കൊറോണ: രോഗവും രോഗികളുടെ എണ്ണവും

ഈ കൊറോണക്കാലത്ത് രോഗത്തിന്റെ തീവ്രതയേക്കാൾ കൂടുതലായി ലോകരാജ്യങ്ങളെ വട്ടം കറക്കിയത് ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണമാണ്.
ആരോഗ്യമന്ത്രിയുടെ ഈ അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധിക്കുക. പൊതുവെ മലയാളികൾക്ക് ആത്മവിശ്വാസം പകരാൻ മാത്രം ശ്രമിക്കുന്ന ടീച്ചർ അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനായി കാര്യങ്ങൾ നേരിട്ട് പറയുകയാണ്.

“രോഗം മൂര്‍ച്ചിച്ചാലും ശ്വാസം മുട്ടിയാലും വീട്ടിലിരുന്നാല്‍ മതി എന്ന നിലപാടാണ് പല ലോകരാജ്യങ്ങളും എടുത്തത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ് അങ്ങനെ അവര്‍ക്ക് നിലപാടെടുക്കേണ്ടി വന്നത്. പലരും വീട്ടിലിരുന്ന് ശ്വാസം മുട്ടി മരിച്ചു. മുംബൈയും ചെന്നൈയും ആ അവസ്ഥയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലേക്ക് പോവാതിരിക്കാനാണ് നാം കൂട്ടായി പരിശ്രമിക്കുന്നത്."
ഇനി ഏപ്രിൽ രണ്ടാം തീയതിയിലെ എന്റെ പോസ്റ്റിലെ ചില ഭാഗങ്ങൾ ഒന്നുകൂടി എഴുതാം.

"ഇനി വരുന്ന മുപ്പത് ദിവസങ്ങൾ ഏറ്റവും പ്രധാനമാണ്. ഇത് ഇനിയും നേരം വെളുത്തിട്ടില്ലാത്ത നമ്മുടെ നാട്ടിലെ മരപ്പോങ്ങന്മാരും പോലീസുമായിട്ടുള്ള ഒളിച്ചു കളിയല്ല. ഇത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയുടെ പ്രശ്നമല്ല, ഇത് കർണാടകവും ആയിട്ടുള്ള അതിർത്തി അടക്കലിന്റെ പ്രശ്നമല്ല, ഇത് മറുനാടൻ തൊഴിലാളികളുടെ പ്രശ്നം ഭക്ഷണമാണോ നാട്ടിൽ പോകുന്നതാണോ എന്നുള്ള തർക്കമല്ല. ഇത് കേരളത്തിലെ ആരോഗ്യ സംവിധാനനത്തിലെ പരിധിക്കും പരിമിതികൾക്കും ഉള്ളിൽ കേരളത്തിലെ മൊത്തം കൊറോണക്കേസുകളെ പിടിച്ചു കെട്ടാൻ പറ്റുമോ എന്ന് തീരുമാനിക്കുന്ന യുദ്ധമാണ്. ആ യുദ്ധം ഇനി മൂർച്ഛിക്കാൻ പോവുകയാണ്. മെയ് മാസം രണ്ടാം തീയതിയാകുന്പോൾ അതിന്റെ ഉത്തരം നമുക്കെല്ലാം അറിയാമായിരിക്കും. ആ യുദ്ധത്തിൽ നമ്മൾ തോറ്റാൽ അതായത്, നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധികൾക്കപ്പുറത്ത് കേരളത്തിൽ കൊറോണക്കേസുകൾ ഉണ്ടായാൽ ലോകത്തിന് അത് വലിയൊരു സംഭവം ആവില്ല. ഇറ്റലിയിൽ പതിനായിരം ആളുകൾ മരിക്കുന്പോൾ, ഒരു ലക്ഷം പേരുടെ മരണത്തിന് അമേരിക്ക തെയ്യാറെടുക്കുന്പോൾ കേരളത്തിൽ മരണങ്ങൾ ആയിരം കടന്നാലും അന്പതിനായിരം തന്നെ എത്തിയാലും ലോകം അത് ശ്രദ്ധിക്കില്ല. കൊറോണക്കാലത്തെ വെറുമൊരു സ്റ്റാറ്റിസ്റ്റിക്സ് ആയി അതവസാനിക്കും.

പക്ഷെ ഈ കൊറോണയുദ്ധത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിയുടെ പിന്നിൽ നാം ഒറ്റ മനസ്സോടെ അണിനിരന്നാൽ, പരിമിതമായ വിഭവങ്ങളും അപരിമിതമായ ആത്മാർത്ഥതയുമുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആശുപത്രി കപ്പാസിറ്റിക്കുള്ളിൽ ഈ യുദ്ധം ചെയ്യാനുള്ള അവസരം നമ്മൾ ഒരുക്കിക്കൊടുത്താൽ ഈ യുദ്ധം നമ്മൾ ജയിക്കും. പ്രായമായവരെ ചികിൽസിക്കണോ അതോ മരണത്തിന് വിട്ടുകൊടുക്കണോ എന്ന് ഡോക്ടർമാർക്ക് തീരുമാനമെടുക്കേണ്ടി വരുന്ന ലോകത്ത് തൊണ്ണൂറു വയസ്സിന് മുകളിൽ പ്രായമുള്ള ഒരു കൊറോണ രോഗിയെ കേരളത്തിലെ ആരോഗ്യ സംവിധാനം രക്ഷിച്ചെടുത്തത് ബി ബി സി യിൽ പ്രധാന വാർത്തയാണ്. ഈ യുദ്ധം നമ്മൾ ജയിച്ചാൽ ആയിരക്കണക്കിന് മലയാളികളുടെ ജീവൻ മാത്രമായിരിക്കില്ല നാം രക്ഷിച്ചെടുക്കുന്നത്, ആരോഗ്യ സംവിധാനങ്ങളുടെ കേരളമാതൃക ലോകം നോക്കിക്കാണും. കൊറോണ കഴിയുന്ന ലോകത്ത് വിശ്വസിക്കാൻ കഴിയുന്ന ഒരു സ്ഥിരതയുള്ള ഒരു പ്രദേശമായി കേരളം അറിയപ്പെടും. കേരളത്തിലെ സാമൂഹ്യ സാന്പത്തിക ലാൻഡ്‌സ്‌കേപ്പ് അത് മാറ്റിമറിക്കും."

കൊറോണയുടെ രണ്ടാമത്തെ തിരമാലയേയും നമ്മൾ തടഞ്ഞു നിർത്തി. ലോകം അത് ശ്രദ്ധിച്ചു. കൊറോണയുടെ മൂന്നാം തിരമാല നമ്മുടെ മുന്നിലെത്തുന്പോഴും എനിക്കും പറയാനുള്ളത് ഇത് തന്നെയാണ്. സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പരമാവധി പാലിക്കുക. നമ്മുടെ പരിമിതമായ ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ കൊറോണയെ നേരിടാനുള്ള അവസരം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നൽകുക. ബാക്കി അവർ നോക്കിക്കോളും.

ഇല്ലെങ്കിൽ മറ്റിടങ്ങളിലെ പോലെ നമ്മളും കണക്കുകളുടെ ഭാഗമാകും. കൊറോണകൊണ്ടുള്ള മരണ സംഖ്യ മൂന്നു ലക്ഷം കടക്കുന്ന ലോകത്തിന് അന്ന് കേരളം ഒരു വാർത്തയാവില്ല.

മുരളി തുമ്മാരുകുടി

 

 

 

 

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.