എങ്കിലും സഖാവേ

സഖാവേ,
നിന്റെ കാലടികളിൽ
നിനക്കു തണലായി
ഇനിയും എത്രനാൾ
തളിരിട്ട് പൂത്ത്
ഇവിടെയിങ്ങനെ.!
നിന്റെ പകലുകളിൽ
സ്വർണ്ണവെയിലേറിലും
നിന്റെ ഇരവുകളിൽ
വെള്ളിനിലാപ്പുഴയിലും
ഉദിച്ചസ്തമിച്ചങ്ങനെ.!
ചുടുമണൽക്കാടതിൽ
തളിരിടും മരുപ്പച്ചയായ്
തീക്കനൽ കൂനമേൽ
തഴുകിടും
ഇളംതെന്നലായങ്ങനെ.!
മാനം മോന്തയം
തുളച്ചെത്തുമീ
കാലിടറിയ കൂരയ്ക്കുള്ളിൽ
പെയ്തൊഴിയാ
മഴപ്പായ മേൽ
നനഞ്ഞുടലൊട്ടി
ചേർന്നങ്ങനെ.!
സഖാവേ,
ചിലപ്പോഴെങ്കിലും
അവഗണനയുടെ
അറ്റംകാണാ
ദൂരത്തിലേറെ
ഏറെയടുത്ത്
ഈ ചുവന്ന
ചെമ്പരത്തിയുടെ
വേരറ്റം തേടിയങ്ങനെ.!
അലകളിലാറാടി
തുഴഞ്ഞുംമറിഞ്ഞും
കടലാഴങ്ങളിൽ
പവിഴമുത്തുപോൽ
ധ്യാനിച്ചുമങ്ങനെ.!
സഖാവേ,
നിന്റെ അനിഷ്ടങ്ങളിൽ
ഒളിപ്പിച്ചാതാണത്രേ
ഞാനെന്നൊരിഷ്ടത്തെ.
എന്നിട്ടുമെന്തേ
ഈ ആള് കേറാ
കുന്നിൻമേട്ടിൽ
ഞാനിന്നും
ഏകയായ് ഇങ്ങനെ.!
നിന്റെ മൗനത്തിലെപ്പോഴോ
ഒരു മൊഴിക്കൂട്ടം രണ്ടായ്
വേർപിരിഞ്ഞതും
നാവിലേക്ക് ചുരുണ്ടുകയറി
തപസിരുന്നതും
പൊടുന്നനെ
ഒരു ചുണ്ടനക്കത്തിൽ
അത് മെല്ലെ
പുറത്തേക്കൊഴുകി
നാമതിനെ പിന്തുടർന്നതും
അങ്ങനെ എത്രയോർമ്മകൾ
ഉള്ളുതുളച്ചിങ്ങനെ.!
എങ്കിലും സഖാവേ,
നിന്റെ നിഴലിലാണത്രെ
എന്റെ ഉദയമെന്നും,
നിന്റെ മൊഴിയിലത്രേ
എന്നിൽ
ഊർജ്ജപ്രവാഹമെന്നും,
നീ ചലിക്കുമ്പോഴത്രേ
എന്റെ വിരലനക്കങ്ങളെന്നും,
നിന്റെ കേൾവിയിലാണത്രേ
എന്റെ താളമെന്നും,
നിന്റെ കാഴ്ചയിലത്രേ
എനിക്ക്‌ രൂപമെന്നും,
നിന്റെ ഹൃദയത്തുടിപ്പിൻ
ചുവപ്പിലാണത്രേ
എന്റെ പ്രാണനെന്നും
നീ മറന്നതെങ്ങനെ.!
സഖാവേ,
നീയറിയുന്നുവോ,
നീയുറങ്ങിയുണരുന്ന
ചെങ്കടലുകളതിര്
പാകി മിനുക്കിയ
ലോകമാണത്രേ
എന്റെയും ലോകമെന്ന്,
നീയൊരറ്റ പുഷ്പമായ്
പൂത്തടരുമ്പോഴത്രേ
കൂടെ ഞാനും
കൊഴിയുവതെന്ന്.!
പിന്നെയാ
ചുവന്നഗുൽമോഹറിൻ
മേലേ കൊമ്പിലെ
കാറ്റ് താളം പിടിക്കും
ചാഞ്ഞു വീണൊരാ
ഒറ്റച്ചില്ലമേലിന്ന്
പൂക്കൾ രണ്ടെങ്കിലും
സഖാവേ
അടർന്നറ്റ് മൊട്ടിട്ട് പൂവിട്ട്
നമ്മളെന്നും ഒറ്റയായങ്ങനെ.!

ആർച്ച ആശ

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower