ഹംപി:ഇന്ത്യയുടെ നഷ്ടസ്വർഗ്ഗം-3

ഹംപിയിലെ ആദ്യ പ്രഭാതമാണ്
രാവിലെ 5 മണിക്ക് തന്നെ ഉറക്കമുണർന്നു.
പെട്ടന്ന് തന്നെ റെഡിയായി
ആറ് മണിക്ക് റോഡിലിറങ്ങി

ഹംപിയിൽ ഇന്ന് ഒറ്റ ദിവസമാണുള്ളത്
പരമാവധി കാഴ്ചകളിലേക്കെത്തണം.
ഇന്നലെ ബസ്സിറങിയ സ്ഥലത്ത്
ഒരു ചെറിയ ഉന്ത് വണ്ടിക്കടയിൽ
ഭക്ഷണം വിൽക്കുന്നുണ്ട്. അവിടേക്ക് നടന്നു.
കടയുടമ സേലംകാരനായ തമിഴനാണ്.
ചൂട് ബൂരിയും മസ്സാലയും കഴിച്ചു.
നല്ല ഭക്ഷണം.
വളരെ കുറഞ്ഞ പൈസ.
ഒരു കുപ്പി വെള്ളം വാങ്ങി. വഴിയിൽ വെള്ളം കിട്ടുമോന്നറിയില്ല.
 

 

 
വിരുപാക്ഷ ക്ഷേത്രത്തിന് മുമ്പിലെ പഴയ ബസ്സാറിലൂടെ ഞാൻ മുന്നോട്ട് നടന്നു.
ഒരു കിലോമീറ്ററോളം നീളത്തിൽ വിശാലമായ പാതക്ക് ഇരുവശത്തുമായി കല്ലിൽ പണിതിരിക്കുന്ന വരിക്കെട്ടിടങ്ങൾ.
നിശ്ചിത അകലത്തിൽ രണ്ട് നിലയിലുള്ള എടുപ്പുകൾ, അക്കാലത്തെ ആധുനിക ഷോപ്പിങ്ങ് മാർക്കറ്റായിരുന്നു. ഇന്ന് വളരെ കുറച്ച് ഭാഗം മാത്രമാണ് തകരാതെ നിൽക്കുന്നത്.

15-ാം നൂറ്റാണ്ടിലെ നിരവധി വിദേശ സഞ്ചാരികൾ ആവോളം പുകഴ്ത്തി പാടിയ പുകൾപെറ്റ ഹംപി മാർക്കറ്റ്.
അക്കാലത്ത് അതിവിശിഷ്ടമായ രത്നങ്ങളും മുത്തുകളും ആഭരണങ്ങളും വിലപിടിപ്പുള്ള സിൽക്ക് വാസ്ത്രങ്ങളും വിൽക്കാനും വാങ്ങാനും വിദേശികളടക്കം
എത്തിയിരുന്ന മാർക്കറ്റാണ്.

അറുനൂറ് വർഷം മുമ്പ് നിർമ്മിച്ച ഈ ബസ്സാറിന്റെ പ്ലാനിംഗും ഭംഗിയും ദീർഘ വീക്ഷണവും നമ്മെ വിസ്മയിപ്പിക്കും.
തകർന്ന ഭാഗങ്ങൾ പുനർ നിർമ്മിച്ചെടുത്താൽ ഇന്നത്തെ ഏത് മാർക്കറ്റിനെക്കാളും മികച്ചതാണ് ഇപ്പോഴും ഇത്.

ബസ്സാർ കടന്ന് ചെല്ലുമ്പോൾ
മുമ്പിൽ ചെറിയ മാതംഗമല അതിന് മുകളിലേക്ക് വീതിയേറിയ കൽപടവുകൾ മുകളിലെത്തുമ്പോൾ നാല് വശത്തേക്കും ഹംപിയുടെ തുറസ്സായ കാഴ്ചയുണ്ട്.


ഹംപിയിലെ പ്രധാന ആകർഷണങ്ങൾ
രണ്ട് ഭാഗങ്ങളിലായാണുളളത്.
ഹംപി ബസ്സ് സ്റ്റാൻഡ് ഭാഗത്ത്
വിരുപാക്ഷ, അച്ചുതരായർ, വിറ്റാല, ഗണേഷ് ക്ഷേത്രങ്ങളും
മാതങ്ക ഹിൽ, വിറ്റാല മാർക്കറ്റ്
സൺസെറ്റ് പോയ്ന്റ്,
കിംഗ് ബാലൻസ്സ്,
ആർക്കിയോളജി മ്യൂസിയം
തുംഗഭദ്ര നദി,ഹിപ്പി ഐലൻഡ് എന്നിവയും ഇതിന്റെയെല്ലാം
കാവലൊരുക്കി
ഹേമകൂട മലനിരകളും.

ഹംപി ബസ് സ്റ്റാൻഡിൽ നിന്ന് നമ്മൾ വന്ന ഹോസ്പറ്റ് ഭാഗത്തേക്ക് മൂന്ന് കിലോമീറ്റർ
മാറിയാണ് ഹസാര രാമ, ജെയിൻ, നരസിംഹ മൂർത്തി,
ശ്രീകൃഷ്ണ,ക്ഷേത്രവും
ഭുമിക്കടിയിലെ ശിവക്ഷേത്രം,
ക്യൂൻ ബാത്ത്, ദസറ മണ്ഡപം,
സ്റ്റെപ്പഡ് ടാങ്ക്, ലോട്ടസ് മഹൽ,
എലിഫന്റ് സ്റ്റേബിൾ,
റോയൽ എൻക്ലോഷർ....
തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്
ഞാനാദ്യം വിരുപാക്ഷ ഭാഗത്തേ കാഴ്ചകളിലേക്കാണ് പോകുന്നത്.
  


കുന്നിന്റെ മറുവശത്ത് കുറ്റിക്കാട്ടുകൾക്കിടയിലെ നടപ്പാതയിലൂടെ ഇറങ്ങിച്ചെല്ലുന്നത്
ഗന്ധമാധന മാതംഗ മലകൾക്കിടയിലെ സമതല പ്രദേശത്താണ്.
ഇവിടെയാണ് അച്ചുതരായർ ക്ഷേത്രമുള്ളത്
വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരിയായിരുന്ന
കൃഷ്ണ ദേവരായർക്ക് ശേഷം അധികാരമേറ്റെടുത്ത
അച്യുത രാമ രായറാണ്
1532 ൽ ഈ ക്ഷേത്രം നിർമ്മിച്ചത്
തനത് വിജയനഗര ശില്പരീതിയിലുള്ള
മനോഹരമായ ക്ഷേത്രമാണിത്.
വിശാലമായ മതിൽകെട്ടും ചുറ്റമ്പലവുമൊക്കെയുള്ള
ബ്രഹത്തായ ഈ നിർമ്മിതയുടെ
പല ഭാഗങ്ങളും ചരിഞ്ഞ് തുടങ്ങിയതിനാൽ ഇടിഞ്ഞ് വീഴാതിരിക്കാൻ കല്ല് കൊണ്ട് വലിയ ചാരുണ്ടാക്കി
സംരക്ഷിച്ചിരിക്കുകയാണ്.

അച്യുതരായർ ക്ഷേത്രം പിന്നിട്ട് നൂറ് മീറ്ററോളം മലഞ്ചെരുവിലെ കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നെത്തിയത് പഴയ ഒരു മാർക്കറ്റിലേക്കാണ്.
വിരുപാക്ഷ ബസാറിന്റെ അതേ രീതിയിൽ കല്ലിൽ നിർമ്മിച്ച
ബൃഹത്തായ ഒരു ബസാർ.
ബസാറിന്റെ നടുവിൽ
വലിയൊരു കുളവും ഒത്ത നടുവിൽ കല്ലിൽ തീർത്ത
ഒരു മനോഹര മണ്ഡപവും.
കൂളത്തിന് ചുറ്റും ചിത്രപ്പണി ചെയ്ത കൽത്തുണുകൾ വരിവരിയായി സ്ഥാപിച്ചിരുന്നു
വശങ്ങളിലും അടിയിലും നീളത്തിലുളള കല്ല് പാകിയ
കുളത്തിന്റെ നാല് വശത്തും നിന്നും ശില്പ ഭംഗിയോടെ
കെട്ടിയിറക്കിയ പടികളുണ്ട്.
കുളത്തിൽ ഇപ്പോൾ വെള്ളമില്ല.
തൂണുകൾ നിലം പൊത്തിയിരിക്കുന്നു.
മാർക്കറ്റ് തകർന്ന് കിടക്കുന്നു.

സമയം രാവിലെ
ഏഴര ആയതേയുള്ള
സഞ്ചാരികൾ ആരുമില്ല.
സൂര്യന്റെ ഇളം രശ്മികൾ
മലഞ്ചെരിവിലൂടെ ചരിഞ്ഞ് വിഴുന്നുണ്ട്.തീർത്തും
വിജനവും നിശബ്ദവുമായ അന്തരീക്ഷത്തിൽ
അതൊരു അതിഗംഭീര കാഴ്ചയായിരുന്നു.
  


കുളത്തിന്റെ പടിക്കെട്ടിലിരുന്ന
ഞാനലോചിച്ചത്
അഞ്ഞൂറ് വർഷം മുൻപ്
ഇത് ഭാവനയിൽ കണ്ട് നിർമ്മിച്ച ഭരണാധികാരിയെ കുറിച്ചാണ്.
അദ്ദേഹത്തെ മനസ്സിൽ നമിച്ചു കൊണ്ട് ഞാൻ നടപ്പ് തുടർന്നു

നടന്നെത്തിയത്
കിംഗ് ബാലൻസ്സിന്റെ മുന്നിലാണ്
മുപ്പതടിയോളം ഉയരത്തിൽ
നാട്ടിനിർത്തിയിരിക്കുന്ന
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രണ്ട് കൽത്തൂണുകളുടെ മുകളിൽ വിലങ്ങനെയും
ഒരു കല്ല് വിച്ചിരിക്കുന്നു.
വിശേഷ ദിവസങ്ങളിൽ
രാജാവ് തുലാഭാരം തൂങ്ങാൻ ഉപയോഗിച്ചിരുന്നതാണ്
കിംഗ്‌ ബാലൻസ്. രാജാവിന്റെ
തൂക്കത്തിനാെപ്പം സ്വർണ്ണ നാണയങ്ങളും വിലപിടിപ്പുള്ള
മറ്റ് വസ്തുക്കളും ധാനം ചെയ്തിരുന്നു.

കിംഗ് ബാലൻസ് കടന്ന് പോകുമ്പോൾ പാതയോരത്ത് കല്ല് കൊണ്ട് മാത്രം രണ്ട് നിലയിൽ നിർമ്മിച്ച ഒരു കെട്ടിടത്തിന്റെ അവശിഷ്ട ഭാഗങ്ങൾ കാണാം.
അല്പം കൂടി നടന്നപ്പോൾ മുന്നിൽ വലിയ മതിൽക്കെട്ടിനുള്ളിൽ വലിയൊരു ക്ഷേത്രവും കാണാറായി.

വിറ്റാല ക്ഷേത്രം.
ഹംപിയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.ഇവിടം സന്ദർശിക്കാതെ ഒരു സഞ്ചാരിയും മടങ്ങാറില്ല.
  


1422- മുതൽ 1446 വരെ വിജയനഗരം ഭരിച്ച ദേവരായ രണ്ടാമനാണ് .തുംഗഭദ്ര നദിയുടെ തീരത്ത് അതിമനോഹരമായ വിജയ് വിറ്റാല ക്ഷേത്രം നിർമ്മിച്ചത്.പിന്നിട്ട് കൃഷ്ണ ദേവരായരുടെ കാലത്ത്
അത് വിപുലികരിച്ചിട്ടുണ്ട്.

ക്ഷേത്രത്തിനുള്ളിലേക്ക് കയറി
ച്ചെല്ലുമ്പോൾ നേരെ വരവേൽക്കുന്നത്
സ്റ്റോൺ ചാരിയറ്റാണ്.
ഹംപിയിൽ ഏറ്റവുമധികം ഫോട്ടോയെടുക്കപ്പെടുന്ന,
കല്ലിൽ നിർമ്മിച്ച രഥമാണ് സ്റ്റോൺ ചാരിയറ്റ്
നമ്മുടെ പുതിയ അമ്പത്
രൂപ നോട്ടിൽ പ്രിൻറ് ചെയ്തിരിക്കുന്നത് ഈ രഥത്തിന്റെ ഫോട്ടോയാണ്.

ഹംപിയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ചതുർഭൂജ
ആകൃതിയിൽ ദ്രാവിഡ ശൈയിയിൽ നിർമ്മിച്ച ക്ഷേത്രമാണിത്.
ചുറ്റമ്പലം രംഗഗമണ്ഡപം കല്യാണ മണ്ഡപം
തുടങ്ങിയയെല്ലാം അതുല്യമായ ശില്പ ഭംഗി നിറഞ്ഞതാണ്.
സപ്തസ്വരങ്ങൾ പൊഴിക്കുന്ന
തൂണും ഈ മണ്ഡപത്തിലാണ്.
മണ്ഡപത്തിലെ 64 തൂണുകളിലും
മച്ചിലും കല്ല് കൊണ്ടുണ്ടാക്കിയ കഴുക്കോലിലുമെല്ലാമുള്ള
ശില്ല വേലകൾ എത്ര കണ്ടാലും മതിവരില്ല.

മഹാവിഷ്ണുവിനെ പ്രതിഷ്ടയാക്കിയ ക്ഷേത്രത്തിൽ ഇപ്പോൾ വിഗ്രഹമില്ല. ആർക്കിയോളജി ഡിപ്പാർട്ട് മെൻറ് ഭഗീരഥ യത്നം നടത്തിയാണ് ക്ഷേത്രം തകരാതെ സംരക്ഷിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന് വലം വച്ച് വരുമ്പോൾ മുമ്പിൽ ഒരു ചെമ്പക മുത്തശ്ശി ഈ പ്രായത്തിലും പൂത്തു നില്ക്കുന്നു.
വിറ്റാലയുടെ ഉയർച്ച താഴ്ചകളുടെ മൂക സാക്ഷിയായ് തുഗഭദ്രയേ നോക്കി നിർവികാരയായ് നിൽക്കുന്ന ചെമ്പക മൂത്തശ്ശിയോട് യാത്ര പറഞ്ഞ് വീണ്ടും കാണാമെന്ന പ്രതിക്ഷയിൽ ഞാനിറങ്ങി.
കൈയിലൊരു
ചെമ്പകപ്പൂവുമായ്.

തുടരും.....

ബോസ് ആർ.ബി