ഭ്രാന്ത്പൂക്കുന്നകാലത്തെ  രാപ്പക്ഷികൾ

നേരം അർദ്ധരാത്രി കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല.
 സർവ്വദുഖങ്ങളും ആവാഹിച്ചെടുത്ത ശൂന്യമായ ഒരു രാത്രിയാണതെന്ന്  അവൾക്കു തോന്നി.
.അയാൾ വേവലാതികളൊന്നുമില്ലാതെ ഒരുവശം ചെരിഞ്ഞു, സുഖമായുറങ്ങുകയായിരുന്നു. അവളുടെ ഹൃദയമിടിപ്പിന്റെ ക്രമംതെറ്റിയതാളവും അസ്വസ്ഥതയും അയാളെ ഒട്ടും അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല.
അവൾ ശബ്ദമുണ്ടാക്കാതെ കിടക്കയിൽ നിന്നെഴുന്നേറ്റു ബാൽക്കണിയിൽ ഇരിപ്പുറപ്പിച്ചു .
അപ്പോൾ പുറത്തു, ചില അപശബ്ദങ്ങൾ ഇരുട്ടിനെ തുളച്ചുകീറിവരുന്നുണ്ടായിരുന്നു.
 ഭയപ്പെടുത്തുന്ന ഈണത്തിൽ, എന്നാൽ  വലിയ മുഴക്കത്തോടെ തന്റെ ഇണയെ നീട്ടിവിളിക്കുന്ന പക്ഷി കാലൻകോഴിയാണെന്ന് അവൾ തിരിച്ചറിഞ്ഞു.
 മരണമറിയിക്കുന്ന രാത്രിഞ്ചരന്മാരാണ് ആ പക്ഷികൾ എന്നൊരു വിശ്വാസമായിരുന്നു ചെറുപ്പത്തിൽ. മുത്തശ്ശിയോടൊപ്പം തെക്കിനിയിൽ കിടക്കുമ്പോൾ കാലൻകോഴിയുടെ കൂവൽ കേട്ടാൽ അവൾ പേടിച്ചു വിറക്കും.
"ഈശ്വരാ നാളെയൊരു മരിപ്പു കേൾക്കാൻ ഇടവരുത്തല്ലേ, ന്റെ മോള്  പ്രാർത്ഥിച്ചു കിടന്നൊള്ളൂ "എന്ന് മുത്തശ്ശി, ഭയപ്പെടുത്തിക്കൊണ്ട്  ആശ്വസിപ്പിക്കും. അച്ഛനുമമ്മയും കിടക്കുന്ന വലിയകത്തു പോകണം എന്നു തോന്നുമ്പോഴും എന്തോ  അതുപറയാൻ പോലും  ഒരു മടിയായിരുന്നു അവൾക്ക്.
എന്തിനാണെന്നറിയാതെ,  അവളെന്നുംഎന്തിനെയൊക്കയോ അനാവശ്യമായി  ഭയപ്പെട്ടിരുന്നു അന്നും എപ്പോഴും.
 ഒരു തലോടലിൽ വസന്തമാവുകയും ഒരു അവഗണനയിൽ പൊള്ളിപ്പോവുകയും ചെയ്യുന്ന ശരാശരിയിലും താഴെ മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു പെണ്ണ് മാത്രമായിരുന്നു അവളെന്നും.
 രാത്രിയിലെ നിലാവിനുപോലും പേടിപ്പെടുത്തുന്ന സൗന്ദര്യമാണെന്നവൾക്കു തോന്നിയിരുന്നു. എന്നാലും മായാകാഴ്ച്ചകളുടെ നിലാവുനിറഞ്ഞ ഉദ്യാനത്തിലൂടെ ഒരു ഗന്ധർവന്റെ കരം ഗ്രഹിച്ചു മേഘങ്ങൾക്കിടയിലൂടെ പറക്കുന്നതവൾ അക്കാലങ്ങളിൽ കിനാവ് കാണാറുണ്ടായിരുന്നു.
പുഷ്പദലങ്ങൾക്കൊണ്ടലങ്കരിച്ച വിവാഹമണ്ഡപത്തിൽ വെച്ചാണ് ആദ്യമായി അയാളുടെ കണ്ണുകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. മരണമറിയിക്കുന്ന കുറ്റിച്ചൂലാന്റെ പോലെയുള്ള ഭയപ്പെടുത്തുന്ന ചെമന്ന കണ്ണുകൾ !
അന്നേരം അനേകം നിശാപക്ഷികൾ കൂട്ടത്തോടെ അവളുടെ മനസ്സിൽനിന്നു കലപിലകൂട്ടി.
പകൽപ്പോലും താൻ ആ പക്ഷിയെ കാണുമ്പോൾ പേടിച്ചിരുന്നു എന്നവൾ ഓർത്തു.  അതിന്റെ തവിട്ട് പുള്ളികളും, നേർത്തു മങ്ങിയ വെള്ളതൂവലുകളും വളഞ്ഞുകൂർത്ത കൊക്കും ഭയം തോന്നിപ്പിക്കുന്ന കണ്ണുകളും.
പങ്കുവെക്കപ്പെടാനാവാത്ത രഹസ്യ മായി അവളാ ഭയം മനസ്സിൽ ഒളിപ്പിച്ചു. പതിയെപ്പതിയെ കണ്ണുകൾ മാത്രമല്ല പേടിപ്പെടുത്തുന്ന ഒരു ഹൃദയവും അയാൾക്കുണ്ടെന്ന സത്യം തിരിച്ചറിഞ്ഞതോടെ അവൾ എല്ലാറ്റിനോടും പൊരുത്തപ്പെടുന്ന സ്ത്രീയായി മാറി. രാപ്പക്ഷിയുടെ കണ്ണുകളേക്കാൾ  പേടിപ്പെടുത്തുന്ന അയാളുടെ കണ്ണുകൾ അവൾക്ക് സുപരിചിതമായിത്തുടങ്ങിയപ്പോൾ അതിനോടുള്ള ഭയവും ഇല്ലാതായി.
പുറത്ത് അന്നേരവും രാപ്പാടികളും പുള്ളിനത്തും വിചിത്രശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ, കുറ്റിച്ചൂലാന്റെ
 നീട്ടിവിളിക്ക് മറുവിളിയുണ്ടായി.
 രാത്രിയുടെ  നിശ്ശബ്ദത ഭേദിച്ച് ആ ഇണപ്പക്ഷികൾ യുഗ്മഗാനമാരംഭിച്ചു.
തികച്ചും അസ്വസ്ഥയായി അർദ്ധരാത്രിയിൽ വരാന്തയിലങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ എന്നത്തേയും പോലെ മനസ്സിലെ തോന്നലുകൾ  ഒരു കടലാസ്സിൽ കുടഞ്ഞിടണമെന്നവൾക്കു തോന്നി. അവൾ അങ്ങനെ ആഗ്രഹിക്കാറുണ്ടെങ്കിലും ഒരിക്കലും അതിന് കഴിഞ്ഞിരുന്നില്ല.
അപ്പുറത്തെ മുറിയിൽ കോളേജ് വിദ്യാർത്ഥികളായ മക്കളുടെ പുസ്തകങ്ങളുണ്ട്. അവൾ  ശബ്ദമുണ്ടാക്കാതെ, ഒരു മോഷ്ടാവിനെ പോലെ പതുങ്ങിയിരുന്നു. പിന്നെ ഒരുനോട്ടുബുക്കിൽ  നിന്നും ഒരു കടലാസ് പറിച്ചെടുത്തു. . മേശമേൽ വെച്ച പേനകൊണ്ട് ചില വരികൾ കുറിച്ചിട്ടു.
"മായക്കാഴ്ച്ചകളുടെ നിലാവ് നിറഞ്ഞ രാത്രികളും ചിരിക്കുന്ന പകലുകളും വിവാഹത്തോടെ  ചില സ്ത്രീകൾക്കു അന്യമാവുന്നു."
പെട്ടെന്ന് തിക്കുമുട്ടൽപോലെ ഒരു കരച്ചിൽ വന്നു തൊണ്ടകനത്തു.
അവൾ ചുരുട്ടിപിടിച്ച കടലാസ് പലതായി  മടക്കി,പിന്നേയും ഒരുപാട് എഴുതണമെന്നുണ്ടായിരുന്നു ഭർത്താവോ മക്കളോ വടക്കിനിയിൽ കിടക്കുന്ന ഭർത്താവിന്റെ അമ്മയോ അച്ഛനോ കാണുമെന്ന ഭയത്താൽ അവളതിന് തുനിഞ്ഞില്ല.
ആരെയാണ് എന്തിനാണ് താൻ ഭയപ്പെടുന്നതെന്നോ, ആരുടെയൊക്കെയോ ആജ്ഞാനുവർത്തിയാകുന്നതെന്തിനെ ന്നോ അവൾ ചിന്തിച്ചിരുന്നില്ല. കീ കൊടുക്കാതെ തന്നെ ഏതു നേരവും തിരിയുന്ന ഒരു യന്ത്രമായി അപ്പോഴേക്കും അവൾ പരിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.
സൂര്യൻ ഉണരുന്നതിന് മുമ്പ്‌ അവൾക്ക് എഴുന്നേൽക്കണം. അയാളുടെ തൊണ്ണൂറ് കിലോ ഭാരം ചുമന്നതിന്റെ ആലസ്യമൊന്നും നേരത്തേ എഴുന്നേൽക്കാൻ  അവൾക്കൊരു തടസ്സമായിരുന്നില്ല.  മുറ്റമടിച്ചു പാത്രങ്ങൾ കഴുകി, പ്രാതലൊരുക്കി ചായ തിളപ്പിച്ച്‌ കഴിയുമ്പോഴേക്കും ഓരോരുത്തരുടേയും പള്ളിയുറക്കത്തിന് വിരാമമാകും.
പിന്നെയവൾ നിലം തൊടാതെ പറക്കുന്ന തീപ്പക്ഷിയാകും.
ബ്രേക്ക്ഫാസ്റ്റിനു ദോശയായാലും ഇഡ്ഡലിയായാലും സാമ്പാറും തേങ്ങാച്ചട്ട്ണിയും ഉണ്ടാക്കണം ചോറിനു എരുവ് കൂടിയതും കുറഞ്ഞതുമായ പച്ചക്കറിയും മത്സ്യക്കറിയും,വേണം.  വൈകുന്നേരങ്ങളിൽ, വിത്ത്‌, വിതൗട്ട് ചായക്ക് ഒരേ പലഹാരം മതിയെന്നത് ഒരാശ്വാസമാണ്. രാത്രി കഞ്ഞിയും, ചോറുംകറിയും  ചപ്പാത്തിയും,  അതിന് പുറമേ  ഓട്ട്സും ഒക്കെ തയ്യാറാക്കണം.
ആൺമക്കളും അയാളും വർക്ക്‌ ഫ്രം ഹോം എന്ന തിരക്കിന് ശേഷവും ഓൺലൈൻ ലോകത്ത് തന്നെയാണ്.
പരാതികൾ മാത്രമുള്ള അയാളുടെ മാതാപിതാക്കൾ അനാരോഗ്യത്തിന്റെ മറവിൽ, വിശ്രമത്തിലാണ്.
തളർന്നുനിൽക്കുന്ന പകലുകളിൽ, ഒരിക്കലെങ്കിലും അയാളുടെ സ്നേഹത്തോടെയുള്ള തലോടലിന് അവൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നുണ്ടായിരുന്നു. തിരക്ക് മാറ്റിവെച്ചു "എന്തിനാ എപ്പോഴും ഇങ്ങനെ വിഷാദിച്ചു നിൽക്കുന്നത്? ഞാനില്ലേ  കൂടെ?. എന്ന് എപ്പോഴെങ്കിലും അയാൾ പറയുമെന്ന് അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
അവളുടെ മനസ്സിൽ വിരിഞ്ഞ കവിതകളിൽ ചിലത് ആ  വീട്ടിലെ മുഷിഞ്ഞ തുണികൾ കുതിർത്തു വെച്ച സോപ്പുപതകളിൽ അലിഞ്ഞുപോയി. മറ്റു ചിലവ, അടുപ്പിൽ തിളക്കുന്ന ഭക്ഷണതോടൊപ്പം എരിഞ്ഞമർന്നു.
അവൾ സ്വരുകൂട്ടിവെച്ച കഥകൾ, മുറ്റം തൂത്തുവാരുമ്പോൾ  വലിച്ചെറിഞ്ഞ  കരിയിലകൾക്കൊപ്പം കാറ്റിൽ പറന്നുപോയി.
ജീവിതത്തോട് വിരസത തോന്നിയാൽ, എല്ലാറ്റിനോടും നിസ്സംഗതയായിരിക്കും.
ആ നിസ്സംഗത മരണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അറുതി വരുത്തുമെന്ന് അവൾക്ക് മനസ്സിലായി.
അവൾ പുറത്തെ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കി. വേലിക്കരുകിലുള്ള വെളുത്ത ചെമ്പരത്തിപ്പൂക്കൾ പൂത്തു തളിർത്തു നിൽക്കുന്നത് ഇരുട്ടിലും വ്യക്തമായി കാണുന്നുണ്ടായിരുന്നു.
പെട്ടെന്ന് പിന്നിൽ ഒരു കാലൊച്ച കേട്ട് അവൾ സന്തോഷിച്ചു.. അവളുടെ മുടിയിഴകൾ തഴുകി "വരൂ,വന്ന്,  കിടന്നുറങ്ങൂ. നേരം പാതിരാവായില്ലേ?
എന്നു പറഞ്ഞു അയാൾ അണച്ചുപിടിക്കുമെന്ന് അവൾ വെറുതെ ചിന്തിച്ചു.
അയാൾ അവളെ സൂക്ഷിച്ചുനോക്കി. അവൾ തന്റെ ശോഷിച്ച കൈകൾ അയാൾക്ക് നേരെ നീട്ടി ഒരു ഉന്മാദിയെപ്പോലെ ഒരാശ്ലേഷത്തിനായി കാത്തുനിന്നു. അയാൾക്കന്നേരം അവളോട് വല്ലാത്തൊരു വെറുപ്പാണ് തോന്നിയത്.
ഉറക്കത്തിന് ഭംഗം വരുത്തിയ ക്രോധത്തിൽ അയാൾ ഒച്ചവെച്ചു.
"കെട്ടിക്കാറായ രണ്ടു ആൺപിള്ളേരുടെ തള്ളയാണ്. ശൃംഗരിക്കാൻ കണ്ട നേരം ! ഭ്രാന്താണ് നിനക്ക്. തനി ഭ്രാന്ത്‌."
തിരിഞ്ഞു നടക്കുമ്പോൾ അയാൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
"ഉറക്കമില്ലെന്ന് പറഞ്ഞിട്ട് മരുന്ന് മേടിച്ചിരുന്നല്ലോ? "
പിന്നീട് മറ്റൊന്നും പറയാതെ അയാൾ ബെഡ്റൂമിലേക്ക് നടന്നു.
അവൾ മെല്ലെ എഴുന്നേറ്റു മക്കൾ കിടക്കുന്ന റൂമിലേക്ക് നോക്കി. അവർ തന്നോട് സംസാരിച്ചിട്ട് എത്രയോ യുഗങ്ങളായി എന്നൊരു തോന്നലും അപ്പോഴുണ്ടായി.  
അങ്ങനെ നോക്കിനിൽക്കേ, അവൾക്ക് ചിറകുകൾ മുളച്ചു.
മേഘങ്ങളിൽ നെയ്തെടുത്ത രൂപങ്ങൾ, അടുത്ത നിമിഷം രൂപരഹിതമാവുമ്പോൾ നിരാശപ്പെടുന്ന ഒരു കൊച്ചുകുട്ടിയായും, പിന്നെ വീണമീട്ടിപാടുന്ന ഗന്ധർവ്വനോടൊപ്പം പാറിനടക്കുന്ന യുവതിയായും അവളപ്പോൾ രൂപാന്തരപ്പെട്ടു.  
അതിനുശേഷം, അലമാരതുറന്ന്, പലപ്പോഴായി സൂക്ഷിച്ചുവെച്ച  ഉറക്കഗുളികകളുടെ പാക്കറ്റഴിച്ച് ഓരോന്നായി  വായിലിട്ട് വെള്ളം കുടിക്കാൻ തുടങ്ങി.  അന്നേരം, അവളുടെ ദുഃഖങ്ങളും നിരാശകളും ഇരുട്ടിന്റെ  അലകളിൽ എവിടെയോ വീണലിഞ്ഞു.
ചൂണ്ടകൊളുത്തു പോലുള്ള മുഷിഞ്ഞ മഞ്ഞക്കാലുകളും  കറുത്തനഖങ്ങളും മൂവാണ്ടൻ മാവിന്റെ ചില്ലകളിൽ അമർത്തി വെച്ചുകൊണ്ട് കുറ്റിച്ചൂലാനും അതിന്റെ ഇണയും പ്രേമഗീതങ്ങൾ പാടിക്കൊണ്ടിരുന്നു.
മരണാസന്നയായ ഏതോ ഒരാത്മാവിനെ വിളിക്കുന്നത് പോലെ ഭീകരമായ ഒച്ചവെച്ചും ചിറകടിച്ചും  കാലൻകോഴി കൂവിയത് പക്ഷേ ഉറക്കത്തിന്റെ ആലസ്യത്തിൽ  അയാൾ കേട്ടില്ല.
അപ്പോഴേക്കും നീണ്ട മൗനത്തിലേക്കവൾ കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു..

വി കെ റീന

 

 

 

 

 

Recipe of the day

Nov 162021
INGREDIENTS