സുരക്ഷയുടെ കൂടൊരുക്കി സർക്കാർ; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകൾ

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച എന്റെ കൂടിൽ അഭയം തേടിയത് പതിനായിരത്തിലധികം പേർ. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേർക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകൾക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കേന്ദ്രങ്ങൾ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും എന്റെ കൂട് വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് വനിതാ ശിശുവികസന വകുപ്പ്.
മുൻകാലങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ രാത്രിയിൽ എത്തുന്ന സ്ത്രീകൾക്ക് റയിൽവെസ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിലോ, പ്ലാറ്റ്ഫോമിലോ ഇരുന്നു നേരം വെളുപ്പിക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇത്തരം സാഹചര്യങ്ങളിൽ  എന്റെ കൂട് അവർക്ക് അനുഗ്രഹമായി മാറുകയാണ്. അതും പോലീസ് സുരക്ഷയോടെ നിർഭയം വസിക്കാവുന്ന തരത്തിൽ. വിദ്യർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്കും എന്റെ കൂട് പദ്ധതി അനുഗ്രഹമായിട്ടുണ്ട്.
2016ൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനു സമീപവും, 2018ൽ തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനൽ കെട്ടിടത്തിലുമാണ് എന്റെ കൂട് പ്രവർത്തനം ആരംഭിച്ചത്. രണ്ടു വാച്ച്മാൻ, മാനേജർ, രണ്ടു മിസ്ട്രസുമാർ എന്നിവർക്ക് പുറമെ രണ്ട് മൾട്ടി ടാസ്‌കിങ് സ്റ്റാഫുകൾ, ഒരു ക്‌ളീനിംഗ് സ്റ്റാഫ് എന്നിവരും എന്റെ കൂടിൽ ജോലി ചെയ്യുന്നു.  
 സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണ് സൗജന്യ താമസം നൽകുന്നത്. പ്രവേശന സമയത്ത്  സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസൽ ഹാജരാക്കണം. പ്രവേശന സമയം വൈകിട്ട് അഞ്ചു മുതൽ രാവിലെ ഏഴു വരെയാണ്. രാത്രി ഒൻപത് മണിക്ക്‌ശേഷം പ്രവേശനം അനുവദിക്കുന്നതിന് ആ സമയത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. വെളുപ്പിന് 3 മണി വരെ എത്തുന്നവർക്ക് സ്ഥല ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും. ഒരു മാസത്തിൽ ഒരാൾക്ക് പരമാവധി മൂന്ന് ദിവസത്തേക്കാണ് താമസം അനുവദിക്കുക. ഇത്തരത്തിൽ തുടർച്ചയായി മൂന്നു ദിവസം വരെ  ഈ സൗകര്യം വിനിയോഗിക്കാം. അടിയന്തിരസാഹചര്യങ്ങളിൽ മൂന്ന് ദിവസത്തിലധികം താമസിക്കേണ്ടി വന്നാൽ ഓരോ അധിക ദിവസത്തിനും 150 രൂപ നൽകണം. രാത്രി എട്ടു മണിവരെ പ്രവേശനം നേടുന്ന താമസക്കാർക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. പകൽ സമയം താമസം അനുവദിക്കില്ല.
ഒരേസമയം 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേൽനോട്ടത്തിലാണ് പദ്ധതി. സ്ഥാപനത്തിന്റെ പ്രവർത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ  directorate.wcd@kerala.gov.in എന്ന മേൽവിലാസത്തിലോ 0471-2346508 എന്ന ഫോൺ നമ്പറിലോ അറിയിക്കാം.

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped