ഈറ്റുനോവ്

ഗാഢമൗനത്തിൻ ഗർഭത്തിലെങ്ങോ
ചുട്ടുപൊള്ളുന്നൊരു കനൽവിത്തു വീണു
നീറിയൊടുങ്ങാതെയാറിത്തണുക്കാതെ
അത്യുഷ്ണമുള്ളിൽ വഹിക്കുന്ന  ബീജം
കനലിന്റെയൂറ്റമെൻ കരളിൽ തുടിച്ചു
ആത്മധൈര്യത്തിൻ നെരിപ്പോടെരിഞ്ഞു
ആഹ്വാനശബ്ദങ്ങളശരീരി പോലെയെൻ
ബധിരകർണങ്ങളിൽ തട്ടിത്തെറിച്ചു..
ഉണർവ്വിന്റെ ജ്വാലയെൻ മിഴിയിൽ തെളിഞ്ഞു
ഉയിരാകെയുൻമാദമുടലാർന്നു നിന്നു
അകതാരിലായിരം ദ്രുതവീണ മീട്ടിയെൻ
ആത്മസംവാദങ്ങളലറിക്കിതച്ചു..
ബീജം വളർന്നുള്ളിലത്യുഷ്ണ തീക്ഷ്‌ണം
അതിവേഗമുയരുന്ന മസ്തിഷ്കമർദ്ദം
ഉള്ളിൽ തിളയ്ക്കുന്ന ലാവയും പേറി ഞാൻ
പ്രതിരോധമേകുന്ന കവചം തിരഞ്ഞു..
ശീതപ്രവാഹത്തിനലകളിൽ മുങ്ങി
ഞാനാകാശനീലിമയ്ക്കതിരുകൾ തേടി
നരച്ച വാല്മീകത്തിലടയിരുന്നേറെ നാൾ
ഉറകെട്ട ചിന്തതന്നറകൾ തുരന്നു
പ്രവാചകനല്ല, ഞാനവധൂതനല്ല,യീ
കെട്ടകാലത്തിൽ വസിക്കുന്ന പൗരൻ
മഹാകവിയല്ല, നവോത്ഥാനനായകനല്ല
മരവിച്ച നാക്കുമായിരിക്കുന്നു വെറുതെ
എനിക്കെന്തു ചേതമീ നാടു മുടിയുകിൽ
സംസ്കാരനാളങ്ങളമ്പേ പൊലിയുകിൽ
വാ തുറക്കേണ്ട, പ്രതികരിക്കേണ്ട
മൗനഗർഭത്തിനുള്ളിൽ കഴിഞ്ഞിടാം
വാ തുറന്നാൽ രാജ്യദ്രോഹിയായ് മാറിടാം
ആത്മമിത്രത്തിനും ശത്രുവായ് തോന്നിടാം
മഹാമൗനിയെപ്പോലെയിരുളിൽ മറഞ്ഞിടാം
പട്ടുപോകട്ടെയീ കനലും കവിതയും
ഈവിധം ചിന്തയിലാശയടക്കി ഞാൻ
ഇരുളിന്റെയാഴത്തിലഭയം തിരഞ്ഞു
ഇല്ല,കഴിയില്ല പൊയ്മുഖമണിയുവാൻ
ആത്മാവു പിടയുന്ന നോവറിഞ്ഞു
ഘോരതമസ്സിൻ ശൂന്യതയ്ക്കുള്ളിലും
ഒരു തപ്തബിന്ദു ജ്വലിക്കുന്നു പിന്നെയും
നിഴലിൻ നിറക്കൂട്ടണിഞ്ഞ ബിംബങ്ങളായ്
കവിതതൻ കനലെന്റെയുള്ളിൽ തിളങ്ങി
പിന്നെയും പിന്നെയും ബീജം വളർന്നു
മൗനഗർഭത്തിൻ പുറന്തോടുടഞ്ഞു
ഈറ്റുനോവിൽ ഞാനലറിക്കരഞ്ഞു
ഒരു കുഞ്ഞുകവിതയീ മണ്ണിൽ പിറന്നു.

വർഗീസ് വഴിത്തല
 

 

 

Recipe of the day

Nov 162021
INGREDIENTS