അണ്ടല്ലൂർ കാവിൽ....

ബ്രണ്ണൻ കോളേജിൽ ചേർന്നദിവസംമുതൽ അണ്ടല്ലൂർകാവിനെപ്പറ്റി കേൾക്കുന്നു. ഹോസ്റ്റൽ മെസ്സിലെ മുഖ്യകാര്യദർശി അജി, സഹപ്രവർത്തകരായ  ഷൈമ, ശാന്തമ്മ, മീനാമ്മ, ഹോസ്റ്റലിലെ ധർമരക്ഷകരായ ഷഫീർ, ആകാശ്, മിഥുൻ കോളേജിലെ കാവൽമാലാഖമാരായ ജിതിൻ, ലജിത്,  കാന്റീനിലും ഹോസ്റ്റലിലും അടുപ്പെരിയാൻവേണ്ട സാമഗ്രികൾ ഒരുക്കിത്തരുന്ന രജീന്ദ്രൻ എന്നിവരെല്ലാം പലപ്പോഴായി അണ്ടല്ലൂർ പെരുമകൾ വാനോളം പറഞ്ഞുകേൾപ്പിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ മുരളിസാറും  ഇവിടെ വന്നയുടനെ കാവ് സന്ദർശിച്ചു. പക്ഷേ ഇത്ര അടുത്തായിട്ടും അവിടംവരെ ഒന്നുപോയിവരാൻ  എനിക്കിതുവരെ അലക്കൊഴിഞ്ഞില്ല. ഇപ്പോൾ തിറ ഉൽസവം അടുത്തതോടെ തദ്ദേശവാസികളായ അധ്യാപകരും അണ്ടല്ലൂർകാവിലെ  ഉത്സവത്തെപ്പറ്റി തോരാതെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. കടയിൽ പോയാലും ഓട്ടോയിൽകയറിയാലും ബസ്സിലിരുന്നാലും ചായ കുടിക്കാൻ ചെന്നാലും എങ്ങും ഇതേ  വിശേഷം! ഇവരുടെയെല്ലാം വർണനകൾ പരദേശിയായ എന്നെയും ആവേശം കൊള്ളിക്കുന്നു .         

അണ്ടല്ലൂർക്കാവ് തലശ്ശേരിയിൽ ബ്രണ്ണൻ  കോളേജ് സ്ഥിതിചെയ്യുന്ന ധർമടം പഞ്ചായത്തിലെ ഒരു പഴയ ക്ഷേത്രമാണ്. ഇവിടുത്തെ ഉത്സവം  മകരം - കുംഭം മാസങ്ങളിലായി കൊണ്ടാടുന്നു. ഉത്സവത്തിന്റെ  പ്രധാനഭാഗം കുംഭം രണ്ടുമുതല്‍ ഏഴുവരെയും പരേതാത്മാക്കൾക്കുവേണ്ടിയുള്ള

'കരിയടുക്ക'യെന്ന ഉത്സവം എട്ടുമുതല്‍ പതിനാലുവരെയും നടത്തിവരുന്നു. കുംഭം മൂന്നാംതീയതി കൊടിയേറ്റം. അന്നേ ദിവസംതന്നെ ദൈവത്താറുടെ തൃക്കൈക്കുട കാവിലേക്ക് എഴുന്നള്ളിക്കുന്നു. അതിനുമുമ്പുള്ള  ദിവസങ്ങളിൽ തേങ്ങയാക്കല്‍,  കാവില്‍ കയറല്‍, ചക്ക കൊത്തല്‍ തുടങ്ങിയ കൗതുകമാർന്ന ചടങ്ങുകളുണ്ടാവും. തെയ്യങ്ങള്‍ കെട്ടിയാടുന്നതും അതിനോടനുബന്ധിച്ച ചടങ്ങുകൾ  നടക്കുന്നതും താഴേക്കാവിലാണ്. ശ്രീകോവിലുകളും തിരുമുറ്റവും മേലേക്കാവിലും.  ക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ  രാമായണകഥയുമായി  ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത എന്നീ  ദേവചൈതന്യസങ്കൽപ്പങ്ങളെ ഈ ചെറിയ ക്ഷേത്രത്തിൽ ബിംബരൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉത്സവച്ചടങ്ങുകൾ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഉത്സവനാളുകളില്‍ ഈ ദേശത്തെ  വീടുകളില്‍ പുതിയ പാത്രങ്ങളും പലവ്യഞ്ജനങ്ങളും മാത്രമേ പാചകംചെയ്യാൻ  ഉപയോഗിക്കൂ. തിറയെത്തുമ്പോഴേക്കും  മുഴുവന്‍ വീടുകളും ചായംപൂശി മോടിപിടിപ്പിച്ചിട്ടുണ്ടാകും. എന്റെ സഹപ്രവർത്തകയും ഇന്നാട്ടുകാരിയുമായ വാസന്തി ടീച്ചർ  ഇതിനു വേണ്ടിമാത്രം കഴിഞ്ഞ മൂന്നു ദിവസം ലീവെടുത്തു.

ധർമടം, പാലയാട്, അണ്ടലൂർ, മേലൂർ എന്നീ നാലു കരകൾക്കുംകൂടിയുള്ള ക്ഷേത്രമാണ് അണ്ടല്ലൂർകാവ്. ഉൽസവദിനങ്ങളിൽ വിശ്വാസികള്‍ മൽസ്യ മാംസാദികള്‍ ഒഴിവാക്കി  വ്രതമനുഷ്ഠിക്കും. ഇതര മതവിഭാഗങ്ങളും ഇതിൽ സഹകരിക്കുന്നു. ഈ ദിവസങ്ങളിൽ കോളേജ്  ഹോസ്റ്റലിൽപ്പോലും  നോൺ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കുകയില്ല.   അതുകണക്കാക്കി ബുദ്ധിമാൻമാരായ അന്തേവാസികൾ ചിക്കൻ ബിരിയാണിയുടെ ദിവസം കുറച്ചു മുന്നോട്ടാക്കി.  

അണ്ടല്ലൂർ കാവിന്റെ നിയന്ത്രണം തീയസമുദായത്തിനാണെങ്കിലും മറ്റു വിഭാഗങ്ങൾക്കും ഇവിടെ ചില അവകാശമുണ്ട്. നേരത്തേ മുസ്ലീങ്ങൾക്കും വിശേഷാൽ അവകാശം നൽകിയിരുന്നു. ഇന്നിപ്പോൾ ഈ ഉൽസവം തീർത്തും ഒരു ജനകീയമേളയായി മാറിക്കഴിഞ്ഞു. ജാതി മത വർഗ ഭേദങ്ങളില്ലാതെ എല്ലാവർക്കും ഒരുമിക്കാനുള്ള വേദി അമ്പല്ലൂർ കാവിലൂടെ നിർമിക്കപ്പെട്ടിരിക്കുന്നു. പല കാരണങ്ങളാൽ ചിതറിനിൽക്കുന്ന  മനുഷ്യ സമൂഹം ഒരു മിത്തിലൂടെ ഇങ്ങനെ ഐക്യപ്പെടുമ്പോൾ അതിന്റെ ഭാഗമാകുന്നതിലും വലിയ സന്തോഷം വേറെ എന്താണ്! 'ആറാംതമ്പുരാനി'ൽ കളക്ടർ പറഞ്ഞ വരി ഒന്നു വ്യത്യാസപ്പെടുത്തിപ്പറഞ്ഞാൽ- ' ഇപ്പോൾ ഞാനും ഒരു അണ്ടല്ലൂർക്കാരനായെടോ'.

മധു വാസുദേവൻ

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.