എല്ലാ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയിൽ പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഓൺലൈൻ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തിൽ പഠനം ഫലപ്രദമായി നടത്താൻ സൗകര്യമൊരുക്കണം. ഇതിന് ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്‌ടോപ്പും ടാബും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾ ഓരോ വിദ്യാർത്ഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്.
ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്‌നമാണ്. സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽ 86,423 കുട്ടികളുണ്ട്. ഇതിൽ 20,493 കുട്ടികൾക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് നൽകാനാവുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവർഗ്ഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പ് വരുത്തണം.
അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓൺലൈൻ ക്ലാസ്സ് ലഭ്യമാക്കാൻ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഗ്രാമ-നഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം. ഇതിന് എഫ്.ടി.ടി.എച്ച്./ബ്രോഡ്ബാന്റ് കണക്ഷൻ സാധ്യമായിടങ്ങളിലെല്ലാം നൽകാനാവണം. അതോടൊപ്പം വൈ-ഫൈ കണക്ഷൻ നൽകുന്നതിനുള്ള മൊബൈൽ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. സമയബന്ധിതമായി ഇക്കാര്യം പൂർത്തീകരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റൽ വിവേചനം ഇല്ലാതെ എല്ലാവർക്കും ഓൺലൈൻ പഠനം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം നൽകാൻ സാധിക്കണം. ഓൺലൈൻ പഠനം ഫലപ്രദമാകാൻ എല്ലാ വിദ്യാർത്ഥികൾക്കും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ഉറപ്പുവരുത്താനുമാകണം. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തിൽ ഓൺലൈൻ പഠനം കുറച്ചുകാലം തുടരേണ്ടി വരും എന്നാണ് കണക്കാക്കേണ്ടത്. ഇക്കാര്യം പരിഗണിച്ച് തടസ്സമില്ലാതെ ഇന്റർനെറ്റ് സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക സ്‌കീം തയ്യാറാക്കാൻ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർമാർ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എല്ലാ സർവീസ് പ്രൊവൈഡർമാരും പിന്തുണ പ്രഖാപിച്ച് അനുഭാവപൂർവം സംസാരിച്ചത് സർക്കാരിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, പ്രൊഫ. ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ബി.എസ്.എൻ.എൽ, ടെലികമ്യൂണിക്കേഷൻ വകുപ്പ്, ബി.ബി.എൻ.എൽ, വൊഡാഫോൺ, ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻ, റിലയൻസ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എ.ടി.സി ടെലകോം, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്, കേരള വിഷൻ ബ്രോഡ്ബാൻറ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---