അലക്സന്ദ്ര

രണ്ടു കൊല്ലം മുൻപ്  ആദ്യമായി കാണുമ്പൊൾ കായലിനോട് ചേർന്ന പടവുകൾക്കു താഴെയിട്ട മരക്കസേരയിൽ ചാരിയിരുന്നു അലക്സന്ദ്ര കമ്പിളി ഉടുപ്പ് തുന്നുകയായിരുന്നു . 

ഏപ്രിൽ പകുതിയായിട്ടും വിട്ടു പോകാതെ മഞ്ഞു ഒസ്ലോയെ പൊതിഞ്ഞു നിൽക്കുന്നു .. 

അവരുടെ മൂളിപ്പാട്ടിനൊപ്പം വായുവിൽ ഉയർന്ന  പുക വലയങ്ങൾ  കണ്ടാൽ  സിഗരറ്റു വലിച്ചു പുക ഊതി വിടുന്നത് പോലെ തോന്നിച്ചു ... 

മടിയിലെ തുണിസഞ്ചിയിൽ  പല നിറത്തിലുള്ള ചെറിയ കമ്പിളി നൂലുണ്ടകൾ പുറം കാഴ്ചകൾ കാണാൻ എത്തിനോക്കി കിടക്കുന്നു ...

എത്ര വേഗത്തിലാണ് അവരുടെ വിരലുകൾ ചലിക്കുന്നത് ?

കുഞ്ഞിനെ കിടത്തിയിരുന്ന വണ്ടി ഒരു വശത്തു ചേർത്ത് വച്ച് ചക്രങ്ങൾക്കു പൂട്ട് വീണു എന്നുറപ്പാക്കി , ബ്രെഡ് കൂടുമെടുത്തു ഞാൻ വെള്ളത്തിനരികിലേക്കു നടന്നു ... 

ഒരു മാസം മുൻപ് തണുത്തുറഞ്ഞു  തിളക്കമുള്ള വലുപ്പമുള്ള ഒരു ചില്ലു കഷ്ണം പോലെ കട്ട പിടിച്ചു കിടന്ന കായലാണ് ... 

തുകൽ ചെരുപ്പും , രോമക്കുപ്പായവുമണിഞ്ഞു ആളുകൾ പ്രഭാതത്തിൽ നടന്നു അക്കരെ പോയിരുന്നതിന്റെ ശേഷിപ്പുകളായ കാൽ പാടുകൾ വെള്ളത്തിൽ ഉരുകി അലിഞ്ഞിരിക്കുന്നു ... 

എന്നാലും വെള്ളത്തിന്  ഇപ്പോഴും കൊടുംതണുപ്പു തന്നെ .. 

കാൽ വിരൽ മുക്കി നോക്കാതെ എനിക്കീ തണുപ്പ് അറിയാം , ഓരോ കാൽവെപ്പിലും ആഞ്ഞു കുത്തുന്ന തണുപ്പ് എന്റെ മുഖത്തെ എപ്പോഴേ ചുമപ്പിച്ചു കഴിഞ്ഞു ...

അരയന്നങ്ങൾക്കു തണുപ്പ് ഒരു പ്രശനമേയല്ല എന്ന് തോന്നിച്ചു ... 

അവർ ഓരോ ജോഡികളായി കുണുങ്ങി കുറുകി , ഇടയ്ക്കു നീണ്ടു വളഞ്ഞ തല വെള്ളത്തിലേക്ക് താഴ്ത്തി തണുപ്പിന്റെ ആഴമളന്നു , ചെറുതായൊന്നു ചിക്കി കുടഞ്ഞു , തൂവലുകൾ കൊത്തിയിളകി അങ്ങനെ മെല്ലെ ഒഴുകി നടന്നു ... 

നിർത്താതെ മഞ്ഞു  വീണു കൊണ്ടേയിരുന്ന കഴിഞ്ഞ മൂന്നു മാസങ്ങളിൽ അവ എവിടെ ആയിരുന്നു കാണും ?  

വെള്ളത്തിലേക്കെറിഞ്ഞ  ബ്രെഡ് കഷണങ്ങളിൽ ചിലതു  വെള്ളം തൊടുന്നതിനു മുൻപേ  അവർ  അകത്താക്കി ...

കുതിർന്നു  പൊങ്ങിയ കഷണങ്ങൾക്കു  കീഴെ വെള്ളത്തിൽ ചെറിയ നിഴലുകൾ , ചെറുമീനുകളാണ് ... ഹോ അവ പക്ഷികളെ കണ്ടു കാണില്ലേ ?

അലക്സന്ദ്ര തന്റെ മുന്നിൽ വച്ചിരുന്ന സ്റ്റാൻഡിൽ നിന്നും ദിനപത്രങ്ങളും മാസികകളും ചൂണ്ടി അവയിൽ ഏതെങ്കിലും വാങ്ങുന്നോ എന്ന് ചോദിച്ചു ... 

മറിച്ചു നോക്കാതെ തന്നെ വേണ്ട എന്ന് പറഞ്ഞു തിരിയുമ്പോഴാണ് ഞാൻ അവയുടെ കീഴെ വച്ചിരുന്ന ഒരു ഫോട്ടോ കണ്ടത് ... 

സുന്ദരികളായ മൂന്ന് പെൺകുഞ്ഞുങ്ങളുടെ  ചിത്രം , ഒരാളെ എടുത്തിരിക്കുന്നത് അലക്‌സാൻഡ്രയാണ് ... 

കാറ്റിൽ പറന്നു നിൽക്കുന്ന പിങ്ക് ഉടുപ്പിൽ ഇവരെ കാണാൻ എത്ര സുന്ദരിയെന്നു ഞാൻ അത്ഭുതപ്പെട്ടു ... 

എന്റെ മക്കൾ എന്ന് അവർ ചൂണ്ടി പറഞ്ഞു , ഒപ്പം സഞ്ചിയിൽ നിന്നും ഫ്രെയിം ചെയ്ത ഒരു എഴുത്തു കാണിച്ചു , നോർവെജിയനിലും , ഇംഗ്ലീഷിലും എഴുതിയിരിക്കുന്ന ഒരു കുറിപ്പ് ...

അത് വായിച്ചപ്പോൾ  ഞാൻ  വര്ഷങ്ങള്ക്കു മുൻപ് ഒരുച്ചനേരത്തു  തൃപ്പൂണിത്തുറ സ്റ്റാൻഡിൽ നിർത്തിയിട്ട ഒരു പ്രൈവറ്റ് ബസ്സിലേക്ക് കയറി , അവിടെ ജനലിനോട് ചേർന്നിരുന്നു മഞ്ഞ നിറത്തിലുള്ള ഒരു പോസ്റ്റ് കാർഡ് വായിച്ചു തുടങ്ങി ഓരോ സീറ്റിലും കാർഡ് വച്ച് പിന്നിലേയ്ക്ക് നടന്നു പോയ സമ പ്രായക്കാരി പെൺകുട്ടി തിരിച്ചെത്തുമ്പോൾ എന്ത്  കൊടുക്കും ആശങ്കപ്പെട്ടു.. 

അതാ വീണ്ടും ഒരു ദൃഡ നിശ്ചയം ... വലുതായി ജോലി കിട്ടിക്കഴിഞ്ഞാൽ ഇവർക്കെല്ലാം ഞാൻ കാശ് കൊടുക്കും ... ചില്ലറ തുട്ടല്ല .. നോട്ടു... 

നിറവേറ്റാത്ത എത്ര എത്ര വാഗ്‌ദാനങ്ങൾ ?   ... 

ഇതിന്റെ എല്ലാം കണക്കു എങ്ങനെ തീർക്കും ?

കുറിപ്പിൽ നിന്നാണ് ഞാൻ അവരുടെ പേര് അലക്സന്ദ്ര എന്ന് മനസ്സിലാക്കിയത് .. 

അവർ റുമേനിയയിൽ നിന്നും കപ്പൽ മാർഗം ആണ് നോർവേയിൽ എത്തിയത് .. ഇനിയുള്ള അഞ്ചു മാസം അവർ ഇവിടത്തെ റോഡുകളിൽ ജോലി എടുത്തു ജീവിക്കും എന്ന് ... 

ഇവിടത്തെ റോഡിൽ എന്താണ് ജോലി ?  

ബാംഗ്ലൂരിൽ ജോലി ചെയുന്ന സമയം ആദ്യമായി ടീമിൽ നിന്നും നോർവേയിൽ പോയി വന്ന കൂട്ടുകാരൻ നോർവേ എങ്ങനെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ആണ് അപ്പോൾ ഓർത്തത് ...

നോർവേയിൽ റോഡിൽ ചോറ് വിളമ്പി  ഉണ്ണാം... അത്ര വൃത്തിയാണ്  '

ശരിയാണ് , ബാംഗ്ലൂരിലെ പോലെ അല്ല , തിരക്ക് കുറവാണ് , വഴിയിൽ ചപ്പു ചവറുകൾ കാണുന്നത് അപൂർവ്വമാണ്... 

അലക്സന്ദ്ര റോഡരുകിൽ പത്രവും , പുസ്തകങ്ങളും വിൽക്കും , കമ്പിളി നൂല് കൊണ്ട് തണുപ്പ് കാലത്തു ഉപയോഗിക്കാനുള്ള തൊപ്പികളും , കുഞ്ഞുടുപ്പുകളും തുന്നി വിൽക്കും , ബസ്‌സ്റ്റോപ്പിലും , ട്രെയിൻ സ്റ്റേഷനിലും വച്ചിട്ടുള്ള ചവറ്റു കുട്ടകളിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു നൽകും ..

രാത്രി വീടില്ലാത്തവർക്കുള്ള വിശ്രമസ്ഥാലത്തു പോയി കുളിക്കും , ഭക്ഷണം കഴിക്കും , ഉറങ്ങും .

അഞ്ചു മാസം ജോലി ചെയ്തു സമ്പാദ്യവുമായി അലക്സന്ദ്ര നാട്ടിൽ പോകും , ഒരു മാസം കുട്ടികളും ഭർത്താവുമൊത്തു കഴിയും .. 

അപ്പോഴേയ്ക്കും തണുപ്പ് തുടങ്ങും , തണുപ്പിൽ പുറത്തുള്ള ജോലി കഠിനമാണ് , അത് കൊണ്ട് ആ മാസങ്ങളിൽ വരുന്നത് ഭർത്താവാണ് ... 

ക്രിസ്റ്മസിനു മക്കൾക്കും കുടുമ്പത്തിനുമുള്ള സമ്മാനങ്ങളുമായാണ് അയാൾ തിരിച്ചെത്തുക ..

ഇത്തവണയും ദേശാടനം കഴിഞ്ഞു അരയന്നങ്ങൾ കായലിൽ തിരിച്ചെത്തി ... അരികു അരിഞ്ഞു മാറ്റി കൂടി വച്ച ബ്രെഡ്‌  തുണ്ടുകളുമായി ഞങ്ങളും ...

വണ്ടിയിൽ ഉറങ്ങാൻ  കൂട്ടാക്കാതെ കുഞ്ഞു മകൻ  അരയന്നങ്ങളെ തൊട്ടു നോക്കണമെന്നും , പറ്റിയാൽ അവയുടെ പുറത്തു കേറി കായലിൽ സഞ്ചരിക്കണമെന്നും വാശി പിടിക്കുന്നു ...

അലക്സന്ദ്ര ഇപ്പോൾ എവിടെ ആയിരിക്കും ? 

അവർ കയറിപ്പറ്റിയ   കപ്പൽ  ആണോ തീരത്തടുക്കാനുള്ള അനുവാദം കാത്തു  ബാൾട്ടിക് കടൽ വഴികളിൽ അലഞ്ഞു നടക്കുന്നതു ? 

വൈകി എത്തിയാലും വൈറസു  വിജനമാക്കിയ തണുത്തുറഞ്ഞ കായൽക്കരയിലെ റോഡരുകിൽ നിങ്ങൾ എന്താണ് ചെയ്യുക ?

സീമ സ്റ്റാലിൻ

  

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ