ചിലരങ്ങനെയാണ്

ഏതോ ദൂരത്തിരുന്ന്, ഒരിക്കൽ പോലും നേരിൽ കാണാതെ, ഒന്ന് മിണ്ടാതെ, ഒന്നും കേൾക്കാതെ തന്നെ നമ്മുടെ ഹൃദയത്തെ കീഴടക്കിക്കളയും...
അങ്ങനെയൊരു വ്യക്തിത്വമായിരുന്നു നമ്മോട്  വിട പറഞ്ഞ അതുല്യ നടൻ ഇർഫാൻ ഖാൻ.
ഒരു റൊമാൻ്റിക് ഹീറോയ്ക്ക് വേണ്ട സൗന്ദര്യമോ ആകാരഭംഗിയോ തനിക്കില്ലെന്ന തിരിച്ചറിവിലും തളരാതെ, കടുത്ത അഭിനയവാഞ്ചയെത്തുടർന്ന് ഡൽഹി ഡ്രാമാ സ്കൂളിൽ ചേർന്ന് അതിലേയ്ക്ക് ആദ്യ ചുവട് വെച്ച് തുടങ്ങിയ ഇർഫാൻ ഖാൻ്റെ താരപദവിയിലേയ്ക്കുള്ള വളർച്ച പതിയെയാണ് സംഭവിച്ചത്.

മീരാ നായരുടെ സലാം മുംബൈയിലൂടെ തൻ്റെ അഭിനയ സപര്യ തുടങ്ങിയെങ്കിലും എഡിറ്റിംഗിൽ ഖാൻ്റെ സീനുകളേറെയും കത്രിക വെയ്ക്കപ്പെട്ടു. ഖാൻ്റെ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്ന മീരാ നായർ തൻ്റെ നെയിംസേക്ക്, ന്യൂയോർക്ക് ഐ ലവ് യൂ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിൻ്റെ കഴിവുകൾ പിന്നീടും ഉപയോഗിച്ചിരുന്നു.
1988 ലെ സലാംബോംബെയിലെ അഭിനയത്തിന് ശേഷം ഒരു ദശാബ്ദത്തിലേറെ ടി വി ഷോകളിൽ ചെറിയ ചെറിയ വേഷങ്ങളുമായി തുടരേണ്ടി വന്ന അദ്ദേഹം അഭിനയം നിറുത്തിയാലോ എന്ന് വരെ ചിന്തിച്ച സമയത്താണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറിച്ച വലിയ ആ വഴിത്തിരിവുണ്ടാകുന്നത്.

രാജസ്ഥാനിലും ഹിമാലയങ്ങളിലുമൊക്കെയായി ചിത്രീകരിക്കേണ്ടതായ "ദി വാരിയർ" എന്ന തൻ്റെ ചിത്രത്തിലേയ്ക്ക് വലിയ പ്രതിഫലം നൽകി ഒരു ബോളിവുഡ് നടനെ വിലയ്ക്കെടുക്കൽ അന്ന് അപ്രാപ്യമായിരുന്ന ബ്രിട്ടീഷ് സംവിധായകൻ അസിഫ് കപാഡിയ ഒടുവിൽ ചെന്നെത്തിയത് ഇർഫാൻ എന്ന പ്രതിഭയിലേയ്ക്കായിരുന്നു.
ഇർഫാൻ തൻ്റെ മികച്ച അഭിനയ പാടവം കാഴ്ച വെച്ച ആ ചിത്രം ഏറ്റവും നല്ല ബ്രിട്ടീഷ് ചിത്രത്തിനുള്ള ബാഫ്ത അവാർഡ് നേടുകയും ചെയ്തു. 2001ൽ ആയിരുന്നു അത്.
തുടർന്നങ്ങോട്ട് അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. രണ്ട് ദശാബ്ദത്തോളമായി സ്വഭാവനടൻ്റെ റോളിൽ തിളങ്ങിയ അദ്ദേഹം നിരവധി അവാർഡുകളും കരസ്ഥമാക്കി.
ബോളീവുഡിലും ഹോളീവുഡിലും ഒരു പോലെ തൻ്റെ സാന്നിദ്ധ്യം കൊണ്ട് അംഗീകാരം നേടിയ അതുല്യനായ ഈ നടന് പകരം ഈ നടൻ മാത്രം.

ഓസ്കാർ നോമിനേറ്റഡ് ചിത്രമായ സലാം ബോംബെയിൽ തുടങ്ങി ഓസ്കാറുകൾ വാരിയ സ്ലംഡോഗ് മില്യണയറിലൂടെ പ്രശസ്തിയിലേയ്ക്ക് ഉയർന്ന് ഓസ്കാർ നോമിനേഷൻ ലഭിക്കാനുള്ള സകല യോഗ്യതകളും ഉണ്ടായിട്ടും നോമിനേഷൻ ലഭിക്കാതെ പോയ ലഞ്ച് ബോക്സിലൂടെ തൻ്റെ കഴിവുകളെല്ലാം കാണികൾക്ക് മുന്നിലേയ്ക്ക് എടുത്തിട്ട അദ്ദേഹത്തിൻ്റെ അഭിനയപാടവത്തെ അതിൽ കൂടുതൽ അറിയാനും പറയാനുമില്ല!

ഒരായിരം ഭാവങ്ങൾ കണ്ണുകളിലൊന്നിച്ചൊളിപ്പിച്ച അസാമാന്യ പ്രതിഭ, അഭിനയത്തിൻ്റെ മാനദണ്ഡം സൗന്ദര്യത്തിലും ആകാരത്തിലുമല്ല ഇരിക്കുന്നത് എന്ന് തെളിയിച്ച അതുല്യനായ കലാകാരൻ ....

ഹൈദർ, ഹാസിൽ, ഹിന്ദി മീഡിയം, പിക്കു, ലൈഫ് ഓഫ് പൈ, ഇൻഫേർണോ, ദുൽഖറിൻ്റെ കൂടെ അഭിനയിച്ച കാർവാൻ,ജുറാസിക് വേൾഡ്, ദി അമേസിംഗ് സ്പൈഡർമാൻ.. വൈവിധ്യങ്ങൾ നിറഞ്ഞ ആ ലിസ്റ്റ് നീണ്ടു ....

ഒടുവിൽ ഇക്കൊല്ലം ആദ്യം റിലീസായ അംഗ്രേസീ മീഡിയം വരെ എത്തി അപൂർണ്ണമായി നിന്നു ആ ലിസ്റ്റ് ......

2018 ൽ അസുഖബാധിതനായ ശേഷം നൽകിയ ഒരു ഇൻറർവ്യൂവിൽ ഇർഫാൻ തന്നെ പറഞ്ഞ പോലെ,

Life is under no obligation to give us what we expect !
Yes..... that's it.....
എങ്കിലും പ്രിയ കലാകാരാ താങ്കളിൽ നിന്നിനിയും എത്രയോ നമ്മുടെ കലാലോകത്തിന് ലഭിക്കാൻ ബാക്കിയുണ്ടായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല ....

അകാലത്തിലുള്ള ഈ വേർപാട് താങ്കളെ അത്ര മാത്രം നെഞ്ചേറ്റിയ സിനിമാ ലോകത്തിനും, ഈ ഞങ്ങൾക്കും അത്ര പെട്ടെന്നൊന്നും മറക്കാനും സഹിക്കാനും കഴിയില്ലല്ലൊ.....

വേദനയോടെ ബാഷ്പാഞ്ജലികൾ!

ഹസീന റാഫി

 

 

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.