ദേവഗിരി:ആക്രമിച്ച് കീഴടക്കാനാവത്ത കോട്ട

എല്ലോറയിൽ നിന്ന് ഒരു ട്രിപ്പ് ജീപ്പിലാണ് ഞാൻ ദൗലത്താബാദിലേക്ക് വന്നിറങ്ങിയത്
ആറായിരത്തോളം പേർ വസിക്കുന്ന ഒരു ചെറിയ ടൗണാണിത് പ്രധാനാകർഷണം ഈ ദൗലത്താബാദ് കോട്ട മാത്രമാണ്.
പാതയോരത്ത് ഒന്നുരണ്ട് ചെറുകിട ഹോട്ടലുകളും ശീതളപാനിയവും പഴങ്ങളും വിൽക്കുന്ന ചില കടകളും മാത്രമാണുള്ളത്.
ധരാളം സന്ദർശകർ എത്തുന്ന സ്ഥലമായിട്ടും അതിനൊത്തവണ്ണം ഒരുങ്ങിയിട്ടില്ല.സമയം ഉച്ച കഴിഞ്ഞ്
രണ്ട് മണിയായിരിക്കുന്നു.
രാവിലെ എല്ലോറയിൽ നിന്നും
ലഘു ഭക്ഷണം മാത്രമാണ് കഴിച്ചത്. വിശപ്പ് ആക്രമിച്ച് തുടങ്ങിയിയെങ്കിലും കോട്ട കണ്ട് തിരിച്ചിറങ്ങിയിട്ട് ഭക്ഷണം മതിയെന്ന് ഞാൻ തീരുമാനിച്ചു.
കാരണം നാല് മണിക്കൂർ കൂടിയെ  
ഇനി സന്ദർശക സമയമുള്ളൂ.
ആറ് മണിക്ക് കോട്ട അടക്കും
ഇവിടെ നിന്ന് നോക്കുമ്പോൾ കോട്ടയുടെ മുകൾ ഭാഗം വരെ കാണാം.

വിസ്മയങളുടെ വെടിപ്പുരയാണ്


ഈ കോട്ടയെന്ന് ഞാൻ നേരത്തെ വായിച്ചറിഞ്ഞിട്ടുണ്ട്. വലിപ്പത്തിലും
ശില്പഭംഗിയിലും ഇതിനെക്കാൾ വലിയ നിരവധി കോട്ടകൾ ഇന്ത്യയിലുണ്ടങ്കിലും
അതിനൊന്നുമില്ലാത്ത ഒരു പ്രത്യേകത ഈ കോട്ടക്കുണ്ട്. എത്ര വലിയ സൈന്യത്തെ കൊണ്ട് വന്നാലും ആക്രമിച്ച് ഈ കോട്ട കിഴടക്കാനാവില്ല.
ഏതെങ്കിലും തരത്തിൽ ശത്രു കോട്ടക്കുള്ളിൽ പ്രവേശിച്ചാൽ ജീവനോടെ തിരിച്ച് പോക്കുണ്ടാവില്ല.
അത്രയധികം സുരക്ഷാ സംവിധാനങ്ങളും ചതിക്കുഴികളും തിരിച്ചറിയാൻ പറ്റാത്ത കെണികളും ഒരുക്കി വച്ചിട്ടുണ്ടിവിടെ.
മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്തമായി അകത്തേക്ക് കയറുന്നതിനും തിരിച്ച് ഇറങ്ങുന്നതിനും ഒരൊറ്റ വാതിൽ മാത്രമാണ് ഈ കോട്ടക്കുള്ളത്.

1187 ൽ യാദവ രാജവംശത്തിലെ രാജാവായിരുന്ന ഭില്ലാമ അഞ്ചാമൻ നിർമ്മിച്ചതാണ് 94 ഹെക്ടർ വിസ്തീർണ്ണമുള്ള ദേവഗിരി കോട്ട. 1327ൽ രാജ്യം കീഴടക്കിയ   സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ് നഗരത്തിന് ദൗലത്താബാദ് എന്ന് പുനർനാമകരണം ചെയ്തത്.
മദ്ധ്യകാല ഇന്ത്യയിലെ ഏറ്റവും ശക്തമായ കോട്ടയായിരുന്ന ദേവഗിരി തന്റെ പ്രത്യേകതകൾ കൊണ്ട് ഒട്ടേറെത്തവണ ചരിത്രം രചിച്ചിട്ടുണ്ട്.
ഒരു കുപ്പി വെള്ളവും വങ്ങി ഞാൻ ചരിത്രത്തിന്റെ കേദാര ഭൂമിയിലേക്ക് നടന്നു. ടിക്കറ്റ് കൗണ്ടറിന് സമീപം ഏതൊരു ടൂറിസ്റ്റ് കേന്ദ്രത്തിലും കാണുന്നമാതിരിയുള്ള സുവനീർ കടകൾ.തൊപ്പിയും കണ്ണാടിയും ഗൈഡും പുരാതന നാണയങ്ങളുമെല്ലാം വിൽപ്പനക്ക് വച്ചിട്ടുണ്ട്. പത്ത് രൂപയാണ് പ്രവേശന ഫീസ്.ഹെറിറ്റേജ് സൈറ്റിലൊക്കെ ടിക്കറ്റ് ചാർജ്ജ് കുറവാണ്.ടിക്കറ്റെടുത്ത് നടക്കുമ്പോൾ ഏതാനും ഗൈഡുകൾ ചുറ്റും കൂടി 1600 രൂപയാണവരുടെ ഫീസ്. വേണ്ടന്ന് പറഞ്ഞ് കോട്ടയുടെ  ഫോട്ടോകളുള്ള ഒരു ഗൈഡും
വാങ്ങി ഞാൻ മൂന്നോട്ട് നടന്ന് കോട്ടയുടെ ഒന്നാമത്തെ വാതിലിന് മുന്നിലെത്തി.
കരിങ്കല്ല് ഇഷ്ടിക പോലെ മുറിച്ചെടുത്ത് നിർമ്മിച്ച കൂറ്റൻകോട്ട. മതിലിന്റെ നടുവിലായി പ്രവേശന വാതിൽ.മരം കൊണ്ട് നിർമ്മിച്ച ആനവാതിലിൽ നിറയെ ഇരുമ്പിൽ നിർമ്മിച്ച കുന്തമുനകൾ പിടിപ്പിച്ചിരിക്കുന്നു.
ഞാൻ അകത്തേക്ക് കയറി.
മുമ്പിൽ അർദ്ധവൃത്താകൃതിയിലുള്ള കൂറ്റൻ കരിങ്കൽ മതിൽ.
അതിനെ ചുറ്റി കല്ല് പതിച്ച
ഒരിടനാഴിപോകുന്നു
അത് വഴി നടന്നെത്തിയത്
വലിയൊരു കല്ല പതിച്ച നടുമുറ്റത്തേക്കാണ്
നാല് വശത്തും മുപ്പതടിയോളം ഉയരമുള്ള കൂറ്റൻ മതിൽ കെട്ട്.
അതിന് മുകളിൽ പടയാളികൾക്ക് ഒളിച്ചിരിക്കാനുള്ള മറകൾ.
മതിലിനോട് ചേർന്ന് നാല് വശത്തായി ആർച്ച് രൂപത്തിലുള്ള പന്ത്രണ്ട് അറകൾ അറക്കുള്ളിലും മതിൽ കെട്ടിനകത്തും ഇടത്തരം പീരങ്കികൾ
സ്ഥാപിച്ചിരിക്കുന്നു.

ആദ്യ വാതിൽ ഭേദിച്ച് ശത്രു സൈന്യം ഇവിടെയെത്തിയാൽ ഇതൊരു പോർക്കളമായി മാറും. കോട്ട മുകളിൽ നിന്നും ചീറി വരുന്ന അസ്ത്രങ്ങളോ
ഒരു കുന്തമോ അവരുടെ നെഞ്ച് പിളർക്കും അല്ലങ്കിൽ പീരങ്കികൾ അവരെ ചൂട്ട് തിന്നും.
നടുമുറ്റത്തിന്റെ ഏറ്റവും പിന്നിലായി ഇടത്തോട്ട് തുറക്കുന്നൊരു കൂറ്റൻ വാതിലുണ്ട്.ഇവിടെ നിന്ന് നോക്കുമ്പോൾ കോട്ടയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇടത്ത് വശത്താണ് സ്വഭാവികമായും ശത്രുസൈന്യം ഈ വാതിലാവും തുറക്കാൻ ശ്രമിക്കുക
യഥാർത്ഥത്തിൽ ഇതൊരു കെണിയാണ് ഈ വാതിൽ വഴി പോയാൽ കോട്ടക്ക് അകത്തേക്ക് കടക്കാനാവില്ല. ഇതുപോലെ വഴി തെറ്റിച്ച് കെണിയിൽ വീഴ്ത്തുന്ന ഒട്ടേറെ വഴികളും ഡമ്മി വാതിലുകളും
ഈ കോട്ടയിലുണ്ട്.
എട്ട് കോട്ടവാതിലുകൾ ഉണ്ടങ്കിലും ഒന്നും മറ്റൊന്നിന് അഭിമുഖമായി നിർമ്മിട്ടില്ല.വാതിൽ കടന്ന് ചെല്ലുന്നവർ എങ്ങോട്ട് പോകണമെന്നറിയാതെ കുഴങ്ങി നടക്കും.
ഞാൻ മുന്നോട്ട് നടന്നു.
മുമ്പിൽ വീണ്ടും കനത്ത കോട്ടവാതിൽ ഇതിലും നിറയെ കുന്തമുനകൾ പിടിപ്പിച്ചിട്ടുണ്ട്. കുറ്റൻകോട്ട വാതിലുകൾ തകർക്കാൻ അക്കാലത്ത് ആനകളെ ഉപയോഗിച്ചായിരുന്നു.
അത് തടയുന്നതിനാണ് കുന്തമുനകൾ സ്ഥാപിച്ചിരിക്കുന്നത് ആന തലകൊണ്ട് വാതിൽ തകർക്കാൻ ശ്രമിച്ചാൽ കുന്തമുന മസ്തകത്തിൽ തറച്ച് കയറുകയും ആന വിരണ്ടോടി കൂട്ടത്തിലുള്ളവരെ തന്നെ കൊന്നൊടുക്കുകയും ചെയ്യും.
അവിടെ നിന്ന് മുന്നോട്ട് നടന്നു
മുന്നിൽ വീണ്ടുമൊരു കൂറ്റൻ വാതിൽ

അത് കടന്നു മുന്നോട്ട് പോകുമ്പോൾ മുന്നിൽ ഇടത്തോട്ട് ഒരിടനാഴി
അത് വഴി മുന്നോട്ട് നടന്നപ്പോൾ തുറസ്സായ ഒരു പ്രദേശത്തെത്തി.
വരണ്ട പ്രദേശത്ത് അങ്ങിങ്ങായി
ചില മരങ്ങൾ ഇലപൊഴിഞ്ഞ് നിൽക്കുന്നുണ്ട്
കോട്ട മുകളിലേക്ക് നീണ്ട് കിടക്കുന്ന
പാതയിലെ കല്ലുകൾ ഇളകിപ്പോയിരിക്കുന്നു.
കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ  
ഒരു വഴി ഇടത്തേക്ക് തിരിയുന്നു.
അതിലൂടെ നടന്നു.ഇടത് വശത്തായി  ഇരുപതടിയോളം താഴ്ചയുള്ള വലിയൊരു കുളം വെള്ളമില്ലാതെ കിടക്കുന്നു. നാല് വശവും കല്ല് കെട്ടി മനോഹരമാക്കിയ കുളത്തിലേക്ക് ഇറങ്ങാൻ എല്ലാ വശത്തും പടവുകളും നിർമ്മിയ്യിട്ടുണ്ട്. ആനകൾക്ക് കുളിക്കാനായി നിർമ്മിച്ചവയാണ്.
അക്കാലത്ത് കരിവീരന്മാർ തിമിർത്ത് രസിച്ചിരുന്ന കുളമായിരുന്നത്.
കോട്ടയിലുടനീളം നിർമ്മിച്ചിരുന്ന ഭീമാകാരമായ ഭൂഗർഭ ജലസംഭരണികളും അവയെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ജലവിതരണ സംവിധാനവും ആരെയും
വിസ്മയി പ്പിക്കുന്നതാണ്.

കുളം പിന്നിട്ട് മുന്നോട്ട് നടന്നപ്പോൾ വലത് വശത്ത് വലിയൊരു മതിൽക്കെട്ടും പ്രവേശന കവാടവും അല്പം ഉയരത്തിലാണ് നിർമ്മാണം ഞാൻ പടികൾ കയറി ഉള്ളിലേക്ക് ചെന്നു. ഭാരത് മാതാ ക്ഷേത്രമാണ്. ചുറ്റുമതിലിനുള്ളിൽ മനോഹരമായി കരിങ്കല്ല് പാകിയ വലിയൊരു നടുമുറ്റമാണ് പ്രധാന കാഴ്ച
മുറ്റത്തിനപ്പുറം ക്ഷേത്രം.
പരമ്പരാഗത ഹിന്ദു ക്ഷേത്ര നിർമ്മാണ ശൈലിയിലുള്ളതല്ല ക്ഷേത്രം. ശ്രീകോവിൽ പോലെ തോന്നിക്കുന്ന ഭാഗത്തിന് മുസ്ലിം പള്ളിയിലെ മകുടത്തിനോടാണ് കൂടുതൽ സാമ്യം.
ഒരു പക്ഷെ യാദവ ഭരണകാലത്ത് നിർമ്മിച്ച ക്ഷേത്രത്തെ സുൽത്താനേറ്റ് ഭരണ കാലത്ത് മുസ്ലിം പള്ളിയാക്കുകയും അതിന് ശേഷം വീണ്ടും ക്ഷേത്രമാക്കുകയും ചെയ്തതാവാം.കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതിന്റെ പത്തിരട്ടി സ്ഥലം മുറ്റത്തിനായി നീക്കി വച്ചിരിക്കുന്നു. ഇത്ര വലിയ ക്ഷേത്രമുറ്റം ഞാനെവിടെയും കണ്ടിട്ടില്ല.  ക്ഷേത്രത്തിനത്തേക്ക് കയറി  ശ്രീകോവിൽ പോലുള്ള ഭാഗത്ത് സാരിയും ബ്ലസ്സും ധരിച്ച് തലയിൽ കീരീടം ചൂടിയ എട്ട് കൈകളുള്ള സ്ത്രീ രൂപം.കൈകളിൽ ത്രിശൂലം വാള് പാമ്പ് കുങ്കുമം തുടങ്ങിയവയൊക്കെയുണ്ട്.
ക്ഷേത്ര വിഗ്രഹത്തെക്കാൾ സാമ്യം നാട്ടിലൊക്കെ സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രതിമകളോടാണ്.
ശ്രീകോവിലിന് ഇരുവശവും വലിയ
രണ്ട് ഹാളുകളാണ് അതിനുള്ളിൽ വരിയായി  തൂണുകൾ സ്ഥാപിച്ചിരിക്കുന്നു.
ചെറിയ ചില കൊത്തുപണികൾ നടത്തിയിട്ടുണ്ടന്നല്ലാതെ  ഭാഗിയൊന്നുമില്ലാത്ത തൂണുകൾ. എന്താണ് ഈ ഹാളിന്റെ ഉപയോഗമെന്നനിക്ക് മനസ്സിലായില്ല. മുറ്റത്തേക്ക് തന്നെ തിരിച്ചിറങ്ങി.
മൂന്ന് വശത്തും പല വലിപ്പത്തിലുള്ള കൽതൂണുകൾ വരിവരിയായി നിർത്തിയിരിക്കുന്നു
മുൻപ് ഇവിടെയുണ്ടായിരുന്ന നടപന്തലിന്റെ അവശിഷ്ട ഭാഗങ്ങൾ ആർക്കിയോളജിക്കാർ കണ്ടെടുത്ത് പൂനർ സൃഷ്ടിയ്ക്കാൻ ശ്രമിക്കുന്നതാണ്
ഞാൻ അവിടെ നിന്നിറങ്ങി. കോട്ടയുടെ മുകളിലേക്കുള്ള പാതയിൽ തിരിച്ചെത്തി
വഴിയുടെ വലത് വശത്തായി ചാന്ദ് മിനാറെന്ന നീരീക്ഷണ ഗോപുരം


കുത്തബ് മിനാറിനെ ഓർമ്മപ്പെടുത്തുന്ന
മൂൺ ഓഫ് ടവർ എന്നറിയപ്പെടുന്ന
ഈ ഗോപുരം 1445 ൽ കോട്ട കൈയ്യടക്കിയ അലാവുദ്ദീൻ ബാഹ്മിനി നിർമ്മിച്ചതാണ്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിർമ്മിച്ച  63 മീറ്റർ ഉയരമുള്ള മനോഹരമായ ഗോപുരത്തിന് നാല് നിലകളാണുളളത്. ഇതിൽ ഇരുപത്തിനാല് മുറികളുമുണ്ട്. ഗോപുരത്തിന്റെ അടിയിൽ ഒരു ചെറിയ പള്ളി നിർമ്മിച്ചിരിക്കുന്നു.
കോട്ടയുടെ ഏത് ഭാഗത്ത് നിന്നാലും ഈ ടവ്വർ കാണാൻ കഴിയും. ചന്ദ്മിനാറിൽ ഇപ്പോൾ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ലാത്തതിനാൽ
ഞാൻ നടത്തം തുടർന്നു.
രണ്ട് കിടങ്ങുകളും മൂന്ന് സുരക്ഷാ മതിലുകളുമുള്ള കോട്ടയെ
അംബാർ കോട്ട്, മഹാകോട്ട്, കാലക്കോട്ട്, ബാലാക്കോട്ട് എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഏറ്റവും പുറത്തുള്ള കിടങ്ങും കോട്ടമതിലും കടന്നെത്തുന്നത് അംബാർക്കോട്ട് എന്ന സാധാര ജനങ്ങൾ താമസിച്ചിരുന്ന പ്രദേശത്താണ്.
ഇത് കഴിയുന്നതോടെ അടുത്ത
കോട്ട മതിലും പ്രവേശന കവാടവും കടന്നാൽ മഹാകോട്ട്  എന്ന ഉയർന്ന വിഭാഗത്തിൽ പെട്ടവർക്കുള്ള പാർപ്പിട പ്രദേശത്തെത്തും.  ഞാനിപ്പോൾ മഹാകോട്ടിന്റെ മുന്നിലാണ് നിൽക്കുന്നത് കോട്ടയുടെ രണ്ടാം നിരയിലെ കൂറ്റൻ മതിലും താഴെ കണ്ടത്പോലെയുള്ള ആനവാതിലും അത് കടന്നകത്തേക്ക് കയറി ഇരുവശത്തും മുന്നിലും കൂറ്റൻ കരിങ്കൽ മതിൽ.അവക്കിടയിലൂടെ വലത്തേക്ക് ഒരു പടിക്കെട്ട് നിർമ്മിച്ചിരിക്കുന്നു അതിലൂടെ കയറിച്ചെല്ലുമ്പോൾ മറ്റൊരു വാതിൽ അതും കടന്നെതിയത്
ഒരു നടുമുറ്റത്തേക്കാണ്.

ആദ്യ നിര പ്രതിരോധം തകർത്ത് ശത്രു സൈന്യം അകത്തേക്ക് എത്തിയാൽ ഇവിടെയാണ് പോരാട്ടം നടക്കുക നാലുവശത്തും ഉയർന്ന മതിലും ഒട്ടേറെ ഒളിയറകളുമുള്ള ഈ കൊലക്കളത്തിൽ നിന്ന് രക്ഷപ്പെടുക അസാദ്ധ്യമാണ്. മുന്നോട്ട് നടക്കുമ്പോൾ മുന്നിൽ കുന്തമുനകൾ ഉറപ്പിച്ച മറ്റൊരു ആനവാതിൽ.അത് കടന്നകത്തേക്ക് നീണ്ടുപോകുന്ന പടിക്കെട്ട് കയറിയെല്ലുമ്പോൾ വഴി വലത്തോട്ട് തിരിഞ്ഞു.അവിടെ ഒരു പോലത്തെ രണ്ട് കോട്ടവാതിലുകൾ.
ഇടത് വശത്തേ ഡമ്മിവാതിൽ ഒരു കെണിയാണ്.
ഞാൻ നേരെയുള്ള വാതിൽ കടന്ന് മഹാ കോട്ടിലേക്ക് പ്രവേശിച്ചു.
ഒരു തുറന്ന പ്രദേശം
ഇടത് ഭാഗത്ത് മാത്രമാണ് ഇപ്പോൾ മതിലുള്ളത് മതിലിന് വെളിയിൽ ഒറ്റക്ക് നിൽക്കുന്ന ജീർണ്ണിച്ച്  ബഹുനില കെട്ടിടം. ചീനിമഹൽ.
കോഹിനൂർ രത്നം ഉൾപ്പെടെ അളവറ്റ സാമ്പാദ്യത്തിന്റെ പരമകാഷ്ടയിൽ നിന്ന ഗോൾ കൊണ്ട സുൽത്താൻ
അബുൾ ഹസ്സൻ തനാഷായെ ഔറംഗസീബ് തടവിലിട്ട ജയിൽ.
13 വർഷത്തെ ഏകാന്ത
തടവിനെടുവിൽ സുൽത്താൽ
നീറി നീറി മരിച്ച ചീനി മഹൽ.
ഔറംഗസേബ് ബീജാപൂർ സുൽത്താനായിരുന്ന സിക്കന്ദർ ആദിൽ ഷായെ തടവിലിട്ടതും
ഇതേ ചീനി മഹലിൽ തന്നെ.
ഞാനതിനടുത്തേക്ക് ചെന്നു.
മൂന്ന് നിലയുള്ള ജീർണിച്ച കെട്ടിടത്തിനരുകിൽ നിന്ന് ഞാൻ കോട്ടക്കുള്ളിലക്ക് കടന്നു.
ഇത്രയും ദൂരം കോട്ട പ്രതിരോധത്തിലൂന്നിയ തന്ത്രത്തിനാണ് മുൻഗണന നല്കിയിരുന്നതെങ്കിൽ
ഇനി തന്ത്രം മാറുകയാണ്. ചതിക്കുഴികളും മരണകെണികളും നിറഞ്ഞതാണ് ഇനിയുള്ള
കോട്ട ഭാഗങ്ങൾ. അത്യധികം ആകാംക്ഷയോടെ ഞാൻ മുന്നോട്ട് നടന്നു.

തുടരും.

ബോസ് ആർ.ബി