അജ്മൽ ഹാജി അസ്വസ്ഥനാണ്...

 ബാങ്ക് വിളിയുടെ ശബ്ദം കേട്ട് അജ്മൽ ഹാജി മയക്കത്തിൽ നിന്നും 
ഉണർന്നു. സ്ഥലകാല ബോധം വീണ്ടെടുക്കാൻ അല്പം സമയമെടുത്തു. നിസ്കാരപ്പള്ളി വളരെ അടുത്താണ്.   വെറും ഒരു പറമ്പിന്റ വ്യത്യാസം മാത്രം. പള്ളി മിനാരം തെളിഞ്ഞു കാണാം. അതിനു അല്പം മുകളിലായി ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നു.  അപ്പോഴും മഴക്കാറ് മൂടിക്കെട്ടിയ അന്തരീക്ഷം തന്നെ. തണുത്ത കാറ്റ് ജനാല വഴി തഴുകി പോയപ്പോൾ കുളിരു കോരി...

അജ്മൽ ഹാജിക്ക് എന്തോ മനസ്സിനൊരു അസ്വാസ്ഥ്യം പോലെ. 
കൂടാതെ, രാവിലെ മുതൽ തുടങ്ങിയ ചെറുതായൊരു തലവേദന ഇപ്പോഴും തന്നെ വിട്ടകന്നിട്ടില്ല. 

രാവിലെ തനിക്കുണ്ടായ അനുഭവം, ഹാജിയാർ വേദനയോടെ ഓർത്തെടുത്തു. നെഞ്ചിന് മുകളിൽ കനത്ത ഭാരം കയറ്റി വച്ച പോലെ തോന്നുന്നു. ഒരിക്കലും ഒരു പിതാവും ഒരു പുത്രനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങളാണ്  ഇന്ന് കേൾക്കേണ്ടി വന്നത്.

സങ്കടം അതിനെക്കാൾ തോന്നിയതും,  തന്നെ അത്ഭുതപ്പെടുത്തിയതും, മുപ്പത്തിരണ്ടു വർഷമായി തന്റെ ഭാര്യ പദവി അലങ്കരിക്കുന്നവൾ, മകനെ 
ശാസിക്കുന്നതിനു പകരം മകനോട് 
ഭാഗം ചേർന്ന പോലെ...മകൻ 
പറയുന്നത് ശരിവെക്കുന്ന തരത്തിൽ, ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു എന്നതിലാണ്.

മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. കിടപ്പു മുറിയിലേക്ക് തൂവാനം അടിച്ചു നനയാതിരിക്കാൻ ജനാല കതക് ചേർത്ത് അടച്ചു.

അജ്മൽ ഹാജി ഓരോന്നും 
ഓർത്തെടുക്കുകയായിരുന്നൂ. മനസ്സിലൂടെ ആ പഴയകാലം ഒരു ചലച്ചിത്രം പോലെ ചുരുളഴിഞ്ഞുകൊണ്ടിരുന്നൂ.

കുടുംബത്തിനും കുട്ടികൾക്കും വേണ്ടി രാപ്പകലില്ലാതെ, ചോര നീരാക്കി, അറബിയുടെ ആട്ടും തുപ്പും സഹിച്ച് പണിയെടുത്ത്... രോഗാവസ്ഥയിൽ മണലാരണ്യത്തിൽ നിന്നും മടങ്ങി വന്ന തന്നോട് ദയാദാക്ഷണ്യമോ സ്നേഹ
വായ്പോ വീട്ടുകാർ  കാണിക്കുന്നില്ലാന്ന് മാത്രമല്ല, അല്പാല്പം വെറുപ്പും 
നീരസവും പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു.

തന്റെ തിരിച്ചുവരവ് ഭാര്യക്കും മകനും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് വന്നത് മുതലുള്ള അവരുടെ പെരുമാറ്റത്തിൽ നിന്ന്  താൻ മനസ്സിലാക്കിയിരുന്നു. കുടുംബം ഇത്രകാലം വളരെ ഭംഗിയായി നടത്തിക്കൊണ്ടു പോകാൻ ഹേതുവായ ഒരാളാണ് താൻ, എന്ന പരിഗണന പോലും നൽകുന്നില്ലെന്നത് പോകട്ടെ നിത്യ രോഗിയായി തീർന്ന താൻ കുടുംബത്തിൽ  ഒരധികപ്പറ്റായി മാറിയെന്ന രീതിയിലാണ്
ഭാര്യയും  മകനും പെരുമാറുന്നതു പോലും. അത് അജ്മൽ ഹാജിക്ക്  താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വളരെ സൗമ്യ സ്വഭാവമുള്ള  ചെറിയ മകൾ മാത്രം അല്പം സ്നേഹാദരങ്ങളോടെ തന്നോട് പെരുമാറുന്നുണ്ട്.  അവൾ തന്റെ ഉമ്മയുടെ തനി പകർപ്പാണ്. അവളുടെ തന്നോടുളള പെരുമാറ്റം കാണുമ്പോൾ ഒരു മകളോടുളള  വാത്സല്യത്തിന്
ഉപരിയായി,  സ്വന്തം ഉമ്മയോടുളള സ്നേഹവായ്പും അടുപ്പവുമാണ് തനിക്ക് തോന്നാറുളളത്.

താൻ പഠിത്തത്തിൽ കേമനായിട്ടു പോലും, തുടർന്ന് പഠിക്കാൻ പറ്റാതെ,  കുടുംബം പോറ്റാൻ വളരെ ചെറുപ്പത്തിൽ ദുബായിലേക്ക് പോകേണ്ടി വന്നതാണ്.

നാട്ടിലെ അങ്ങാടിയിൽ, ചെറിയൊരു പലചരക്ക് കച്ചവടം നടത്തിയിരുന്ന വാപ്പയുടെ ആകസ്മികമായ മരണം, എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരന്നൂ. നാലു മക്കളിൽ താൻ മാത്രം ഒരു ആൺതരി. തന്റെ ഉമ്മയുടെയും മൂന്നു പെങ്ങന്മാരുടേയും ജീവിതം കരു പിടിപ്പിക്കാൻ വളരെ 
ബുദ്ധിമുട്ടേണ്ടി വന്ന നാളുകൾ. ഒന്ന് പിടിച്ചു നിലക്കാൻ കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ്, വാപ്പയുടെ സുഹൃത്തിന്റെ മകന്റെ സഹായത്തോടെ ദുബായിൽ എത്തിയത്.

ചെന്ന കാലത്തെ കഷ്ടപ്പാടുകൾക്കും, ബുദ്ധിമുട്ടുകൾക്കുമൊടുവിൽ, 
നാളുകൾക്കു ശേഷം അങ്ങിനെ, തരക്കേടില്ലാത്ത ഒരു കമ്പനിയിൽ ജോലി തരപ്പെട്ടു.  സഹോദരിമാരുടെ വിവാഹങ്ങളൊക്കെയും, കടമോ കളളിയോ കൂടാതെ തന്നെ,  തരക്കേടില്ലാത്ത രീതിയിൽ, നടത്തി കൊടുക്കാൻ സാധിച്ചു.  

ഇതിനിടയിൽ, റുഖിയ... താൻ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന അയൽക്കാരിയായ തന്റെ ബാല്യ കാല സഖിയെ എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടുകയായിരുന്നു. കഥകളും പാട്ടുകളും പരസ്പരം കൈമാറിയും പേരയ്കയും ചാമ്പക്കയും പങ്കിട്ടെടുത്തും മദ്രസ്സയിലും സ്കൂളിലും  പോയിരുന്ന കാലത്ത് തുടങ്ങിയ ബന്ധം. അത് കാലത്തിനനുസരിച്ച്  ഒരിക്കലൂം പിരിയാനാകാത്ത തലത്തിലേക്ക് വളരുകയായിരുന്നു. 

തന്റെ വാക്കുകൾ കേട്ട്, അവൾ കുറേ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും, ഏതോ ഒരു സന്ദർഭത്തിൽ വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വേറെയൊരാളെ കെട്ടേണ്ടി വന്നു. പാലിക്കാൻ പറ്റുന്ന ഒരു ഉറപ്പും കൊടുക്കാനുളള ചങ്കുറപ്പോ, തന്റേടമോ,  കുടുംബം കര പറ്റിക്കുന്ന ബദ്ധപ്പാടിൽ തനിക്കില്ലാതെപോയി. നിക്കാഹിന് മുമ്പ് അവളെഴുതിയ 
കണ്ണീരിൽ കുതിർന്ന കത്തിൽ 
അവളുടെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കമ്പോഴും തനിക്ക് നിസ്സംഗനാവാനേ കഴിഞ്ഞുളളു. ഓർക്കുമ്പോൾ ചങ്ക് പറിയുന്ന വേദനയുണ്ടെങ്കിലും  അങ്ങനെ അതൊരു അടഞ്ഞ അദ്ധ്യായമായി.  നാട്ടിൽ വരുന്ന സന്ദർഭങ്ങളിൽ  വിവാഹങ്ങൾ പോലുള്ള ചടങ്ങുകളിൽ വെച്ചു വല്ലപ്പോഴും റുഖിയയെ കണ്ടെങ്കിലായി.  മര്യാദയുടെ സീമ ലംഘിക്കാതെ കുടുംബ വിശേഷങ്ങൾ 
പരസ്പരം പങ്കു വെച്ചു.

അങ്ങിനെ, നാട്ടിലേക്കുളള ഒരു വരവിൽ
ആണ് താഹിറയുടെ ആലോചന വന്നത്.  സാമ്പത്തികം കുറവായിരുന്നാലും തരക്കേടില്ലാത്ത കുടുംബക്കാരും വിദ്യാഭ്യാസം നിർബന്ധമായുള്ള കുട്ടി ആവണമെന്ന് മാത്രമായിരുന്നൂ തന്റെ ഡിമാന്റ്...അങ്ങനെ ആ കല്യാണം നടന്നു...അതിൽ മൂന്ന് കുട്ടികളുമായി.

ആദ്യമൊക്കെ, ഭാര്യക്ക് തന്നോട് വളരെ സ്നേഹവും ബഹുമാനവുമൊക്കെ-
യായിരുന്നൂ. പിന്നെ കാലം ചെല്ലുന്തോറും അതിന് ചില മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി. താനൊരു പണമുണ്ടാക്കുന്ന യന്ത്രമാണെന്ന് അവൾക്കും തോന്നിക്കാണും. താൻ ആ മണലാരണ്യത്തിൽ  എല്ലു മുറിയെ പണിയെടുക്കുമ്പോഴും ഇവർക്ക് ഒരു കുറവും വരുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

ആദ്യമൊക്കെ, ഫോൺ ചെയ്യുമ്പോൾ ഗൾഫിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാൻ പറയാറുളള ഭാര്യ, പിന്നെ അത് പറയാതെയായി,  എന്നു മാത്രമല്ലാ,  താൻ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ട കാര്യം ഓർമ്മപ്പെടുത്തുമ്പോൾ തീർത്തും താല്പര്യം ഇല്ലാത്തപോലെ, നാട്ടിലെ സാമ്പത്തിക ബാധ്യതകളെ പറ്റി മാത്രം  ഓർമ്മപ്പെടുത്തി. 

വളരെ നാളത്തെ, വേണ്ടത്ര വിശ്രമം ഇല്ലാത്ത ജോലിയുടെ,  സംഘർഷഭരിതമായ ജീവിതത്തിന്റെ  ബാക്കിപത്രമെന്നോണം
താൻ നിത്യ രോഗിയായി.  അങ്ങനെ കൊറോണ മഹാമാരിയുടെ മറവിൽ   താൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

വിവാഹിതയായ മൂത്ത മകൾ ഇടക്കെപ്പോഴെങ്കിലും
വരാറുണ്ട്.  ചെറിയ മോൾക്കല്ലാതെ ആർക്കും താൻ മടങ്ങിയത് ഇഷ്ടപ്പെട്ടിട്ടില്ല.  അത് എല്ലാവരുടേയും
പെരുമാറ്റത്തിൽ നിന്നും വായിച്ചെടുക്കാം.

മഴ ഇപ്പോൾ ശക്തിപ്രാപിച്ചു  കൊണ്ടിരിക്കുകയാണ്. 
പുറത്ത് ഷീറ്റ് മേഞ്ഞതിനു മുകളിൽ മഴ വെള്ളം വീഴുന്നതിന്റെ ശബ്ദം കൂടിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു അരുതായ്കപോലെ...ഒരുപോലെ
ശരീരം ക്ഷീണിതവും മനസ്സ് 
സംഘർഷഭരിതമായിക്കൊണ്ടി-
രിക്കുന്നത്  മനസ്സിലാകുന്നൂ...

രാവിലെ ബൈക്കെടുത്ത് പുറത്ത് പോകുന്നതിന് മുൻപ് തന്റെ  മകൻ
 പറഞ്ഞ വാക്കുകളാണ് കാതിൽ മുഴങ്ങുന്നത്...അവൻ പറയുകയായിരുന്നു...മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നവരെ
അടച്ചാക്ഷേപിക്കാൻ പറ്റില്ലാ... നമ്മുടെ ബാപ്പച്ചിയെ പോലുള്ളവരാണെങ്കിലോ...
എന്തിനും ഏതിനും ചൊറിഞ്ഞ്...ചൊറിഞ്ഞ് കൊണ്ട് ഒരു സ്വസഥത തരാതെ...ഇതു കേട്ടതും ഭാര്യ ഒരക്ഷരം മിണ്ടിയില്ലാ. ഭാര്യയുടെ നിസ്സംഗതയാണ് തന്നെ കൂടുതൽ വേദനിപ്പിച്ചത്...

ഇപ്പോൾ തനിക്കു ബോദ്ധ്യമുണ്ട്...
ഇതുവരെ താനൊരു കറവപ്പശുവായിരുന്നൂ...ഈ ഇലയിപ്പോൾ ചോരയും നീരും വറ്റി ഒരു ഉണക്കില പോലെയായി...ഇനി ചീഞ്ഞ് അളിഞ്ഞ് വല്ലതിനും വളമാകാനാണ് വിധി.

എന്തോ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നപോലെ...

ആരെയെങ്കിലും വിളിക്കണോ...?
വേണ്ടാ...ഇനിയാരെ വിളിക്കാൻ...?

കണ്ണിൽ ഇരുട്ട് കേറുന്ന പോലെ...

ക്ഷീണിതനായ അജ്മൽ ഹാജി കണ്ണടച്ച് 
തറയിലേക്ക് പതിയെ നീണ്ടു നിവർന്നു കിടന്നു...

അപ്പോഴും മഴ പുറത്ത് തിമർത്ത് പെയ്യുകയായിരുന്നൂ...

.ഗോപി ചായില്ലത്ത്