ഈ ശീലങ്ങള്‍ നിങ്ങളുടെ പ്രായം കൂട്ടും

നമ്മുടെ ശരീരത്തില്‍ പ്രായത്തിന്‍റെ ആദ്യസൂചനകള്‍ നല്‍കുന്ന അവയവങ്ങളിലൊന്ന്​ ചര്‍മമാണ്​.. പ്രായം തോന്നിക്കുന്നതില്‍ ചര്‍മ സംരക്ഷണം പ്രധാനഘടകമാണ്​. പ്രായമാകുന്നതിനനുസരിച്ച്‌​ ചര്‍മത്തിന്‍റെ ഘടനയിലും മാറ്റം വരുന്നു. ഇത്​ ശരീരത്തില്‍ ചുളിവുകളും വരകളും വീഴ്​ത്താന്‍ ഇടയാക്കുന്നു. നമ്മുടെ ചില ദൈനം ദിന ശീലങ്ങള്‍ ചര്‍മത്തിലെ പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.

ഉറക്കക്കുറവ്​

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന്​ ആവശ്യമായ അളവിലുള്ള ഉറക്കം ആവശ്യമാണ്​. ശരിയായ അളവില്‍ ഉറക്കമില്ലായ്​മ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ക്ക്​ വഴിവെക്കും. തുടര്‍ച്ചയായ ഉറക്കക്കുറവ്​ ശരീരത്തില്‍ ഇരുണ്ട അടയാളങ്ങള്‍ക്കും അനിയ​ന്ത്രിതമായ ചര്‍മത്തിനും വഴിവെക്കും. ഇത്​ പ്രായക്കൂടുതല്‍ തോന്നാനും ഇടയാക്കും.

അമിത മദ്യപാനം

മദ്യം കുടിക്കുന്നത് ശരീരത്തിലെ ജ്വലനം ഉയര്‍ത്തും. ഇത് ശരീരപോഷണത്തെ മന്ദഗതിയിലാക്കും. ഇത് ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രായമാകല്‍ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യാം. ഇത് ചര്‍മ്മത്തെ വരണ്ടതാക്കാനും നിങ്ങളെ ക്ഷീണിപ്പിക്കാനും വഴിവെക്കും.

അമിതമായി ചര്‍മം ഉരിയുന്നത്

നശിച്ച കോശങ്ങള്‍ നീക്കാനായി ചര്‍മമുരിയല്‍ നടത്താറുണ്ട്​. എന്നാല്‍ ഇത്​ അമിതമായി ചെയ്യുന്നത്​ നിങ്ങളുടെ ചര്‍മത്തിലെ ജലാംശം നഷ്​ടപ്പെടാന്‍ ഇടവരുത്തും.  ഇത്​ ചര്‍മത്തെ വരണ്ടതാക്കുകയും പാടുകള്‍ വരുത്തുകയും ചെയ്യും.

പുകവലി

പുകവലിക്ക്​ ഒട്ടേറെ ദോഷങ്ങളുണ്ട്​. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഈ ശീലം കാന്‍സറിനും കാരണമാകുന്നു. പുകവലി നിങ്ങളുടെ ചര്‍മ​ത്തില്‍ പ്രായത്തിന്‍റെ അടയാളങ്ങള്‍ കൊണ്ടുവരും. സിഗരറ്റില്‍ നിന്നുള്ള ചൂട്​ നിങ്ങളുടെ ചര്‍മത്തെ നേരിട്ട്​ ചൂടാക്കുകയും ഇലാസ്​റ്റികതയില്‍ മാറ്റം വരുത്തുകയും വിറ്റാമിന്‍ എ യുടെ അളവ്​ ഗണ്യമായി കുറക്കുകയും ചെയ്യും. ഇത്​ ചര്‍മം വരണ്ടതാക്കാനും ഇടയാക്കും.

സൂര്യതാപമേല്‍ക്കല്‍

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്​ ചര്‍മ്മത്തിന്‍റെ ഇലാസ്​റ്റികത നഷ്​ടപ്പെടുത്തുകയും പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത്​ ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും. നാം പുറത്തേക്ക് പോകുമ്പോള്‍ പരമാവധി സൂര്യതാപമേല്‍ക്കുന്നത്​ ഒഴിവാക്കാന്‍ ശ്രമിക്കണം.

വ്യായാമക്കുറവ്​

വ്യായാമ ചലനങ്ങള്‍ പേശികളെ ശക്​തിപ്പെടുത്തുകയും അത്​ ശരീരത്തിന്​ യൌവനം നല്‍കുകയും ചെയ്യും. ഇത്​ ചര്‍മത്തെ കൂടുതല്‍ ശക്​തിയുള്ളതാക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തി​ന്‍റെ എല്ലാഭാഗത്തും പോഷണഗുണങ്ങളും  രക്​തവും എത്താന്‍ ഇടയാക്കുന്നു. ഇതിന്‍റെ ഗുണം ചര്‍മത്തിനും ലഭിക്കും.