ഇത്തിരി പൊങ്കൽ വിശേഷങ്ങൾ!

എന്റെ അടുക്കളക്കൂട്ടുകാരി ലക്ഷ്മിയ്ക്ക് നാളെ മുതൽ നല്ല തിരക്കാണ്. പൊങ്കലിന്റെ തിരക്ക് , പൊതുവെ അവധി എടുക്കില്ല  എന്നതാണ് എന്റെ ആശ്വാസം. വിശേഷങ്ങളുടെ സമയത്ത് പകരം സഹായത്തിനൊരാളെ കിട്ടാൻ ഒരു വഴിയുമില്ല. എന്നാലും ലക്ഷ്മിയോട് പൊങ്കലിന് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ആഘോഷത്തിനിടയിൽ സമയം കിട്ടിയാൽ ഒന്നിറങ്ങാൻ പറഞ്ഞിട്ടുണ്ട്‌.  സ്ഥിരം വേഷത്തിലല്ലാതെ പുതിയ വേഷത്തിൽ കാണാമല്ലോ. ബാംഗ്ലൂരിലെ സംക്രാന്തിയ്ക്ക്‌  എത്ര പകിട്ടുണ്ടെന്നിതു വരെ ശ്രദ്ധിച്ചിട്ടില്ല. ഇനി വേണം നോക്കാൻ!

ഓരോ നാട്ടിലേയും പതിവുകൾ കൂടെക്കൂട്ടിയാണിതു വരെയുള്ള  യാത്ര. ഹൈദരാബാദിലെ മകരസംക്രാന്തി തഞ്ചാവൂരെത്തിയപ്പോൾ പൊങ്കലായി എന്നേയുള്ളൂ. ബാന്റ്‌ മേളത്തിനും പട്ടം പറത്തലിനും പകരം വയ്ക്കാൻ തമിഴ്‌ നാട്ടിലെ വിശേഷങ്ങൾ. 

തഞ്ചാവൂർ പഴയ ബസ്‌ സ്റ്റാന്റിൽ പുതിയ മൺകലം മുതൽ കരിമ്പും , മഞ്ഞളും ശർക്കരയുമടക്കമുള്ള വ്യാപാരങ്ങൾ. വളകൾ, പൂവുകൾ, വസ്ത്രങ്ങൾ ..പൊങ്കൽ മാർക്കറ്റ്‌ കാണാൻ നല്ല ചന്തമാണ്‌. നിന്നു തിരിയാൻ ഇടമില്ലാതാവുന്ന റോഡുകൾ.. രണ്ടു നാളേയ്ക്കേയുള്ളൂ ഈ തിരക്ക്‌, പിന്നെ പഴയ പടിയാവും. 

പോയ വർഷത്തെ ചവറുകൾ എരിക്കുന്ന ബോഗി മൂന്നിടത്തുമുണ്ട്‌. ചപ്പുചവറുകൾക്കൊപ്പം , സ്വരുക്കൂട്ടി വച്ചിരിക്കുന്ന വിദ്വേഷം അഹംഭാവം എന്നിവ കൂടി എരിക്കാനായാൽ 

ബോഗി പൊങ്കൽ  ഗംഭീരമാക്കാം. 

മറ്റന്നാൾ 

പൊങ്കൽ, അതു കഴിഞ്ഞാൽ മാട്ടുപ്പൊങ്കൽ..തഞ്ചാവൂരിലെ ഒട്ടുമിക്ക വഴികളും തെരുവുകളും അലങ്കരിച്ച കാളവണ്ടികൾകൊണ്ടു നിറയുന്ന ദിവസം. പലനിറത്തിലുള്ള കടലാസുതോരണങ്ങളും റിബ്ബണുകളും കൊണ്ട് അലങ്കരിച്ച വണ്ടികൾ. ചാമന്തിമാലകളും കഴുത്തിലും, കടുത്ത വർണ്ണങ്ങൾ കൊമ്പുകളിലും അടിച്ച് ആഘോഷത്തിമിർപ്പിൽ തലയാട്ടി നടക്കുന്ന മാടുകൾ. മൂന്നു വർഷം മുന്നെയുള്ള ഒരു മാട്ടുപ്പൊങ്കൽ നാളിലായിരുന്നു തിരുപ്പതി യാത്ര. വയലുകൾ നിറഞ്ഞ ഉൾഗ്രാമങ്ങളിലൂടെ തിരുവണ്ണാമല വഴിയൊരു യാത്ര. ഒരു പക്ഷേ ഇതു വരെ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും മനോഹരമായ യാത്ര. 

 

ഉലുണ്ടൂർപ്പെട്ടിലാണ്‌ മാട്ടുപ്പൊങ്കലിനുള്ള അലങ്കാരങ്ങൾ വിൽക്കുന്ന ചന്തകൾ കണ്ടത്‌. എത്രയെത്ര നിറങ്ങളിലുള്ള മൂക്കുകയറുകൾ, മണികൾ, അതു കൊരുക്കാനുള്ള നൂൽപ്പട്ടകൾ! അവിടവിടെ കണ്ട ചില കാളക്കൂറ്റന്മാർക്ക്‌ മൂക്കുകയർ കണ്ടില്ല. മുഖം പാതി പിടിച്ചു കെട്ടും പോലെ ഒരു മുഖപ്പട്ട. വിചാരിച്ചതു പോലെ ഡ്രൈവ്‌ ചെയ്തെത്താൻ കഴിയാഞ്ഞതിനാൽ തിരുവണ്ണാമലയിൽ താമസം. തിരുവണ്ണാമല ക്ഷേത്രത്തിൽ സൂര്യന്റെ ഉത്തരായനകാലത്ത്‌ കിരണങ്ങൾ ബിംബത്തിൽ പ്രകാശിക്കുന്നതു കാണാനെത്തിയവരുടെ തിരക്ക്‌. 

പൊങ്കലിന്റെ ഭംഗി അറിയാൻ ഗ്രാമങ്ങളിൽ തന്നെ പോകണം. 

കോലങ്ങൾ വീട്ടുമുറ്റത്തു നിന്നും നിരത്തുകളിലേയ്ക്കിറങ്ങും. തൈപ്പൊങ്കൽ കോലമല്ല മാട്ടുപ്പൊങ്കലിന്‌! മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കോലം വരയ്ക്കൽ ഞാൻ കണ്ട ആന്ധ്രയിലും, കർണ്ണാടകയിലും, തമിഴ്‌നാട്ടിലും ഒന്നു തന്നെ!!‌ 

മാട്ടുപ്പൊങ്കൽ കഴിഞ്ഞാൽ "കാണും പൊങ്കൽ". വീട്ടിലെ ആഘോഷങ്ങൾ കഴിഞ്ഞ്‌ അടുത്ത നാൾ ഗ്രാമത്തിലെ തിരുവിഴയ്ക്കും, കാർണ്ണിവലിനുമൊക്കെ പോകുന്ന ദിവസം. "കാണും പൊങ്കലന്നേയ്ക്ക്‌ ആരും ജോലിയ്ക്ക്‌ പോവില്ലെന്നൊരു പ്രത്യേകതയുണ്ട്‌. അതു കഴിഞ്ഞാൽ പൊങ്കലിനായി അടുത്ത വർഷത്തേയ്ക്കുള്ള കാത്തിരിപ്പ്‌!

നാളെ ചെറിയൊരു യാത്ര..ഇവിടുത്തെ പൊങ്കൽ വിശേഷങ്ങൾ അറിയാൻ...

നിറവിന്റെ , സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ പൊങ്കൽ എല്ലാവർക്കും!

 

സ്വപ്ന നായർ

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.