കൊറോണ

പുകയും പൊടിയും ഓസോൺ തുളയും        
ഇല്ലാതെ വൃത്തിയായി,                    
തൂത്ത് മെഴുകിയ മുറ്റം പോലെ                          
ആകാശം വിജനമായി കിടന്ന അന്നാണ്          
അവൻ  കാൽപ്പാടുകൾ പതിപ്പിക്കാതെ
അദൃശ്യ സാന്നിദ്ധ്യത്തിന്റെ
പാപഭാരത്തോടെ ആദ്യമായ്
അലസമായി വന്നത്!
അന്നും,      
നരകത്തിലേക്കും സ്വർഗ്ഗത്തിലേയ്ക്കും
ഉള്ള  ഇടുങ്ങിയതും വിശാലവുമായ വഴികൾ                
ആരെയോ തിരഞ്ഞ്                                              
വ്യഗ്രതയോടെ  നടക്കുന്നുണ്ടായിരുന്നു !
അവനെ കണ്ട മാത്രയിൽ                          
 വെളിപാടുണ്ടായത് പോലെ                
ഇരുവശത്തും നിരന്നിരുന്ന                  
ദൈവരൂപങ്ങളുടെ കച്ചവടക്കാർ അപ്രത്യക്ഷരായി  !
ഒരു  സന്ധ്യയ്ക്ക്          
ചന്തയിൽ നിന്നിറങ്ങി നീട്ടിത്തുപ്പി                    
തിങ്ങിയ പെരുവഴികൾക്ക്  മീതെ,      
 പാഞ്ഞു പോയ  കുള്ളൻ അരൂപി              
 ഇന്ന് മൂന്ന് ലോകവും നിറഞ്ഞ്            
വിശ്വരൂപം കാട്ടി നിൽക്കുന്നു !      
 പൂട്ട് വീണ ചന്തകളിൽ
 പേടിയും ഏകാന്തതയും
നിറച്ച ഈരണ്ട് കുട്ടകൾ വീതം  നിരന്നിരിയ്ക്കുന്നു            
മരണ ദേവത ഈച്ചയെപ്പോൽ          
അവയ്ക്ക് മേൽ പറന്നു നടക്കുന്നു !
 ഒരു  ആർഎൻഎ യിൽ നിന്ന്
ഡിഎൻഎ യിലേക്ക് എത്ര കാതം        
എത്ര കാലം  താണ്ടാനുണ്ട്?        
ശ്വാസകോശത്തിലെ പഞ്ഞിയറനാരുകൾ              
കരണ്ടും ഓക്സിജന് പകരം വെള്ളം നിറച്ചും      
അവൻ ദൂരത്തെ സമയം കൊണ്ടളന്നു
ആരിവൻ?
സ്വയം ഭൂ?
ധൂമകേതുവിനകത്ത് വിത്തു പോൽ
ഒളിഞ്ഞിരുന്നവൻ?
ആയുധത്തിന് മൂർച്ച കൊടുക്കാൻ
പണിത  ജൈവ ചുവടുള്ള ,        
മൂന്നാം ലോക യുദ്ധത്തിന്
 പിറവി കൊണ്ട സംഹാര രുദ്രൻ?  
 പാസ്‌പോർട്ടും വിസയും ഇല്ലാതെ
ആകാശങ്ങളുടെ വ്യോമാതിർത്തി താണ്ടി,
രാജ്യങ്ങളുടെ വേലിക്കല്ലുകൾ പിഴുത്,
ഭാഷകളുടെ പ്രളയത്തിൽ  മൗനം പാലിച്ച്,
കോട്ടും സൂട്ടും കുപ്പായവും ചെരുപ്പും
കുടയും മടിയിൽ പണവും            
വഴിയിൽ പേടിയും  ഇല്ലാത്തവൻ            
ഇത്തിരിക്കുഞ്ഞൻ കാണാമാണിക്യം !,
 മഴകളെയും മഞ്ഞുമലകളെയും          
മരുഭൂമികളെയും കടലുകളെയും          
കടലിടുക്കുകളെയും കടന്ന്            
ബർമുഡ ത്രികോണവും അഗ്നിപർവ്വതങ്ങളും        
കീഴടക്കി ഏകനായി                  
ജൈത്ര യാത്ര തുടരുന്നു !
ഇരുന്നൂറല്ല മുപ്പത്തിമുക്കോടി രാജ്യങ്ങളും        
 ഒറ്റച്ചുവടിൽ അളന്നെടുത്ത        
മൈക്രോ വാമനൻ      
നിരന്തരൻ, നിരായുധൻ നിർദ്ദയൻ !
 ആദിമദ്ധ്യാന്തങ്ങളില്ല        
ആൽഫയല്ല ഒമേഗായല്ല        
അകത്തല്ല പുറത്തല്ല        
ചേതനയില്ല എന്നാലോ അചേതനമല്ല  
ശത്രുവല്ല മിത്രമല്ല, കൈകാലുകളില്ല      
സന്ധിബന്ധങ്ങളില്ല  വികാരമില്ല      
ഒന്നിനോടും  മമതയില്ല      
ആരോടും വൈരാഗ്യമില്ല !    
ചിന്തയ്ക്ക് പാർക്കാൻ  തലച്ചോറോ              
 വക്രതയ്ക്ക് ഇരിയ്ക്കാൻ
 ബുദ്ധിയോ ഇല്ല
അണ്വായുധങ്ങൾക്ക് മേൽ
കയറി നിന്ന് വിജയഭേരി
മുഴക്കുന്ന സൂക്ഷ്മ ജീവിയവൻ        
സോഷ്യലിസ്റ്റ് ചങ്ങായി !
അശ്വമേധം തടയാൻ      
പിടിച്ചു കെട്ടാൻ കെല്പുള്ള      
വാക്‌സിൻ  യോദ്ധാവ്  അണിയറയിൽ          
ഒരുങ്ങാൻ അങ്കച്ചമയങ്ങൾ              
അണിയാൻ കയറിയതേയുള്ളൂ !
അടിമകളുടെ ഉയിർത്തെഴുന്നേൽപ്പ്
കണ്ട്  ഉടമകൾ ഭയപ്പെടുന്നു                
അവരുടെ നാവേറുകളിൽ ചുരുളുന്ന      
ആധിപത്യ വാഴ്ചകൾ !
 ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച്
ഒരേ  നുകത്തിന് താഴെ        
രോഗ വയൽ  ഉഴുത് മറിയ്ക്കുന്നു
വരമ്പിൽ  സമ്പന്നൻ  പനിച്ച് വീഴുകയും                        
ദരിദ്രൻ കിതച്ച് മുന്നോട്ട് നടക്കുകയും ചെയ്യുന്നു !
ഒരാളും വിതച്ചില്ലെങ്കിലും കൊയ്തില്ലെങ്കിലും
മണവും രുചിയുമില്ലാത്ത ധാന്യം            
 നൂറ് മേനി വിളയുന്നു                    
തീന്മേശയിൽ നിന്ന് തീന്മേശയിലേയ്ക്ക്          
മരണത്തിന്റെ പുളിച്ച അപ്പം                
വേവും മുൻപ് വിളമ്പപ്പെടാൻ
 നിലവിളികളുടെ അകമ്പടികളോടെ    
 അകാലത്തിൽ അപഥ സഞ്ചാരം ചെയ്യുന്നു !
ചലിയ്ക്കുന്ന കൊട്ടാരം പനിക്കാലവും          
കൊണ്ട് കുടിലിന് മുൻപിൽ
ദയയ്ക്കായി കാത്തു നിൽക്കുന്നു
മാലാഖമാർ വേദനകൾക്കും      
മരണ വിഭ്രാന്തികൾക്കും മേലെ        
ജീവന്റെ തൈലം പുരട്ടുന്നു
കുരിശും ചന്രക്കലയും ഒരേ വാഹനത്തിൽ
തൊട്ടുരുമ്മി ഇരുന്ന്
ശ്മാശാനത്തിലേയ്ക്ക് പോകുന്നു
ഉറ്റവർ  സാമൂഹിക അകലത്തിൽ നിന്ന്  
പരസ്പരം  കണ്ണീർ കൊണ്ട്
വക്കുടഞ്ഞ  വാക്കുകൾ തുടയ്ക്കുന്നു !      
വീഞ്ഞ് വെള്ളമായി ഭ്രാന്ത് പിടിച്ച        
സിരകളിലൂടെ ഉന്മാദമായി ഒഴുകുന്നു
രക്തം പുരണ്ട ഒരു ഒപ്പിന് താഴെ
മദ്യപരുടെ പൂച്ചെടികൾ
വസന്തത്തിനായി കാത്തിരിയ്ക്കുന്നു 

ഗംഗ എസ്

Recipe of the day

Jul 292021
Ingredients 1 bowl cauliflower