രണ്ടു പെൺകുട്ടികൾ

(എട്ടും പത്തും വയസ്സുള്ള
എട്ടും പൊട്ടും തിരിയാത്ത )

അമ്മേ ,
ഇവിടെ ഞങ്ങൾ
സ്വസ്ഥം
സുഖം.

അതിരും
വിലക്കും
പട്ടിണിപ്പേടിയും
വിശപ്പിന്റെ വ്യാധിയും
ഇച്ചീച്ചി, ഉവ്വാവ് ഏതുമേയില്ല.
നിഴൽ പോലുമില്ലാത്ത
നിലം തൊട്ടുമുട്ടാത്ത
അഴലുകളാം വെറും
ആത്മാക്കൾ ഞങ്ങൾ.

അമ്മേ,
ഇവിടെ ഞങ്ങൾ
സ്വസ്ഥം
സുഖം

അരൂപികൾക്കാശ്രയം
കയറോ കത്തിയോ
കിണറോ പുഴയോ
അറിഞ്ഞിട്ടിനിയെന്ത് ?
ക്വത്വയോ
കിളിമാനൂരോ
ദേശവും ഭാഷയും
പകുത്തിട്ടിനിയെന്തിന് ?

നേരത്തേയാവാമാരുന്നു
പറഞ്ഞിട്ടു പോരാമാരുന്നു
ആ പാവ കൂടി എടുക്കാരുന്നു
അമ്മക്ക്‌ ഒരുമ്മ കൂടി തന്ന്
അച്ഛനോടൊരു വാക്ക് മിണ്ടി..
എന്നിട്ടാവാമാരുന്നു.

അമ്മേ
സത്യം !
ഇവിടെ ഞങ്ങൾ
സ്വസ്ഥം
സുഖം.

 

ബിന്ദു രാമചന്ദ്രൻ