വിവാദങ്ങളുടെ അഗ്നിതേജസ്സ് : സ്വാമി അഗ്നിവേശ്

പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു. ഇന്നു വൈകിട്ട് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1939 സെപ്റ്റംബര്‍ 21ന് ഇന്നത്തെ ഛത്തീസ്ഗഢിന്റെ ഭാഗമായ ജന്‍ജ്ഗീര്‍ ചമ്പ ജില്ലയില്‍ ജനിച്ച വേപ്പ ശ്യാം റാവുവാണ് സംന്യാസം സ്വീകരിച്ച് സ്വാമി അഗ്നിവേശ് ആയി മാറിയത്.

ജാതിവിരുദ്ധ സമരങ്ങള്‍, തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനം, മദ്യവിരുദ്ധപ്പോരാട്ടം, സ്ത്രീകളുടെ അവകാശസമരങ്ങള്‍, ബാലവേല വിരുദ്ധ ബോധവല്‍ക്കരണം എന്നിവയിലൂടെയാണ് സ്വാമി അഗ്നിവേശ് ശ്രദ്ധേയനായത്.

വിശ്വാസികള്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതു പോലെ അത്യാഗ്രഹത്തിന്റെ മഹത്വപ്പെടുത്തലാണ് ആഗോളവല്‍ക്കരണം എന്നതിന് സ്വാമി അഗ്നിവേശിന്റെ ശ്രദ്ധേയ ഉദ്ധരണിയാണ്. കര്‍മ്മ എന്നത് നമ്മുടെ കര്‍മ്മകാണ്ഡം എന്ന അര്‍ത്ഥമില്ല എന്ന അദ്ദേഹത്തിന്റെ ഉദ്ധരണിയും ഏറെ ശ്രദ്ധേയം. ആര്യസമാജം ആഗോള അധ്യക്ഷനായിരിക്കുമ്പോളും സനാതന ഹിന്ദുത്വത്തെ സ്ഥാനത്തും അസ്ഥാനത്തും അതിശക്തമായി എതിര്‍ക്കുക എന്ന അദ്ദേഹത്തിന്റെ ശൈലി കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സംഘപരിവാറിന്റെ കടുത്ത ശത്രുവും നിതാന്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. അഗ്നിവേശ് കപട ആര്യസമാജക്കാരനാണെന്ന് സംഘടനയ്ക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റ് എന്നും ആക്ഷേപിക്കപ്പെട്ട അദ്ദേഹത്തെ 1995ല്‍ ആര്യസമാജത്തില്‍ നിന്നു പുറത്താക്കി.

നിയമത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുള്ള അഗ്നിവേശ് 1963 മുതല്‍ 68 വരെ കൊല്‍ക്കത്ത സെന്റ് സേവ്യര്‍ കോളേജില്‍ ബിസിനസ് മാനേജ്മെന്റ് അധ്യാപകനായിരുന്നു. 1968ല്‍ ജോലി ഉപേക്ഷിച്ച് ഹരിയാനയയിലലേക്കു പോയി. അവിടെ വച്ചാണ് ആര്യസമാജത്തില്‍ ചേര്‍ന്നതും സംന്യാസം സ്വീകരിച്ചതും. മരിക്കുമ്പോള്‍ അന്താരാഷ്ട്ര ആര്യസമാജത്തിന്റെ സ്വയംകല്‍പിത അധ്യക്ഷന്‍ ആയിരുന്നു.

ആര്യസഭ എന്ന സംഘടനയിലൂടെയാണ് രാഷ്ട്രീയ, സാമൂഹിക പരിവര്‍ത്തന ശ്രമങ്ങളിലേക്കു കടക്കുന്നത്. 1977ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് വിദ്യാഭ്യാസമന്ത്രിയായി. പിന്നീട് ബുദ്ധമുക്തി മോര്‍ച്ചയുടെ അധ്യക്ഷനായി. രാജ്യാന്തര അടിമത്ത വിരുദ്ധ സമിതിയുടെ പ്രതിനിധി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈദിക സോഷ്യലിസം, റിലീജിയണ്‍ റവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം, ഹിന്ദൂയിസം ഇന്‍ ന്യൂ ഏജ് എന്നിവ പ്രധാന കൃതികള്‍.

ലണ്ടന്‍ ആസ്ഥാനമായ രാജ്യാന്തര അടിമത്ത വിരുദ്ധ സമിതി പുരസ്കാരം(1990), സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രീഡം ആന്‍ഡ് റൈറ്റ്സ് അവാര്‍ഡ്(1994), രാജീവ്ഗാന്ധി സദ്ഭാവന പുരസ്കാരം(20040, റൈറ്റ് ലൈവ്ലി ഹുഡ് അവാര്‍ഡ്(2004), തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

വലിയ സാമൂഹിക പ്രവര്‍ത്തകനായിരുന്നെങ്കിലും ചില വിവാദസംഭവങ്ങളില്‍ തനി യാഥാസ്ഥിതിക നിലപാടും അഗ്നിവേശ് എടുത്തിട്ടുണ്ട്. വിശ്വഭാരതി സര്‍വകലാശാലയ്ക്കു കീഴിലെ സ്കൂള്‍ ഹോസ്റ്റലില്‍ കിടന്നുമുള്ളിയ കുട്ടിയെക്കൊണ്ട് വാര്‍ഡന്‍ കിടക്കവിരി പിഴിഞ്ഞ് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂത്രപാനം പാരമ്പര്യ ചികിത്സയാണെന്നും വിവാദം വേണ്ടെന്നുമായിരുന്നു സ്വാമി അഗ്നിവേശിന്റെ പ്രതികരണം.

സജികുമാർ കുഴിമറ്റം

 

 

 

 

 

 

 

 

 

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ