ബസ് യാത്രയും   വികലാംഗയ്ക്കുള്ള സീറ്റും

രാവിലേയും വൈകീട്ടും ഓഫീസ് സമയങ്ങളിൽ ഗുരുവായൂർക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കേറീട്ടുണ്ടോ നിങ്ങൾ?
പോട്ടെ തൃശ്ശൂർക്ക് പോയിട്ടുണ്ടോ?
അപ്പൊൾ അറിയാലോ , അതിലെ ഒരു തിരക്കും കൂട്ടത്തിൽ ബസ്സിന്റെ സ്പീഡും.
ഇത് വച്ച് ഈ കഥ ഞാനൊന്നു പിറകോട്ട് ഓടിക്കാം ,
ഒരു ഒന്നൊന്നര സ്പീഡിൽ !
2011-2012അതാണ് കാലഘട്ടം. ഞാൻ ഗുരുവായൂർ ടെലഫോൺ എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയാണ് അന്ന്. ലിമിറ്റഡിൽ ആണെങ്കിൽ 25 മിനിട്ട് കഷ്ടി മതി ഗുരുവായൂർക്ക് എത്താൻ. അതു കൊണ്ട് സ്ഥിരമായി ലിമിറ്റഡിൽ തന്നെയായിരുന്നു യാത്ര. സീറ്റ് കിട്ടുക എന്നത് സ്വപ്നം മാത്രമാണ് ആ യാത്രയിൽ. പരിചയക്കാർ വരെ ചിലപ്പൊൾ മുഖത്ത് നോക്കില്ല.
' എങ്ങാനും എണീറ്റു തരേണ്ടി വന്നാലോ ? കാലിനു വയ്യാത്തതല്ലെ.. ' ഇനി വല്ലപ്പോഴും സീറ്റ് എന്ന് പറഞ്ഞ് കിട്ടുക ഡ്രൈവറിന് തൊട്ടടുത്ത് എൻജിനു മുകളിൽ കുഷ്യൻ പോലെയിട്ടതിനു മുകളിലാണ്. കമ്പിയുടെ അടിയിലൂടെ നൂണ്ട് കടന്ന് അവിടെ ഇരിക്കുമ്പൊ ചിലപ്പൊ നല്ല ചൂടും ഉണ്ടായിരിക്കും . പിന്നെ ഡ്രൈവറിന്റെ അതി വീര സാഹസിക പ്രകടനങ്ങൾക്ക് മൂകസാക്ഷിയായി ഇരിക്കണം...
ഇടിച്ചു ഇടിച്ചില്ല , തൊട്ടു തൊട്ടില്ല ;
അയ്യോ! പോസ്റ്റ്... ജസ്റ്റ് മിസ്സ് എന്നൊക്കെ മനസ്സില് റൈഡിങ്ങ് ഗെയിംസ് കമ്പ്യൂട്ടർ സ്ക്രീനിൽ കാണുന്നതു പോലെ ...
ചില സന്ദർഭങ്ങളിൽ അറിയാതെ ; അമ്മെ! അയ്യോ ! എന്നുള്ള നിലവിളികൾ വായിൽ നിന്നു വരും.
ചാഞ്ഞും ചരിഞ്ഞും ആടി ഡ്രൈവറിന്റെ പെട്ടെന്നുള്ള വെട്ടിക്കലുകൾക്കും സഡൻ ബ്രേക്കുകൾക്കും ബ്രേക്ക് ഡാൻസ് കളിച്ച് ഒരു യാത്ര.
ഞാൻ നടക്കുമ്പൊൾ കാണുന്നവർക്കേ കുഴപ്പമുള്ളൂ , എനിക്ക് യാതൊരു കൂസലുമില്ല . പക്ഷെ നിൽക്കുമ്പോൾ അതല്ല സ്ഥിതി , ഇത്തിരി പാടാ .
4 ലാർജ് അടിച്ച പോലെ step ഇട്ടേ നിൽക്കാൻ പറ്റൂ. കാല് ശരിക്കും നിലത്തുറക്കില്ല. എവിടെയെങ്കിലുമൊക്കെ പിടിച്ചു നിന്നാൽ കുഴപ്പമില്ല. ബസ്സിൽ നിൽക്കുമ്പോ എന്റെ അപാരമായ ഉയരവും തടിയും വച്ച് പഴക്കുല കുളുത്തിയിട്ട പോലെ തൂങ്ങിയാ കിടക്കുന്നത്. പോരാത്തതിന് കാല് സ്റ്റാൻഡറ്റീസിലു വച്ച് കൈ ഒന്ന് മുകളിലെ കമ്പിയിലും മറ്റൊന്ന് സൈഡിലുള്ള കമ്പിയിലോ സീറ്റിനു പിറകിലോ പിടിച്ച് (കുരിശിൽ തറച്ച പോലെ )
' എന്റമ്മോ.... ഓർക്കാനേ വയ്യ..! '
കൂട്ടത്തിൽ ഞാൻ പറഞ്ഞ ഡ്രൈവിങ്ങ് കൂടിയാകുമ്പോൾ ,
"താ തിന്തക തിന്തകം താരോ..." എന്നൊരു പാട്ടു കൂടിയാകാം എന്ന ഒരു മട്ടാണ് .
എന്നാലും നമ്മളാരോടും സീറ്റ് ഒന്നും ചോദിക്കാറുമില്ല, ആരുമൊട്ടു തരാറുമില്ല.
എന്റെ നില്പും ഗമയും കണ്ടാൽ തോന്നണ്ടേ .

എന്നാലും ഗർഭിണികളോ വയസ്സായവരോ കുട്ടികളെ എടുത്തവരോ കയറുമ്പോൾ വരെ ഒരു മൈന്റും ചെയ്യാതെ ഇരിക്കുന്ന ചെറുപ്പക്കാരികളേയും ചേച്ചിമാരേയും കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട് . " ഓ, ഇവർക്കൊക്കെ ഇതിൽ കയറേണ്ട വല്ല കാര്യവുമുണ്ടോ?" എന്ന ചിന്തയിലൂടെ അവർ പോകുന്നേന്ന് മുഖം കണ്ടാൽ അറിയാം .
ഈ പാവങ്ങൾക്ക് പപ്പു ന്റെ പോലെ ,
"ടാക്സി വിളിയെടാ" എന്ന് പറയാൻ ഒരു ആളുണ്ടാവണ്ടേ ; അല്ലേ സിസ്റ്റേഴ്സ് ? "

ആയിടക്ക് നിറത്തിലെ ജോമോളുടെ പോലെ നടക്കുന്ന വഴിയിലൊക്കെ കാലു മടങ്ങിയും തെറ്റിയുമൊക്കെ വീഴുക എന്നുള്ളത് എന്റെ ഒരു ഹോബി ആയിരുന്നു . തിരക്കും വെപ്രാളവും തന്നെ കാരണം .
മനസ്സിലെ സ്പീഡിനനുസരിച്ച് കാലു നിന്ന് തരണ്ടേ മാഷേ ?
അതു കൊണ്ട് തന്നെ കാലിൽ നീരും വേദനയും ഡെയ്ലി എപ്പിസോഡായി .
ഒരു ദിവസം ,ബസ്സിലേക്ക് കയറുന്ന എന്നെ തന്നെ നോക്കി സ്ഥിരം അതിൽ വരാറുള്ള കുട്ടി ആദ്യത്തെ സീറ്റിൽ ഇരിക്കുന്നുണ്ടായി. എന്റെ മുഖത്തെ വയ്യായ്ക കണ്ടിട്ടാവണം രണ്ട് സ്റ്റോപ്പ് കഴിഞ്ഞ് ആ കുട്ടി ഇറങ്ങാറായപ്പോൾ എന്റെ കൈയ്യിൽ തട്ടി ,
' ഇവിടിരുന്നോ ചേച്ചി ' എന്ന് പറഞ്ഞു എണീറ്റു .
ആ നേരം വില്ലൻ എൻട്രി പോലെ എന്റെ സൈഡിൽ നിന്ന ചേച്ചി എന്നെ കൈ കൊണ്ട് തടുത്ത് അതിനിടയിലൂടെ ഉന്തി കയറി . അപ്പൊ സീറ്റ് തന്ന കുട്ടി ' ആ ചേച്ചിയ്ക്ക് വയ്യാതെയാ 'എന്ന് പറയുന്നുണ്ട്.
"ആഹാ എനിക്കുമുണ്ട് വയ്യായയൊക്കെ ,ഞങ്ങളും കാശു കൊടുത്തന്നെയാ പോകുന്നേ. സീറ്റിൽ വിളിച്ചിരുത്തേണ്ട കാര്യം ഒന്നുല്യ. ആർക്കും ഇരിക്കാം.." എന്നൊക്കെ മാസ് ഡയലോഗ് പറഞ്ഞ് സീറ്റിലിരുന്നു ഇമ്മടെ വില്ലൻ .
നിക്കണോ ഇരിക്കണോ കരയണോ ചിരിക്കണോ എന്നറിയാതെ ഞാനും !

പിന്നെ ധൈര്യം സംഭരിച്ച് അവിടേക്ക് വന്ന കണ്ടക്ടറോട് ഇതിൽ വയ്യാത്തവർക്ക്, അതായത് വികലാംഗർക്ക് സീറ്റ് കിട്ടില്ലേ ഇരിക്കാൻ എന്ന് ചോദിച്ചു . മൂന്ന് കൊല്ലമായി സ്ഥിരമായി ജോലിക്ക് ബസ്സിൽ പോയിരുന്ന ഞാൻ ആദ്യമായി ചോദിച്ചതാണ്.
കണ്ടക്ടർ ഉത്തരം തന്നു.
' ആ ഉണ്ട് , ദേ പിന്നിൽ നിന്ന് രണ്ടാമത്തെ സീറ്റ്. അവിടെ ചെന്ന് അവരെ എണീപ്പിച്ച് ഇരിക്കാം ' ,
എന്ന് പറഞ്ഞ് വെളുക്കെ ചിരിച്ചു .
ചുറ്റും നിന്നിരുന്ന ചേച്ചിമാർക്കൊക്കെ ചിരി വന്നു. എനിക്കു മാത്രം വന്നില്ല. ആ വിഷമത്തിൽ അവിടെ പോയി ഇരുന്നാലോ എന്ന് തോന്നി. പക്ഷെ തിരക്കേറിയ ബസ്സിലെ ജനഹൃദയങ്ങളെ പുളകം കൊള്ളിച്ച് പോകാനും മടിച്ച് അവിടെ തന്നെ നിന്നു.

( അതിന് വേറൊരു അനുഭവം കൂടി ഉണ്ട് . ഒരിക്കൽ KSRTC ബസ്സിൽ കയറിയപ്പോൾ സീറ്റ് ഒന്നു പോലും ഒഴിവില്ല . ഒരു സീറ്റിൽ ഒരാൾ വളഞ്ഞു കുനിഞ്ഞ് ഒടിഞ്ഞ് നുറുങ്ങിയ പോലെ ഇരിക്കുന്നതു കണ്ടു. ആ ബസ്സിലെ ഇത്തിരി പ്രായമായ കണ്ടക്ടർ എന്നോട് അവിടെ ഇരുന്നോളാനും പറഞ്ഞു. നോക്കിയപ്പൊൾ ഇരിക്കുന്ന വ്യക്തി ഉറങ്ങുന്ന പോലെയാണ്. പതുക്കെ ഞാൻ അവിടിരുന്നപ്പോഴാണ് , അതു വരെ വളഞ്ഞിരുന്ന ആ മനുഷ്യൻ ജയന്റെ പോലെ ഷോൾഡർ പിന്നിലേക്ക് തള്ളി പിടിച്ച് കൈ ഒക്കെ വിരിച്ച് സീറ്റിൽ പടർന്നു പന്തലിക്കാൻ തുടങ്ങിയത് .

'അയ്യോ! പാവം ചേട്ടൻ, മിനിമം ഐശ്വര്യ ബച്ചൻ ഇരിക്കേണ്ടതായിരുന്നു അടുത്ത് '.

ഞാൻ പരമാവധി സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിയിരുന്നു.)
എന്തായാലും

അനുഭവങ്ങൾ പാളിച്ചകൾ എന്നൊക്കെ പറയാറില്ലേ, ഞാനൊരു കാര്യം തീരുമാനിച്ചു . അന്നാണോ അതിന്റെ പിറ്റേന്നാണോ എന്നറിയില്ല. ഓൺലൈനായി മുഖ്യമന്ത്രിയുടെ ഗ്രീവൻസ് സെല്ലിലേക്ക് ഒരു അപേക്ഷ അയച്ചു .

വികലാംഗരായ സ്ത്രീകൾക്ക് ബസ്സിൽ മുൻവശത്തെ വാതിലിനോട് ചേർന്നുള്ള സീറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് .

രണ്ട് ദിവസത്തിനുള്ളിൽ ഓൺലൈനായി മെസേജ് കിട്ടി ; പിന്നാലെ അവിടെ നിന്ന് ഒരു കത്ത് വന്നു , പരാതി കിട്ടി അതിനു വേണ്ട നടപടികൾ ചെയ്യാനായി ട്രാൻസ്പ്പോർട്ട് കമ്മീഷണർക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും കാണിച്ച് .
കുറച്ച് ദിവസത്തിനുള്ളിൽ ട്രാൻസ്പ്പോർട്ട് കമ്മീഷണറുടെ കത്തും വന്നു ; ഗസറ്റ് നോട്ടിഫിക്കേഷനോട് കൂടി.

വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ,നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നും കാണിച്ച്.

(നിർദ്ദേശ ങ്ങളും റൂളുകളും പാലിക്കാതിരിക്കാനാണ് എന്നപോലെ അതിപ്പോഴും കടലാസ്സിൽ തന്നെ ഇരിക്കുന്നു.)

അതിനു അടുത്ത മാസം എനിക്ക് ഗുരുവായൂരിൽ നിന്ന് അടുത്തുള്ള എക്സ്ചേഞ്ചിലേക്ക് ട്രാൻസ്ഫർ ആയി . ഇപ്പോഴും ഇടക്ക് ബസ്സിൽ കയറുമ്പോൾ ഞാൻ നോക്കും , അങ്ങിനെ എവിടേലും എഴുതിയിട്ടുണ്ടോ എന്ന്. പ്രൈവറ്റിൽ എന്നു വേണ്ട ഞാൻ കയറിയിട്ടുള്ള KSRTC യിലും വികലാംഗയ്ക്കുള്ള സീറ്റ് കണ്ടിട്ടില്ല.

 

ശുഭ ലെനിൻ