എങ്ങു പോയാ രമണീയ സ്വപ്നം ?

ജീവിതം അനശ്വരമായൊരു യാത്രയാണെന്ന് എനിക്ക് തോന്നാറുണ്ട്. അവസാനിക്കാത്തൊരു ഗാനം പോലെ, ഒഴുകി നീങ്ങുന്നൊരു യാത്ര. ഇന്നത്തെ അനുഭവങ്ങള്‍ നാളത്തെ ഓര്‍മകളായിത്തീരുന്നു. ആസ്‌ട്രേലിയയില്‍  സുഹൃത്തിന്റെ അതിഥി മുറിയില്‍  ഇരുന്ന്  ജാലകത്തിനപ്പുറത്തേക്ക് നോക്കുമ്പോള്‍ നാട്ടിലെ മുല്ലപ്പൂക്കളെ ഓര്‍മിപ്പിക്കുന്ന ശ്വേതസുഭഗമായ പുഷ്പങ്ങള്‍ തലയാട്ടിച്ചിരിക്കുന്നു. അത് മറ്റാര്‍ക്കും  സങ്കല്പിക്കാനാവാത്ത ഒരു ഹര്‍ഷോന്മാദം എനിക്ക് സമ്മാനിക്കുന്നു. 

അഗ്‌നി, സ്വര്‍ണത്തില്‍ പ്രവേശിച്ച് ശുദ്ധി വരുത്തും പോലെ എന്നിലെ ആധികളെയെല്ലാം ഈ കാഴ്ച പുകച്ചു കളയുന്നു. അവ ആത്മാവില്‍ ചില പ്രണയ സ്മരണകളുടെ കനക കാന്തിയാവുന്നു. ഓര്‍മകളുടെ കളിമുറ്റം മനസില്‍ തെളിയുന്നു. 

അവിടെ പത്താംതരം പരീക്ഷ കഴിഞ്ഞ വലിയ ആശ്വാസത്തോടെ ഒരു പെണ്‍കിടാവ് വീടിന്റെ വിശാലമായ മുറ്റത്ത് കൂടെ, പിന്നെ ഫലവൃക്ഷങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ വെറുതെ  നടക്കുന്നു. തലയില്‍ മുറ്റിയ ചുരുണ്ട തലമുടി രണ്ടായി പിന്നിയിട്ട് അതില്‍ പറമ്പിലെ ചെടിയില്‍ നിന്ന് ഇറുത്തെടുത്ത അരിമുല്ലപ്പൂക്കള്‍ കൊണ്ട് തീര്‍ത്ത മാല ചൂടുന്നു. 

വായിച്ചു തീര്‍ന്ന കഥാപുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കുന്നു. വീട്ടിലെ മറ്റു കുട്ടികള്‍ മുറ്റത്ത് കളിച്ചു തിമിര്‍ക്കുമ്പോള്‍, ഏകാകിനിയായ അവള്‍ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കരികെ ചെന്ന് ആരോരുമറിയാതെ അവയോട് ഓരോരോ കഥകള്‍ പറയുന്നു. ആ പെണ്‍കിടാവ് ഞാനായിരുന്നില്ലേ?

അക്കാലത്തൊരു നാള്‍ കുളിച്ച് മുറിപ്പാവാടയുടുത്ത്, ചുമലിലേക്ക് വീണു കിടക്കുന്ന തലമുടി ഒതുക്കിക്കെട്ടാല്‍ പോലും മിനക്കെടാതെ ഞാനെന്ന പെണ്‍കുട്ടി പറമ്പിലൂടെ ഉലാത്തുകയാണ്. പറമ്പിലെ പൂത്തു മറിഞ്ഞു നില്ക്കുന്ന മദിരാശി മുല്ലച്ചെടിയില്‍ നിന്ന് ഇറുന്നു വീണ പൂക്കള്‍ പെറുക്കിയെടുത്ത് മണത്ത് നോക്കി കൈവെള്ളയില്‍ വെച്ച് ഞാന്‍ വേലിയക്കടുത്തുള്ള മറ്റൊരു മരത്തെ കൈകള്‍ ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്യുകയായിരുന്നു.

'അയ്യോ - കുട്ടീ പാമ്പ് - ' മരത്തിന്മേലുള്ള ചുറ്റിപ്പിടുത്തം വിടാതെ ഞാന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി. ഒരു ചെറുപ്പക്കാരന്‍, ഇടവഴിവക്കില്‍, പരിഭ്രമം മറയ്ക്കാനാവാതെ, എന്നെ നോക്കി വിരല്‍ ചൂണ്ടി നില്‍പാണ്. ഒരു നെടു നീളന്‍ പാമ്പ് - അല്ലല്ല അതൊരു കൂറ്റന്‍ ചേരയാണ്. എന്റെ കാലിലൂടെ ശവത്തണുപ്പായി ഇഴഞ്ഞു പോയത്, ശ്വാസമടക്കി നിന്ന് നിര്‍ജീവമായ മുഖത്തോടെ ഞാന്‍ നോക്കി നിന്നു - ആ ഇഴജീവി ഏതോ മാളത്തിലേക്ക് നുഴഞ്ഞു കയറി.

ഭയം കൊണ്ട് ശ്വസിക്കാന്‍ പോലും മറന്നു നില്‍ക്കുന്ന എനിക്ക് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. എന്നാല്‍ മരത്തിന്മേലുള്ള പിടി വിട്ട് ഞാനെന്റെ കാലിലേക്ക് അറപ്പോടെ നോക്കി- അപ്പോഴും ഒരു നനവ് ബാക്കി നില്‍ക്കും പോലെ! കൂടെ ആരുമില്ല ഞാന്‍ തനിച്ചാണ്. എന്റെ കണ്ണുകള്‍ എന്തിനോ നിറഞ്ഞു.

'സാരല്യ, കുട്ടീ - അതൊരു ചേരയല്ലേ. പാവം -  അതിന്റെ പാട്ടിന് പൊയ്‌ക്കോട്ടെ. കുട്ടി പേടിച്ചു പോയോ?'

ഞെട്ടിത്തിരിഞ്ഞപ്പോള്‍ ചോദ്യക്കാരന്‍ ഇടവഴിയില്‍ തന്നെ നില്‍ക്കുന്നു. ഓരോ തുള്ളി കണ്ണുനീര്‍ എന്റെ കവിളത്തേക്ക് ഇറുന്നു വീണു. പക്ഷേ, എനിക്ക് പേടിയില്ലെന്ന് കാണിക്കാന്‍ ഞാനൊന്ന് ചിരിച്ചു.

'ഓ- കുട്ടിക്ക് മനോഹരമായ നുണക്കുഴികളുണ്ട്. വലുതായാല്‍ ഈ നുണക്കുഴികള്‍ക്ക് ആയിരം ആരാധകര്‍ ഉണ്ടാവും. കയ്യിലെ മുല്ലപ്പൂ തരോ? ഇന്നലെ കണ്ടു, മുല്ല മാലയൊക്കെ ചൂടി - എന്തൊരു ഭംഗി - കുട്ടിയുടെ തലമുടി മുന്തിരിക്കുലകള്‍ പോലെ - '

ആ കട്ടി മീശക്കാരന്‍ ചിരിച്ചപ്പോള്‍ നല്ല ചന്തം -ഞാന്‍ അറിയാതെ മന്ദഹസിച്ചു പോയിരിക്കണം.

പെട്ടെന്ന് റോഡില്‍ ഒരു ബസ് വന്നു നിന്നു. 'ബസ് വന്നു - ഞാന്‍ പോട്ടെ. നാളെ കാണാം ട്ടോ- ' കയ്യിലെ തടിയന്‍ പുസ്തകം നെഞ്ചോട് ചേര്‍ത്ത് അയാള്‍ ബസ്സിലേക്ക് ഓടിക്കയറി. ഈ വലിയ ഭൂമിയില്‍ പെട്ടെന്ന് ഞാന്‍ തനിച്ചായത് പോലെ! പറഞ്ഞറിയിക്കാന്‍ വയ്യാത്തൊരു വിഷാദം എന്നെ വിഴുങ്ങി. എന്നെന്നേക്കുമായി ആ പ്രിയങ്കരമായ ശബ്ദം അകന്നുവെന്നോ?

' തുടങ്ങിയോ, പറമ്പിലൂടെയുള്ള നടത്തം? കുട്ടീ- ആ ഭാഗത്ത് പാമ്പിന്‍ മാളങ്ങളുണ്ട്. വെയില് വന്ന് തുടങ്ങി - ചൂട് സഹിക്കാതെ അവറ്റ പുറത്തിറങ്ങും -പോരു-വന്ന് പലഹാരം കഴിക്കു'അമ്മ മുറ്റത്തേക്കിറങ്ങി വന്ന് വിളിച്ചു.

ഞാന്‍ ഇടവഴിയിലേക്ക് നോക്കി. പറമ്പിന്റെ ആ മൂലയില്‍ നിന്നാല്‍ കാണാം, റോഡരികില്‍ ബസ് കാത്ത് നില്‍ക്കുന്നവരെ. പക്ഷേ, അയാള്‍ പോയില്ലേ? ഞാന്‍ പതുക്കെ വീട്ടിലേക്ക് നടന്നു.

എന്റെ കാലിലൂടെ ഇഴഞ്ഞു പോയ ആ മഞ്ഞച്ചേരയെപ്പറ്റി ഞാനാരോടും പറഞ്ഞില്ല. ഉറങ്ങാന്‍ കിടക്കുമ്പോഴും വൃത്തികെട്ട ആ ഇഴജീവിയെക്കുറിച്ച് ഓര്‍ത്തില്ല. എന്നാല്‍ എന്റെ കൗമാരസ്വപ്നങ്ങളുടെ വാതില്‍ക്കല്‍ ഒരു യുവകോമളന്‍ ശ്വേതസുന്ദരമായ പുഞ്ചിരിയോടെ കടന്നു വന്നു.' കുട്ടിയുടെ നുണക്കുഴിക്ക് ആയിരം ആരാധകരുണ്ടാവും - '

സ്വന്തം തലമുടിയെ ഒരു ഭാരമായാണ് ഞാനെന്നും കണ്ടത് - ലോകത്തേക്കും വെച്ച് ചീത്ത മുഖമാണ് ദൈവം എനിക്ക് തന്നത് എന്നും ഞാന്‍ വിശ്വസിച്ചു.പക്ഷേ, ഒരു ചെറുപ്പക്കാരന്‍ എന്റെ തലമുടിയേയും, മുഖത്തെ നുണക്കുഴികളേയും കുറിച്ച് നല്ലത് പറഞ്ഞിരിക്കുന്നു. പിറ്റേന്ന് ഞാന്‍ കാലത്ത് പറമ്പിലൂടെ നടന്നില്ല. മനസിന് ഒരു ബലക്കുറവ് - ഒരു പരിഭ്രമം - ഞാന്‍ എം.ടി.യുടെ ഒരു കഥ വായിക്കുവാന്‍ എടുത്തു. അത്ഭുതം! കഥാനായകന് ആ ചെറുപ്പക്കാരന്റെ അതേ ഛായ. നായികക്ക് എന്റേയും.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു - പറമ്പിന്റെ ആ മൂലയിലേക്ക് നോക്കാന്‍ പോലും ഞാന്‍ ധൈര്യപ്പെട്ടില്ല.എന്നാല്‍ ഞാന്‍ വായിച്ചു കൂട്ടിയ പല നോവലുകളില്‍, കഥകളില്‍ ഞാനയാളുടെ രൂപം ദര്‍ശിച്ചു - അയാളങ്ങനെ എനിക്ക് പ്രിയപ്പെട്ടവനായി. ഒരു ദിവസം കാലത്ത് പറമ്പിന്റെ തെക്കേയറ്റത്ത് ഒരു ബഹളം. ഞാനോടിച്ചെന്നു നോക്കി. പറമ്പു കിളയ്ക്കാന്‍ വന്ന കേളു കൈക്കോട്ടില്‍ ഒരു ചത്തുമലച്ച നീളന്‍ ചേരയെ ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുന്നു - പച്ചിലയില്‍ കൈക്കോട്ട് വീണപ്പോള്‍ അബദ്ധത്തില്‍ ചേരയുടെ തലയ്ക്ക് കൊത്തിപ്പോയതാണ്.

'അവനതിനുള്ള ധൈര്യമൊന്നും ഇല്ല - അബദ്ധത്തില്‍ പറ്റിയതാ- ചക്ക വീണപ്പോ മൊയല് ചത്ത പോലെ!'ആരോ പറഞ്ഞു. വീര പരാക്രമിയായി നിന്ന കേളു ചേരയെ പറമ്പിന്റെ മൂലയിലേക്കെറിഞ്ഞ് ചിറി തുടച്ച് വീണ്ടും ജോലി തുടങ്ങി. ഞാന്‍ ചത്ത ചേരയെ നോക്കാന്‍ പറമ്പിന്റെ മൂലയിലേക്ക് ചെന്നു. പെട്ടന്നെന്റ ദൃഷ്ടികള്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

വിഷാദമിയലുന്ന ഒരു മന്ദഹാസത്തോടെ, എന്നെ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുകയാണ്, എന്റെ സ്വപ്നനായകന്‍. ഞാന്‍ ചിരിച്ചില്ല. എന്നാലെനിക്കെന്തിനോ സങ്കടം വന്നു. അന്നാണ് ഞാനയാളുടെ കയ്യിലെ മടക്കിയ വെളളക്കോട്ടും അതിന്മേല്‍ ചുരുണ്ടു കിടക്കുന്ന സര്‍പ്പത്തെപ്പോലുള്ള സ്‌റ്റെതസ്‌കോപ്പും കണ്ടത്.

പിറ്റേന്നു മുതല്‍ ബസു വന്നിട്ടും കയറാതെ എന്നെ നോക്കി നില്‍ക്കുന്ന അയാളെ കാണാന്‍, നേരത്തെ കുളിച്ച് നിറമുള്ള പാവാടയും കയ്യില്‍ കുപ്പിവളകളുമണിഞ്ഞ്, തലേന്ന് കൊരുത്ത് വെച്ച മുല്ല മാല മുടിയില്‍ തിരുകി ഞാന്‍ വേലില്‍ക്കല്‍ ചെന്നു നിന്നു - അയാളുടെ പേരെന്ത്, നാടെവിടെ ഇതൊന്നും ഞാന്‍ ചോദിച്ചില്ല. 

എന്നാല്‍ ആ കടാക്ഷങ്ങളിലൂടെ ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ഞങ്ങള്‍ കൈമാറിയിരിക്കണം. ഇടവഴിയില്‍ എന്തെങ്കിലും പറയാനായി അയാള്‍ അടുത്തേക്ക് വരുന്നത് കാണുമ്പോഴേക്കും ഞാന്‍ ഭയപ്പെട്ട് വീട്ടിലേക്കോടും. ഈ ലോകം മുഴുവന്‍ ഞങ്ങളുടെ പ്രണയരഹസ്യങ്ങള്‍ അറിഞ്ഞിരിക്കുന്നു എന്ന പോലെ എന്റെ ഹൃദയം ഭയത്താല്‍ ആലില പോലെ വിറയ്ക്കും. 

എന്നാല്‍ മൗനമായ അഗ്‌നി പോലെ പ്രണയം എന്റെ ആത്മാവില്‍ ജ്വാലകളായ് ആളിപ്പടര്‍ന്നു. അന്നത്തെ ചുറ്റുപാടില്‍ പരിചയമില്ലാത്ത ഒരാണിനോട് മിണ്ടുന്നതും  അയാളെ കാത്തു നില്‍ക്കുന്നതും വമ്പിച്ച അപരാധമായിരുന്നു.  പ്രണയം കഥയില്‍ വായിക്കാന്‍ നല്ലത്, ജീവിതത്തില്‍ ചീത്ത. ഇതായിരുന്നു സമൂഹനീതി. 

കുട്ടിയെ എനിക്കൊരുപാടിഷ്ടമാണ്. ഞാന്‍ -' ഒരു ദിവസം ധൈര്യം സംഭരിച്ച് വേലിക്കലേക്ക് വന്ന് അയാള്‍ പറഞ്ഞു. ഞങ്ങളുടെ വീടും പറമ്പും തറയില്‍ നിന്ന് ഉയരത്തിലാണ് നില്‍ക്കുന്നത്. വേലിക്ക്  താഴെ നില്‍ക്കുന്ന അയാളെ വീട്ടിലുള്ള ആരും കാണില്ല എന്നാല്‍ ഇടവഴിയിലൂടെ പോകുന്നവര്‍ കാണും - ആ ചെറുപ്പക്കാരന്‍ ഒരു പുസ്തകമെടുത്ത് എനിക്ക് നേരെ നീട്ടി. '' വായിച്ചിട്ട് മറുപടി തരണം. '

ഞാന്‍ ഭയന്നു പോയി - തിരിഞ്ഞ് വീട്ടിലേക്ക് നോക്കിയപ്പോള്‍ എന്റെ രക്തം ഉറഞ്ഞു പോയി. പതിവിന് വിപരീതമായി അച്ഛന്‍ ആ നേരത്ത്  ചാരുപടിയില്‍ വന്നിരിക്കുന്നു! പുസ്തകം വാങ്ങാന്‍ ധൈര്യമില്ലാതെ വിയര്‍ത്ത കൈത്തലത്തോടെ അച്ഛന്റെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ വീട്ടിലേക്ക് നടന്നു.

പിന്നീട്  ഞാന്‍ പറമ്പിന്റെ മൂലക്കല്‍ ചെന്ന് നില്‍ക്കാതായി.  മുല്ലച്ചെടികളിലെ പൂക്കള്‍ കൊഴിഞ്ഞു. ഞാന്‍ പ്രീഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്നു. ജീവിതത്തിന്റെ ഏതോ ഇടവഴിയില്‍ പ്രണയത്തിന്റെ ആ ഇത്തിരി മധുരം എനിക്ക് നഷ്ടമായി. മറുപടിയില്ലാത്ത ഒരു നൊമ്പരമായി അയാളുടെ മനസിലും ഞാന്‍ ബാക്കിയായിരുന്നിരിക്കണം. പിന്നീടെത്ര തിരഞ്ഞിട്ടും എനിക്കയാളെ കാണുവാനായില്ല.

അന്ന് മേഘമാലകളേയും, സൂര്യവെളിച്ചത്തേയും മുല്ലപ്പൂക്കളേയും പ്രണയിച്ച ആ പെണ്‍കിടാവിന് ആ ചെറുപ്പക്കാരന്‍ എല്ലാമായിരുന്നു. ആണ്‍കുട്ടികളെ നോക്കുന്നത് പോലും ക്രിമിനല്‍ കുറ്റമായി കരുതിയ സാമൂഹ്യ നീതിയില്‍ ആ പെണ്‍കിടാവ് തികച്ചും ഭീരുവായിപ്പോയി.

എങ്കിലും നിന്റെ ഓര്‍മകള്‍ക്ക് ഇന്നും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. ആത്മാവില്‍ കുത്തി മുറിപ്പെടുത്തുന്ന നിരര്‍ത്ഥകങ്ങളായ ഏതൊക്കെയോ സ്‌നേഹ ബന്ധങ്ങള്‍ ഇന്നെന്റെ ജീവിതത്തെ വഞ്ചിക്കുന്നു, കളിയാക്കുന്നു. അപ്പോഴും നിന്റെയോര്‍മ, ശ്വേത സുഭഗമായ മുല്ലപ്പൂക്കളുടെ നറുനിലാവായി എന്റെയുള്ളില്‍ പ്രകാശം ചൊരിയുന്നു.

ശരീരത്തിന്റെ ക്ഷണിക ചോദനകളില്‍ രമിക്കുന്നവര്‍ക്ക് നമ്മുടെ അന്നത്തെ സ്‌നേഹത്തിന്റെ ലഹരി മനസ്സിലാവുകയില്ല. പക്ഷേ, നിശബ്ദവും നിര്‍മലവുമായ ആ പ്രണയം, ഇന്നോര്‍ക്കുമ്പോള്‍, ജീവിത മാലിന്യങ്ങളെ എടുത്തു കളയുന്നതായി തോന്നുന്നു. ആത്മക്ഷതങ്ങള്‍ക്കത് വിശുദ്ധലേപനമാകുന്നു. എന്നാല്‍, മൗനത്താല്‍ മുദ്രിതമായ ആ വിശുദ്ധ പ്രണയം, അജ്ഞാതനായ വഴിയാത്രക്കാര! പരിപൂര്‍ണ സ്വാതന്ത്ര്യത്തിന്റെ മുഗ്ധ സൗന്ദര്യമായി ഇന്നും ഇവള്‍ ആത്മാവില്‍ സൂക്ഷിക്കുന്നു.

(Olive publication ഇറക്കിയ അനുഭവം. ഓർമ യാത്രയിൽ നിന്ന്)

കെ.പി.സുധീര

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 202020
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല.