സാമൂഹ്യ സേവനം 

കുറേ നാൾ കൂടിയാ  മെട്രോയിൽ കേറുന്നത് - എല്ലാവരും മൊബൈലിൽ മുഖം പൂഴ്ത്തിയാണിരിപ്പ്. എന്താണാവോ ഇത്രയ്ക്കു കാണാനുള്ളത്? ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ആയിരിക്കും. സ്റ്റെതസ്കോപ്പും ഫിറ്റ് ചെയ്തിരിക്കുന്നവർ പാട്ടു കേൾക്കുവാകാം. ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ? വീട്ടിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും പണി. വീട്ടിൽ ഞാൻ കാണുന്നതല്ലേ :12 മണിയായാലും അനുവും രാജിയും ഫോണിൽ തോണ്ടിക്കൊണ്ടിരിക്കും. പഠിക്കുന്ന രവിക്കു കൂട്ടിരിക്കുന്നതാണെന്നാ ഭാവം! അതിനല്ലേ ഞാനിരിക്കുന്നത്! . ഈ വക സമൂഹ മാധ്യമങ്ങൾ ഒക്കെ കുറച്ച് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ഇക്കാര്യം പറഞ്ഞു  ഫേസ് ബുക്കിൽ ഒരു പോസ്റ്റ്  ഉടനെ ഇടണം. കഴിഞ്ഞ പോസ്റ്റിനു ലൈക്കും ഷെയറും കുറച്ചു കുറവായിരുന്നു. മോദിയെ ചീത്ത പറഞ്ഞ പോസ്റ്റ് നന്നായി സ്കോർ ചെയ്തായിരുന്നു. 

ഓരോരുത്തർ തിരിഞ്ഞും, മറിഞ്ഞും കെട്ടിപ്പിടിച്ചും ഒക്കെ സെൽഫി ഇട്ടേക്കുന്നു. ഇവർക്കൊന്നും ഒരു പണീം ഇല്ലേ? ഓ, എന്റെ പ്രൊഫൈൽ പിക് മാറ്റിയില്ലല്ലോ. വിനു വിന്റെ കൂടെയുള്ളത് തരക്കേടില്ല അതു തന്നെ ഈയാഴ്ച  ഇട്ടേക്കാം. 

ദേ എന്ത് മാത്രം വീഡിയോയാ യുട്യൂബിൽ! ഒരുത്തൻ ഷോക്ക് അടിച്ച വീടിന്റെ മോളീന്ന് വീഴണ വീഡിയോ വൈറൽ ആയിട്ടുണ്ട്... അതുപോലെ മരടിൽ ഫ്ലാറ്റുകൾ പപ്പടം പോലെ പൊടിഞ്ഞമരുന്നതും പൂച്ചക്കുഞ്ഞ് മെട്രോ തൂണിൽ കുരുങ്ങിയതും അതിനെ രക്ഷിച്ചു പേരിട്ടതും ഒക്കെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.

ഷോക്കടിച്ച കാര്യം പറഞ്ഞപ്പോഴാ ഓർത്തെ... ഈ മാസത്തെ കറണ്ട് ബില്ല് അടച്ചില്ലല്ലോ? അതും ലാന്റ്ഫോൺ ബില്ലും ഓൺലൈൻ ആയി അടച്ചേക്കാം. ചെറുക്കന്റെ പണി അത്രയും കുറയട്ടെ! ഇതൊക്കെ പഠിപ്പിച്ചു തന്നതു വെറുതെയാക്കണ്ട.

ഭഗവാനേ !വാട്സ് ആപ്പിൽ 80 മെസേജോ? അഞ്ചു മിനിറ്റായില്ലല്ലോ നോക്കീട്ട്? ആർക്കും ഒരു പണീം ഇല്ല. അത്ര തന്നെ. മൊത്തം 20 ഗ്രൂപ് ഉണ്ട്. എല്ലാത്തിന്റേം അഡ്മിൻ ആയി ഇരിക്കുന്നത് ഒരു ഗമ തന്നെയാ. അയ്യോ! ആ  സുന്ദരിപ്പെങ്കൊച്ച് "ഹരിവരാസനം " പാടുന്നത് ഗ്രൂപ്പിലേക്കെയല്ലാം ഒന്നു ഫോർവേഡ് ചെയ്തില്ലല്ലോ. അത് വിജയ് യേശുദാസിന്റെ മോളെന്ന വാർത്ത തെറ്റാണെന്നും കൂടി അറിയിക്കാം. അമേയയ്ക്ക് ഇത്ര പ്രായമായിട്ടില്ല..

ആർക്കോ ധനസഹായം വേണമെന്ന്. ഇവിടെ ഒരു കോടി ചെരിപ്പ് നല്ലതു  മേടിക്കാൻ കാശില്ലാത്ത കൊണ്ട് ആമസോണിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഇട്ടിട്ട് ആ പ്രോഡക്റ്റ് തീർന്നു പോയി. അതിന്റെ സങ്കടം ആർക്കെങ്കിലും പറഞ്ഞാൽ മനസ്സിലാകുമോ?

മെസ്സഞ്ചറിൽ എത്ര മെസ്സേജാ? ഗുഡ് മോർണിംഗ് ആണ് കൂടുതൽ. പൂക്കളും, ബൊക്കേയും, സ്റ്റിക്കറും ദൈവങ്ങളും ആകെ കൂടി ബഹളമയം 1 എന്നാലും മറുപടി അയച്ചേക്കാം. അല്ലേൽ അയച്ചവർക്ക് എന്ത് തോന്നും? ...

വീട്ടിൽ ചെന്നാൽ കഴിക്കാൻ ഒന്നും ഉണ്ടാവില്ല. രാവിലെ പോന്നതല്ലേ?സ്വിഗ്ഗിയിൽ കേറി ഒരു ഷവർമ ഓർഡർ ചെയ്യാം. സോമാറ്റോ ഭയങ്കര താമസം ആണ്. യൂബർ ഇറ്റ്സ് സർവീസ് മഹാ മോശം. സാറിന് 2ചപ്പാത്തിയും കുറുമയും പ്രകാശന്റെ കടേന്നു വാങ്ങാം. അതാണിഷ്ടം!

മകൻ ഒഎൽ എക്സിൽ ബുള്ളറ്റിന്റെ കുറച്ച് അനുസാരികൾ വിൽക്കാൻ ഇട്ടിരുന്നു. ആരും കൊത്തിയിട്ടില്ല എന്നു രാജിയോടു പറയുന്നത് കേട്ടു. എങ്ങനെ വിറ്റു തീർക്കുമോ? പൈസ കുറഞ്ഞാലും വേണ്ടില്ല ആരേലും വാങ്ങിയാൽ മതി എന്നാണവന്റെ നിലപാട്. ഈ വിൽക്കലും വാങ്ങലും തന്നെ അവന് തൊഴിൽ. അവന്റെയും അയൽപക്കത്തെ പിള്ളേരുടെയും പാർസലുകൾ വാങ്ങി വാങ്ങി എന്റെ കൈ  കുഴഞ്ഞു. fb യിൽ രസമായി വല്ലതും കണ്ടിരുക്കുമ്പോഴാകും കോളിംഗ് ബൽ!! ദേഷ്യം വരാതിരിക്കുമോ."മകനായിപ്പോയി..... -- .കെട്ട്യോനാണേൽ.. " എന്ന സിനിമാഡയലോഗ് മനസ്സിൽ പറഞ്ഞു കൊണ്ട് കതകു തുറക്കും. മനസ്സിന്റെ കതകു പേലെ തന്നെയാ നഗരങ്ങളിൽ പുരയുടെ കതകും !അടച്ചു  കുറ്റിയിടണം!

ഹോ  സ്റ്റോപ്പ് എത്തി. ഇപ്പോഴും ഇവരെല്ലാം ഫോണിൽത്തന്നെ. ഞാനിറങ്ങട്ടെ. വീട്ടിൽചെന്നാൽ ഉടനെ ഫേസ്ബുക്കിൽ Post  ഇടണം. അത് ഒരു സാമൂഹ്യ സേവനം കൂടെ ആണല്ലോ. എത ശിഷ്യരാ എന്റെ പോസ്റ്റിനു  കാത്തിരിക്കുന്നത്!

 

സരസമ്മ .കെ .നായർ

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment