ചതുർത്ഥാശ്രമം 

 അയാളുടെ കന്നി ശബരിമല യാത്രയായിരുന്നു അത്.

സഹതീർത്ഥാടകരൊക്കെ പമ്പയില്‍ പിതൃബലിയിടുന്നു എന്നറിഞ്ഞപ്പോഴാണ് യാത്രയ്ക്ക് മുന്‍പ് അമ്മ നിര്‍ദേശിച്ചിരുന്ന കാര്യം അയാൾക്ക്‌ ഓർമ്മ വന്നത്. അച്ഛനും ചേച്ചിയ്ക്കും ബലിയിടണം. അടുത്തടുത്തായി രണ്ടു പേരും പോയത് കഴിഞ്ഞ വര്‍ഷമാണ് .

പുഴയില്‍ മുങ്ങി ഈറന്‍ തറ്റുടുത്ത്‌ മുന്നിലിരുന്നപ്പോള്‍ പരികര്‍മി ചോദിച്ചു:

"ആര്‍ക്കാ?.."

"രണ്ടാള്‍ക്ക്‌ "

"രണ്ടെന്നു വെച്ചാല്‍?."

"അച്ഛനും ചേച്ചിയും."

"പേര്?."

"എന്റെ പേര് രാമകൃഷ്ണൻ ."

" പരേതരുടെ പേരാ ചോദിച്ചേ!."

" ഗോപാലൻ നായര്‍, രാധ ."

" ശരി, ഇനി ഞാന്‍ ചൊല്ലുന്നതൊക്കെ ഏറ്റു ചൊല്ലിക്കോണം; പറയുന്ന ക്രിയകള്‍ ചെയ്തോണം!."

കുറുക്കിയുരുവിട്ട മന്ത്രങ്ങൾ മനസ്സിലായവ ഏറ്റുചൊല്ലിയും ക്രിയാ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബലിയിടലിന്‍റെ ഒരു താളവട്ടം കഴിഞ്ഞപ്പോള്‍ പരികര്‍മി ചോദിച്ചു:

"അടുത്തത് ആര്‍ക്കാണെന്നാ പറഞ്ഞത്?."

'കഴിഞ്ഞതാരട്യാ?."

"കഴിഞ്ഞത് രാമകൃഷ്ണന്‍റെ."

ഒരു നിമിഷം അയാൾ തരിച്ചിരുന്നു പോയി !. മനോനില സാധാരണമായപ്പോള്‍ ഏഴുന്നേറ്റുകൊണ്ട് പറഞ്ഞു:

" മതി. ഇനി വേണന്നില്ല്യ!."

" അതെന്തേ? രണ്ടെന്നു പറഞ്ഞിട്ട്?."

"ഇനീപ്പോ രണ്ടില്ല്യ . എല്ലാം ഒന്നായി. ആത്മബലിയാണിട്ടത്!."

അന്തംവിട്ടു നിന്ന പരികര്‍മിയുടെ കയ്യില്‍ ദക്ഷിണ വെച്ച് അയാൾ പുഴയിലേക്ക് തിരിച്ചു നടന്നു. പിന്നില്‍ പരിഭ്രാന്തി കലര്‍ന്ന ശരണംവിളി.... .

"സ്വാമ്യേയ് ശരണമയ്യപ്പ!"

ഒരു വട്ടം കൂടി പമ്പയില്‍ മുങ്ങിനിവരുമ്പോള്‍ പരികര്‍മ്മിക്കു വിട്ടുപോയത് അയാളുടെ മനസ്സ് പൂരിപ്പിച്ചു :

ആത്മപിണ്ഡം സമര്‍പ്പയാമി.....!

 

ബാലചന്ദ്രൻ പറങ്ങോടത്ത്

 

 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.