ആത്മാവിന്റെ സംവേദങ്ങളെ വിവർത്തനം ചെയ്യുമ്പോൾ കവിത പിറക്കുന്നു

"ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിതയാത്മാവിൽ ഇറ്റിറ്റു വീഴുന്നു " പ്രശസ്ത കവി പാബ്ലോ നെരൂദയുടെ ഏറ്റവും ദുഃഖഭരിതമായ വരികളിലെ ചുള്ളിക്കാടിന്റെ ഈ വിവർത്തനമാണ് ഞാൻ കണ്ടതിൽ വച്ച് കവിതയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും ഭംഗിയുള്ള വിശേഷണം. കവിതയെക്കുറിച്ച് ഇന്നേറെ സംസാരിക്കേണ്ടതുണ്ട്. കാരണം ഇന്ന് മനുഷ്യന്റെ മാനസിക സംവേദങ്ങളെ ഒരു നിലാവ് പോലെ പുറത്തേക്ക് പരക്കാൻ വിട്ട കവിതയുടെ ദിനമാണ്. ലോക കവിതാ ദിനം. മനുഷ്യരാശിയുടെ ഏതോ ഒരു ജീവബിന്ദുവിൽ നിന്ന് കവിത വേരിടുമ്പോൾ ആയാസങ്ങളും ഭാരങ്ങളും മറന്നുപോയവരാണ് നമ്മൾ, വേദനകളിൽ നിന്ന് വരികളെ വാതോരാതെ പ്രതിഷ്ടിച്ചവരാണ് നമ്മൾ, അതേ കവിത ജീവിതത്തിന്റെ ആത്മാവിന്റെ പരിവർത്തനം തന്നെയാണ്. കവിതയെഴുതാത്തവരായി ആരാണുള്ളത്, പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ എന്നെ മറന്നാലും എന്നെ മറക്കല്ലേ എന്നെഴുതുന്നവരിൽ തുടങ്ങി വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടെ എന്ന് പറഞ്ഞവരിലേക്ക് നീളുന്ന എന്തോരം കവികളാണല്ലേ നമുക്കുള്ളത്. കോളേജ് വരാന്തയിൽ ഷേക്സ്പിയർന്റെയും ഷെല്ലിയുടെയും ടൈലറിന്റെയും കവിതകൾ എഴുതിപ്പിടിപ്പിച്ചും ചൊല്ലിയും കടന്നു പോയ എത്ര ഓർമ്മകളാണ് നമുക്കുള്ളത്. അതേ കവിത ജീവിതമാണ്, ദുഖമാണ് പലപ്പോഴും അതിന്റെ സ്ഥായീഭാവവും. 1999 ൽ ലാണ് പാരീസിൽ നടന്ന യുനെസ്കോയുടെ മുപ്പതാം സെഷനിൽ മാർച്ച് 21 നെ ലോക കവിതാ ദിനമായി പ്രഖ്യാപിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. കാവ്യാത്മക ആവിഷ്കാരത്തിലൂടെ ഭാഷാപരമായ വൈവിധ്യത്തെ പിന്തുണയ്ക്കുക, വംശനാശഭീഷണി നേരിടുന്ന ഭാഷകളെയും അവരുടെ സംസ്കാരങ്ങളെയും കേൾക്കാനുള്ള അവസരം നൽകുക എന്നിവയാണ് ഈ ദിവസത്തെ പ്രധാന ലക്ഷ്യങ്ങൾ. കവിതകൊണ്ടാരും ഇന്നേവരേയ്ക്കും സാമ്രാജ്യങ്ങളോ കൊട്ടാരങ്ങളോ പടുത്തുയർത്തിയിട്ടില്ല. പക്ഷെ വേദനകളും തീരാദുഃഖങ്ങളും പട്ടിണിയും ഒരൊറ്റ വരികൊണ്ട് മാത്രം അതിജീവിച്ചവരുണ്ട്. ഒരൊറ്റ വരികൊണ്ട് മാത്രം ചരിത്രത്തിൽ ഓർമ്മിക്കപ്പെട്ടവരുണ്ട്. റൂമിയും,ജിബ്രാനും ടാഗോറും എഴുതിവച്ചതൊക്കെ എത്ര മനോഹരമായിട്ടാണ് ഇപ്പോഴും മനുഷ്യർ വായിച്ചുകൊണ്ടിരിക്കുന്നത് കവിതകൾ പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. സമരങ്ങളും അതിജീവനവും തുടങ്ങി പ്രണയവും വിരഹവുമെല്ലാം അതിന്റെ തീവണ്ടിയിലെ യാത്രക്കാരാണ്. അപചയം സംഭവിച്ചെന്ന് തോന്നുമ്പോഴൊക്കെ പുതിയ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ട് കവിത ഇപ്പോഴും മുന്നേറുകയാണ്. ചങ്ങമ്പുഴയും, കുമാരനാശാനും, ഇടപ്പള്ളിയും, അയ്യപ്പപ്പണിക്കരും, ബാലചന്ദ്രൻ ചുള്ളിക്കാടും തുടങ്ങി വീരാൻകുട്ടിയും എം ബഷീറും മോഹനകൃഷ്ണൻ കാലടിയും ടി പി വിനോദുമൊക്കെ അടക്കി വാണുകൊണ്ടിരിക്കുന്ന മലയാളകവിതാലോകത്തിന്റെ ഏറ്റവും ഭംഗിയുള്ള ഒരു തുരുത്തിൽ നിന്നുകൊണ്ട് തന്നെ നമുക്കീ കവിതാദിനം ആഘോഷിക്കാം. കവിത നിങ്ങളിലുണ്ട് സ്വപ്നം കാണുമ്പോഴും സങ്കടപ്പെടുമ്പോഴും പട്ടിണികിടക്കുമ്പോഴും സമരം ചെയ്യുമ്പോഴും പ്രണയിക്കുമ്പോഴുമൊക്കെ പുറത്തേക്കൊഴുകാൻ ഒരു മാധ്യമം മാത്രം നിങ്ങളതിന് നൽകിയാൽ മതി.

 

സാൻ