വേളിയിൽ മിനിയേച്ചർ ട്രെയിനും അർബൻ പാർക്കും ഇനി സഞ്ചാരികൾക്ക്

* തുരങ്കവും പാലവും കയറി പ്രകൃതിഭംഗികളിലൂടെ കുട്ടിത്തീവണ്ടി ചൂളമിടും
വേളി ടൂറിസ്റ്റ് വില്ലേജിനു പകിട്ടേകി ഇനി കുട്ടിത്തീവണ്ടിയും അർബൻ ആൻഡ് ഇക്കോ പാർക്കും. വേളി സന്ദർശിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇനി പൊഴിക്കര കായലോരത്തുകൂടി ചൂളം കുത്തി പായുന്ന 'ആവിവണ്ടി'യിൽ ചുറ്റിയടിക്കാം. അർബൻ പാർക്കിലിരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം.
ഹരിതാഭ ചൂഴുന്ന കായലും അതു സംഗമിക്കുന്ന നീലക്കടലും സുവർണ്ണശോഭയാർന്ന മണൽത്തീരവും ചെറുനീർത്തടങ്ങളും കണ്ടൽക്കാടുകളും വർണ്ണങ്ങൾ വിരിയിച്ചു നില്ക്കുന്ന പൂച്ചെടികളുമെല്ലാം കണ്ട്, അവയിൽ വിഹരിക്കുന്ന പക്ഷികളെ കണ്ട്, നീർത്തടാകത്തിനു മുകളിലെ പാലങ്ങളിലൂടെയും തുരങ്കത്തിലൂടെയും ആവിവണ്ടിയുടെ ഗൃഹാതുരസ്മരണയിൽ ഒരു യാത്രയാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യകാലതീവണ്ടിയുടെ കുട്ടിമാതൃകയിൽ ആവി എൻജിനും ബോഗികളും കൃത്രിമമായി പുകയും ശബ്ദവും ഒക്കെയായാണു ട്രെയിനിന്റെ രൂപകല്പന. ഈ അമ്യൂസ്‌മെന്റ് ട്രെയിൻ 24 ഇഞ്ച് (60 സെൻറീമീറ്റർ) ഗേജിലുള്ളതാണ്. രണ്ടു ജീവനക്കാരടക്കം 48 പേർക്കു സഞ്ചരിക്കാം. പരിശീലനം നേടിയ ജോലിക്കാരാണ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ആഴ്ചയിൽ എല്ലാദിവസവും സർവീസ് ഉണ്ടാകും.
ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തുതന്നെയാണ് ടിക്കറ്റ് കൗണ്ടർ. വേളി പാർക്കിന്റെ ഉൾപ്രദേശങ്ങളിലൂടെ 1.6 കിലോമീറ്റർ സഞ്ചരിച്ച് 40 മിനുട്ടിനകം ട്രെയിൻ തിരിച്ചെത്തും. ടൂറിസ്റ്റ് വില്ലേജിൽനിന്നു തുടങ്ങി ശംഖുകുളം ചുറ്റി കുട്ടികളുടെ പാർക്കിലൂടെ സഞ്ചരിച്ചു കായലോരത്തുകൂടി ഫ്ളോട്ടിങ് പാലത്തിലെത്തി കടലോരത്തുകൂടി ജില്ലാ പ്രൊമോഷൻ കൗൺസിലിന്റെ നീന്തൽക്കുളം ചുറ്റി തിരികെ വില്ലേജിലേത്തുന്നണു തീവണ്ടിയുടെ റൂട്ട്.
മൂന്നു ബോഗികളും എൻജിനും ഗാർഡ് റൂമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇന്ത്യൻ റെയിൽവേയുടെ കൽക്കരി വണ്ടിയുടെ മാതൃകയിലാണ്. ഇന്ത്യൻ റെയിൽവേക്ക് വേണ്ടി നാരോ ഗേജ് എൻജിനുകൾ നിർമ്മിക്കുന്ന ബംഗളൂരുവിലെ സാൻ എഞ്ചിനീയറിങ് ആൻഡ് ലോക്കോമോട്ടീവ്സ് ആണു ട്രെയിൻ നിർമിച്ചത്.


പുരാതനരീതിയിലുള്ള രണ്ടു മിനി റെയിൽവേ സ്റ്റേഷനും പണിതിട്ടുണ്ട്.  തുരങ്കവും കൃത്രിമമാണ്. കുളവും ലെവൽ ക്രോസിങ്ങും ഒരു വലിയ പാലവും രണ്ടു ചെറുപാലങ്ങളും ഇതിനായി നിർമ്മിച്ചു. കൂടാതെ ലെവൽ ക്രോസിങ്ങും സിഗ്നൽ സംവിധാനവും വാക്ക് വേകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിലും യൂറോപ്പിലും വെനീസ് മിനിയേച്ചർ ട്രെയിൻ എന്ന പേരിൽ പ്രസിദ്ധമായ ഇത്തരം ട്രെയിൻ കേരളത്തിൽ ആദ്യമാണ്. ട്രെയിനും റയിൽവേ സ്റ്റേഷനുകളും സിഗ്നലുമെല്ലാം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നുവെന്ന സവിശേഷതകൂടി എടുത്താൽ രാജ്യത്തുതന്നെ ആദ്യത്തേതും. പൂർണമായും പ്രകൃതിസൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്. ആവിപ്പുകപോലും മലിനീകരണം ഉണ്ടാക്കുന്നതല്ല. മിച്ചമുള്ള സൗരോർജ്ജം വൈദ്യുതിബോർഡിനു നല്കാനും കഴിയും.
ഒൻപത് കോടി രൂപ മുതൽമുടക്കുള്ള മിനി ട്രെയിൻ പദ്ധതി അണിയിച്ചൊരുക്കിയത് ടൂർ ഫെഡ്, ക്വയിലോൺ മിനിയേച്ചർ റയിൽവേ എന്നിവരുടെ സഹകരണത്തോടെ ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റി ആണ്.
വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിലവിലുള്ള പാർക്കും നടപ്പാതയും ചില വിനോദസ്ഥലങ്ങളും ഫ്ളോട്ടിങ് റെസ്റ്റോറന്റും പവലിയനുകളും വാണിജ്യ മേഖലകളും ശില്പങ്ങളും മറ്റു നിരവധി ഘടനകളും ഉൾപ്പെടുന്നതാണ് 4.99 കോടി രൂപ ചെലവു വരുന്ന വേളി അർബൻ പാർക്ക്.


ജലാശയത്തിൽ നിർമ്മിച്ച സ്റ്റേജോടുകൂടിയ, 250 പേർക്ക് ഇരിക്കാവുന്ന ആംഫിതിയേറ്റർ പ്രത്യേക ആകർഷണമാകും. ഗ്രാനൈറ്റ് കല്ലു പാകിയും ലാൻഡ്സ്‌കേപ് ചെയ്തും തടാകത്തിന്റെ ചുറ്റും മനോഹരമാക്കിമാറ്റിയിട്ടുണ്ട്. റഫ് കട്ട് ഗ്രാനൈറ്റ് കല്ല്, കരിങ്കല്ല്, വിവിധസ്പീഷിസിലുള്ള ചെടികൾ എന്നിവയാൽ ലാൻഡ്‌സ്‌കേപ്പും വളഞ്ഞ നടപാതകളും ഭംഗിയാക്കി.
പരമ്പരാഗതവും ലളിതവുമായ ശൈലിയിൽ തീർത്ത പ്രവേശനകവാടവുമൊരുക്കിയിട്ടുണ്ട്. അർദ്ധവൃത്താകൃതിയിലുള്ള പ്രവേശനകവാടത്തിന് ശേഷമുള്ള വിശാലമായ പ്ലാസ ഏരിയയും ബാക്കി ഭാഗങ്ങളും നിറയെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു. വേളി വില്ലേജിന്റെ ഭാഗമായ ഫെസിലിറ്റേഷൻ സെന്റർ അടക്കമുള്ള മറ്റു നിർമ്മാണങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Dec 22020
ചേരുവകൾ വെള്ളം- ഒരു കപ്പ് പഞ്ചസാര- 1/2 കപ്പ് നാരങ്ങാ നീര്- 1/4 ടീസ്പൂൺ കുങ്കുമപ്പൂവ് എസൻസ്- 1/2 ടീസ്പൂൺ വെർമിസെല്ലി- 150 ഗ്രാം