ആ പെണ്ണുങ്ങൾ, അവരെ ആരറിയുന്നു?

കൊറോണ ദിവസങ്ങളിൽ ഇടയ്ക്ക് ഞാൻ ഓർക്കുന്ന ഒരു മുഖമുണ്ട്, പല ജീവിതങ്ങളുണ്ട്... 

ഞാൻ അങ്ങോട്ട് വന്നു മിണ്ടിയാൽ , സാറിന് ബുദ്ധിമുട്ടായാലോ ,അതാ മാറി നിന്നത്.. 

ബസ് കേറാനായി കൊല്ലത്തു നിൽകുമ്പോൾ കണ്ട പരിചയം ഉള്ള  ഒരുവളെ നോക്കി ഞാൻ ചിരിച്ചു.. 

ഉടനെ തന്നെ  അടുത്തേയ്ക്ക് അവൾ എത്തി.. 

അവർ,, ഒരു ലൈംഗിക തൊഴിലാളി ആണ്..

തെരുവിൽ ശരീരം വിൽക്കുന്നവർ.. 

അനേകം , സ്ത്രീകൾ നമ്മുക്കിടയിൽ ഇങ്ങനെ ഉണ്ട്..

എല്ലാവര്ക്കും അറിയാം അത്..

അർദ്ധ രാത്രിയുടെ മറവിൽ , പുന്നാരിക്കുന്നവർ , പകൽ വെളിച്ചത്തിൽ കാർക്കിച്ചു തുപ്പിയാലും ആ സ്‌ത്രീകൾക്കതു പുത്തരി അല്ല..

ജീവിതത്തിന്റെ പച്ചയായ സത്യത്തിനു മുന്നിൽ നിൽക്കുന്നവർ..

""ബംഗാളികൾ നമ്മുടെ നാട്ടിലെ ആണുങ്ങളേക്കാൾ മെച്ചമാണ് സാറെ.. പറഞ്ഞു പറ്റിക്കില്ല... ""

അരിശത്തോടെ അവർ പറഞ്ഞു.. 

കേറി കിടക്കാനൊരു കൂര ഇല്ല സാറെ... 

അവർ സങ്കടം പറഞ്ഞു.... 

നൂറിനും ഇരുനൂറിനും ഒക്കെ കിടന്നു കൊടുക്കേണ്ടി വരും.. 

പ്രായമായ എന്നെ ആർക്കും വേണ്ടാതായി...

ശുഷ്കിച്ച സ്വന്തം ശരീരത്തെ നോക്കി അവർ നെടുവീർപ്പിട്ടു.  

ഈ സ്ത്രീ , അവരുടെ അച്ഛനാൽ പീഡിപ്പിക്കപ്പെട്ടതാണ്..

ഇന്നവർക്കു അമ്പതു വയസ്സുണ്ട്..

അച്ഛന്റെ പീഡനം പുറത്തു പറഞ്ഞതിന്റെ ഭവിഷ്യത്ത് , പിതാവിനെ കാൾ വലിയ തെമ്മാടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു..

ഒരു പിമ്പ്..!

അതും തീരെ ചെറു പ്രായത്തിൽ..

കെട്ടിയിട്ടു ഭാര്യയെ ഭോഗിക്കുന്നതിൽ സംതൃപ്‌തി കണ്ടിരുന്ന മനുഷ്യൻ..

അയാളുടെ ക്രൂരതകളിൽ നിലകൊള്ളാനാവാതെ വീട് വിട്ടു ഇറങ്ങി ഓടി..

തന്റെ ശരീരം    വിറ്റു  കിട്ടുന്ന കാശിൽ ഒരൽപം ഭക്ഷണം പോലും തരാൻ കൂട്ടാക്കാത്ത അയാളെ ഒഴിവാക്കി,

 തെരുവിന്റെ മകൾ ആയി തീർന്നു..

ഒരു മകളുണ്ടായി..

ആരാണ് അച്ഛൻ എന്ന് അറിയാൻ വയ്യാത്ത ഒരു കുഞ്ഞിനെ വളർത്താതെ അവളെ മക്കളില്ലാത്ത ഒരാൾക്ക് കൊടുത്തു..

എവിടെ ആണെന്ന് തിരക്കിയിട്ടും ഇല്ല..

ഭൂമിയിൽ ജീവിച്ചിരിക്കവേ ചെയ്ത ഒരു പുണ്യ പ്രവർത്തി അതാണെന്ന് അവർ പറഞ്ഞു..

അവർക്കൊരു പേരില്ല..

ഇത് ഒരാൾ അല്ല...പലർ ആണ്..

അവർ പറഞ്ഞ അനുഭവങ്ങൾ, സ്ത്രീ എന്ന നിലക്ക് താങ്ങാൻ പറ്റുന്നത് ആയിരുന്നില്ല..

മനുഷ്യ ജന്മം എടുത്ത ആർക്കും കേൾക്കാൻ ത്രാണി ഉള്ളതല്ല..

പൊതു സമൂഹത്തിന്റെ മുന്നിൽ.. , സ്വന്തം ഭാര്യയുടെ അടുത്ത്,

 കുഞ്ഞാടായ പലരുടെയും ലൈംഗിക പിരിമുറുക്കങ്ങൾ സഹിക്കേണ്ടി വരുന്ന ശരീരങ്ങൾ..

മനസ്സിൽ കെട്ടി നിറച്ചിരിക്കുന്ന അഴുക്കുകൾ ഒക്കെ കാശു കൊടുത്തു കിടന്നു തരുന്ന ശരീരത്തോട് പ്രകടിപ്പിക്കുന്ന ഭ്രാന്തന്മാർ..

സിഗരറ്റ് കൊണ്ട് മുറിവുണ്ടാക്കും ചിലർ..

വല്ലാതെ നോവിക്കും, കടിച്ചു പറിയ്ക്കും.. 

പ്രകൃതി വിരുദ്ധ പ്രവൃത്തിയ്ക്ക് അധികം ചില്ലറ തരാമെന്ന് പറഞ്ഞു പറ്റിക്കും... 

സ്വന്തം കഴിവില്ലായ്മയുടെ അപകർഷതാ ബോധം ശിരസ്സ് കുനിക്കപ്പെടാതെ , കാശു തന്നിട്ടാണ് എന്ന അഹങ്കാരത്തോടെ , ആ ശരീരങ്ങളിൽ പെയ്‌കൂത്തു നടത്തും..

കേട്ടിരുന്നപ്പോൾ പലപ്പോഴും  , തലകറങ്ങും പോലെ , ശര്ദ്ധിക്കാൻ വരും പോലെ എനിക്ക് തോന്നി..

ഭയം തോന്നി..

എന്റെ കുടുംബത്തിലെ പുരുഷന്മാർ..

എന്റെ സുഹൃത്തുക്കളായ പുരുഷന്മാർ ഒക്കെ 

നല്ലവരാണ്..

അവരൊന്നും ഇതിൽ പെടില്ല..

എന്നത് എന്റെ വിശ്വാസം മാത്രമാണ്... 

ആ സ്ത്രീകൾ  , അവർക്കാരോടും സ്നേഹമില്ല..

വെറുപ്പ് കടപുഴകി എറിയുന്നുമില്ല...

ഒരു നേരത്തെ ഭക്ഷണത്തിനോടല്ലാതെ ഒന്നിനോടും കടപ്പാടുമില്ല..

നാളെ , പുഴുവരിച്ച കിടക്കുന്ന ശരീരത്തെ ആരോരും അറിയാതെ മറവു ചെയ്യുമെന്നും അവർക്കറിയാം..

അഞ്ചു വർഷത്തിന് മുന്പ് വരെ ഇവർ ഉൾപ്പെട്ട  സമൂഹവുമായി വളരെ അധികം ഇടപെടേണ്ടി വരുന്ന പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഞാൻ.. 

 മേലെ പറഞ്ഞ ഒരുപാട് ജന്മങ്ങളെ കണ്ട്, അറിഞ്ഞു കടന്നു പോയ ദിനങ്ങൾ.. 

ചിരിയുടെ അംശം ഒട്ടുമില്ലാത്ത ജീവിതങ്ങളുടെ നേർകാഴ്ച..

പ്രായോഗികതയുടെ ചുവടുറപ്പിൽ നിന്നും ഒട്ടും കളം മാറാതെ ജീവിതം കൊണ്ട് പോകാൻ ശീലിച്ച കാലങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു... 

ആ കാലം  കാഴ്ചയ്ക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തെ ലോകം ഉണ്ടെന്ന്  ഞാനറിഞ്ഞു... 

 അവൾ  പറഞ്ഞ ഒന്നുണ്ട്.. 

അട്ടഹസിച്ചു കൊണ്ട്.. 

" ആണിന്റെ സ്നേഹമോ, അതിനു നിമിഷങ്ങളുടെ നിലനിൽപ്പല്ലേ സാറെ.. 

അല്ലേൽ സ്നേഹിച്ചു എന്നത് നമ്മുക്കുണ്ടാകുന്ന തോന്നലാ.. "

പെണ്ണെന്നാൽ ആണിന് കിടപ്പറയിലെ വിശപ്പടക്കാനുള്ള യന്ത്രം മാത്രമാണോ? 

എനിക്ക് പൊള്ളി... 

 

ആ രാത്രികളിൽ  ഞാൻ ഉറങ്ങിയിരുന്നില്ല...

ഇന്നും പലപ്പോഴും, ചില നിമിഷങ്ങളിൽ വീണ്ടും പൊങ്ങി വരും, വെറുതെ അലട്ടാനായി.. 

അപ്പോഴൊക്കെ സ്വപ്‌നങ്ങൾ കാണാനുള്ള കഴിവ് എന്നിൽ നിന്നും അകന്നു പോകുന്ന പോലെ  ഭയപ്പെടും.. 

ചൂടും ഉശിരുമുള്ള എന്റെ ഭക്തിയെ ഞാൻ ചേർത്ത് പിടിക്കും..

കാരണം, 

പ്രത്യാശയോടെ നോക്കി കാത്തിരിക്കാൻ എനിക്കൊരു യാത്ര ബാക്കിയുണ്ട്... 

മഞ്ഞുകാലത്തെ കോച്ചുന്ന തണുപ്പിനും ആകാശം മൂടി ആർത്തു പെയ്യുന്ന മഴ ഉണ്ടാക്കുന്ന പ്രളയത്തിനും സൂര്യന്റെ ചൂടേറ്റ് വരണ്ട് ഉണങ്ങുമ്പോഴും എനിക്ക് കിടക്കാനൊരു കൂരയുണ്ട്... 

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

 

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.