ചുവന്നപൊട്ട്

നെറ്റിയിൽ നീ പകർന്നു തന്ന

ചുവന്നപൊട്ടിനു പറയാനേറെ

സ്വകാര്യതകളുണ്ടായിരിക്കും.

 നീയെന്റെ സ്നേഹത്തിൻ

ആഴങ്ങളിലേക്ക് ചെറിയൊരു ഓളമുണ്ടാക്കുക. 

ചെറിയ കുഞ്ഞോളങ്ങളിൽ കുറച്ചു വലയങ്ങളിൽ 

അതുമെല്ലെ മെല്ലെ നിന്റെ കാഴ്ചകളെ ഒരുനിമിഷം മനോഹരമാക്കും. 

ആ കാഴ്ചകൾക്കൊടുവിൽ നീ നടന്നു നീങ്ങും. അപ്പോഴും എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ ആഴത്തിൽ നീ കിടക്കും.

ഒരുനാൾ സ്വപ്ന വേരുകൾ പടർത്തി ചെടിയാവും. 

 എനിക്കായി പകർന്നു തരുമെന്നോർത്തൊരു സ്നേഹം  പൂമൊട്ടായി വിടരാൻ വെമ്പും. 

അന്നും പരസ്പരം സുഗന്ധം തേടി ഉദ്യാനങ്ങളിലൊക്കെയും അലയും.

അപ്പോഴും നീയറിയില്ല. 

എന്റെ മനസ്സിന്റെ ആഴങ്ങളിൽ തെളിയുന്ന മുഖം നിന്റേതുപോലെയാണെന്നു..

പൂവായി വിരിഞ്ഞു നിനക്കായ് പൊഴിക്കുന്ന സുഗന്ധം

നിന്റെ നാസികത്തുമ്പിൽ തുളയ്ക്കും. മണത്തു നോക്കാൻ നീയെന്നരികിലെത്തും.. 

ചുണ്ടിൽ ഒരുതുള്ളി മഞ്ഞും ശേഷിപ്പിച്ചു ഗാഢമായൊരു ആലിംഗനത്തിൽ നീയെന്നെ അടർത്തിയെടുക്കും.. 

അന്നും നീയറിയും

ഞാൻ നിന്നെ മാത്രം കാത്തു നിന്നൊരു വെറുമൊരു പൂവായിരുന്നെന്നു,

എത്ര ഋതുക്കളിൽ നിനക്കായ് കാത്തിരുന്നു

ഇലപൊഴിച്ചും തളിരിട്ടും നിന്റെ 

മൃദുചുംബനം കൊതിച്ചും കൊതിപ്പിച്ചും ചിപ്പിക്കുള്ളിലെ മുത്തുപോലെ..

കാലമേറെ കൊഴിഞ്ഞുപോയീടിലും

എൻ അന്തരംഗത്തിൽ പൂത്തുവിടർന്നൊരു

പ്രണയകുസുമം അതൊന്നു മാത്രം.

അന്ന് നീയെന്റെ നെറ്റിയിൽ പകർന്നു തരുന്ന

ചുടു ചുംബനത്തിനു ഈ ചുവന്ന പൊട്ടിന്റെ

നിറമായിരിക്കും,

                             സജിത വിവേക്

                     

Recipe of the day

Jul 292021
Ingredients 1 bowl cauliflower