പിച്ചവെച്ചു നടക്കുമ്പോഴുള്ള കരുതലാണ് അമ്മമാർക്ക്. 
എന്നവൻ ചിന്തിച്ചു. 

ഇന്നും അമ്മയ്ക്ക് അവൻ ദൂരയാത്ര ചെയ്യുമ്പോൾ പേടിയാണ്.

അന്ന് കുറേ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.കബനി നദിയിലെ കുറുവദ്വീപ് കണ്ടു എടക്കൽ ഗുഹ കണ്ടു.  പൂക്കോട് തടാകത്തിൽ, പെഡൽ ബോട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് സവാരി നടത്തി. 

നീല ആമ്പൽപൂക്കൾ ആവേശത്തോടെ പറിച്ചെടുത്തു. 

പൂക്കോട് നിന്ന് വൈത്തിരി വഴി മേപ്പാടിയിൽ പോകാമെന്നും അവിടെയുള്ള ഹിൽസ്റ്റേഷനിൽ ഹൃദയത്തിൽ ആകൃതിയിൽ ഒരു തടാകമുണ്ടെന്നും ഗൈഡ് പറഞ്ഞതാണ് പക്ഷേ പോകാനൊത്തില്ല. രണ്ടായിരം മീറ്ററിലധികംഉയരമുള്ള ചെമ്പ്ര കൊടുമുടിയിലെ ട്രക്കിങ്‌ ഒന്നും അവർക്ക് സാധ്യമല്ലായിരുന്നു. 

തീരത്ത്  നീലക്കുറിഞ്ഞികൾ പൂക്കുന്ന, പ്രണയചിഹ്നത്തിന്റെ ആകൃതിയുള്ള ഹൃദയസരസ്സ് എന്ന പ്രകൃതിദത്ത തടാകം അന്നേ ദർശനെ മോഹിപ്പിച്ചിരുന്നതാണ്. 

ഇപ്പോൾ ഫോറെസ്റ്റ് ഓഫീസിൽ നിന്ന് പാസ്‌ വാങ്ങി വഴികാട്ടികളോടും വിഷ്ണുപ്രിയയോടുമൊപ്പം  കൊടുംവനത്തിലൂടെ യാത്രയും ട്രക്കിങ്ങും സന്തോഷത്തോടെ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം കൂട്ടിനുണ്ട്. 

അന്ന് തിരിച്ചു വരുമ്പോഴാണ് സൗഹൃദസന്ദർശനത്തിനായി അച്ഛന്റെ  സുഹൃത്ത്‌ മോഹനന്റെ വീട്ടിൽ കയറിയത്. അദ്ദേഹത്തിന്റെ മകളെയായിരുന്നു അച്ഛൻ അവനുവേണ്ടി ആലോചിക്കാനിരുന്നത് പക്ഷേ അവിടെ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറഞ്ഞു.

മകളെയും ഭാര്യയെയും അവർക്ക് പരിചയപ്പെടുത്തികൊടുത്തതിനു പിന്നാലെ മറ്റൊരു പെൺകുട്ടിയെ കൂടി അയാൾ പരിചയപ്പെടുത്തികൊടുത്തു.

 ലയത്തിലെ ഒരു തൊഴിലാളിയുടെ മകൾ വിഷ്ണുപ്രിയ. ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ അവളെ സ്വീകരിക്കാറുള്ള അച്ഛനും അമ്മയും ഉരുൾപൊട്ടലിൽ മറഞ്ഞുപോയപ്പോൾ,മോഹനനും ഭാര്യയും കൂടെ കൂട്ടിയതാണ്. 
പെൺകുട്ടി അപ്പോഴും പേക്കിനാവിൽ നിന്ന് ഉണരാത്തപോലെ പകച്ചു നിൽക്കുകയായിരുന്നു. 

ദർശൻ അപ്പോൾ എടുത്ത തീരുമാനമായിരുന്നു ലോകത്തെ മുഴുവൻ പേടിയോടെ നോക്കുന്ന ആ പെൺകുട്ടിയെ സുരക്ഷിതയാക്കണമെന്ന്.   പിന്നേയും മാസങ്ങൾ കഴിഞ്ഞശേഷമാണ് അവളെ വിവാഹം കഴിക്കാൻ കഴിഞ്ഞത്.

കോടമഞ്ഞും കാറ്റുമേറ്റ്, പുറത്തെ കാഴ്ച്ചകൾ നോക്കി നിശ്ശബ്ദയായിരിക്കുന്ന വിഷ്ണുപ്രിയയോട് സ്നേഹത്തോടെ അവൻ ചോദിച്ചു 
"സാഹസികയാത്ര ഇഷ്ടമാണോ? 

അവൾ അതെയെന്ന് പുഞ്ചിരിച്

"ഗാർഹസ്ഥ്യം സ്വീകരിച്ചില്ലായിരുന്നെങ്കിൽ, ഞാനൊരു നിതാന്തസഞ്ചാരിയായിപ്പോയേനെമോളെ" എന്നവളോട് പറയണമെന്നു തോന്നിയെങ്കിലും അവൻ പറഞ്ഞില്ല. 

കുന്നിറങ്ങി വരുന്ന അനേകം  വാഹനങ്ങളുടെ വെളിച്ചത്തിൽ അവളുടെ മുഖം കൂടുതൽ ദീപ്തമായത് പോലെ അവനു തോന്നി. അവൻ  ഒന്നുകൂടി അവളോട്  ചേർന്നിരുന്ന് ഹൃദയസരസ്സിലേക്കുള്ള യാത്ര തുടർന്നു.

വി.കെ റീന