തോറ്റസൈന്യത്തിന്റെ മുറിവേറ്റ പോരാളി

കാണാൻ ആഗ്രഹിച്ച പലരെയും ഒരിക്കൽ പോലും കാണാൻ അവസരം ലഭിക്കാത്ത ഒരാളാണ് ഞാൻ.
കണ്ടവരോടൊത്ത് ഏറെനേരം ഇരിക്കാനോ, ഒപ്പമിരുന്നവരോട് ഒരുപാട്നേരം മിണ്ടാനോ എനിക്ക് സാധിച്ചിട്ടില്ല.

ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ജോൺ എബ്രഹാം കോഴിക്കോട്ടെ ഒരു കെട്ടിടമുകളിൽ നിന്ന് വീണ് മരിക്കുന്നത്. പിറ്റേന്നത്തെ പത്രങ്ങളിൽ ആ വാർത്ത വായിച്ച് ഞാൻ വല്ലാതെ സങ്കടപ്പെട്ടു. എന്റെ ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളുടെയും പുസ്തകം പൊതിഞ്ഞിരുന്നത് നദിയാ മൊയ്തുവിന്റെ ചിത്രമുള്ള കടലാസു കൊണ്ടായിരുന്നു. അന്നത്തെ യുവത്വം ആരാധിച്ചിരുന്നത് അവരെയായിരുന്നു. അത് നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയും നാദിയ മൊയ്തു എന്ന നടിയും തരംഗമായി അലയടിച്ചിരുന്ന കാലമായിരുന്നു.

ജോൺ മരിച്ച പിറ്റേന്ന്, ഞാൻ എന്റെ എല്ലാ പുസ്‌തകപ്പൊതികളും കീറിമാറ്റി നദിയാ മൊയ്തുവിന് പകരം ജോൺ എബ്രഹാമിന്റെ അവിശുദ്ധ ചിത്രങ്ങൾ കൊണ്ടലങ്കരിച്ചു. കുട്ടികളും മാഷന്മാരിൽ ചിലരും എന്നെ പരിഹസിച്ചു ചിരിച്ചു. കുളിക്കാതെയും, പല്ലുതേക്കാതെയും, വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും കള്ളും കഞ്ചാവും അടിച്ച് വഴിയിൽ വീണുകിടക്കുന്നവനെ ആരാധിച്ചതിലായായിരുന്നു അവർക്ക് അമർഷവും പരിഹാസവും.

അവരാരും ജോണിന്റെ സിനിമകൾ കണ്ടിരുന്നില്ല, അയാളുടെ കഥകൾ വായിച്ചിരുന്നില്ല. പരിമിതമായ എന്റെ ജോണറിവുകൾ വെച്ച് അവരോട്
വാദിച്ചെങ്കിലുംഅവരുടെപൊട്ടിച്ചിരികൾക്കു മുന്നിൽ ഞാൻ തോറ്റുപിൻവാങ്ങിപ്പോയി.

പണ്ട് പണ്ട്... ആന്റണി ചാരായം നിരോധിക്കുന്നതിനും എത്രയോ മുമ്പ്, ക്രൗൺ തീയേറ്ററിന്റെ തൊട്ടപ്പുറത്ത് ഒരു ചാരായഷാപ്പുണ്ടായിരുന്നു.

ഒരു ഭാഗത്ത്‌ പേരുകേട്ട ടൗൺഹാളും, തൊട്ടുപിന്നിലായി ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയും, ക്രൗൺ തിയ്യേറ്ററും അടങ്ങിയ ഒരു അപ്രഖ്യാപിത സാംസ്കാരിക സമുച്ചമയമായിരുന്നു അവിടം.

കോഴിക്കോട്ടു പോകുമ്പോഴൊക്കെ ക്രൗണിൽ നിന്ന് ഒരു ഇംഗ്ലീഷ് സിനിമ കാണുക അന്നത്തെ എന്റെ പതിവായിരുന്നു. ഇംഗ്ലീഷ് സിനിമകളുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാൽ ആര് അഭിനയിക്കുന്നു, ആര് സംവിധാനം ചെയ്യുന്നു, എന്താണ് പേര് എന്നൊന്നും നോക്കാതെ ഓടിച്ചെന്നു ടിക്കറ്റെടുത്തു കാണാം എന്നുള്ളതാണ്. പോസ്റ്റർ പോലും നോക്കണമെന്നില്ല.

അങ്ങനെ ഒരു മാറ്റിനിക്ക് ടിക്കറ്റെടുക്കാൻ
വരി നിൽക്കുമ്പോൾ അതാ ചാരായഷാപ്പിൽ നിന്നിറങ്ങി വരുന്നു സാക്ഷാൽ ജോൺ എബ്രഹാം ! അയഞ്ഞ ജുബ്ബയിലെ മെലിഞ്ഞ ദേഹം കാറ്റത്തിട്ട് എരിയുന്ന സിഗരറ്റ് വിരലുകൾക്കിടയിൽ തിരുകി പ്രസിദ്ധമായ തന്റെ മന്ദഹാസം തൂകി അവിശുദ്ധ പ്രവാചകനെപ്പോലെ ജോൺ എന്നെക്കടന്ന് ആടിയാടി മുന്നോട്ട് നീങ്ങി.

ടൗൺഹാളിനു മുന്നിൽ നിന്ന് മാനാഞ്ചിറയുടെ ഓരത്തൂടെ അയാളും കൂട്ടുകാരും തോറ്റവരുടെ സൈന്യം പോലെ നടന്നുപോകുന്നത് ഒരുതരം വിസ്മയമരവിപ്പോടെ ഞാൻ നോക്കി നിന്നു.

സിനിമ കാണാൻ നിൽക്കാതെ ഞാൻ
ജോണിനെ തന്നെ നോക്കി സ്വയം മറന്നു. ഒരേ രൂപവും ഒരേ നിറമുള്ള തൂവലുകളുമുള്ള ഒരു കൂട്ടം പക്ഷികളെപ്പോലെ അയാളും സംഘവും മുട്ടായിത്തെരുവിന്റെ തിരക്കുകളിലെവിടെയോ നഷ്ടപ്പെടും വരെ ഞാനങ്ങനെ നിന്നനില്പിൽ നിന്നു.

അത് അമ്മ അറിയാൻ ഷൂട്ടിങിന്റ കാലമായിരുന്നു. പിന്നീടൊരിക്കലും ഞാനയാളെ കണ്ടിട്ടില്ല. അഗ്രഹാരത്തിലെ കഴുതയും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, ജോണിന്റെ ഒട്ടുമുക്കാൽ കഥകളും ഞാൻ അപ്പോഴേക്കും അറിഞ്ഞു കഴിഞ്ഞിരുന്നു.

നമ്മുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ, സിദ്ധാന്തങ്ങളെ ഒക്കെ രൂപപ്പെടുത്തുന്നതിൽ നമുക്ക് കാര്യമായ പങ്കൊന്നുമില്ല എന്നാണ് എന്റെ അനുഭവം. അത് മറ്റാരൊക്കെയോ നാമറിയാതെ നമ്മിൽ പണിയെടുത്ത് ഉണ്ടാക്കുന്നതാണെന്നാണ്.

ആ അർത്ഥത്തിൽ എന്റെ ജീവിതവീക്ഷണങ്ങളെ സിനിമകൊണ്ടും എഴുത്ത് കൊണ്ടും ജീവിതം കൊണ്ടും ചെറിയതോതിലെങ്കിലും സ്വാധീനിച്ച ആളായിരുന്നു ജോൺ എബ്രഹാം. അയാളെ കാണുക, അടുത്തിടപഴകുക എന്നതൊക്കെ എന്തോ അപകടമായി ആളുകൾ വിലക്കിയിരുന്ന അക്കാലത്ത്
അയാളോടൊപ്പം കുറച്ചു നേരം ഇരിക്കാനും മിണ്ടിപ്പറയാനും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപക്ഷേ നടന്നില്ല.

ജോൺ മരിച്ചപ്പോൾ അനുഭവിച്ച തീവ്ര ദുഃഖത്തിൽ നിന്നാണ് ഞാനെന്റെ ആദ്യ കവിത എഴുതിയത്. അന്നത് സച്ചിദാനന്ദൻ മാഷിന് അയച്ചുകൊടുക്കുകയും അദ്ദേഹം അതിൽ ചില തിരുത്തലുകൾ വരുത്തുകയും ചെയ്‌തത് ഓർമ്മയിലുണ്ട്.

ഇന്നും ഓരോ എഴുത്ത് പൂർത്തിയാക്കുമ്പോഴും അറിയാതെ ഞാൻ ജോണിനെ ഓർക്കും. കളങ്കമേൽക്കാത്ത അയാളുടെ മന്ദഹാസം കണ്ണിൽ കാണും.

കാലത്തിന്റെ ബോഗികൾ ഒരുപാടൊരുപാട് എന്നെക്കടന്നുപോയി.
കോഴിക്കോട്ടെ ആ ചാരായഷാപ്പ്‌ ഇന്നില്ല. ക്രൗണിൽ ഇപ്പോൾ എല്ലാ ഭാഷകളിലെയും സിനിമകൾ കളിക്കുന്നു. ടൗൺഹാളിലെ ചുമരിൽ പിന്നെയും കുറേ പ്രസിദ്ധരുടെ ചിത്രങ്ങൾ കൂടി തൂക്കപ്പെട്ടു. നഗരം കുറേക്കൂടി അച്ചടക്കവൽക്കരിപ്പെട്ട് സൗന്ദര്യം വർദ്ധിപ്പിച്ചു. വീതിയേറിയ രാജപാതയിലൂടെ ഇന്ന് ജോൺ നടക്കുന്നത് സങ്കല്പിക്കുകവയ്യ.

മുട്ടായിത്തെരുവിന്റെ മിനുക്കിയ ഉടലിൽ അയാൾ ഒരു മുഷിഞ്ഞ ആഭരണമാണ്.

അയാൾ തോറ്റ സൈന്യത്തിന്റെ മുറിവേറ്റ പോരാളിയായിരുന്നല്ലോ

എം.ബഷീർ

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg