വീട്ടിൽ ഒരു അടുക്കളത്തോട്ടം

അടുക്കളയില്‍ പച്ചമുളക് ഉപയോഗിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പച്ചമുളകില്‍ നിരവധി രാസവസ്തുക്കളാണ് പ്രയോഗിച്ചിട്ടുള്ളത്. ഒന്നു മനസുവച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിഷ്പ്രയാസം വളര്‍ത്താവുന്ന വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ പച്ചമുളക് ധാരാളമായി ഉണ്ടാകും. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ പച്ചമുളക് ഇനങ്ങള്‍ നന്നായി വളരുന്നവയാണ്. ഗ്രോബാഗിലും പച്ചമുളക് നല്ല പോലെ വളരും.

ഒരു സെന്റ് സ്ഥലത്തേയ്ക്ക് 4-5 ഗ്രാം വിത്ത് വേണം. ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60 സെ. മീ അകലത്തില്‍ പറിച്ചു നടണം. നടുമ്പോള്‍ വെയില്‍ കൂടുതലുണ്ടെങ്കില്‍ തണല്‍ കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണും അതേ അളവില്‍ ചെകിരിച്ചോറും ചേര്‍ത്താണ് പച്ചമുളക് നടാന്‍ ഗ്രോബാഗ് തയാറാക്കേണ്ടത്. മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ബാഗില്‍ ചേര്‍ക്കണം. എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും 500 ഗ്രാമും ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ ട്രൈക്കോഡര്‍മയും ചേര്‍ക്കാം. വേരുചീച്ചില്‍, ഫംഗസ് രോഗം എന്നിവ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഇവയെല്ലാം ചേര്‍ത്ത് ബാഗിന്റെ 60-70 ശതമാനം നിറയ്ക്കുക. ഇതില്‍ നല്ല ഇനം തൈകള്‍ നടുക. മികച്ച തൈകള്‍ നഴ്‌സറികളില്‍ വാങ്ങാന്‍ ലഭിക്കും. നടുമ്പോള്‍ തന്നെ ചെറിയ നന നല്ലതാണ്. ഗ്രോ ബാഗ് തണലത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം. ടെറസിലാണ് ഗ്രോ ബാഗ് വയ്ക്കുന്നതെങ്കില്‍ കല്ലിനോ ഇഷ്ടികയ്‌ക്കോ മുകളിലാകണം.15 ദിവസം കൂടുമ്പോള്‍ പച്ചില കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പച്ച ചാണക മിശ്രിതത്തിന്റെ തെളിനീരൂറ്റി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് ധാരാളം പച്ചമുളക് ലഭിക്കാന്‍ സഹായകമാകുംരണ്ടു മാസത്തിനകം മുളക് തൈ പൂവിട്ടു തുടങ്ങും. രണ്ടു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്നു വിളവ് ലഭിക്കും. നാലു ഗ്രോ ബാഗില്‍ മുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് വേണ്ട മുളക് ധാരാളം ലഭിക്കും.

വഴുതന കൃഷി

മലബാറിലെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന തനതു നാടന്‍ വഴുതനയാണ് വേങ്ങേരി വഴുതന. കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സംഘടനയാണ് ഈ ഇനത്തെ കണ്ടെത്തി ജനപ്രിയമാക്കിയത്. 50 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വേങ്ങേരി വഴുതന രുചിയുടെ കാര്യത്തിലും മുന്നിലാണ്. സാധാരണ വഴുതനയ്ക്ക് ഉണ്ടാകുന്ന ചവര്‍പ്പ് വേങ്ങേരിക്കില്ല. നല്ല മാംസളമായ വഴുതനയുണ്ടാകുന്ന ഈ ഇനത്തിന് വയലറ്റ് നിറമാണ്.രുചിയും വലുപ്പവുമാണ് വേങ്ങേരിയുടെ പ്രധാന പ്രത്യേകത. നാടന്‍ ഇനമായതിനാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം വളരെ കുറവാണ്. ഒരു ചെടിയില്‍ നിന്നും അഞ്ച് വര്‍ഷം വരെ കായ്കള്‍ ലഭിക്കും. ചെടിയുടെ കൊമ്പ് മുറിച്ചു നട്ടാലും പുതിയ തൈ ലഭിക്കാറുണ്ട്. അടുക്കളത്തോട്ടത്തിലും ടെറസിലും നടാന്‍ പറ്റിയ ഇനമാണിത്.

സാധാരണ വഴുതന നടുന്ന രീതി തന്നെയാണ് വേങ്ങേരി വഴുതനയ്ക്കും. വിത്ത് പാകി വഴുതന തൈകള്‍ മുളപ്പിക്കാം. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് മൂപ്പെത്തിയ കായകളില്‍ ധാരാളം വിത്തുകള്‍ ഉണ്ടാകും. ഗ്രോ ബാഗ്/ചെടി ചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയില്‍ (ഇരുപതു ശതമാനം വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് (ഒരു തുണിയില്‍ വിത്തുകള്‍ കെട്ടി മുക്കി വെക്കാം).വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കണം, വെള്ളം നേരിട്ട് ഒഴിക്കാതെ തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരം വന്നാല്‍ മാറ്റി നടാം. ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കിയെടുക്കാം. വൈകുന്നേരമാണ് നടാന്‍ നല്ല സമയം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതമാണ് നല്ലത്. അടിവളമായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് 15 ദിവസം കൂടുമ്പോള്‍ ജൈവവളം ഇട്ടു കൊടുക്കാം. സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

 

നിത്യവഴുതന, പേരില്‍ മാത്രം വഴുതനയോട് ബന്ധമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. മനോഹരമായ പൂക്കള്‍ വിരിയുന്നതിനാല്‍ അലങ്കാര ചെടിയായും നിത്യവഴുതന വളര്‍ത്തുന്നു. പ്രത്യേകിച്ചു പരിചരണമൊന്നും വേണ്ടാത്ത ഈ ചെടിക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ വളര്‍ന്നു വരും. തോരന്‍, മെഴുക്കുപുരട്ടി / ഉപ്പേരി എന്നിവയുണ്ടാക്കാന്‍ അനുയോജ്യമാണ് നിത്യവഴുതന. ഗ്രാമ്പുവിന്റെ ആകൃതിയിലുള്ള കായ്കളാണ് വള്ളികളിലുണ്ടാകുക.സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് ഇവയ്ക്ക് പറ്റിയത്. ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം. ഒരുതടത്തില്‍ രണ്ടു തൈകളാണ് സാധാരണ നടാറുണ്ട്. കാര്യമായ വള പ്രയോഗം ഒന്നും തന്നെ ഈ ചെടിക്ക് ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഇല കൊണ്ടുള്ള പുതയിടല്‍ എന്നിവയാണു സാധാരണ വള പ്രയോഗം.. മട്ടുപ്പാവിലും ഗ്രോ ബാഗിലും വളര്‍ത്താം. സാധാരണ ഗ്രോ ബാഗ് തയാറാക്കുന്നതു പോലെ തന്നെ മതി നിത്യവഴുതനയ്ക്കും. പടരാനുള്ള സൗകര്യം ഒരുക്കണമെന്നു മാത്രം. ജൈവ വളമൊരുക്കാനും നിത്യവഴുതന ഉപയോഗിക്കാം. മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ന്ന് വെള്ളത്തിലിടുക. കായയ്ക്കുള്ളിലെ റെസിന്‍ എന്ന പശയടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ കാമ്പസുകളില്‍ നിത്യവഴുതനയുടെ വിത്ത് ലഭിക്കും.

പടവലം കൃഷി

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ് പടവലം. പടര്‍ന്നു പന്തലിച്ച് നന്നായി വിളവ് തരുന്ന പടവലം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവറ കൂടിയാണ്. ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ എന്നീ സമയങ്ങളാണ് പടവലം നടുന്നതിന് ഏറ്റവും അനുയോജ്യം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും പടവലം കൃഷി ചെയ്യാം. വിവിധ തരത്തിലുള്ള നിരവധി ഇനം പടവലങ്ങളുണ്ട്. കൗമുദി, ബേബി, TA19 എന്നീ ഇനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. ടെറസില്‍ ഗ്രോബാഗില്‍ വളര്‍ത്താനും പടവലം നല്ലതാണ്.വിത്ത് നേരിട്ട് പാകിയാണ് പടവലം കൃഷി ചെയ്യുക. ഒരു സെന്റില്‍ പടവലം കൃഷിചെയ്യുന്നതിന് 20 ഗ്രാം വിത്ത് ആവശ്യമാണ്. ഈ കണക്കനുസരിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടവലത്തിനായി നീക്കിവച്ചിട്ടുള്ള സ്ഥലത്തേക്കുള്ള വിത്തുകള്‍ ഒരുക്കണം. ഒരു സെന്റില്‍ പത്തുകുഴികള്‍ എടുത്ത് മൂന്നു സെ.മീ. ആഴത്തില്‍ വിത്തുകള്‍ നടാവുന്നതാണ്. ചെടികള്‍ക്കിടയില്‍ രണ്ടു മീറ്റര്‍ ഇടയകലം നല്‍കാനും ശ്രദ്ധിക്കണം. ഗ്രോബാഗിലും വിത്ത് നടാം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഗ്രോ ബാഗ് അധികം വെയിലു കൊള്ളിക്കരുത്. വള്ളി പടരാനുള്ള സംവിധാനമൊരുക്കി ടെറസിലും കൃഷി ചെയ്യാം. വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം. പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം.
നട്ട് 45-50 ദിവസത്തിനകം പടവലം പൂവിട്ടു തുടങ്ങും. 70-75 ദിവസത്തിനുള്ളില്‍ വിളവെടുപ്പും ആരംഭിക്കാം. ഇളം പ്രായത്തിലുള്ള കായ്കളാണ് ഉപയോഗിക്കാന്‍ നല്ലത്. മൂപ്പു കൂടിയാല്‍ കറിയാവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാതെ വരും.

ബജി മുളക് വീട്ടില്‍ കൃഷി ചെയ്യാം

തട്ടുകടയില്‍ നിന്നു നല്ല ചൂടും എരിവുമുള്ള മുളക് ബജി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും. ബജി മുളക് എന്നറിയപ്പെടുന്ന വലിയ മുളകു കൊണ്ടാണ് ഇതു തയാറാക്കുന്നത്. നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലും ബജി മുളക് വളര്‍ത്താവുന്നതേയുള്ളൂ. ഗ്രാബാഗിലും ചട്ടിയിലുമെല്ലാം ബജി മുളക് നന്നായി വളരും.മെയ്- ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ മാസങ്ങളാണ്് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം. ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനുമിതു സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്ന് ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സിലാകുമ്പോള്‍ ഗ്രോ ബാഗ് ആണ്കൃഷിക്ക് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്വെള്ള രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കുന്ന ഒരു കീടം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം. മൂന്നു മാസത്തിനുള്ളില്‍ വിളവ് എടുക്കാം

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ