ഗര്‍ഭിണികളുടെയും പാലൂട്ടുന്നവരുടെയും ദന്തസംരക്ഷണം

ഗര്‍ഭസ്ഥ ശിശുവിന് എല്ലുകളും പല്ലുകളും രൂപീകൃതമാകാന്‍ ആവശ്യമുള്ള പ്രോട്ടീന്‍, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ അമ്മയുടെ ശരീരത്തില്‍ നിന്നുതന്നെ ലഭിക്കണം. കഴിക്കുന്ന ആഹാരത്തില്‍ ഇവ വേണ്ടുവോളം ഇല്ലെങ്കില്‍, അമ്മയുടെ ശരീരത്തില്‍നിന്ന് ഗര്‍ഭസ്ഥശിശു ഇവ ആഗിരണം ചെയ്യുന്നു. കാരണം, ഇക്കാര്യത്തില്‍ പ്രകൃതി മുന്‍ഗണന കൊടുക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാണ്. കുഞ്ഞിനെ പാലൂട്ടുന്ന സമയത്തും മാതാവിന്റെ സ്ഥിതി വ്യത്യസ്ഥമല്ല. ഈ കാലയളവില്‍ മാംസ്യം, കാല്‍സിയം, ഫോസ്ഫേറ്റുകള്‍, ഇരുമ്പ്, ജീവകങ്ങള്‍ എന്നിവ ആവശ്യത്തിന് മാതാവിനു ലഭ്യമാക്കണം. കുട്ടികള്‍ക്ക് ആരോഗ്യമുള്ള ദന്തങ്ങള്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും.

ഇതുകൂടാതെ ഗര്‍ഭിണികള്‍ അവരവരുടെ വായുടെ ശുചിത്വം കര്‍ശനമായി പരിപാലിക്കേണ്ടതുണ്ട്. ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് മോണയില്‍ ചുവന്ന തടിപ്പുകളും ചെറിയ മുഴകളും ഉണ്ടാകാം. ആലസ്യവും പ്രത്യേക മാനസികാവസ്ഥയും കാരണം ഗര്‍ഭിണികള്‍ വായുടെ ശുചിത്വം അവഗണിക്കാനിടയുണ്ട്. ഇത് പല്ലുകളില്‍ പോടുണ്ടാകുന്നതിന് കാരണമാകും. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടായാല്‍ ടെട്രാസൈക്ളിന്‍, എറിത്രോമൈസിന്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ഈവക ഔഷധങ്ങള്‍ കുട്ടികളുടെ പല്ലിന് നിറഭേദം ഉണ്ടാക്കും.

വായുടെ ശുചിത്വം പാലിക്കാനായി ആഹാരത്തിനുശേഷം പല്ലും വായും നന്നായി ബ്രഷ് ചെയ്യണം. ശരിയായ ആഹാരക്രമവും പാലിക്കേണ്ടതുണ്ട്. ഗര്‍ഭാരംഭം മുതല്ക്കുതന്നെ ദന്തഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ പല്ല് വൃത്തിയാക്കിക്കുകയും സുഷിരങ്ങള്‍ അടപ്പിക്കുകയും ചെയ്യണം. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മൂന്നുമാസവും ദന്തചികിത്സ ഒഴിവാക്കുകയാണ് ഉത്തമം.