ഏത് കൊച്ചു കുട്ടിക്കും അറിയാവുന്നതല്ലേ എന്താണ് ബിസിനസ്സ് എന്നത്? പണമുണ്ടാക്കാനായി സാധനങ്ങൾ വാങ്ങുകയോ, നിർമ്മിക്കുകയോ, വിൽക്കുകയോ, സേവനങ്ങൾ നൽകുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ബിസിനസ്സ് എന്ന് സാമാന്യമായി പറയാം. പക്ഷേ ചോദ്യം അതല്ല. അടിസ്ഥാനപരമായി എന്താണ് ബിസിനസ്സ് എന്നതാണ് ഇവിടത്തെ ചോദ്യം. ഇക്കാര്യമറിയാതെയാണ് മിക്കവരും ബിസിനസ്സിന് ഇറങ്ങിപ്പുറപ്പെടുന്നതും, അതിൽ ഭൂരിഭാഗവും പരാജയപ്പെടുന്നതും, എന്ന് ഒരൽപം ശ്രദ്ധിച്ചാൽ മനസ്സിലാവും. യഥാർത്ഥത്തിൽ ബിസിനസ്സ് എന്നത്, പ്രതിഫലം പറ്റിക്കൊണ്ട് നൽകുന്ന സേവനമാണ്. സമൂഹത്തിന് ആവശ്യമായ സാധനങ്ങൾ /കാര്യങ്ങൾ നിർമ്മിക്കുകയോ, വിൽക്കുകയോ, വിതരണം ചെയ്യുകയോ, സേവനങ്ങൾ നൽകുകയോ ചെയ്ത് കൊണ്ട്, ബിസിനസ്സ് ചെയ്യുന്നയാൾ ഒരു ചെറിയ ലാഭം പ്രതിഫലമായി പറ്റുന്നു എന്ന് മാത്രം. ഹോട്ടലും, തുണിക്കടയും, പലചരക്ക് കടയും, സർവ്വീസ് സെൻററും എല്ലാം ആത്യന്തികമായി ചെയ്യുന്നത് സേവനമാണ്, അഥവാ ചെയ്യേണ്ടത് സേവനമാണ്. ഇക്കാര്യമറിയാതെ, പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹവും, കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള അത്യാഗ്രഹവും കൊണ്ടാണ് ബിസിനസ്സ് തുടങ്ങുന്നതെങ്കിൽ വിജയിക്കവാനുള്ള സാദ്ധ്യത തീരെ കുറവാണ്. ഏത് ബിസിനസ്സ് ആണ് ചെയ്യുന്നതെങ്കിലും, താൻ സേവനമാണ് ചെയ്യുന്നതെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണമെന്നർത്ഥം. ജോലിയും ബിസിനസ്സും തമ്മിലുള്ള വ്യത്യാസം - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - ബിസിനസ്സിലെ ലാഭവും, വളർച്ചയും ഒക്കെ എത്രത്തോളം ബിസിനസ്സ് നമ്മൾ കൈകാര്യം ചെയ്യുന്നു. എന്നതിൻ്റെ വ്യാപ്തി അനുസരിച്ചാണ് ഉണ്ടാവുക. അത് തന്നെയാണ് ബിസിനസ്സിൻ്റെ പ്രധാന ഗുണവും, ആകർഷണവും. ലളിതമായ ഒരു ഉദാഹരണം നോക്കാം. ജംഗ്ഷനിൽ ഇളനീർ കച്ചവടം ചെയ്യുന്നയാൾക്ക് പ്രതിദിനം 100 ഇളനീർ ചിലവാകുന്നുണ്ട് എന്ന് കരുതുക. ഒരു ഇളനീരിന് 10 രൂപ മാർജിൻ കണക്കാക്കിയാൽ, ദിവസം, 1000 രൂപ ഗ്രോസ്സ് പ്രോഫിറ്റ് അയാൾക്ക് കിട്ടുന്നുണ്ട്. എന്നാൽ കടത്ത് കൂലിയും, കടയുടെ വാടകയും പോലുള്ള ചിലവുകൾ 300 രൂപയും കഴിഞ്ഞാൽ നെറ്റ് പ്രോഫിറ്റ് 700 രൂപ മാത്രമാണെന്ന് കരുതുക. അതായത് ഇളനീർ ഒന്നിന് 7 രൂപ അറ്റ ലാഭം. എന്നാൽ, ദിവസം 100 ന് പകരം 150 എണ്ണം ഇളനീർ വിൽക്കാനായാൽ, അദ്ധേഹത്തിൻ്റെ നെറ്റ് പ്രോഫിറ്റ് എത്രയായിരിക്കും? പെട്ടന്ന് തോന്നുന്നത് 700 + 350 = 1050 രൂപ എന്നാവും. പക്ഷേ യഥാർത്ഥ ലാഭം അതിലും കൂടുതലായിരിക്കും. കാരണം, കടയുടെ വാടക കൂടുന്നില്ല എന്നു മാത്രമല്ല, കടത്തുകൂലിയിലും മറ്റു ചിലവുകളിലും കാര്യമായ വർദ്ധന ഉണ്ടാവുകയില്ല. അതു കൊണ്ട്, അധികമായി വിൽപ്പന നടത്തിയ ഓരോ ഇളനീരിനും ലാഭം, 7ന് പകരം 9 രൂപ എന്നു കരുതിയാൽ പ്രതിദിന അറ്റ ലാഭം 1150 രൂപയാണ്. ഇതാണ് ബിസിനസ്സിൻ്റെ മാജിക്ക്. വോള്യം കൂടുമ്പോൾ ലാഭം കൂടുന്നു എന്നർത്ഥം. ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുമ്പോൾ ആയിരക്കണക്കിന് എണ്ണം ഒറ്റയടിക്ക് നിർമ്മിക്കുമ്പോഴും, നിർമ്മാണച്ചെലവ് കുറയുകയും ലാഭം കൂടുകയും ചെയ്യും. അതുപോലെ തന്നെ, ലാഭം കൂടുതലാവാനുള്ള മറ്റൊരു വഴി വൈവിധ്യവൽക്കരണമാണ്. കരിമ്പിൻ ജ്യൂസ്, ലൈം ജ്യൂസ്, സർബത്ത്, തണ്ണി മത്തൻ എന്നിവ കൂടെ ഇളനീരിനൊപ്പം വിൽപ്പന നടത്തിയാൽ, കൂടുതൽ വരുമാനം ഉണ്ടാവുകയും, ലാഭം വീണ്ടും കൂടുകയും ചെയ്യുമല്ലോ? ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, അല്ലെങ്കിൽ നിര വർദ്ധിപ്പിക്കുന്നത് ലാഭം കൂട്ടാനുള്ള മികച്ച വഴിയാണ്. പക്ഷേ, ഒരു പ്രദേശത്ത് കിട്ടുന്ന ബിസിനസ്സ് വോള്യത്തിന് തീർച്ചയായും പരിമിതി ഉണ്ടാവും. അതായത്, ഒരു പ്രദേശത്ത് നിന്ന് കൊണ്ട്, ഒരു പരിധിക്കപ്പുറം ബിസിനസ്സ് വോള്യം കൂട്ടാനാവില്ല എന്നർത്ഥം. അതിനാൽ, ഇനിയും ലാഭം കൂട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? തീർച്ചയായും ഉണ്ട്. അതാണ് ബിസിനസ്സ് വ്യാപനം. ഇളനീർ ബിസിനസ്സ് കുറച്ചു മാറിയുള്ള ജംഗ്ഷനിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് അടുത്ത മാർഗ്ഗം.. എന്നാൽ, ശമ്പളത്തിനോ, കമ്മീഷൻ വ്യവസ്ഥയിലോ, മറ്റൊരാളെ അവിടത്തെ ചുമതല ഏൽപ്പിച്ചാൽ, തീർച്ചയായും ലാഭം കുറയും എന്നത് ഉറപ്പാണ്. അത് കൊണ്ട് ഒരു ഇളനീരിന് 4 രൂപ മാത്രമാണ് അറ്റ ലാഭമായി കിട്ടുന്നത് എന്ന് കരുതുക. എങ്കിൽപ്പോലും അത് മുഴുവൻ തന്നെ ലാഭത്തിലേക്കാണ് വന്നു ചേരുന്നത് എന്നതാണ് പ്രാധാന്യമർഹിക്കുന്നത്. ശരാശരി നൂറ് ഇളനീർ വിൽക്കുന്ന 3 കടകൾ കൂടെ അദ്ധേഹം ആരംഭിച്ചാൽ, നാല് കടകളിൽ നിന്നുമായി 1600 രൂപ അറ്റ ലാഭം മാത്രം കയ്യിൽ വന്നു ചേരും. ബിസിനസ്സിൻ്റെ ലാഭ സാദ്ധ്യതകൾ, ബിസിനസ്സ് വോള്യം കൂടുമ്പോഴും, ബിസിനസ്സ് വ്യാപിപ്പിക്കുമ്പോഴും എങ്ങിനെ വർദ്ധിക്കുന്നു എന്ന് വ്യക്തമാക്കാനാണ്, ഈ ഉദാഹരണത്തിലൂടെ ശ്രമിച്ചത്. മലർപ്പൊടിക്കാരൻ്റെ സ്വപ്നം പോലെ തോന്നുമെങ്കിലും ഇപ്പറഞ്ഞതിലും നല്ല രീതിയിൽ ഇതേ ബിസിനസ്സ്, 8 കടകളും 30 ഓളം ഉന്തുവണ്ടികളും വച്ച് ചെയ്യുന്നയാളുകളെ നേരിട്ടറിയാം. കൂടുതൽ വോള്യവും, ഉൽപ്പന്നങ്ങളുടെ / സേവനങ്ങളുടെ വൈവിധ്യവൽക്കരണവും, ബിസിനസ്സ് ലൊക്കേഷൻ വ്യാപനവും ഇളനീർ കച്ചവടക്കാരൻ മുതൽ ആമസോൺ വരെ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. മാത്രമല്ല ബിസിനസ്സിൻ്റെ വളർച്ച ഈ മൂന്ന് കാര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെയാണ്, ബിസിനസ്സിൽ വളർച്ചയുടെ അതിര് ആകാശമാണ് എന്ന് പറയുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. നാലു കടകളിൽ നിന്നും ദിവസം 1600 രൂപ കിട്ടിത്തുടങ്ങിയതോടെ, ഇളനീർ കച്ചവടക്കാരൻ തൻ്റെ ആദ്യത്തെ കടയിലും ജോലിക്കാരനെ വച്ചു എന്നു കരുതുക. അങ്ങിനെ അവിടെ നിന്നും ലാഭം കുറഞ്ഞു എങ്കിലും ശരാശരി ഒരു 900 രൂപ കിട്ടുന്നു എന്ന് കരുതിയാൽ തന്നെ ദിവസവും 2500 രൂപ, അദ്ധേഹത്തിന് വരുമാനമുണ്ടാവും. രാവിലെ കൃത്യമായി എല്ലാ കടകളിലും സാധനം എത്തിച്ച് കഴിഞ്ഞാൽ പിന്നെ, അദ്ധേഹം, വൈകീട്ട് പണം പിരിക്കാൻ ഇറങ്ങിയാൽ മതിയാകും. അതായത്, അദ്ധേഹം സിനിമ കാണുമ്പോഴും, ഉല്ലാസയാത്ര പോകുമ്പോഴും അദ്ധേഹത്തിൻ്റെ വരുമാനവും ലാഭവും വളർന്നു കൊണ്ടേയിരിക്കും എന്നതാണ്, ബിസിനസ്സിനെ തൊഴിലിൽ നിന്നും വ്യത്യസ്തവും, മികച്ചതുമാക്കുന്നത്. (തുടരും)
ശിവകുമാർ
Post a new comment
Log in or register to post comments