അനക്കം

ഇപ്പുറത്തെ
കുഞ്ഞുകുഞ്ഞനക്കങ്ങൾ
നിൻ്റെ നോവകറ്റുമെങ്കിൽ
ഞാനിവിടെ
അനങ്ങിക്കൊണ്ടേയിരിക്കാം..
ഇലകളിൽ
ഈർക്കിലിത്തുമ്പിയെന്ന പോലെ
നിൻ്റെ ഹൃദയത്തെ
ചേർത്തു നിർത്താം...

കൊടിയ മരണത്തിൻ്റെ
മരുഭൂമിക്കപ്പുറം
നനുത്ത പശിമണ്ണ്
ഇപ്പോഴുമുണ്ട്...
അവിടുന്നൊരു ഇളങ്കാറ്റ്
നിനക്കും
കിട്ടുന്നില്ലേ....

കനത്ത പാറകൾക്കിടയിൽ
ചിലപ്പോഴെങ്കിലും
കന്മദമുയിരാറുണ്ട്..
കടുംനോവിൻ കോട്ടകൾ താണ്ടിയീ നിശാഗന്ധി
നിന്നെ തീണ്ടട്ടെ...

അനങ്ങാതെ
അനങ്ങാതിരിക്കുക...
ഉയിരടയാളങ്ങളെല്ലാ മൊതുക്കി നീയീ
ബിന്ദുവിലേക്കുണരുക ...
ഇവിടെയെൻ വിരലുകൾ
നിനക്കായ് ചലിക്കുന്നുണ്ട്..
ഹൃദയം
മിടിക്കുന്നുണ്ട്...
ഇവിടെ ഞാൻ
നിനക്കായി
അനങ്ങിക്കൊണ്ടേയിരിക്കയാണ്.

ചന്ദ്രതാര

 

 
 
 
 

Recipe of the day

Jul 292021
Ingredients 1 bowl cauliflower