ഭൂപടങ്ങളിൽ ഇല്ലാത്തവർ

പലായാനത്തിന്റെ പാതയിൽ ഓർമ്മയുടെ മയിൽപ്പീലിത്തുണ്ടിനെ കാത്തുനിൽക്കുന്ന ഭൂപടത്തിൽ ഇല്ലാത്തവരുടെ ലോകത്തിലൊരുവൻ.
ദേശപൗരത്വമന്യമായ ദേശാടനപക്ഷികളുടെ സമാധാനത്തിന്റെ ലോകം സ്വപ്‌നം കാണുന്ന, നാഗരികതയുടെ കാപട്യം നിറഞ്ഞ ലോകത്തേക്കുള്ള നിന്റെ യാത്രയിൽ തനിച്ചായവൻ. വേറിട്ട ലോകത്തെ വേറിട്ട കാഴ്ചകളിലൂടെ കടന്നുപോകുന്നൊരു പുസ്തകം. ആണ്ടറുതിയുടെ വിഷക്കാറ്റിൽ നീലിച്ചുപോയ നെഞ്ചകത്തിന്റെ വ്യാകുലചിന്തകളുടെ വല്ലാത്ത പിടപ്പ്.

തെറ്റുകൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരിലേക്ക് ചാട്ടുളി പോലെ തിരിയുന്ന വിളിച്ചുപറച്ചിലുകൾ'പാപമില്ലാത്തവർ എറിയുക'.
ഭക്തിയുടെ പാതയിൽ ഭീതിയുടെ രഹസ്യം തേടിപ്പോയ കണ്ണുകൾ മതങ്ങളുടെ ചട്ടക്കൂടിൽ നിന്നും നിങ്ങൾക്ക് നേരെയെറിയുന്ന സ്വാർത്ഥതയുടെ കല്ലുകൾ ഉപ്പ്നീറ്റുന്ന ചാലുകളിൽ തട്ടി കവിതയൊഴുക്കുന്ന കാലത്തെ സ്വപ്‍നം കണ്ടൊരാൾ.
സമസ്യകളുടെ ലോകത്ത് പെട്ടുപോയവളെ തിരഞ്ഞ് പരാജയപ്പെട്ട്, സ്വയം തിരയുന്നവന്റെ നിസ്സഹായത. ഇരുണ്ട മനസുകൾ കെട്ടിപ്പൊക്കിയ ചിറകളുടെ അരികുകൾ മുറിവേല്പിച്ച, ഭാരമേറിയൊരു ലോകം. എന്നോ മടപൊട്ടിയൊഴുകുന്ന ഒരു ചിറയെ സ്വപ്നം കാണുന്ന കല്ലുപോലൊരുവൻ.

സൗഹൃദത്തിന്റെ വെളിച്ചത്തെ കറുത്ത നിഴലിലേക്ക് പാകപ്പെടുത്തിയപ്പോൾ നൊന്ത് പോകുന്ന ഹൃദയം ഇന്നത്തെ സൗഹൃദസ്നേഹത്തിന്റെ ആഴപ്പരപ്പിലേക്ക് ഒരു ചിന്ത നമ്മിലിട്ടു തരുന്നു. കെട്ടുപോയ പ്രണയവ്രണത്തിന്റെ ജല്പനങ്ങൾ ഇനിയൊരു വസന്തത്തെയും തിരയാതെ തിരയുന്നു.
ഇലച്ചീന്തിലെ ഉരുളയിൽ കൊത്തിപ്പറിക്കുന്ന നെഞ്ചകം അറ്റുപോയ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ നേർസാക്ഷ്യം. കാമം കെട്ടിത്തൂക്കിയ ജീവന്റെ പിടപ്പുകൾ വാളയാറിലേക്ക് വിരൽചൂണ്ടുന്നത്. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ചകൾ ഒരുപാടുണ്ട് വരികളിൽ. അത്രയും സ്നേഹമുള്ളൊരുവളുടെ കണ്ണേറിനാൽ പുനർജ്ജ്നിയുടെ രഹസ്യം തിരയാനുള്ള ആത്മദാഹം. ഒക്കെത്തിനും സാക്ഷിയായി ആരുടെയൊക്കെയോ വിചാരവികാരങ്ങളുടെയും പ്രതീക്ഷകളുടെയും ദൗർഭാഗ്യങ്ങളുടെയും
സഹചാരിയായ കൈലേസുകളുടെ അസ്തിത്വം തേടിയൊരു യാത്ര മനോഹരമായി കുറിച്ചു വെച്ചിരിക്കുന്നു.
ഓർമ്മകളുടെ പെയ്തൊഴിയലിൽ ചത്തു ജീവിച്ചിരിക്കുന്നവരുടെ വേദനകൾക്കിപ്പുറം ആ കറുത്തകാലത്തിലെ ചോരയുടെ ഏടുകളിൽ നിന്നകന്ന ഇന്നിന്റെ നല്ല നാളെയിലേക്ക് പതിയുന്ന തെളിമയുടെ വെള്ളിനൂലുകൾക്കായുള്ള പ്രതീക്ഷകൾ നിറഞ്ഞ വരികൾ. പൊയ്പ്പോയ ഓരോണക്കാലത്തിന്റെ ഓർമ്മകളിലേക്കാഴ്ന്ന് മറവികളന്യമായ ആ നിമിഷങ്ങളിലെ കവിതയുടെ ഒരു പീഡനക്കാലം.
നെറികെട്ട കാലത്തിൻ കാഴ്ചകളേൽപ്പിച്ച പിടച്ചിലിൽ അന്ധത തേടുന്ന കണ്ണുകൾ. കുരിശുമരണങ്ങളുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ആവർത്തനങ്ങളിൽ കെട്ടുപോയ നല്ല ജീവൻ. ഇവയൊക്കെ ഇന്നിന്റെ വ്യാകുലതകൾ നമ്മിലേക്ക് പടർത്തുന്നു.
ജരാനരകൾ കയ്യടക്കുമ്പോഴും ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ കടലിരമ്പലുകൾക്ക് കാതോർക്കുന്ന അനേകം മനുഷ്യരെ നമുക്ക് ഈ പുസ്തകത്തിൽ കാണാം.
രചയിതാവ് കണ്ടുകേട്ടനുഭവിച്ചറിഞ്ഞവയുടെ തരിപ്പൊട്ടുകൾ അവിടെയുവിടെയുമായി ചിതറികിടക്കുന്നു. ഭ്രമാത്മകതക്കും സങ്കൽപങ്ങൾക്കുമപ്പുറം വസന്തങ്ങളുടെ ഒരു പെരുമഴ തേടി, പൊള്ളിക്കുന്ന ജീവിതയാഥാർഥ്യങ്ങളുടെ തീക്കനലുകൾ കോറിയിട്ടൊരു പുസ്തകം.
അനുവാചകരിലേക്ക് അനുനിമിഷം ചിന്തകളെ അമ്പുപോൽ തൊടുത്ത് ഉള്ള് തുളയ്ക്കുന്നുണ്ട് പലപ്പോഴും.....

ആർച്ച ആശ

 
 
 
 
 
 
 
 
 
 
 
 
 

 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1