ഒരു  അ'സാദാ'രണ പ്രണയകഥ

ടീ ബ്രേക്കിലിരിക്കുമ്പോഴാണ് മൊബൈലിൽ  മെസ്സേജ് കണ്ടത്...  ത്രില്ലടിച്ചുപോയി!
ഒരു പ്രമുഖ ഗ്രൂപ്പിൽ  നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം! ഓ! അവൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. വേഗം സന്തോഷവാർത്ത അറിയിക്കാം . അപ്പോഴാണ് രാവിലെ അയച്ച മെസ്സേജ് ഓർമ്മ വന്നത്.
വാട്സപ്പ് എടുത്തു മെസ്സേജിലൂടെ ഒന്നു കൂടി കണ്ണോടിച്ചു. " ഇന്ന് തിരക്കായിരിക്കും വിളിക്കണ്ട... സമയം കിട്ടുമ്പോൾ ഞാൻ തിരിച്ചു വിളിക്കാം. "
ശ്ശോ വിളിക്കണോ? വേണ്ട... വിളിച്ചാൽ  ഇഷ്ടപ്പെടില്ല. ഇങ്ങോട്ട് വിളിക്കുമ്പോൾ പറയാം... അതുവരെ ക്ഷമ കിട്ടുമോ എന്തോ... എഫ് ബി യിലൂടെ വീണ്ടും കണ്ണോടിച്ചപ്പോഴാണ് പെട്ടന്ന് കക്ഷിയുടെ ഒരു  പോസ്റ്റ് പൊങ്ങി വന്നത്. ങേ ഫ്രഷ് ആണല്ലോ ഇട്ടിട്ടു ഒരു മണിക്കൂർ ആയിട്ടുള്ളൂ.
Fb യിലെ അനില മംഗലത്ത് എന്ന എഴുത്തുകാരിയുടെ ഒരു കവിതാസമാഹാരത്തെകുറിച്ചുള്ള  നിരൂപണമാണ്. വസ്തുനിഷ്ഠമായി  വാചാലമായി എഴുതിയിട്ടുണ്ട്.
പോസ്റ്റ്‌ വായിച്ചാൽ ആർക്കും പുസ്തകം വാങ്ങിവായിക്കാൻ തൊന്നും. അസൂയയുടെ ഒരു നേർത്ത നുരവന്ന് പൊതിഞ്ഞു .. അപ്പോൾ രാവിലെ തിരക്കാണ്  എന്ന് പറഞ്ഞിട്ട് ഇതിനൊക്കെ സമയം ഉണ്ടായിരുന്നു... ഇത്രയും വലിയ ഒരു റിവ്യൂ എഴുതിയിടണമെങ്കിൽ ഒത്തിരിനേരം ഓൺലൈനിൽ ഉണ്ടായിരുന്നിരിക്കണം. ഇനി ഇതാണോ തിരക്ക്ന്ന് പറഞ്ഞത്
എങ്കിൽ കഴിഞ്ഞല്ലോ ജോലി.. എന്നിട്ടും എനിക്കൊരു മെസ്സേജ് പോലും ഇല്ല. ഇപ്പോഴും ഓൺലൈനിൽ ഉണ്ടല്ലോ....  വിളിച്ചു നോക്കാം.
നമ്പർ ഡയൽ ചെയ്തു റിംഗ് ചെയ്യുന്നുണ്ട് പക്ഷേ എടുക്കുന്നില്ല ഫുൾ റിങ്ങ് അടിച്ചുതീർന്നു. ഇനി കാണാഞ്ഞിട്ട് ആകുമോ ഒന്നുകൂടി വിളിച്ചു നോക്കാം ഇത്തവണ ബെല്ലടിച്ചു പക്ഷേ പകുതി വെച്ച് കട്ട് ചെയ്തുകളഞ്ഞു.  അപ്പോൾ കാണാഞ്ഞിട്ടല്ല മനപൂർവമാണ്!
വാശിയോടെ വീണ്ടും ഡയൽ ചെയ്തു ഇത്തവണ ആദ്യറിങ്ങിനു  കാൾ കണക്ട് ആയി. അങ്ങോട്ട് എന്തെങ്കിലും പറയുന്നതിനുമുൻപ് ചോദ്യം വന്നു
" എന്താ? "
ഈശ്വരാ..കട്ടകലിപ്പിലാണ്‌ ശ്വാസമടക്കി മിണ്ടാതെ നിന്നു
"ചോദിച്ചത് കേട്ടില്ലേ എന്താണെന്ന്?  പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് കട്ട് ചെയ്താൽ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരിക്കരുത്  എന്ന്.
പറഞ്ഞാൽ മനസ്സിലാകില്ലേ നിനക്ക് ങേ?""
......
"ഒന്നും പറയാനില്ലേൽ വെച്ചിട്ട് പോ !
അൽപമെങ്കിലും കോമൺസെൻസ് ഉണ്ടാക്കാൻ നോക്ക് ആദ്യം !"
എന്തെങ്കിലും പറയുന്നതിനുമുമ്പ് ഫോൺ കട്ടായി.
ഒരു കൊടുങ്കാറ്റ് ഇതുവഴി പോയതുപോലെ!
കിളിപോയി ഫോണും കയ്യിൽ പിടിച്ചിരുന്നുപോയി. അപ്പോഴേക്കും ചായകുടിച്ച് മറ്റുള്ളവർ വന്നു. വർക്കിൽ മുഴുകുമ്പോഴും മനസ് അസ്വസ്ഥമായി.
എന്തു പറ്റിയതാ ഇത്ര ദേഷ്യപ്പെടാൻ മാത്രം?  അതിനുമാത്രം ഞാൻ എന്തു ചെയ്തു ഒന്ന് ഫോൺ വിളിച്ചതല്ലേ വേറെ ഒരു തെറ്റും ചെയ്തില്ലല്ലോ.. അതിനിങ്ങനെ.. സങ്കടത്താൽ മിഴികൾ തുളുമ്പുംന്ന് തോന്നിയപ്പോൾ കടിച്ചുപിടിച്ച് മിഴികളിൽ തന്നെയിട്ട് വറ്റിച്ചു. സമയം പോകുന്തോറും  നെഞ്ചിൽ ഭാരം കൂടി വന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല എങ്കിലുംകൂടെയുള്ളവർ ചോദിക്കുമെന്ന്കരുതിഎന്തോ കഴിച്ചെന്നു വരുത്തി. തലവേദന തുടങ്ങിയിരുന്നു.
വിഷമം ആയാൽ ഇങ്ങനെആണ്. ഇനി ഒന്ന് വിളിച്ചു പിണക്കം മാറാതെ ശരിയാവില്ല.
എന്നും ഈ ലഞ്ച് ബ്രേക്കിൽ വിളിക്കാറുള്ളതാണ്. ഇന്ന് വിളിയില്ല അത്രയും ദേഷ്യം ആയിരിക്കും.
അങ്ങോട്ട്‌ വിളിക്കാൻ  ധൈര്യം കിട്ടുന്നുമില്ല.സമയം പോകുന്നു... പ്രതീക്ഷയോടെ മൊബൈലിൽ തന്നെ നോക്കിയിരുന്നു. ഇല്ല ഇന്നിനി വിളിക്കില്ല
കരച്ചിൽ വരുന്നുണ്ട് പക്ഷേ അടക്കി.  എന്തിനാ ഇത്രയും ദേഷ്യം ഞാനെന്ത് തെറ്റ് ചെയ്തിട്ടാണ്.ആലോചിക്കുംന്തോറും സങ്കടം കൂടി.

വീണ്ടും ഡ്യൂട്ടി ടൈം ആയി. ഒന്നിനും ശ്രദ്ധ കിട്ടുന്നില്ല. വൈകിട്ട് തീർക്കേണ്ടതാണ് കണക്കുകൾ ഒന്നും ശരിയാകുന്നില്ല കമ്പ്യൂട്ടർ കീബോർഡ് തല്ലിപ്പൊളിക്കാൻ തോന്നുന്നു അടുത്തിരിക്കുന്ന വൈഗചേച്ചി  നോക്കുന്നുണ്ട്
"എന്താടോ ഇന്നും പിണങ്ങിയോ നിന്റെ രാജകുമാരൻ? "
ഒന്നും മിണ്ടിയില്ല മറുപടി പറഞ്ഞാൽ കരഞ്ഞുപോകും കമ്പ്യൂട്ടറിൽ തന്നെ നോക്കിയിരുന്നു
" ഇപ്പോഴേ ഇങ്ങനെയെങ്കിൽ  മാര്യേജ് കഴിഞ്ഞാൽ എന്താകും ലച്ചൂ കൊള്ളാം!"
ഒരു വരണ്ട ചിരിയുതിർത്ത് മൗനം പാലിച്ചു.
പെട്ടെന്ന് ഫോൺ റിങ് ചെയ്തുതും ഒന്ന് ഞെട്ടി. വയറ്റിൽ ഒരു തീ ആളിക്കത്തിയതുപോലെ.
 'ലെറ്റ് മി ലവ് യു' അവന്റെ നമ്പറിനു  മാത്രമായുള്ള റിങ്ടോൺ ആണ്. തിടുക്കത്തിൽ മോബൈൽ എടുത്തു കൊണ്ട് റസ്റ്റ്‌ പ്ലേസിലേക്കു നടന്നതും  ബാലൻസ് തെറ്റി ഫോൺ താഴെ വീണു! ഈശ്വരാ ഗ്ലാസ് പൊട്ടിയോ. ടേബിളിനടിയിലേക്കു നിരങ്ങിപോയ മൊബൈൽ ഒരുവിധം കയ്യിലെടുത്തു. ഭാഗ്യം കുഴപ്പമില്ല!
പക്ഷേ അപ്പോഴേക്കും റിങ് നിലച്ചുകഴിഞ്ഞിരുന്നു.. ഇതികർത്തവ്യമൂഢയായി നിൽക്കുമ്പോൾ പെട്ടെന്ന് വീണ്ടും ഫോൺ ശബ്ദിച്ചു!  ഉടൻ കാതോട് ചേർത്തു.
" എന്താ ഫോൺ എടുക്കാതെ?  
"അത്...... " വാക്കുകൾ തൊണ്ടയിൽ തടഞ്ഞു .
"എല്ലാം വിപരീതമേ നീ ചെയ്യൂ! രാവിലെ  ഞാൻ വിളിക്കരുത് എന്ന് പറഞ്ഞപ്പോൾ വിളിച്ചു!എന്നിട്ട്  വിളിക്കേണ്ട സമയത്ത് വിളിച്ചും ഇല്ല! ഉച്ചക്ക് ഞാൻ വിളിച്ചില്ലഎങ്കിലും നീ വിളിക്കാറുള്ളതല്ലേ  എന്തുപറ്റിഇന്ന്?"
ഇപ്പോഴും കനത്തിൽതന്നെയാണ് സംസാരം
" ഞാൻ.. അത് ".... ശബ്ദം ഇടറി പോകുന്നു "നിന്റെ തൊണ്ടക്ക് എന്താ?"
" ഒന്നുമില്ല"
"പിന്നെ എന്താ വല്ലതും തുറന്നുപറഞ്ഞാൽ വായിൽ പഴം ആണോ?"
"ഞാൻ വിചാരിച്ചു.... വിളിച്ചാൽ ദേഷ്യപ്പെടുംന്ന് "
"ഉച്ചക്ക് വിളിക്കരുതുന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഏ?"
ആ ശബ്ദത്തിലെ ദേഷ്യം സങ്കടം കൂട്ടിയതേയുള്ളൂ
"...ഇല്ല"
" ഓഹ്"  അസ്വസ്ഥതയാർന്ന ശബ്ദം  
"നിന്റെ സൗണ്ട്ന് എന്താ പറ്റിയത്? ഒരുമാതിരി ഇടറികോടി പോകുന്നു?ആരെങ്കിലും  ചത്തോ ഇവിടെ ങേ? "
അതുകേട്ട് കരച്ചിൽ പുറത്തുവരാതിരിക്കാൻ വാ പൊത്തി പിടിച്ചു
"എന്തെങ്കിലും ഒന്നു പറഞ്ഞു തുലയ്ക്ക്  എനിക്കിവിടെ കുറെജോലി ഉണ്ട്. ഒത്തിരി തിരക്കിനിടയിൽ ഓടി വന്നു വിളിക്കുന്നതാണ്  അപ്പൊ അവളുടെ ഒരു ഓഞ്ഞ സെന്റിമെൻസും കണ്ണീരും!
കരയാൻ മാത്രം ഇപ്പോ എന്താ ഉണ്ടായേ?
ശരി ഞാൻ വെക്കുന്നു. ഇനി എന്നെ വിളിക്കണ്ട! വെറുതെ സമയം മെനക്കെടുത്താൻ!.."
നെഞ്ചിടം പറിയുന്നത് പോലെ തോന്നി.
"അതെ,  എന്നെ വിളിക്കുന്നതൊക്കെയല്ലേ ഇപ്പോൾ സമയം മെനക്കെടുത്തൽ...  മറ്റുള്ളവരുടെ അടുത്ത് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ..."
എന്റെ വാക്കുകൾ ഇടറി വീണു.
" ഏത് മറ്റുള്ളവർ? "
ഞാൻ മിണ്ടിയില്ല
"പറയെടീ"...നിന്ന് ചാടുകയാണ് അവിടെ.
"ആ അനില മംഗലത്തിനു വേണ്ടി ഇട്ട പോസ്റ്റ് ഞാൻ കണ്ടല്ലോ. ഞാൻ അവരെപ്പോലെ വലിയ ആളൊന്നും അല്ലാത്തതുകൊണ്ടാകും സമയമില്ലാത്തത് " ഒരുവിധം പറഞ്ഞൊപ്പിച്ചു.
മറുവശം മൗനം....

"എന്താ മിണ്ടാത്തെ?"
" നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല തെറ്റുപറ്റിയത് എനിക്കാണ്.....
പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ fbയിലെ കാര്യം പറഞ്ഞു എന്നോട് വഴക്കിടരുത് എന്ന്. ഛെ!
വേറെ വല്ലതും പറയാനുണ്ടോ? "
"ഞാൻ ചോദിച്ചതിനു മറുപടി തരാത്തതെന്താ എന്നോട് മിണ്ടാൻ നേരമില്ല പക്ഷേ.. "
" നിർത്ത്! ഞാൻപല പെണ്ണുങ്ങളുടെയും പോസ്റ്റിൽ പോകും! വേണ്ടിവന്നാൽ ചാറ്റ് ചെയ്യും! പലരേം പ്രേമിക്കുകയും ചെയ്യും നിനക്ക് വിശ്വാസമില്ലെങ്കിൽ ഈ പണി ഇന്നത്തോടെ നിർത്താം!
എന്താന്നു വെച്ച ആലോചിച്ച് പറ ഞാൻ പോകുന്നു!  എന്നെ ഇന്ന് വിളിച്ചു ശല്യപെടുത്തരുത് വിളിച്ചാൽ...തീരും ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധം!കേട്ടല്ലോ!"
" എ..എന്താ പറഞ്ഞെ?..  ശല്യപെടുത്തരുത് ന്നോ? ഞാനപ്പോൾ ശല്യമായി അല്ലേ? " തളർന്ന ഇടറിയശബ്ദത്തിൽ ചോദിച്ചു  .
"ആ അങ്ങനെ എങ്കിൽ അങ്ങനെ!...മറ്റുള്ളവരെ മനസിലാക്കാൻ കഴിയാത്തവർ ഒരു ശല്യം തന്നെയാ!
ശരി വെക്കുന്നു"
വാക്കുകളുടെ തീമഴ തോർന്ന് ഫോൺ നിശബ്ദമായി.

ശരീരം ഒരു അഗ്നിപർവ്വതം പോലെ പുകയുന്നു.
എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത് എല്ലാം നിർത്താംത്രേ! ശല്യമാണെന്ന്!...
എങ്ങനെ തോന്നി എന്നോട് ഇങ്ങനെ പറയാൻ..
ഇത്രമേൽ.....ഇത്രമേൽ സ്നേഹിച്ചിട്ടും....
തൊണ്ട വിങ്ങികഴക്കുന്നു...   നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ...  എന്നാലും എന്നോട് ഇങ്ങനെയൊക്കെ...
ചെന്നിയിൽ ഞെരമ്പുകൾ പിടയുന്നപോലെ  എവിടെയെങ്കിലും പോയിരുന്ന് കരഞ്ഞില്ലെങ്കിൽ...
വയ്യ ഒന്നിനും വയ്യ....

തിരിച്ചു സീറ്റിൽ വന്നു തലയ്ക്കു കൈതാങ്ങിയിരുന്നു. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ആകെ ഒരു മൂടൽ..
തല പൊട്ടിപൊളിയുന്ന പോലെ!
എന്തൊക്കെയോ തച്ചുടക്കാൻ വ്യഗ്രത..
ഇനി ഇരുന്നാൽ ശരിയാവില്ല!
"ഞാൻ പോകുവാ" പെട്ടന്ന് ബാഗ് എടുത്തു കൊണ്ട് എഴുന്നേറ്റു. വൈഗചേച്ചിയോട്  പറഞ്ഞു " തലവേദന" അവരുടെ അമ്പരന്ന മുഖം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് HRന്റെ  ക്യാബിനിലേക്ക് പോയി. സുഖമില്ല വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു സൈൻ ചെയ്തശേഷം പെട്ടന്ന് അവിടുന്ന് ഇറങ്ങി.

നല്ല വെയിൽ..ഭക്ഷണം ശരിക്കും കഴിക്കാത്തത് കൊണ്ട്  വിശന്നിട്ടു വയ്യ..
അതിനേക്കാൾ തളർച്ച മനസ്സിലായിരുന്നു. ആരെയും ജീവൻ കൊടുത്ത് സ്നേഹിക്കരുത്... എല്ലാം വലിച്ചെറിയാൻ ഒരു നിമിഷം മതി. പിന്നെ സ്നേഹമൊക്കെ ഒരു ശല്യമാകും..... കണ്ണുകൾ നിറഞ്ഞൊഴുകി ഇനി വിളിച്ചാൽ എല്ലാം അവസാനിക്കുമത്രേ!... അപ്പോൾ അത്രേയുള്ളൂ എല്ലാം....   എത്ര നിസ്സാരമാണുപ്രണയം!...ഇത്രയും .......
കരയാതിരിക്കാൻ ചുണ്ട്അമർത്തിപിടിച്ച് മുന്നോട്ട് നടന്നു.

പെട്ടന്ന് ഒരു ബൈക്ക് തൊട്ടു മുന്നിൽ ബ്രേക്ക്‌ ചെയ്തു "ഇതെവിടെ നോക്കിയാ നടക്കുന്നത്.. മര്യാദക്ക് നോക്കിനടന്നില്ലേൽ പടമാകും കൊച്ചേ" ബാക്കിൽ ഇരിക്കുന്ന ആൾ വിളിച്ചുപറയുന്നുണ്ട്. കേട്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടന്ന് ഒരു വിധം ബസ്റ്റോപ്പിൽ എത്തി.
 'ലെറ്റ് മി ലവ് യു' ബാഗിൽ ഫോൺ റിങ്‌ ചെയ്യുന്നു.ഹൃദയം ഒന്ന് പിടച്ചു... ഇനിയും വഴക്കു പറയാൻ ആയിരിക്കും. എടുക്കാതായപ്പോൾ വീണ്ടും വിളിക്കുന്നു തെല്ലുനേരംഫോണിലേക്ക് നോക്കിയശേഷം കാതോട് ചേർത്തു
 "ഫ്രീ ആണോ ഇപ്പോൾ ഓഫീസിൽ തിരക്കുണ്ടോ?"
മിണ്ടിയില്ല
"ഇതെവിടെയാ നീ?
 വണ്ടികൾ പോകുന്ന ശബ്ദം കേൾക്കുന്നു? "
" ഞാൻ... വീട്ടിലേക്ക് പോവുകയാണ്"
ഒരു നിമിഷം മൗനം...
" മം.. എന്തായാലും ഹാഫ് ഡേ ലീവ് എടുത്തതല്ലേ. ബസ്‌സ്റ്റോപ്പിലാണോ എങ്കിൽ നിൽക്ക് ഞാൻ ഇപ്പോൾ വരാം ഒരു 10 മിനിറ്റ്"
വാക്കുകളിൽ കനം തന്നെ.
എന്താണാവോ ഇപ്പോൾ ഇതുവഴി?
വെയിറ്റ് ചെയ്യാൻ പറ്റില്ല വീട്ടിൽ പോകണംന്ന്  പറയാമായിരുന്നു അപ്പോഴേക്കും ഫോൺ വച്ചില്ലേ. ഇത്ര വഴക്ക് പറഞ്ഞിട്ടും  സംസാരത്തിൽ ഒരു മാറ്റവുമില്ല.. കണ്ണുകളിൽ വീണ്ടും നീർ മൂടുന്നു  എന്തുപറഞ്ഞാലും കാണുമ്പോൾ കരയരുത്.

 12 മിനിറ്റ് കഴിഞ്ഞു...
ഒരു കാർ വന്നു ബസ്റ്റോപ്പിന് മുന്നോട്ടു നീക്കി നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.എന്താണ് ഇന്ന് കാറിൽ?  എവിടെയെങ്കിലും ദൂരയാത്ര പോകയാകും സന്ദേഹത്തോടെ അടുത്തേക്ക് ചെന്നു
"കേറ്! ബാക്കിൽ വണ്ടികൾ നിറയുന്നു"
"എങ്ങോട്ടാ?
" അന്റാർട്ടിക്കയിലേക്ക്! മുഖം വീർപ്പിച്ചു നിൽക്കാതെ ഇങ്ങോട്ട് കേറടി, ആൾക്കാർശ്രദ്ധിക്കുന്നു"
വേഗം കയറി.
മുന്നോട്ട് നീങ്ങുമ്പോൾ വീണ്ടും ചോദ്യ ഭാവത്തിൽ മുഖത്തേക്ക് നോക്കി, അത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുകയാണ്.
"എങ്ങോട്ടാണ് പറ"
"ഇപ്പോൾ പറയാൻ സൗകര്യമില്ല! വരാൻ ഇഷ്ടമല്ലെങ്കിൽ പറ ഇപ്പൊ ഇറക്കിവിടാം  മതിയോ? "
അതോടെ  ചോദ്യം മതിയാക്കി.
നനയുന്ന കണ്ണുകൾ കാണാതിരിക്കാൻ പുറത്തേക്ക് നോക്കിയിരുന്നു.
ഇടയിൽ റോങ്ങ്‌ കയറിവന്ന ഒരു ബൈക്ക് യാത്രക്കാരനെ കണ്ണ് പൊട്ടുന്ന ചീത്തയും പറഞ്ഞു.. അതോടെ മുഖത്ത് നോക്കാൻ പോലും പേടിയായി.

മുന്നോട്ടു പോകുന്തോറും മനസ്സിലായി ബീച്ചിലേക്കുള്ള വഴിയാണ്...
കാറ്റാടി മരങ്ങൾക്കിടയിൽ തണലോടു  ചേർന്നു കാർ നിന്നു. പുറത്തിറങ്ങിയപ്പോൾ  കടലിന്റെ മണമുള്ള ചൂടുകാറ്റിൽ വസ്ത്രങ്ങൾ പറന്നു പോകുന്നതു പോലെ തോന്നി. കടലിനെ അല്പനേരം നോക്കി മതിമറന്നുപോയി. " വാ അവിടെ ഇരിക്കാം" അവൻ മുന്നോട്ടു നടന്നുകഴിഞ്ഞു..  അപ്പോൾ ഫോൺ ബെല്ലടിച്ചു ആരോടോ  സംസാരിക്കുന്നു ഫ്രണ്ട് ആയിരിക്കും ഉച്ചത്തിൽ ചിരിയും സംസാരവും ഒക്കെ.. അപ്പോൾ ഇങ്ങനെ ചിരിക്കാനും സംസാരിക്കാനും ഒക്കെ അറിയാം എന്നോട് മാത്രം ഇങ്ങനെ വെട്ടുപോത്തിനെപോലെ എപ്പോഴും.
ഞാൻ മുഖംവീർപ്പിച്ചു വേഗം മുന്നോട്ട് നടന്ന് കാറ്റാടി മരങ്ങൾക്കിടയിൽ മുളകൊണ്ടുണ്ടാക്കിയ ഒരു ബെഞ്ചിൽ പോയിരുന്നു. അകലെ പൊട്ടുപോലെ ചില ആളുകളല്ലാതെ പരിസരത്തെങ്ങും ആരുമില്ല.മരങ്ങൾക്കിടയിൽ ഇപ്പോൾ നല്ല കുളിർമ്മയുള്ള കാറ്റ്. ഫോണിൽ ഇപ്പോഴും സംസാരം  തന്നെയാണ് ഇടക്ക് ഇടങ്കണ്ണിട്ട്  തന്നെ നോക്കുന്നത് കണ്ട് വേഗം നോട്ടം മാറ്റി. അപ്പോൾ എന്റെ ബാഗിലെ ഫോണും  ശബ്ദിച്ചു വേഗം എടുത്തു നോക്കി.വൈഗചേച്ചിയാണ് കമ്പ്യൂട്ടറിലെ ഒരു സംശയം ചോദിക്കാൻ ആണ്

 സംസാരിക്കുന്നതിനിടയിലാണ് അടുത്ത് വന്നിരിക്കുന്നത് അറിഞത്. ഫോൺ തിരികെ വെക്കുമ്പോൾ ചോദിച്ചു
"ആരാ വിളിച്ചത്? "
മുഖത്തുനോക്കാതെ ഒട്ടൊരു പരിഭവത്തോടെ മറുപടി കൊടുത്തു  "എനിക്കുമുണ്ട് കൂട്ടുകാരൊക്കെ"
" ആഹാ..ഗുഡ് നല്ല കാര്യം.
അത് പോട്ടെ എന്തിനാണ് ഇന്ന് പെട്ടെന്ന് ഹാഫ് ലീവെടുത്തു വീട്ടിലേക്ക് പോകാൻ ഒരുങ്ങിയത്?"
"എന്തിനാ ഇവിടെ വന്നേ അത് പറ"
മറുചോദ്യം കേട്ട് അവൻ എന്റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.
ഒരു പുഞ്ചിരി ഇപ്പോൾ  മുഖത്ത്.
"എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ ആകും അല്ലേ"?
ഒരു പൊട്ടിച്ചിരി!
"ഹഹ അവസാനിപ്പിക്കാനോ  അതിന്  നമ്മൾ തുടങ്ങിയിട്ടല്ലേയുള്ളൂ പെണ്ണേ! ഇനിയും എത്ര വഴക്കിടാൻ കിടക്കുന്നു അല്ലേ? "
ആ  ചിരി കണ്ടപ്പോൾ ദേഷ്യമാണ് വന്നത് "അതുകൊണ്ടാവും എന്നെ ഇന്ന് വിളിക്കണ്ട എന്ന് പറഞ്ഞത് ല്ലേ.. വിളിച്ചാൽ..എല്ലാം അവസാനിപ്പിക്കുംന്നും...ഞാൻ ശല്യമാണെന്നും..." തൊണ്ടയിൽ  ഉപ്പ്നീർതടഞ്ഞു വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല
കണ്ണീർ തെരുതെരെ ഇറ്റിറ്റുവീണു..  
പെട്ടെന്ന് അവൻ മുന്നോട്ടുവന്ന് എന്റെ അരികിലിരുന്നു.
"ദേ കരയരുത് പറഞ്ഞേക്കാം"
 അതോടെ അത്രനേരം കെട്ടിനിർത്തിയ സങ്കടതടയണകൾ എല്ലാം പൊട്ടിയൊഴുകി "എന്നാലും.... എല്ലാം നിർത്താം എന്ന് പറയാൻ തോന്നിയില്ലേ? എന്റെ സ്‌നേഹത്തിന്... ഇത്രേം വിലയെ ഉള്ളൂ ല്ലേ "
പുറംകൈകൊണ്ടു മിഴികൾ തൂത്തു ഞാൻ ഏങ്ങലടിച്ചു.  
"അമ്മൂസേ!.....എന്താ ഇത്? "
ആ വിളി  കൂടിയായപ്പോൾ സങ്കടം കൂടി
ഷാൾ കടിച്ചുപിടിച്ചു വിതുമ്പിക്കരയുമ്പോൾ അവൻ തോളോട് ബലമായി ചേർത്തുപിടിച്ചു
 "ഡാ..."
ഞാൻ മിണ്ടിയില്ല
"വിളികേൾക്കടാ പൊന്നേ"
മിണ്ടിയാൽ പിന്നെയും കരഞ്ഞുപോകും
" മ്...  "
"ഇങ്ങോട്ട് നോക്ക്"
അവൻ മുഖംപിടിച്ചുയർത്തി എന്റെ മിഴികളിലേക്കു നോക്കി
" എന്ത്‌ പാവമാ പെണ്ണെ നീ!"
അലിവുള്ള ഒരു ചിരി ഇപ്പോൾ മുഖത്ത്.
"നിന്റെയീ സ്നേഹമാ എന്നെ ജീവിപ്പിച്ചു നിർത്തുന്നത്.. നീയില്ലെങ്കിൽ ഞാനില്ല അറിയോ?" പറഞ്ഞു തീർന്നപ്പോഴേക്കും ആ മിഴികളിലെ ഞരമ്പുകൾ പിടയുന്നതും കണ്ണുകൾ ചുവക്കുന്നതും വിസ്മയത്തോടെ നോക്കിയിരുന്നു. എന്റെ മുഖം കൈകളാൽ അവൻ കവർന്നെടുത്തു
"എന്തിനാ പൊന്നു നീ ആഗ്രഹിക്കുംപോലെ സ്നേഹിക്കാനറിയാത്ത ഈ താന്തോന്നിയെ ഇങ്ങനെ  സ്നേഹിച്ചുകൊല്ലുന്നത് ? "
ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്കുതന്നെ നിന്നിർമേഷം നോക്കിയിരുന്നു. പിന്നെ  മുഖത്തെ കൈകൾ വകഞ്ഞു മാറ്റി ആ മാറിൽ പറ്റിച്ചേർന്ന് മുറുക്കെ കെട്ടിപ്പിടിച്ചു! മിഴികൾ കുതിച്ചൊഴുകി.

" മ്ഉം.. ഇത്രയേ ഉളളൂ എന്റെ പൊന്നു നീ! എന്നെ ഇങ്ങനെ സ്നേഹിക്കാൻ ഈലോകത്ത് നിനക്കേ കഴിയൂ ....."
അവൻ അരുമയോടെ മുടിയിൽ തലോടി.
"മതിയെടാ കരഞ്ഞത് വഴക്ക് പറഞ്ഞ സങ്കടമൊക്കെ തീർന്നില്ലേ
ഇനി നല്ല കുട്ടിയായി ചിരിച്ചേ"...
അണച്ചു പിടിച്ച് നിറുകയിൽ ഒരു സ്നേഹ മുദ്രണം! ഞാൻ അപ്പോൾ നനഞ്ഞ കണ്ണുകളുയർത്തി ഒന്നു പുഞ്ചിരിച്ചു.  അപ്പോൾ ആ മുഖം താഴ്ന്നു വന്നു... കണ്ണുകളിൽ ഒരു കുസൃതിച്ചിരി...നെഞ്ചിടം ഒന്ന് പിടച്ചു..  എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുമ്പ് ചുണ്ടുകളിൽ ചൂടുള്ള നനവ്!....
ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി
ഇതാണോ ജീവനുകൾ കൈവച്ചുമാറുക എന്ന്‌ പറയുന്നത്?
' Her lips on his could tell him better than all her stumbling words.' എന്നാണല്ലോ ചൊല്ല്. കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല... ശ്വാസം കിട്ടാതെ ഒന്ന് എങ്ങിയപ്പോൾ..ദുർബലമായ കൈകൾ കൊണ്ട് മെല്ലെ അവനെതള്ളിമാറ്റി...അകന്നുമാറി. പരിഭ്രമത്തോടെ വിറക്കുന്ന ചുണ്ടുകളോടെ ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ ഇതൊക്കെ ...
മുഖം പൊത്തി ചൂളിയിരുന്നു...
"പേടിച്ചു പോയോടാ?"
കൈവിരലിനിടയിലൂടെ ഒളിഞ്ഞുനോക്കി
അപ്പോൾ ചിരിച്ചുകൊണ്ട് ചെവിയിൽ ഒരു മന്ത്രണം പോലെ പറഞ്ഞു
"എന്തു മധുരമാ പെണ്ണെ നിന്റെ ചുണ്ടിന് "
നാണത്തോടെ മിഴികൾ പൊത്തി കുമ്പിട്ടിരുന്നു...
അപ്പോൾ ഒന്നുകൂടെ എന്നെ ചേർത്തുപിടിച്ചു

 "എനിക്കറിയാം എന്റെ പൊന്നു ഇന്ന് ഒത്തിരി സങ്കടപ്പെടും എന്ന് അതുകൊണ്ടാ ഓടിവന്നത്.. രാവിലെ മുതൽ ഒരു സമാധാനം ഇല്ലെടാ.. ഓരോ പ്രശ്നങ്ങൾ.. ഭ്രാന്ത് പിടിച്ചു നിൽക്കുവായിരുന്നു. ഇത്തിരി ആശ്വാസം കിട്ടാനാ ഓടിവന്നത്. അതിനിടയിൽ നീയും ഓരോന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നു.. ദേഷ്യം വന്നാൽ ഞാൻ എന്തൊക്കെയോ പറയാന്നു നിനക്ക് അറിഞ്ഞുകൂടെപൊന്നു?  നിന്റെ സങ്കടം നിറഞ്ഞ ശബ്ദം കേൾക്കുമ്പോൾ അതിലേറെ ടെൻഷൻ ആണ്... അത്  സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ ദേഷ്യപ്പെടുന്നത് അല്ലാതെ  സ്നേഹം ഇല്ലാഞ്ഞിട്ടല്ലല്ലോ അപ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നതാ  മനസ്സിൽ വെച്ചിട്ടല്ല അതൊന്നും...  നിനക്കും ഇതൊക്കെ അറിഞ്ഞുകൂടെ പൊന്നു ? "
ഞാൻ ആ കൈകൾ തലോടികൊണ്ട് മെല്ലെ ശിരസ്സാട്ടി..
" പിന്നെ ആ അനില മംഗലത്,  അതൊരു സുഖമില്ലാത്ത സ്ത്രീയാണ് പാവം!.. കുറെ നാളായി എന്നോട് പറയുന്നു ആ പുസ്തകത്തിന് ഒരു റിവ്യൂ എഴുതി കൊടുത്ത് സഹായിക്കണമെന്ന്. കുറച്ചുദിവസം മുൻപ് ഞാനൊന്ന്  എഴുതിവെച്ചിരുന്നു... പോസ്റ്റ് ഇടാൻ നേരം കിട്ടിയില്ല ഇന്നലെ രാത്രി ഒന്നുകൂടി അവർ വന്നു ഓർമ്മിപ്പിച്ചപ്പോൾ രാവിലെ തിരക്കിനിടയിലും ഓടിവന്ന്  ഇട്ടതാണ്"
" മതി അതൊന്നും സാരമില്ല.
ദേഷ്യം വന്നപ്പോൾ ഞാനും എന്തോ പറഞ്ഞു പോയതാണ്" ഞാൻ കുറ്റബോധത്തോടെ ആ തോളിൽ മുഖം ചേർത്തു.
" എന്തുണ്ടായാലും നീ അങ്ങനെ ഒന്നും പറയരുത്  അമ്മൂ...  
എനിക്ക് നിന്നെ കഴിഞ്ഞേ ഈ ലോകമുള്ളൂ..  നിന്നിലൂടെയാണ് ഞാൻ ജീവിക്കുന്നത്....ഏതുനിമിഷവും നിന്നിലൂടെയാണ് ഞാൻ കടന്നുപോകുന്നത്...   ജീവിതത്തെ ഞാൻ  ഇത്രയും സ്നേഹിച്ചത്..നീ വന്നതിൽ പിന്നെയാണ്...
ജോലിക്കിടയിൽ എത്ര ടെൻഷൻ ഉണ്ടായാലും നിന്റെ മുഖം ഒന്ന് ഓർത്താൽ മാത്രം മതി എനിക്ക്...അത്രയും എന്നിൽ നിറഞ്ഞുനിൽക്കുകയാണ് നീ....
എന്റെ ജീവനാണ് പൊന്നു നീ..."
കണ്ണുകളിൽ വീണ്ടും നീർ ഊറികൂടുന്നു
"മതി!" ഞാൻ ആ ചുണ്ടുകളിൽ കൈവിരലുകൾ ചേർത്തു തടഞ്ഞു..
പിന്നെ കൈകൾ എടുത്ത് എന്റെ കവിളിൽ ചേർത്തുവെച്ചു.. .  
"എനിക്ക് അറിയാലോ എല്ലാം"... തുടർന്ന് പറയാൻ ശബ്ദം അനുവദിക്കുന്നില്ല  നിറകണ്ണുകളോടെ ആ കൈകളിൽ വീണ്ടും തെരുതെരെ  ചുംബിച്ചു ....  
അപ്പോൾ ഉപ്പുമണം പേറിവന്ന അലസമാരുതൻ ഒരു കുസൃതിപാട്ടും മൂളി ഞങ്ങളെ വലയം ചെയ്തുകടന്നുപോയി...
കടൽതീരത്തെ ആ രാജധാനിയിൽ അപ്പോൾ ഞാനും എന്റെ രാജകുമാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ... മുന്നിൽ ആ പ്രണയ സാഗരവും.... 

 

കവിത വരലഷ്മി

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ