ചായക്കപ്പ്

ഇന്നലെ ഞാനൊരു പുതിയ ചായക്കപ്പ്‌ വാങ്ങി‌. പഴയ സിറാമിക്‌ കപ്പ്‌ പത്താം വർഷത്തിലേക്കെത്തിയപ്പോഴാണ്‌ പുതിയതൊരെണ്ണമാവാം എന്നു തോന്നിയതെന്ന് തെറ്റിദ്ധരിക്കരുത്‌, 

മാളിലെ ഷോപ്പിലിരിക്കുന്നകണ്ട്‌ മോഹിച്ചെടുത്തതാണ്‌.

ചായ ഉണ്ടാക്കുന്നതിനിടക്ക്‌ ഒളികണ്ണിട്ട്‌ പഴയ ചങ്ങായിയെ ഒന്ന് നോക്കി. എന്നോടൊരു പരിഭവവും കാണിക്കാതെ നിസ്സംഗഭാവത്തിൽ അവൾ അവിടെയിരിപ്പുണ്ട്‌. പുത്തൻ കപ്പിൽ ചായ പകരാൻ നേരത്ത്‌ അറിയാതെ കൈകൾ തൊട്ടനേരം പരിഭവമേതുമില്ലെന്നവൾ പറയാൻ ശ്രമിച്ചുവോ എന്നൊരു സംശയം. ചായകുടിച്ചങ്ങനെ ഇരിക്കുമ്പോൾ സൗദി അറേബ്യയിൽ മറന്നുവച്ച ഫ്രഞ്ച്‌ പോഴ്സലീൻ കപ്പിന്റെ കാര്യം ഓർമ്മവന്നു. തൂവെള്ള കിടക്കവിരിയിൽ രക്തത്തുള്ളികൾ വീണപോലെ  ഏതാനും പൂക്കൾ പ്രിന്റ്‌ ചെയ്ത ആ കപ്പ്‌ നീണ്ട പതിനഞ്ച്‌ വർഷം എനിക്കൊപ്പം ഉണ്ടായിരുന്നു. ജോലി വേണ്ടെന്ന് വച്ച്‌ പോരാൻ നേരത്ത്‌ അടുക്കിക്കെട്ടിയ പുസ്തകങ്ങൾക്കിടയിൽപ്പെടാതെ ഭംഗിയായി പൊതിഞ്ഞ്‌ വച്ചതാണ്‌ എന്റെ പ്രിയപ്പെട്ട കപ്പ്‌, പക്ഷെ എടുക്കാൻ മറന്നു.   

അപ്പച്ചന്‌ കവടിക്കപ്പായിരുന്നു പഥ്യം.രണ്ട്‌ ഗ്ലാസ്‌ ചായകൊള്ളുന്ന  

ആ കപ്പിലേ വീട്ടിൽ ഉള്ളപ്പോൾ

 ചായ കുടിക്കൂ.അതിൽ കാൽഭാഗം ചായ ബാക്കി വക്കുന്നതിന്റെ അവകാശി ഞാനോ       

അനിയനോ ആണ്‌.  അതുപോലെത്തന്നെ ഭക്ഷണം കഴിക്കാൻ വസ്തിപ്പിഞ്ഞാണം. കറിക്ക്‌ ഒരു കുഴിയൻ കോപ്പ, കഞ്ഞികുടിക്കാൻ അമ്മയുടെ എളേപ്പൻ പട്ടാളത്തിൽ നിന്ന് പോരുമ്പോൾ കൊണ്ടുവന്ന സ്റ്റെയിൻലെസ്‌ സ്റ്റീൽ സ്പൂൺ,ഷേവ്‌ ചെയ്യാൻ കൽക്കത്തയിൽ ആയിരുന്നപ്പോൾ വാങ്ങിയ ജില്ലെറ്റ്‌ റേസർ...

അമ്മാമക്ക്‌‌ പ്രിയപ്പെട്ടത്‌ മൺചട്ടികളായിരുന്നു. 

മീങ്കറി വക്കാൻ പലപ്രായത്തിലും വലിപ്പത്തിലുമുള്ള ചട്ടികളുണ്ടായിരുന്നു അമ്മാമയുടെ ശേഖരത്തിൽ. അതിൽ ചിലത്‌ തൊട്ടുകാട്ടി അമ്മാമ പറയും ഇത്‌ ശോപ്പൂനെ വയറ്റിലുണ്ടായിരുന്നപ്പൊ വാങ്ങീത്‌, അത്‌ കൊച്ചപ്പൻ കൽക്കത്തേക്ക്‌ പോയ കൊല്ലം വാങ്ങീത്‌, ദാ ഇരിക്കണത്‌ ലില്ലിക്ക്‌ സ്കൂളിൽ ജോലി കിട്ടീപ്പൊ വാങ്ങീത്‌...

അപ്പൊ വല്ല്യപ്പച്ചന്‌ ഒന്നൂല്ല്യേ അമ്മാമേ എന്ന് ഞാൻ ചോദിച്ചാൽ ഒരു നിമിഷം അമ്മാമ കണ്ണുകൾ അടക്കും പിന്നെയെന്നെ നോക്കുമ്പോൾ ഇറ്റുവീഴാൻ തുടങ്ങുന്ന രണ്ടുതുള്ളി കണ്ണുനീർ അവിടെയുണ്ടാകും. വല്ല്യപ്പച്ചൻ ചെറുതിലേ നാടുവിട്ടതും മരിക്കുന്നതിന്‌ മുൻപ്‌ കാണാൻ പറ്റ്വാവോ എന്നൊക്കെ ആരോടെന്നില്ലാതെ പറയും.

 മൺചട്ടികളിൽ പലതും ഞങ്ങൾ തറവാട്ടീന്ന് വേറെ പോന്നപ്പോൾ അമ്മാമ എന്റെ അമ്മക്ക്‌ കൊടുത്തു. പെരുന്നാൾക്ക്‌ ബ്രാല്‌ വാങ്ങി നാളികേരപ്പാൽപ്പിഴിഞ്ഞ്‌ കൊടമ്പുളിയിട്ട്‌ കറി വച്ചാൽ അമ്മ പറയും രുചിയുടെ പ്രധാന കാരണം അമ്മാമ തന്ന ആ മൺചട്ടികളാണെന്ന്....

പഴങ്കഥ പറഞ്ഞിരുന്ന് ചായ ചൂട്‌ പോയി 

തോമസ് കേയൽ

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 202020
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല.