ദി ഗ്രേറ്റ് ഇൻഡ്യൻ ചിക്കൻ

കാലം നയൻറ്റീൻ എയ്റ്റിസിക്സ് ഓർ എയ്റ്റിസെവൻ.. കമ്മീഷണർ ഭരത് ചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ, "അന്നുഞാൻ സ്റ്റാൻഡേർഡ് സിക്സ് ബി. "എന്നിരിക്കെ സംഭവിച്ചൊരു കൃത്യമാണീക്കഥ."ദി ഗ്രേറ്റ് ഇൻഡ്യൻ ചിക്കൻ." അന്നത്തെക്കാലത്തെ കോഴികൾ കാഴ്ച്ചയിൽ ''ബ്രോയിലർ "എന്ന വിദേശനാമത്തിൽ വിളിക്കാൻ തോന്നാത്ത.. പൂവനാണേ ശശിയെന്നോ, മത്തായിയെന്നോ, റാവുത്തറെന്നോ.. പിടയാണേ ഫിലോമിനയെന്നോ, ശോഭനയെന്നോ, ആമിനയെന്നോ തരംപോലെ വിളിക്കാൻ തോന്നുന്ന.. നാട്ടിൻപുറത്തുകാരായ ഗ്രേറ്റ് ഇൻഡ്യൻ ചിക്കൻസ് ആയിരുന്നു!.   മാത്രവുമല്ല അവയൊക്കെ ഇന്നുകാണും പോലെ പാക്കറ്റ്ഫുഡും കഴിച്ച്, സിക്സ്പാക്ക് മസ്സിലും പെരുപ്പിച്ച്, ആയിരം സ്ക്വയർഫീറ്റിന്റെ ടിൻഷീറ്റ് അപ്പാർട്ടുമെന്റിലൊന്നുമായിരുന്നില്ല കഴിഞ്ഞിരുന്നതും.. മിക്കവാറും ഓലമേഞ്ഞ കൂടൊക്കെയാവും അവറ്റകൾക്കുണ്ടാവുക. ഇച്ചിരെകൂടി ആഡംബരം കൂടിയാൽ "ഓട്.. " ദാറ്റ്സ്ഓൾ.. അങ്ങനെ അവ തങ്ങളുടെ ഭവനത്തിൽ,റേഷനരിച്ചോറിന്റെ പഴങ്കഞ്ഞിവറ്റും, പറമ്പിൽനിന്നും ചികയുമ്പോൾ കിട്ടുന്ന ന്യൂഡിൽസുമൊക്കെക്കഴിച്ച് കൊറോണക്കാലത്തെ വെള്ളക്കാർഡുകാരനെപ്പോലെ ഒരുവിധമങ്ങ് കഴിഞ്ഞുകൂടും. ഇവരിൽത്തന്നെ റിബലായുള്ള നീലാണ്ടനോ, ശേഖരനോ   അടുത്തുള്ള ഏതെങ്കിലും ട്രീയുടെ ബ്രാഞ്ചസിലെ സ്കൈലൈൻ അപ്പാർട്ട്മെൻറിലെക്കെയിരിക്കും താമസം.   രാത്രികാലത്തെത്തുന്ന ഒളിഞ്ഞ് നോട്ടക്കാരുടെ കണ്ണുരുട്ടലിൽ ഭയപ്പെട്ട് അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും താഴെവീണ് ഇവരിൽ ചിലരൊക്കെ  "ഭീരുചരമം" പൂകുമെങ്കിലും.. ആചാരമെന്നോണം ഈ കർമ്മം തലമുറകളായ് അവർ നിർബാധം തുടർന്നുപോന്നുകൊണ്ടേയിരുന്നു. ആകെമൊത്തം പറഞ്ഞാൽ ഇതൊക്കെയായിരുന്നു അന്നത്തെക്കാലത്തെ കോഴികളുടെ പൊതുവെയുള്ള ജീവിത നിലവാരം. ആ ചുറ്റുപാടിലേക്കാണ് ഒരു വൈകുന്നേരം വലിയൊരു കാർട്ടൺ പെട്ടിയിലടച്ച് നാലുവശവും കയറിട്ട് പൂട്ടിയ നിലയിൽ ഒരു കുക്കുടത്തേയും പേറി അച്ഛൻ വീട്ടിലേക്കുവരുന്നത്. വന്നതേ അച്ഛൻ അമ്മയോട് പറഞ്ഞു. ഇത് നമ്മുടെ "അറേലെ കൊച്ചപ്പന്റ കോഴിയാ.. അവരുടെ കോഴിക്കൂട് കാറ്റത്ത് പോയിപോലും.. നിനക്ക് കൂടുണ്ടല്ലോ നീ കൊണ്ടുപോയ് വളർത്തിക്കോ എന്ന് പറഞ്ഞു തന്നതാ."  "ങ്ങ്ഹേ ഇയാക്കിതെന്നാ വട്ടായോ..!! "എന്ന് ആശ്ചര്യംപൂണ്ട അമ്മയെ നോക്കി അച്ഛൻ തുടർന്നു..അങ്ങേരടെ പഴയ സ്വഭാവം ഒക്കെ മാറിയെന്നാ തോന്നണത്. അറുത്തകൈക്ക് ഉപ്പുതേക്കാത്തവനാരുന്നു.. എന്തു പറ്റിയോ ആവോ ഇതിനെ നമുക്ക് വെറുതെതരാൻ.. നല്ല നാടൻ പൂവനാ.. അടുത്ത ഞായറാഴ്ച്ച നമുക്കിതിനെ കൊന്ന് കറിയാക്കാം."അച്ഛൻ പറഞ്ഞു നിർത്തി. മനസ്സുകൊണ്ട് ഞാനും അച്ഛൻ പറഞ്ഞ തീരുമാനത്തോട് യോജിച്ചു. കാരണം അന്നൊന്നും ഇന്നത്തേതുപോലെ കോഴിയിറച്ചി നമ്പറിട്ടും, ചുട്ടെടുത്തും, അരച്ചുരുട്ടിയും തിന്നാൻകിട്ടുന്ന പതിവില്ല. വല്ല കാലത്തും വിരുന്നുകാർ വരുമ്പോൾ കൊന്നാലായി,കൊന്നില്ലേലായി.. അവരുടെ അങ്കം കഴിഞ്ഞ് മിച്ചമിരിക്കുന്ന കറിയിൽ അറ്റ്ലാന്റിക്ക് കടലിടുക്കിൽ മുത്തുച്ചിപ്പിതേടി ഇറങ്ങിയ സ്കൂബാ ഡൈവിംഗുകാരനെപ്പോലെ മുങ്ങിത്തപ്പിയാ.. ചിലപ്പം ഒരു കഷണം ഇറച്ചി കിഴങ്ങിനിടയിൽ നിന്നും കിട്ടിയാലായി കിട്ടിയില്ലേലായി!. പക്ഷെ അമ്മയുടെ തീരുമാനം മറ്റൊന്നായിരുന്നു.. ''ഇത് തീരെ മെലിഞ്ഞിട്ടാ.. ഇച്ചിരെ തീറ്റയൊക്കെ കൊടുത്തുനിർത്താം. ഒന്നുമിനുങ്ങട്ടെ.. എന്നിട്ട് കൊല്ലാം. " ഇതുപറയുമ്പോൾ ആ മുഖത്ത് മിന്നിയ കാരുണ്യം അധോലോക നായകൻ ചാൾസ് ശോഭരാജിൽ പോലും ഉണ്ടായിട്ടുണ്ടാവില്ല.പക്ഷെ അടുത്തിടെ കല്യാണം കഴിഞ്ഞ ഇളയ ആങ്ങളക്കും, ഭാര്യക്കും വിരുന്നൊരുക്കാൻ വേണ്ടിയാണ്.. ആ കാസലിംഗ് എന്ന്.. ചെക്കു പറഞ്ഞ അച്ഛന് മനസ്സിലായില്ലെങ്കിലും, കളി കണ്ടുനിന്ന എനിക്ക് പിടികിട്ടി. എന്തൊക്കെയായാലും ആ ഫൈനൽ ജഡ്ജുമെൻറിൽ, ജീവൻ നീട്ടിക്കിട്ടിയ പുംഗവൻ ഞങ്ങളുടെ തൊഴുത്തിന്നരികിലെ "ഹെൻവില്ല ഹണിമൂൺകോട്ടേജിൽ " ദാക്ഷായണിയോടും, സുകുമാരിയോടും, ഹേമമാലിനിയോടുമൊപ്പം അന്നുമുതൽ താമസമാരംഭിച്ചു. നെല്ലായും, അരിയായും, ചോറായും ലഭിച്ച തീറ്റകളിൽ കൂടുതൽ കഴിച്ച് അവൻ പൊടുന്നന്നെ തന്റെ ശരീരഭാരം വർദ്ധിപ്പിച്ച്, അഴകളവുകൾ തികഞ്ഞ  സുന്ദരനായ് മാറി. അങ്ങനെ കൂകിവിളിച്ചും, മസ്സിലുവിരിച്ചും അയൽ വക്കങ്ങളിലേതടക്കം അനേകം സുന്ദരിമാരെ ഞങ്ങളുടെ വീട്ടുമുറ്റത്തേക്കാകർഷിച്ച് അവൻ ഞങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കാനും തുടങ്ങി. അവന്റെ ഈ കൃത്യത്തിൽ ദുരഭിമാനം തോന്നിയ ഞാൻ.. ഒരുദിനം ഒരു വടിയെടുത്ത് ആ സ്ത്രീ രത്നങ്ങളെ മുറ്റത്തുനിന്നും ആട്ടിയോടിക്കാനായ് ശ്രമിച്ചു.. ഇതിൽ കുപിതനായ്  യുദ്ധകാഹളവും മുഴക്കി പൊടുന്നനെ കുതിച്ചുവന്ന ആ വീരൻ, ഒരു വ്യോമാക്രമണത്തിലൂടെ  എന്റെ തിരുനെറ്റിമേൽ നീളത്തിൽ  ഒരു നഖക്ഷതമങ്ങേൽപ്പിച്ചു. ആ പോറലിൽ നിണം പൊടിഞ്ഞ പ്പോൾ ക്ഷത്രിയന്റെ രക്തം നൂറു ഡിഗ്രിയിൽ വെട്ടിത്തിളച്ചു. പിന്നീട് ഞാനും അവനുമായ് നടന്ന ടോം ആൻഡ് ജെറി ഫൈറ്റിൽ.. ചവിട്ടിപ്പൊട്ടിച്ച പുതിയൊരു ബക്കറ്റ്, തല്ലിപ്പൊട്ടിച്ച ചായ്പ്പിന്റെ രണ്ടോട്, അടിച്ചു വീഴ്ത്തിയ കുലക്കാറായ് നിന്ന ഞാലിപ്പൂവൻ വാഴ, കാൽമുട്ടിലേയും നെഞ്ചിലേയും അരയേക്കറ് തൊലി എന്നിവ എനിക്ക് വേഗത്തിൽ നഷ്ടമായി !. ഡെക്കാത്തലണിലെ പത്തിനവും പിന്നിട്ട ഞാൻ, അവന് പിന്നാലെ വേലിചാടിക്കടന്ന് അയൽ വീടിന്റെ പിന്നിലെ വൈക്കോൽ കൂനക്കരികിലെത്തി കിതച്ചുനിന്നു. ആ കൂനക്കടിയിൽ അവനെത്തിരഞ്ഞ് നടന്ന എന്റെ സിരകളിലെ കോപാഗ്നിയെ ആളിക്കത്തിച്ചുകൊണ്ട് വൈക്കോലുകൾക്കിടയിൽ നിന്നും വെളിയിലേക്ക് നീണ്ടു കിടക്കുന്നു ദാ അവന്റെ അങ്കവാല് !. പിന്നെ ഒട്ടും മടിച്ചില്ല കൈയ്യിലിരുന്ന വടികൊണ്ട് കണ്ണുംപൂട്ടി ഒറ്റഅടി.. അടികൊണ്ടവൻ ഉരുണ്ട്പിരണ്ട് എന്റെ മുന്നിലേക്ക് വന്ന് ഒന്നുരണ്ടുവട്ടം വിറച്ചശേഷം ഇരുകാലുകളും നിവർത്തി ഇഹലോകവാസം വെടിഞ്ഞു. ഹൃദയഭേദകമായ ആ കാഴ്ച്ചകണ്ട് എന്റെ ചങ്ക് തകർന്നു!. അതുവരെയുള്ള എന്റെ പ്രതീക്ഷക്ക് വിപരീതമായി എന്റെ മുന്നിൽ വന്ന് ചത്തുമലച്ചത് അവനായിരുന്നില്ല !.. ആ വീട്ടിലെ ഗ്രേസിയാൻറി മുത്തപ്പന് നേർച്ചയായി വളർത്തിക്കൊണ്ടിരുന്ന മറ്റൊരു പൂവൻകോഴിയെ ആയിരുന്നു ആളുമാറിയുള്ള ആ അടിയിൽ ഞാൻ കാലപുരിക്കയച്ചത്. രംഗം പന്തിയല്ലെന്ന് മനസ്സിലാക്കിയതോടെ "പഴശ്ശി " യുദ്ധം അവസാനിപ്പിച്ച്  മുത്തപ്പനെയും വിളിച്ച് വന്നവഴി അതിലും വേഗത്തിൽ പിൻതിരിഞ്ഞോടി. വീട്ടിലെത്തി കിതപ്പുമാറ്റനായി തൂണും ചാരിയിരുന്ന എന്റെ മുൻപിലേക്ക്, അല്പസമയം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരു മൂളിപ്പാട്ടും കാറി ആ "ഗ്രേറ്റ് ഇന്ത്യൻ ചിക്കൻ " പതുങ്ങിയെത്തി. "ഇവിടെ എന്താ ഉണ്ടായെ...? ഇന്നു വിഷുവാ! " എന്ന് ചോദിക്കും പോലൊരു ഭാവം അപ്പോൾ അവന്റെ മുഖത്തുണ്ടായിരുന്നു. ഇതിനകം പോറൽ വീണ എന്റെ കൺകോണിൽ നിന്നും പൊടിഞ്ഞു തുടങ്ങിയ രക്തം കവിൾത്തടംവരെ ചാലിട്ടിരുന്നു!. എന്നാലിനി ആശുപത്രിയിലേക്ക് എന്ന തീർപ്പുമായി കണ്ണുഡോക്ടർ കുറുപ്പിന്റെ ''കാരുണ്യ ഐ " ആശുപത്രിയിലേക്ക് ഞങ്ങൾ ചെല്ലുമ്പോൾ...''അറേലെ കൊച്ചപ്പൻ " തലേആഴ്ച്ച ഭാര്യയുടെ കണ്ണിലുണ്ടായ മുറിവിലെ സ്റ്റിച്ചെടുത്ത ശേഷം, ആ ആശുപത്രിപ്പടി കടന്ന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു!. ആ കാഴ്ച്ചകണ്ടതോടെ ദാനശീലന്റെ കോഴിദാന രഹസ്യത്തിന്റെ ചുരുൾ കെട്ടഴിഞ്ഞ് ഞങ്ങൾക്ക് മുന്നിൽ നിവർന്നു വന്നു. കൊച്ചപ്പാ.. എന്ന വിളിയോടെ ഞാനൊന്നിരുത്തി നോക്കിയെങ്കിലും, ഞങ്ങളെ കാണാത്ത ഭാവത്തിൽ ടിയാൻ ഭാര്യാസമേതനായ് നടന്നുനീങ്ങി. അമ്മയുടെ തീരുമാനം തെറ്റിച്ച് ആയുസ്സ് നീട്ടിക്കിട്ടിയ ആ ചിക്കൻ..ഒടുവിൽ ഒരു നെടുവീർപ്പോടെ ഞങ്ങളുടെ ഗ്രേറ്റ് ഇൻഡ്യൻ കിച്ചണിൽ മസാലഗ്രേവിപുരണ്ട് കഥാവശേഷനായതോടെ ഈ കഥയും ദി എൻഡ് ആയി!.

അരുൺ വി സജീവ്

 

Fashion

Feb 42021
Winter begins with skin care products that provide special care for the skin. Even oily skin can start to dry out in the cold. Dry skin is also more prone to wrinkles.

Recipe of the day

Feb 262021
1. മഷ്‌റൂം (കൂണ്‍) - 200 ഗ്രാം 2. എണ്ണ - 2 ടീ സ്‌പൂണ്‍ 3. ഗരം മസാലപ്പൊടി, മുളക്‌ പൊടി- 1/2 ടീസ്‌പൂണ്‍ വീതം 4. മല്ലിപ്പൊടി, ഓമം - 1 ടീ സ്‌പൂണ്‍ വീതം 5. ഉപ്പ്‌ - പാകത്തിന്‌