ആയുസ്സ് കൂട്ടാൻ കഞ്ഞി

അരി, ഗോതമ്പ്, ബാർലി, ചാമ, റാഗി ഇതെല്ലാം ഒരുകാലത്ത് നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളും ആശുപത്രിവാസവും അന്ന് ആവശ്യവുമില്ലായിരുന്നു. കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു. പാടങ്ങള്‍ നികന്നപ്പോൾ നമുക്ക് നഷ്ടമായത് ആരോഗ്യം കൂടിയാണ്. തവിടു കളഞ്ഞ് വെളുപ്പിച്ച് പോളിഷ് ചെയ്ത പായ്ക്കറ്റ് അരിയാണല്ലോ ഇന്നു നമുക്കു പ്രിയം.

എന്നാൽ തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണു പഠനങ്ങൾ പറയുന്നത്. ഇത് ആരോഗ്യവും ദീർഘായുസും നൽകും.

ധാന്യങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ്, ചാമ, ഓട്സ് മുതലായവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബിയും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകൾ ധാരാളമായി ഉള്ളതിനാൽത്തന്നെ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തി ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്–2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ധാന്യങ്ങൾ റിഫൈൻ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഗുണങ്ങളെല്ലാം നഷ്ടമാകും.

തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും കഴിച്ചാൽ ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങൾ മൂലമുള്ള മരണസാധ്യതയെ കുറയ്ക്കാനാകുമെന്നു പഠനം. എത്രയധികം ധാന്യം കഴിക്കുന്നുവോ, അത്രയധികമായിരിക്കും ഗുണഫലം.

ഒരു നേരം 16 ഗ്രാം ധാന്യാഹാരം കഴിക്കുന്നതുമൂലം മരണസാധ്യത ഏഴു ശതമാനം കുറയും. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണം ഒൻപതു ശതമാനവും അർബുദം മൂലമുള്ള മരണസാധ്യത അഞ്ചു ശതമാനവും കുറയുമെന്നും പഠനം പറയുന്നു.

ദിവസവും മൂന്നു തവണ അതായത് 48 ഗ്രാം ധാന്യം കഴിച്ചാൽ മരണസാധ്യത 20 ശതമാനം കുറയും. ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 25 ശതമാനവും അർബുദം മൂലമുള്ളത് 14 ശതമാനവുമാക്കി കുറയ്ക്കാനും സാധിക്കുമത്രേ.

യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 1970 മുതൽ 2010 വരെ നടത്തിയ പഠനങ്ങൾ പരിശോധിച്ചു. 786076 സ്ത്രീപുരുഷൻമാരിൽ നടത്തിയ 12ഓളം പഠനങ്ങളാണു പരിശോധിച്ചത്.

തവിടു കളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നും രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ധാന്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കഴിക്കുന്ന ധാന്യത്തിന്റെ പകുതിയെങ്കിലും തവിടു കളയാത്തതവ ആയിരിക്കണമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു.