ഹംപി. ഇന്ത്യയുടെ നഷ്ടസ്വർഗ്ഗം. 2

ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നുമാണ് സഞ്ചാരികൾ പ്രധാനമായും ഹംപിയിലെത്തുന്നത്.
ബാംഗ്ലൂർ നിന്ന്
350 കിലോമീറ്ററാണ്
റോഡ് മാർഗ്ഗം ഹംപിക്ക്.

  

ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് രാവിലെ 7.30 നുള്ള വോൾവോ യിൽ കയറി. ഡയറക്ട് ബസ്സല്ല
200 കിലോമീറ്റർ കഴിഞ്ഞ്
ചിത്രദുർഗ്ഗയിൽ ഇറങ്ങണം.
ഇത്തരം യാത്രകളിൽ മൂടിക്കെട്ടിയ Alc ബസ്സിൽ
യാത്ര പതിവില്ലാത്തതാണ്.
ലോക്കൽ ബസ്സാണ് പഥ്യം.
ചിത്രദുർഗ്ഗ വരെ നിരവധി
തവണ യാത്ര ചെയ്ത വഴിയായതിനാലും ഉടനെ മറ്റ് ബസ്സില്ലാത്തതിനാലുമാണ്
ഇതിൽ കയറിയത്.  

  

രണ്ട് മണിക്കൂർ കഴിഞ് ബസ്സ്
ഒരു ഹൈവേ ഹോട്ടലിൽ
ടിഫിൻ കഴിക്കാൻ നിർത്തി. ഇരുന്ന് കഴിക്കാൻ സമയമില്ല ടേക്കണെടുത്ത് നിന്ന് കഴിക്കണമത്രേ.
ഒരു വടയ്ക്ക് ഇരുപത് രൂപ.
ബസ്സ് ജീവനക്കാരുടെ ഭക്ഷണത്തിന്റെ പണം കൂടി യാത്രക്കാരിൽ നിന്ന് ഈടാക്കുകയാണ്.
ഒരു ചായയും വടയും കഴിച്ച്
യാത്ര തുടർന്നു.
പതിനൊന്നര മണിക്ക് ബസ്സ് ചിത്രദുർഗ്ഗ സ്റ്റാൻഡിലെത്തി അവിടെ ഇറങ്ങി.

ഇവിടെ ബസ്സ് മാറി കയറണം നന്മുടെ ബസ്സ് പുറപ്പെടാൻ സമയമുണ്ട്. സ്റ്റാൻഡിൽ നിന്ന് പുറത്തേക്കിറങ്ങി.
ഇടത്തരം പട്ടണമായ ചിത്രദുർഗ്ഗ ചരിത്ര പ്രാധാന്യമുള്ള നഗരമാണ്.
നഗരത്തിൽ തന്നെയാണ് പ്രസിദ്ധമായ ചിത്രദുർഗ്ഗ ഫോർട്ട്.

   

(ഫോർട്ടിന്റെ കാഴ്ചയും ചരിത്രവും പിന്നീടൊരിക്കൽ പറയാം)

ഇന്നലെ വൈകിട്ട് തുടങ്ങിയ യാത്രയാണ്. കാലൊക്കെ നീരുവച്ച് തുടങ്ങിയിരിക്കുന്നു.
ലേശം നടക്കണം. സ്റ്റാൻഡിന് ഒന്ന് വലംവച്ച്‌ വന്ന് നിന്നത് മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒരു കടയുടെ മുന്നിൽ.
കയറാതെ പറ്റില്ലല്ലോ. കയറി. തൂവാനത്തുമ്പിയിൽ ലാലേട്ടനടിക്കുന്ന തണുത്ത സർബത്തൊന്നടിച്ച്
ശരീരം തണുപ്പിച്ച് ഇറങ്ങി.

12 മണി കഴിഞ്ഞപ്പോൾ ഹോസ്പറ്റിലേക്കുള്ള ബസ്സെത്തി ഒരു സൈഡ്
സീറ്റ് പിടിച്ചു.സാധാ ബസ്സാണ്. നിറയെ യാത്രക്കാരുണ്ട്
ബസ്സ് പുറപ്പെട്ട് മെയിൻ റോഡിൽ നിന്ന് ഹോസ്പറ്റ് റോഡിലേക്ക് കയറി.ടാറിംഗ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായിരിക്കുന്നു.
റോഡ് വീതി കൂട്ടി പണി നടന്ന് കൊണ്ടിരിക്കുകയാണ്.
പൊടിയിൽ കുളിച്ചും
കുഴിയിൽ ചാടിയും ബസ്സ്
യാത്ര തുടർന്നുകൊണ്ടിരുന്നു

  

ഹംപിയുടെ ഗേറ്റ് വേയായ ഹോസ്പറ്റിൽ എത്തുമ്പോൾ
സമയം മൂന്നര മണി.
ബസ്സ് ഇവിടെ വരെയുള്ളു
അവിടെ സ്റ്റാൻഡിൽ ഇറങ്ങി.
സാമാന്യം നല്ല
ബസ്സ് സ്റ്റാൻഡാണ്
അത്യാവശ്യം വൃത്തിയായി സംരക്ഷിക്കുന്നുണ്ട്.
ബല്ലാരി ജില്ലയിലെ ഇടത്തരം നഗരമായ ഹോസ്പറ്റിൽ
രണ്ട് ലക്ഷത്തിലധികം
ജനങ്ങൾ പാർക്കുന്നുണ്ട്.
ഹംപിയുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനും
പ്രധാന ബസ്സ് സ്റ്റേഷനും ടവ്വണുമെല്ലാം ഹോസ്പറ്റാണ്.

നല്ല വിശപ്പും ക്ഷീണവും.
ഒന്ന് ഫ്രെഷാകണം.
പിന്നെന്തെങ്കിലും കഴിക്കണം.
ബസ്സ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കിറങ്ങി.
ഒരു ഇടത്തരം ടൗണാണ് ഹോസ്പറ്റ്. പൊടി നിറഞ്ഞ റോഡരുകിൽ വഴി വാണിഭക്കാരും അലഞ്ഞ് നടക്കുന്ന വളർത്ത് മൃഗങ്ങളും പന്നിയുമെല്ലാമുണ്ട്.

അടുത്ത് കണ്ട സർക്കാർ കടയിൽ നിന്ന് ഒരു തണുത്തബിയർ വാങ്ങി
അതിനോട് ചേർന്ന സെറ്റപ്പ് കടയിൽ കയറി.
ചെറിയ ഹോട്ടലാണ്
വല്യ വൃത്തിയൊന്നുമില്ല.
പക്ഷെ തമിഴ്നാട്ടിലെ ഇത്തരം കടകളേക്കാൾ ഭേദമാണ്.
കടയിൽ ധാരാളം ആളുകളുണ്ട്.
യാത്രക്കാരും ടൗണിലെ കൂലിപ്പണിക്കാരുമാണ്.
കൈയ്യും മുഖവും കഴുകി
ചിക്കൻ ഫ്രൈയ്യും ചപ്പാത്തിയും
ഓർഡർ ചെയ്തിട്ട് ശീതള പാനിയം നുകർന്നിരുന്നു.
ശരീരമൊന്ന് തണുത്തപ്പോൾ ഭക്ഷണമെത്തി. വിശപ്പ് മാറ്റി പുറത്തിറങ്ങി.

നാലരമണിക്കുള്ള ബസ്സിൽ ഹംപിയിലേക്ക് യാത്രയാരംഭിച്ചു 13 കിലോമീറ്ററേയുള്ളു.
ലോക്കൽ ബസ്സാണ്.
ബസ്സിൽ നിറയെ വിദ്യാർത്ഥികൾ.
മുട്ടിന് മുട്ടിന് നിർത്തിയാണ് ബസ്സിന്റെ പോക്ക്. കാഴ്ച കണ്ടിരിക്കുന്ന എനിക്കത് സൗകര്യമായി.

അഞ്ച് മണിക്ക് ബസ്സ് ഹംപിയിലെത്തുമ്പോൾ ഇറങ്ങാൻ കുറച്ച് പേർ മാത്രം
ബാഗുമെടുത്ത് ഏറ്റവും അവസാനമായി ഞാനും ഇറങ്ങി.
ലോകത്തിന്റെ നിറുകോളം ഉയർന്ന ജീവിതത്തെ ചോരയിലും കണ്ണിരിലും മുക്കിക്കൊന്ന
നഷ്ട സ്വർഗ്ഗത്തിന്റെ
ശ്മശാന ഭൂമിയിലേക്ക്.
വിജയനഗരത്തിന്റെ മണ്ണിലേക്ക്.

ഡെക്കാൻ സുൽത്താന്മാരുടെ
നരനായാട്ട് കഴിഞ്ഞ് പിന്നെയും നൂറ്റാണ്ടുകൾ ഹംപി ശ്മശാന ഭൂമിയായി കിടന്നു.
ഇക്കാലത്ത് അയൽ രാജ്യത്തെ പല ഭരണാധികാരികളും ഹംപിയിലെ ചരിത്ര അവശേഷിപ്പുകളെ വീണ്ടും വികൃതമാക്കി.

ഒടുവിൽ 1799 ൽ ഈസ്റ്റ് ഇൻഡ്യ കമ്പനിയിലെ മിലിട്ടറി ഓഫിസ്സറും പിന്നീട് ബ്രിട്ടിഷ് ഇൻഡ്യയുടെ ആദ്യ സർവ്വേ ജനറലുമായി ഉയർന്ന കേണൽ
കോളിൻ മക്കിൻസ്കിയുടെ കഴുകൻ കണ്ണുകളാണ് വിസ്മൃതിയിൽ ആണ്ട് കിടന്ന വിജയനഗരത്തെ കണ്ടെത്തുന്നതും ഹംപിയുടെ വിസ്മയങ്ങൾ ലോകത്തോട് വിളിച്ച് പറയുന്നതും.

മക്കിൻസ്കി കണ്ടെത്തുമ്പോളുള്ള ഹംപിയുടെ നിരവധി പെയ്ൻറിഗുകൾ അദ്ദേഹം വരപ്പിച്ചെടുത്തത് ഇന്നും
ബ്രിട്ടിഷ് മ്യൂസിയത്തിലുണ്ട്..

  

പിന്നീട് 1986 ൽ ഹംപിയെ
UN വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കുകയും
4100 ഹെക്ടറിൽ1600 നിർമ്മിതികൾ ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കുകയും ചെയ്തതോടെയാണ് ഹംപി
ഇന്നത്തെ രീതിയിൽ സഞ്ചാരികളെ ആകർഷിക്കാൻ തുടങ്ങിയത്.

ഒരു കാലത്ത് ബീജിംങ്ങ് കഴിഞാൻ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള
(5 ലക്ഷം) നഗരമായിരുന്നു
ഹംപിയിൽ ഇന്ന് 632 കുടുബങ്ങളിലായി 2777 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ആർക്കിയോളജി സർവ്വേ
ഹംപിയുടെ സംരക്ഷണത്തിനായി
ഇവിടുള്ള ജനങ്ങളെ സാവധാനം
ഹംപിക്ക് പുറത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

ഹംപിയിലെ പ്രസിദ്ധമായ വിരുപാക്ഷ ക്ഷേത്രത്തിന് സമീപമാണ് ബസ് പാർക്ക് ചെയ്തിരിക്കുന്നത്.
സ്റ്റാൻഡൊന്നുമില്ല. UN ന്റെ ഹെറിറ്റേജ് സൈറ്റായതിനാൽ നിർമ്മാണം എളുപ്പമല്ല.
ഒരു പാർക്കിങ്ങ് ഗ്രൗണ്ട് മാത്രം.
ടാക്സികളും എയർബസ്സുമടക്കം ധാരാളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ധാരാളം താൽക്കാലിക കടകളും.

ഹംപി ഒരു ടവ്വൺ ഒന്നുമല്ല.
തുംഗഭദ്ര നദിക്കും ഹംപി ബസാറിനും ഇടയിലുള്ള സ്ഥലത്ത് കുറച്ച്
പഴയ കെട്ടിടങ്ങളുണ്ട്
ഒറ്റ നോട്ടത്തിൽ ധാരാവിയെ
പോലെ തോന്നിക്കുന്ന
ഷീറ്റിട്ട കെട്ടിടങ്ങൾ. അപൂർവ്വമായുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ. രണ്ട് നിലയിൽ കൂടുതലുളള കെട്ടിടങ്ങൾ ഇല്ല.
പുതിയ നിർമ്മാണത്തിന് വിലക്കുള്ളതിനാൽ പഴയ കെട്ടിടങ്ങൾ സംരക്ഷിച്ച് വരികയാണ്.

  

ഒരു മുറിയെടുക്കണം. ഇവിടെയുള്ള എല്ലാ കെട്ടിടങ്ങളും ടൂറിസവുമായി ബന്ധപ്പെട്ടതാണ്.
മിക്ക കെട്ടിടങ്ങളിലും
ഹോം സ്റ്റേയുടെ ബോർഡുണ്ട്
അത്തരം ഒന്നിലേക്ക് കയറിച്ചെന്ന് മുറി ആവശ്യപ്പെട്ടു
മുറിയുണ്ട് പക്ഷെ ചെക്കൗട്ട് സമയം രാവിലെ 8 മണിയാണ്.
ഇപ്പോൾ മുറിയെടുത്താൽ രാവിലെ 8 ആകുമ്പോൾ ഒഴിയണം. ഇല്ലങ്കിൽ അടുത്ത ദിവസത്തെ വാടക നൽകണം.
ലോഡ്ജ് കാരെ കുറ്റം പറയാനാവില്ല.
ഗോവയിൽ നിന്നും ബാംഗ്ലൂർ നിന്നുമുള്ള ടൂറിസ്റ്റ് ബസ്സുകളും ട്രെയിനുമെല്ലാം രാവിലെ
8 മണിക്ക് മുൻപായി എത്തും
അതിൽ വരുന്ന ടൂറിസ്റ്റ്കൾക്ക് മുറി നൽകിയില്ലങ്കിൽ പിന്നെ
മുറി പോയി എന്ന് വരില്ല.

അവിടെ നിന്നിറങ്ങി അടുത്ത മറ്റൊരിടത്ത് ശ്രമിച്ചു
അതും തഥൈവ.
തൊട്ടു മുൻപിൽ പുഷ്പാ ഗസ്റ്റ് ഹൗസ്സ് എന്നൊരു ബോർഡ് കണ്ട് അവിടേക്ക് ചെന്നു.
വീടിന് മുന്നിൽ കസേരയിൽ തടിച്ച ഒരമ്മച്ചി ഇരിക്കുന്നു. കന്നഡയല്ലാതെ മറ്റൊന്നുമറിയില്ല. അമ്മച്ചിയുമായി കഥകളി നടത്തുമ്പോൾ അകത്ത് നിന്നൊരു പെൺ ശബ്ദം
ചേട്ടാ ഇവിടെ എല്ലാടത്തും
5 മണിയാണ് ചെക്കൗട്ട് സമയം.
തനി മലയാളത്തിൽ സംസാരിച്ച് കൊണ്ട് ഒരു പെൺകൂട്ടി
ഇറങ്ങി വന്നു. പേര് ശ്രീജ. വീട്
തൃശൂർ ആ വീട്ടിലെ മരുമകളാണ്.

ശ്രീജ ഒരു സഹായം ചെയ്ത് തന്നു.രാവിലെ മുറി ഒഴിഞ്ഞ് ബാഗ് അവരുടെ വീട്ടിൽ ഏല്പിച്ച് പുറത്ത് പോകുക തിരികെ വരുമ്പോൾ ഫ്രഷ് ആകാൻ സൗകര്യം ചെയ്ത് തരാം.
അത് സമ്മതിച്ച് റൂമിലേക്ക്
നടന്നു. വീടിന്റെ മുകൾ നിലയിലെ നാല് മുറിയിൽ ഒന്നാണ് ലഭിച്ചത് മിനിമം സൗകര്യങ്ങളുള്ള മുറിക്ക്
700 രൂപയാണ് വാടക.
ബാഗ് വച്ച മുഖം കഴുകി പെട്ടന്ന് തന്നെ പുറത്തിറങ്ങി. റൂമിന് മുന്നിൽ നിന്ന് നോക്കിയാൽ വിരുപാക്ഷ ക്ഷേത്രവും പിന്നിലെ മലയുമാണ് കാഴ്ച.

  

നേരെ നടന്ന് വിരുപാക്ഷ ക്ഷേത്രത്തിലെത്തി. ഹംപിയിൽ
വിഗ്രഹവും നിത്യപൂജയുമുള്ള ഏക ക്ഷേത്രമാണിത്.
വിരുപാക്ഷ ക്ഷേത്രത്തിന് പുറകിൽ പാറകൾ നിറഞ്ഞ ചെറിയ മലയിൽ നിർമ്മാണം പൂർത്തിയായതുമല്ലാത്തതും തകർന്ന് കിടക്കുന്നതുമായ
ഒരു പറ്റം നിർമ്മിതികളുണ്ട്.
അവക്കിടയിലൂടെ
മലയുടെ മുകളിലേക്ക് നടന്നു.

മുകളിലെത്തിയപ്പോൾ സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചരികളുണ്ട്.
ഹംപിയിലെ സൂര്യസ്തമയം
ആസ്വദിക്കാനായി കാത്തിരിക്കുകയാണവർ.
ഇവിടെ നിന്നാൽ ഹംപിയിലെ വലിയൊരു ഭുഭാഗത്തിന്റെയും
തുംഗഭദ്രയുടെയും വിശാല
കാഴ്ച കാണാം. അസ്തമയ
സൂര്യൻ ചെഞ്ചായം പൂശിയ ഹംപിയെ കണ്ട്കൊണ്ട് ഞാനവിടെ നിന്നു.

തുടരും.....

നബി.
വിസ്തരിച്ച് ബോറടിപ്പിച്ചെങ്കിൽ
പറയണം. അടുത്തതിൽ
ചുരുക്കാം.

 ബോസ് ആർ .ബി