ചിന്താവിഷ്ടനായ ക്രിസ്തു

ജനകപുത്രി ആര്‍ക്കായി കാനനം തന്നില്‍ പൂകി
ജാനകിയെ അവന്‍ കാട്ടിലുപേക്ഷിച്ചു
ജനങ്ങള്‍ക്കായ് മണ്ണില്‍ പിറന്ന
മറ്റൊരു മനുഷ്യന്‍ തിരസ്കൃതനായി
അതാ ഗത്സെമനയില്‍ പ്രാര്‍ത്ഥിക്കുന്നു
ഭൂമിപുത്രി, ദൈവപുത്രന്‍
നിന്നെപ്പോലെ ഒരു നിമിഷം ലോകത്തെ
ചിന്തയില്‍ വിചാരണ ചെയ്തിടാം
ലോകത്തെ നേടാന്‍ വന്നവന്‍
ലോകം അറിയാതെ പോയവന്‍
ഇരുളില്‍ പ്രകാശമായവന്‍
പ്രിയ ശിഷ്യന്‍ തള്ളിപ്പറഞ്ഞവന്‍
പ്രിയ ചുംബനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ടവന്‍
പ്രിയ ജനത്താല്‍ ക്രൂശിക്കപ്പെട്ടവന്‍
അവന്‍ ഇതാ ഒമ്പതാം മണിക്കൂറില്‍ നിലവിളിക്കുന്നു
ഏലി ഏലി ല്മ, സബ്ക്ഥാനി
പുത്രന്‍രെ നിലവിളി
പുത്രിയുടെ ധീരത
ലോകം വിലയിരുത്തുമോ?
അതോ പുത്രിയും ചോദിച്ചുവോ
എന്‍റെ രാമ എന്‍റെ രാമ എന്തുകൊണ്ടു നീ
എന്നെ ഉപേക്ഷിച്ചു.
മരതകവും മാണിക്യവും നിറഞ്ഞ
ക്ഷിതിയില്‍ ഉടല്‍ ഉപേക്ഷിച്ച്
അവള്‍ പോകവെ
സീതയും മേരിതനയനും കണ്ടിരിക്കാം
അവള്‍ അവനോട് പറഞ്ഞിരിക്കാം
'ഞാന്‍ രാമനെ സ്നേഹിച്ചു
രാമന്‍ ലോകത്തിന്‍റെതായിരുന്നതിനാല്‍
അവന്‍ എന്നെ ഉപേക്ഷിച്ചു'
ചിരസ്ച്ഛേദം ചെയ്ത സ്വത്വം
അവര്‍ തുലാസില്‍ വെച്ചളന്നു
നിശ്ശബ്ദം ഞാന്‍ നിന്നു
നീ പീലാത്തോസിന്‍റെ മുമ്പില്‍ നിന്നപോലെ
പ്രിയപുത്രീ സീതേ
രാമരാജ്യവും സ്വര്‍ഗ്ഗരാജ്യവും
അവര്‍ക്കു വേണ്ട
ആ ഇടം അധികാരികള്‍ക്ക് ഇഷ്ടമല്ല
അങ്ങാടികളും ആര്‍പ്പുവിളികളും
അല്‍പ്പം ലഹരിയും മോന്തി
അവര്‍ ഭരിക്കും
അവരുടെ രാജാവും ഇഷ്ട നേതാവും
ബറാബ്ബാസാണ്
രാജ്യം വന്നിരിക്കുന്നു
അവന്‍റെ ഹിതം ഇന്ന് നിറവേറുന്നു
നീ അറിയുന്നോ
നാം മൂകമായ് യാത്ര ചോദിച്ചു
മൂകരായ് നിന്നവര്‍ മൂകരായ് തുടരുന്നു
മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഞെരിയുന്നു
സ്നേഹത്തിന്‍റെ സന്ദേശമായവനോട്
ലോകമെന്താണു ചെയ്തത്?
സതിരത്നത്തോട്
രാമനെന്താണു ചെയ്തത്?
നിന്‍റെ അയല്‍ക്കാരനോട്
നീ എന്താണ് ചെയ്യുന്നത്?
ഇനി നിങ്ങള്‍ക്ക് കല്ലെറിയാം

റോസ്മോള്‍ തോമസ്
 

 
 

Recipe of the day

Jul 292021
Ingredients 1 bowl cauliflower