ഹിമാലയോ നാമ നഗാധിരാജ

ഹിമാലയം ഒരു പ്രസ്ഥാനമാണ്. സഹനത്തിന്റെ, സാഹസികതയുടെ, സ്‌നേഹത്തിന്റെ, സഫലതയുടെ, സൗകുമാര്യതയുടെ സർവ്വോപരി സമാധാനത്തിന്റെ മഹാപ്രസ്ഥാനം. പഞ്ചപാണ്ഡവർ സ്വർഗാരോഹണിയിലേക്ക് നടത്തിയ മഹാപ്രസ്ഥാനം ഈ ഹിമഗിരി ശൃംഗങ്ങളിലൂടെയാണ്. മഹാഭാരതത്തിലെ പല ഐതിഹ്യങ്ങളും ഇന്നും ഹിമാലയത്തിന്റെ നിമ്‌നോന്നതങ്ങളിൽ അവശേഷിക്കുന്നു.

ഇരുപത് വർഷം മാറ്റിവെച്ചും,നീട്ടിവെച്ചും, എന്നേയ്ക്ക് എന്നറിയാതെ കാലം കാത്തുസൂക്ഷിച്ച എന്റെ ഹിമാലയയാത്ര. മസൂറി എക്‌സ്പ്രസ്സിലെ റിസർവ്വേഷൻ കമ്പാർട്ടുമെന്റിൽ ഉറക്കം വരാത്ത രാത്രിയാത്ര. ഹരിദ്വാറിലേക്ക്. റിസർവ്വേഷൻ ഉള്ളവരും, ഇല്ലാത്തവരും, സ്ത്രീകളും, കുട്ടികളും, കാഷായവസ്ത്രധാരികളും എല്ലാം ഈ കമ്പാർട്ട്‌മെന്റിൽ ഒരുപോലെ. നിലത്തും,വാതിൽക്കലും,ബർത്തിലും,അവരങ്ങനെ ഇൻഡ്യൻ റെയിൽവേയുടെ റിസർവ്വേഷൻ പരിപാടിയെ പരിഹസിക്കുന്നു.
     


ചുറ്റിലും പൊതിയുന്ന സൈക്കിൾ റിക്ഷാക്കാരെ ഒഴിവാക്കാൻ പാടുപെട്ട്, നേരത്തെ ബുക്ക് ചെയ്തിരുന്ന ഗഡ്‌വാൾ മൻഡൽ വികാസ് നിഗമിന്റെ രാഹി ഹോട്ടലിലേക്ക്. പിന്നെ ഞങ്ങൾക്ക് മനസ്സിലായി, ഹരിദ്വാറിലെ സൈക്കിൾ റിക്ഷാക്കാരെ ഒഴിവാക്കി ഇവിടം കണ്ടുതീർക്കുക പ്രയാസം. ഒരു സവാരിക്കാരന് പത്തുരൂപ വച്ചു ദൂരങ്ങൾ ആഞ്ഞു ചവിട്ടി, അതിലേറെ ആഞ്ഞു ശ്വാസം വലിക്കുന്ന ഈ റിക്ഷാക്കാരാണു ഹരിദ്വാറിന്റെ മുഖമുദ്ര. അവർ ഓരോ സവാരിയിലും ചുമക്കുന്ന ഭാരം കണ്ടാൽ കണ്ണു തള്ളി നിന്നു പോകും. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ധാർഷ്ട്യത്തിന്റെയും പിടിച്ചുപറിയുടെയും നാട്ടിൽ നിന്നും ചെന്ന ഞങ്ങൾക്ക് ഈ മര്യാദ രാമൻമാർ സമ്മാനിച്ച വിസ്മയം ഇപ്പൊഴും ബാക്കിയാവുന്നു.

മൻസാ ദേവിയുടെ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. സ്വകാര്യ കമ്പനി നടത്തുന്ന റോപ് വേ ആണു ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പ്രധാന ആകർഷണം. ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ചാന്ദി ദേവി ക്ഷേത്രത്തിലേക്കും റോപ് വേ ഉണ്ട്. രണ്ടും ചേർത്തു പാക്കേജ് ടിക്കറ്റും ലഭ്യം.

തിക്കും,തിരക്കും,ആർപ്പുവിളികളും,ദേവിക്കു ജയ് വിളികളും നിറഞ്ഞ മൻസാദേവി ക്ഷേത്രം എന്തോ ആകർഷണീയമായി തോന്നിയില്ല. ഗംഗയുടേയും, ഹരിദ്വാർ പട്ടണത്തിന്റെയും മുകളിൽ നിന്നുള്ള ദൂരകാഴ്ച മാത്രം നല്ലത്. ചാന്ദിദേവി ക്ഷേത്രത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. റോപ് വേയ്ക്കു സൗന്ദര്യം കൂടുതൽ ചാന്ദിദേവി ക്ഷേത്ര പാതയിലാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാഴ്ചകളും കണ്ടു ഞാൻ ..!!
  


ഹരിദ്വാറിന്റെ ശരിയായ ആകർഷണം ഗംഗയാണ്. ഒരുപക്ഷേ, ഗംഗ മാത്രം. വിശാലമായി പരന്നൊഴുകുന്ന ഗംഗയാണ് ഈ നഗരത്തിനു ജീവനും തേജസ്സും. ഗംഗാതീരത്തെ വൈകുന്നേരത്തെ മഹാ ആരതി ഏറെ പ്രശസ്തം. നയനാനന്ദകരവും. ഹർ കി പൗരി എന്നു വിളിക്കപ്പെടുന്ന ഗംഗാമന്ദിറിന്റെ സമീപത്ത് ചെറിയ ഒരു കൈവഴിയായി അമ്പലമുറ്റത്ത് അനുസരണയോടെ ഗംഗ ഒഴുകുന്നു. ഇവിടെ അനേകായിരം ദീപങ്ങൾ പുഷ്പദലങ്ങളുടെ അകമ്പടിയോടെ ഗംഗയ്ക്കു അർച്ചന അർപ്പിക്കുന്നതാണു ആരതി. അമ്പലത്തിലെ പൂജാരി തുടങ്ങിവയ്ക്കുന്ന ഈ അഗ്നിതിലോദകം ഗംഗ ഏറ്റുവാങ്ങുന്നതോടെ ഭക്തരുടെ കൺഠത്തിൽ നിന്നും ഗംഗാമാതാ ജയ് വിളികൾ ഉയരുന്നു. ഗംഗയുടെ ഇരുകരകളിലും ചങ്ങലകൾ കോർത്തു കമ്പി തൂണുകൾ നാട്ടിയിരിക്കുന്നു. ഈ ചങ്ങലകളിൽ പിടിച്ചു നിന്നുകൊണ്ടു വേണം കുളിക്കാൻ. ഒഴുക്കിന്റെ ശക്തി അപാരം. അപകട സാധ്യതയും. പൗർണ്ണമിത്തലേന്ന് അസംഖ്യം ആരതിദീപങ്ങളുടെ പൊൻപ്രഭയിൽ ഗംഗാനദി തിളങ്ങുന്ന കാഴ്ച മനോഹരം. ആരതി കഴിയുന്നതോടെ ജനസഞ്ചയം യാത്രയാകുന്നു. പിന്നെ തീരത്ത് മെല്ലെ മെല്ലെ തിരക്കൊഴിയുകയാണ്. പുലരും വരെ മാത്രം.

ഹരിദ്വാർ ഭംഗിയുള്ള വസ്ത്രങ്ങളുടെ ഒരു പട്ടണം കൂടിയാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകളിൽ നിറയെ കൗതുകമുണർത്തുന്ന ഡിസൈനുകളുടെ പ്രദർശനം വിൻഡൊ ഷോപ്പിങ്ങിന്റെ അനന്തസാധ്യതകൾ തുറക്കുന്നു. നാളെയാണ് ഗംഗാമാതാവിന്റെ ചാരെ നിന്നും ഹിമവാൻ എന്ന പിതൃസാന്നിധ്യത്തിലേക്കുള്ള യാത്ര. നാളെ പൗർണ്ണമി കൂടിയാണ്.

തുടരും...

കെ.ജെ.സിജു