സുഗത കുമാരി ടീച്ചർ

മരണാനന്തരം ആരേയും പുകഴ്ത്തണ്ടെന്നാണ് തീരുമാനിച്ചത്  . കാരണം ജീവിച്ചിരിയ്ക്കുമ്പോൾ കൊടുക്കാത്ത, (മനഃപൂർവമല്ലെങ്കിൽ കൂടി) എന്ത് നല്ല വാക്കുകളാണ് മരിച്ച ശേഷം പറയേണ്ടത്?
ആൾ മരണപ്പെട്ടു. ഇനി ആശ്വാസത്തോടെ ആളിന്റെ  നന്മകളുടെ കെട്ടഴിയ്ക്കാം.  പരേതർ കേൾക്കില്ലല്ലോ അറിയില്ലല്ലോ  എന്നുറപ്പുണ്ട്. ഇതാണ് പൊതുവെ  മനോഭാവം.
സുഗത കുമാരി ടീച്ചറുടെ കവിതകൾ ഒന്നും  ഞാൻ വായിച്ചിട്ടില്ല. അമ്പലമണികൾ, കൃഷ്ണാ നീയെന്നെ അറിയുന്നില്ല എന്നി കവിതകളെ കുറിച്ച്  കേട്ടിട്ടുണ്ടെന്നല്ലാതെ .  അവരുടേതെന്നല്ല അക്കാലങ്ങളിൽ പ്രസിദ്ധരായ മിക്കവരുടെയും കവിതകൾ വായിച്ചിട്ടില്ല.
 സച്ചിദാനന്ദന്റെ കവിതകളോടുള്ള ഇഷ്ടം പോലെ മറ്റൊന്നും ആകർഷിയ്ക്കാഞ്ഞതിന്റെ കാരണം എന്റെ മലയാളം പത്താം ക്‌ളാസിൽ വച്ച് നിന്നതാണ്.
(നാലാം ക്ലാസ് വരെ മാത്രം മലയാളം മീഡിയവും അതിന് ശേഷം മലയാളം  ഒരു രണ്ടാം ഭാഷയായി  മാത്രം പഠനം )
അത് വരെ ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, ആശാൻ, ഉള്ളൂർ, ഉണ്ണായി വാര്യർ തുടങ്ങിയവരുടെ കവിതക്കഷണങ്ങൾ  മാത്രമേ പഠിയ്ക്കാനുണ്ടായിരുന്നുള്ളു.
പിന്നെ ഒരു ദീർഘ കാലം മലയാളം  കവിതയിൽ നിന്ന് വേർപെട്ട്  നിന്നു.
അതിന് ശേഷം പൊങ്ങി വന്നപ്പോൾ,  കടമ്മനിട്ട   ഞങ്ങളുടെ  കോളേജിൽ വന്ന് കുറത്തി   പാടുന്നത് കേട്ടു. പിന്നെ മധുസുദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ പലയിടത്തും നിന്ന് കേട്ടു.
പിന്നെയും കുറേക്കഴിഞ്ഞു,  സച്ചിദാനന്ദന്റെ കവിതകളിലേയ്ക്ക് എത്താൻ.
വാരികകളിൽ വരുന്ന കവിതകളിൽ,  റഫീഖ് അഹമ്മദ്, സാവിത്രി രാജീവൻ, ഷിഹാബുദീൻ പൊയ്ത്തും കടവ്, ജിബ്രാൻ തുടങ്ങിയവരിലേയ്ക്ക് ഇഷ്ടവും  വായനയും  ഒതുങ്ങി.
 മലയാളം തുടർപഠനത്തിന്റെ അഭാവമാവാം പ്രധാന കാരണം.
പക്ഷേ,
സുഗത ടീച്ചറിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾ..  സൈലന്റ് വാലി പുഴകൾ  , മറ്റ് കാടുകൾ  ഉൾപ്പെടെയുള്ള  പ്രകൃതി സംരക്ഷണങ്ങൾക്ക്  വേണ്ടി നടത്തിയ പോരാട്ടങ്ങൾ  വായിച്ചിരുന്നു.
പിന്നെ  ആശ്രയമറ്റ  പെൺകുട്ടികൾക്ക് വേണ്ടിയുള്ള അഭയ.  ശ്രദ്ധിച്ചിരുന്നു.
ശരിയാണ്. 'പെണ്ണും മണ്ണും ' ആണ് ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയമായിട്ടുള്ളത്.
അപ്പോഴും ഇപ്പോഴും  അവരുടെ രാഷ്ട്രീയ നിലപാടുകൾ എന്തെന്ന് അന്വേഷിച്ചിട്ടില്ല. അറിയേണ്ട ആവശ്യമില്ല. അത് ഒരാളെ പൂർണ്ണമായും  അളക്കാനുള്ള മുഴക്കോലല്ല.
പക്ഷേ, രണ്ട് ദിവസം മുൻപ്  ഒരു  പത്രത്തിൽ വന്ന അവരുടെ  മലയാളിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ  ശരിയായി തോന്നി .
'മലയാളിയെക്കുറിച്ച് എനിയ്ക്ക് ഒരു അഭിമാനവുമില്ല.
 അവനവന്റെ കുടിവെള്ളം സംരക്ഷിയ്ക്കാനറിയാത്തവർ,
ഭാഷ സംരക്ഷിയ്ക്കാനറിയാത്തവർ, പെണ്മക്കളെ   സംരക്ഷിയ്ക്കാനറിയാത്തവർ,
 സ്വർണ്ണത്തിന്റെയും സാരിയുടെയും പരസ്യങ്ങളുടെ പിറകെ പോകുന്നവർ,
 വർഗീയതയെ മുൻപെങ്ങുമില്ലാത്ത വിധം വരിയ്ക്കുന്നവർ,
മലയാളിയ്ക്ക് ബുദ്ധിയും കഴിവുമൊക്കെ ഉണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്.
 ഒന്നിനെയും വകവെയ്ക്കില്ല, ഒന്നിനോടും ബഹുമാനമില്ല,
 നിയമം പാലിയ്ക്കുന്നത് മോശമാണെന്ന ധാരണയുണ്ട്.
 പിന്നെ മദ്യത്തോടുള്ള ആസക്തി, സ്വർണ്ണത്തോടുള്ള ആർത്തി,.....
 ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയല്ല ആകേണ്ടത്......'
ദീർഘ കാലം പരിസ്ഥിതി, സ്ത്രീ വിഷയങ്ങളോട് അടുത്തിടപെട്ട അവരുടെ നിരീക്ഷണങ്ങളിൽ ചിലതാണ് മേല്പറഞ്ഞവ. അതിനോട് യോജിക്കുന്നു.

ഗംഗ.എസ്

 

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ