അകാലപ്രണയം 

പതിനാറിൽ 

സൈക്കിളിൽ വഴിമുടക്കി

നിൽക്കും പ്രണയത്തെ 

കല്ലെടുത്തെറിഞ്ഞിട്ടുണ്ട് 

കൊഞ്ഞനം കുത്തിയിട്ടുണ്ട്. 

 

ബസ്സുയാത്രയിലെന്നപോലെ കണ്ട്  

ഒരു ഞൊടിയിൽ 

കണ്ണിൽ തടഞ്ഞു തട്ടി തൂവിയിട്ടുണ്ട്

 

ഇടക്കിടക്ക് പ്രണയത്തെ മാറ്റിപിടിച്ചിട്ടുണ്ട്. 

ഇടതു കക്ഷത്തിലെ കുട 

വലതു കക്ഷത്തിൽ എന്നപോലെ.

 

മുള്ളിൽ ഉടക്കിയ മാതിരി 

വെറുതെ മുറിയാനായി ചിലത്

പെയ്തു തോർന്നിട്ടുണ്ട്. 

 

സ്ഫോടനങ്ങൾ പോലെ 

അതിതീവ്രതയിൽ തുടങ്ങി 

അംഗഭംഗം സംഭവിച്ചവയുണ്ട്.

 

വേപ്പിൻമരങ്ങൾക്കിടയിലെ 

ഉന്മാദസൂര്യനായി വിടർന്നു കൊഴിഞ്ഞിട്ടുണ്ട് 

 

മൗനത്തിന്റെ ഭരണികളിൽ 

എന്നെന്നേക്കുമായി വഴക്കെട്ടി വെച്ചവയുണ്ട് 

 

ഒന്നിൽ തന്നെ ക്രൂശിതയായി 

കാലങ്ങളോളം അനങ്ങാനാവാതെ  

കിടന്നിട്ടുണ്ട്.

ഇനിയൊരു പ്രണയം ഉണ്ടാകില്ലെന്ന് 

ഉള്ളിൽ ആണയിട്ട് ഉറപ്പിച്ചിട്ടുണ്ട് 

പ്രസവവേദന പോലെ 

പിന്നെയും എല്ലാം മറന്ന് പ്രേമിച്ചിട്ടുണ്ട്  

 

നാൽപ്പതുകളിൽ  പ്രണയം 

കറുപ്പിൽ നിന്നൊളിഞ്ഞു നോക്കും 

വെള്ളിവരകൾ പോലൊരു

നറുപുഞ്ചിരി. 

മുറുക്കി ചുവപ്പിച്ചുള്ള 

കാൽ നീട്ടിയിരുപ്പ് 

ഒട്ടും തിടുക്കമില്ലാത്ത   

നടത്തങ്ങൾ. 

ക്ഷണികമാം പരിഭവങ്ങൾ കൊണ്ടു. 

ചുവക്കാത്ത 

ശുഭ്രമാം കോടിയുടുത്ത പകലുകൾ. 

നിനക്ക് പറയാൻ ഭാര്യയുടെ 

കാലിലെ നീരിൻ കഥ 

എനിക്കാകട്ടെ ഭതൃവിൻ 

ബിപിയും കൊളസ്ട്രോളും.

 

നിനക്കാവലാതി മകളെയോർത്തെങ്കിൽ 

എനിക്ക് മകൻ.

നിനക്ക് നിന്റെ വീട് 

അതിന്റെ ഒരേ മഞ്ഞ  നിറം

എനിക്ക് എന്റെ ഫ്‌ളാറ്റ് അതിന്റെ 

പതിനാലാം നിലയിലെ 

ബാൽക്കണി കാഴ്ചകൾ.

 

നിനക്ക് കവിതയെഴുതാത്ത ഭാര്യയുടെ 

സൂപ്പർ മാർക്കറ്റ് വർത്താനം.  

എനിക്ക് പത്രം മാത്രം 

വായിക്കുന്ന ഭർത്താവ്. 

 

എനിക്ക് കെട്ടിപിടിച്ചുറങ്ങാനെന്നുമീ  രാജ്യത്തിന്റെ ഹേമന്തരാത്രികൾ.

നിനക്ക് മഴയും വെയിലുമായി 

 പെയ്തുണങ്ങും ദിനരാത്രങ്ങൾ 

 

എങ്കിലും  പ്രണയമേ.. 

അരികിൽ നീയുണ്ടെന്നുറപ്പിലല്ലേ 

പിച്ച വെക്കുന്നതീ ജീവിതം  വാർദ്ധക്യത്തിലേക്ക്... 

സിന്ധു. കോറാട്ട്

സിന്ധു.എം

 

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്