ചിരിക്കാൻ മറക്കുന്ന മുഖങ്ങൾ

അതേയ്, ഇത്രയ്ക്കു മസിലുപിടുത്തം വേണ്ടാട്ടോ'.
എന്നോട് ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞവർ ഒരുപാടുണ്ട്.
കാര്യം ചിരിക്കാൻ എനിക്ക് പണ്ട് വലിയ മടി ആയിരുന്നു. മനുഷ്യൻ ശെരിക്കും എത്ര ഭാഗ്യമുള്ളവരാണ്. എത്രതരം രസങ്ങൾ ആണ് അവന്റെ മുഖത്തുമിന്നിമായുന്നത്.
എന്നാൽ എന്തുകൊണ്ട് ചിരിച്ച മുഖം എല്ലാവർക്കും പ്രിയപ്പെട്ടതാവുന്നു !

അതിനു ഒരു സുഖമുണ്ട് അല്ലേ , ഒരു നല്ല പുഞ്ചിരി തരുന്ന സുഖം. വലിയ സംഭവമൊന്നുമല്ല നമ്മൾ ഉള്ളിലേക്ക് ഒന്ന് ഇറങ്ങി ചിന്തിച്ചു നോക്കിക്കേ നമ്മൾ ആരോടൊക്കെ എങ്ങനെ എപ്പോ ചിരിക്കുന്നുണ്ടെന്ന്.

ചെറുപ്പത്തിൽ വളരെ ഗൗരവക്കാരി ആയിരുന്നു ഞാൻ. സത്യം പറഞ്ഞാൽ ഒരു ഏഴെട്ടുകൊല്ലം മുൻപ് വരെ. എൻ്റെ സ്ഥായിയായ വലിച്ചു കെട്ടിയ മുഖം കണ്ടിട്ട് വിജയം ടീച്ചർ എന്നെ ഉർവശി എന്ന് വിളിക്കുമായിരുന്നു.. എന്നെ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞു വീണ്ടും കുറച്ചു കൂടി വലിച്ചു കെട്ടി വയ്ക്കും ഞാൻ.

പണ്ട് പൃഥ്വിരാജ് പറഞ്ഞതുപോലെ ഒരു അഹങ്കാരി ആണെന്നുള്ള ഒരു ഒബ്സർവേഷൻ എല്ലാർക്കും എന്നോട് ഉണ്ടായിരുന്നു. ഞാൻ അത് നല്ല പോലെ ആസ്വദിക്കാറുമുണ്ടായിരുന്നു. ഇച്ചിരി ഗൗരവം ഇരിക്കട്ടെ അല്ലെ. ഞങ്ങളുടെ നാട്ടിലെ ഒരു ചേട്ടൻ എന്നെ മമ്മൂട്ടി എന്നും എൻ്റെ ഫ്രണ്ട് രാധികയെ മോഹൻലാൽ എന്നുമാണ് വിളിക്കുക. മമ്മൂട്ടിക്ക് അല്പം ജാഡയൊക്കെ ആകാം .

പക്ഷെ പുള്ളിക്കാരൻ എത്ര പാവം ആണെന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവർക്ക് മാത്രമായിരിക്കും അറിയുന്നത്.

എൻ്റെ അമ്മയും ചേച്ചിയും എപ്പോഴും ചിരിച്ച മുഖവുമായി ഇരിക്കുന്നവരാണ്. കൂട്ടത്തിൽ ഞാനും അച്ഛനും അല്പം ഗൗരവക്കാരും. നുമ്മടെ ചിരി കാണാൻ കൊള്ളില്ല എന്നൊരു അഭിപ്രായം എന്നിൽ തന്നെ ഉണ്ട്. സത്യം പറഞ്ഞാൽ അത് കൊണ്ട് ഈ അടുത്ത ഇടയ്ക്കു വരെ ഞാൻ മനസ് തുറന്നു ഒന്ന് ചിരിക്കാറില്ലായിരുന്നു. പണ്ട് പ്ലസ് ടു പഠിക്കുമ്പോൾ ജയ ടീച്ചർ അമ്മയോട് പറഞ്ഞു." ഞാൻ ക്ലാസ്സിൽ തമാശ പറയുമ്പോൾ ശാരിക മാത്രം ചിരിക്കില്ല. ചിരി വന്നാലും അതിനെ പുറത്തേക്കു വിടില്ല. ഇനി എൻ്റെ തമാശ കൊള്ളില്ലാഞ്ഞിട്ടാണോ എന്തോ?"

സംഭവം അതൊന്നുമല്ല എൻ്റെ ഒരു പാട് കോംപ്ലക്സിൽ ഏറ്റവും വലുത് ചിരി കൊള്ളില്ല എന്നത് തന്നെ ആയിരുന്നു. പോരെ ഒരു പതിനേഴുകാരി എങ്ങനെ ചിരിക്കും.
ഞാൻ ആലോചിച്ചപ്പോൾ ഈ ഒരു ഗൗരവക്കാരിയുടെ ഇമേജ് എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ടമാണ്. ആരോടും വലിയ അടുപ്പം വേണ്ട ആരും ഇങ്ങോട്ടു വന്നു മിണ്ടാറുമില്ല. ഇതായിരുന്നു എൻ്റെ ലോജിക്.

കോളേജിൽ പഠിക്കുമ്പോഴും വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു വലിയ സുഹൃത്ത് വലയം എനിക്കുണ്ടായിരുന്നുമില്ല. എന്നാൽ MBA പഠിക്കാൻ പോയപ്പോൾ ഭാവിയിൽ എന്ത് ജോലിയാണ് ചെയ്യാൻ പോകുന്നെ എന്നൊരു ഐഡിയ കിട്ടി. അന്ന് മനസിലായി മാറിയേ പറ്റൂ മോളെ അല്ലെങ്കിൽ നടക്കില്ല. എന്നാൽ എൻ്റെ കഷ്ടകാലത്തിനു അവിടെ വിരലിൽ എണ്ണാവുന്ന കുറച്ചു പേരൊഴികെ ബാക്കി എല്ലാരുമായും അത്യാവശ്യം കലിപ്പിൽ ആയിരുന്നു. കലിപ്പ് എന്ന് പറഞ്ഞാൽ കട്ട കലിപ്പ്. അത് അങ്ങനെ വന്നു പോയതാണ്. നമ്മുടെ വിവരമില്ലായ്മയും പക്വത കുറവും കൂടെ ആകുമ്പോൾ നല്ല അഹങ്കാരി എന്ന ഇമേജ് എനിക്കങ്ങു ഉറപ്പിച്ചു. അതിൽ എൻ്റെ കൂടെ പഠിച്ച ചില സഹോദരന്മാരും ജൂനിയർ കുട്ടികളും വഹിച്ച പങ്കു വലുതാണ് കേട്ടോ. എന്നാൽ ഈ മുഖംമൂടി അഴിഞ്ഞുവീഴാൻ അധികം സമയം എടുത്തില്ല. ബേസിക്കലി ഫണ്ടമെന്റലി ഞാൻ ഒരു പാവം കുഞ്ഞാടാണ് എന്ന് ചിലർക്കെങ്കിലും മനസിലായി.

HR ഡിപ്പാർട്മെറ്റിൽ ജോലി ഉള്ളത് കൊണ്ട് ഒരു ദിവസം കുറെ ആളുകളോട് സംസാരിക്കണം പ്രശ്നങ്ങളും പരാതിയും കേൾക്കണം. നല്ലൊരു ശ്രോതാവും കൂടെ ആകണം. പതിയെ എൻ്റെ വഴി ഞാൻ അറിയാതെ തന്നെ മാറി. ഏതൊരു പ്രേശ്നത്തെയും ചിരിച്ചോണ്ട് നേരിടാൻ തുടങ്ങി. നമ്മളുടെ ചിരി പലപ്പോഴും മറ്റുള്ളവർക്ക് ഒരു പാട് സന്തോഷം കൊടുക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ എന്നോട് പറയുന്നത് തൻ്റെ ചിരി സൂപ്പർ ആണെന്ന്. മോനെ മനസ്സിൽ കുറെ ലഡ്ഡു പൊട്ടി.

വേറെ ആരുമല്ല എൻ്റെ കെട്ടിയോൻ കല്യാണത്തിന് മുൻപ് പറഞ്ഞതാട്ടോ.. ഇപ്പോഴത്തെ ചില സാഹചര്യങ്ങളും ഓർമ്മക്കുറവും കാരണം അങ്ങേര് ഇത് ഓർക്കാൻ കൂടെ വഴി ഇല്ല.

എൻ്റെ ഈ മസിലു കെട്ടി വച്ച മുഖം തന്നെ ആണ് കുറെ നല്ല ആളുകളെ ഞാൻ മാറ്റി നിർത്താൻ കാരണം ആയത് അതൊക്കെ തിരുത്തി ഇപ്പൊ ആരെ കിട്ടിയാലും നല്ല ചിരിച്ചോണ്ട് നല്ല കലപിലാന്നു വർത്തമാനം പറയാനും പഠിച്ചു.

എന്നാൽ ഇപ്പോഴത്തെ ജെനെറേഷൻ ഇങ്ങനെയൊന്നും അല്ലാട്ടോ. ഞാൻ ഇവിടെ ബാംഗ്ലൂരിൽ കണ്ട മലയാളി കുട്ടികളിൽ മലയാളം അറിയുന്നവർ തന്നെ കുറവാണ്. അറിയുമെങ്കിലും അത് പറയുകയുമില്ല. എന്തിന്, വർഷങ്ങൾ ആയി കാണുന്നവർ പോലും ഒന്ന് ചിരിക്കില്ല.

ഒരിക്കൽ ഡാൻസ് ക്ലാസ്സിൽ എനിക്ക് എൻ്റെ മോനെയും കൂടെ കൊണ്ട് പോകേണ്ടി വന്നു. വീട്ടിൽ അന്ന് അവനെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. മോനെ കുറച്ചു നേരം കളിപ്പിക്കാൻ ടീച്ചർ അവിടെ ഉണ്ടായിരുന്ന കുറെ ടീനേജ് കുമാരികളോട് പറഞ്ഞു. ഒന്ന് നോക്കുകയോ ചിരിക്കുകയോ ചെയ്യാതെ അവർ അവരുടെ വഴിക്കു പോയി. ഒടുവിൽ ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന ഒരു കുഞ്ഞു മോളാണ് അവനെ കളിപ്പിച്ചോണ്ടിരുന്നത്. ആ കുഞ്ഞും വളർന്നു വരുമ്പോൾ നാഗരിക സംസ്കാരത്തിന്റെ ഭാഗമായ വലിച്ചു കെട്ടിയ മുഖവും എല്ലാത്തിനോടും പുച്ഛവും നിറഞ്ഞ ഭാവം വരാതിരുന്നാൽ കൊള്ളാം ..

ഈ അടുത്ത് ഹെലൻ എന്നൊരു സിനിമ കാണാൻ ഇടയായി. അതിൽ ഒടുവിൽ അതിലെ ഒരു കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. ആരും ശ്രെദ്ധിക്കാത്ത ചിലരെ ശ്രെദ്ധിക്കുകയും ചിരിക്കുകയും ഒന്ന് സലാം വയ്ക്കുകയും ചെയ്യുന്ന ചിലരുണ്ട്. ആ മുഖം നമ്മൾ ഒരിക്കലും മറക്കില്ലെന്ന്. ശെരിയല്ലേ. ഞാനും അങ്ങനെ എത്ര പേരോട് ചിരിച്ചിരുന്നു?

കുറവായിരുന്നു വളരെ കുറവ്. അതിൽ ചില മാറ്റങ്ങൾ വന്നപ്പോൾ എത്ര നല്ല മനുഷ്യരെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞു. മല്ലി അക്ക, ഓട്ടോ മണിച്ചേട്ടൻ , കുഞ്ഞി അമ്മാൾ,കൃഷ്ണേട്ടൻ....അങ്ങനെ അധികം ഒന്നുമില്ല. എന്നാലും.

എന്ന് കരുതി എല്ലാരോടും വെറുതെ പോയി ചിരിച്ചാൽ നിനക്ക് കാര്യമായി എന്തോ കുഴപ്പമുണ്ടല്ലോ എന്ന് അവർ ചിന്തിക്കും.

പുതിയ ആളുകളെ തേടിപ്പിടിക്കാൻ ഒന്നും ഞാൻ പറയില്ല. സ്വന്തം വീട്ടിൽ ഉള്ളവരെ തന്നെ എടുക്കൂ.നമ്മുടെ അമ്മയെ ഒന്ന് ഇറുക്കി കെട്ടിപ്പിടിച്ചിട്ട് എത്ര നാളായി?

ഭർത്താവിനെ പ്രണയത്തോടെ നോക്കി ഒന്ന് ചിരിച്ചിട്ട് എത്ര ആയി? മക്കളെ മടിയിൽ കിടത്തി താലോലിച്ചിട്ടോ? അച്ഛന്റെ കയ്യിൽ പിടിച്ചു നടന്നിട്ടോ? അങ്ങനെ അങ്ങനെ....

നമ്മൾ മലയാളികൾ പലപ്പോഴും സ്നേഹം പ്രകടിപ്പിക്കാൻ ഇച്ചിരി മടി ഉള്ള കൂട്ടത്തിലാ. എല്ലാരും അല്ല എന്നാലും ഒരു ശരാശരി മലയാളി എന്ന് പറയുന്ന എല്ലാരും അങ്ങനെ തന്നെ ആണ്. ഒരു ആണും പെണ്ണും അത് സുഹൃത്താവട്ടെ കാമുകിയോ കാമുകനോ ആവട്ടെ ഒന്ന് കെട്ടിപിടിച്ചാൽ കഴിഞ്ഞു. ഉറങ്ങിക്കിടക്കുന്ന സദാചാര ബോധം സട കുടഞ്ഞു എഴുന്നേറ്റ് ഒരു വരവുണ്ട്!

നമ്മള് മാറാതെ സമൂഹം മാറില്ല. അപ്പോ ഒന്ന് ചിരിച്ചു തുടങ്ങാം. നല്ല സൗമ്യവും മാന്യവും ആയ സംസാരം അർഹിക്കുന്നവർക്ക് കൊടുക്കാം. മാറ്റം ഉണ്ടാകും. ഞാൻ അതിനൊരു ഉദാഹരണം ആണ്. എന്ന് വച്ച് ആരേലും നമ്മുടെ തലയിൽ കേറി ഡിസ്കോ കളിയ്ക്കാൻ വന്നാൽ, ആ കലിപ്പ് സ്വഭാവം പുറത്തെടുക്കുന്നതിൽ ഒരു തെറ്റുമില്ല. അല്ലേ?

ശാരിക ശശികുമാർ