പ്രിയേ, നീയെന്ന വാസന

നോവലൈറ്റ്  -2

ലിഗ്രേ ചെറുനാണത്താൽ നാല്പാമരത്തിരിപോലെ സ്വയം വാസനിച്ചു. "എന്താണവളുടെ പേര്? മുത്തച്ഛൻ ചോദിച്ചു. അയാൾ പറഞ്ഞു:
"മെലീസ, വാസനിക്കുമ്പോൾ ഒരാൾ തനിക്കു കിട്ടിയ പ്രഥമ ചുംബനമോർമ്മിക്കുംവിധം വശ്യമായൊരു സുഗന്ധ തൈലമാണ് അവൾക്ക് ആവശ്യം."
"മിടുക്കിതന്നെ അവൾ." മുത്തച്ഛൻ പൊട്ടിച്ചിരിച്ചു. പിന്നെ ചോളം വിളഞ്ഞു ശിരസ്സു കുനിച്ചുനില്ക്കുന്ന പാടത്തേക്കിറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് വിരിച്ച് മുഖം ആകാശത്തേക്കുയർത്തി കണ്ണുകൾപൂട്ടി സാവധാനം നടന്നു. പാടവരമ്പിൽനിന്നു കാണുമ്പോൾ അതൊരു കൂറ്റൻ പറവയാണെന്നവിധം ലിഗ്രേയിൽ ആ ദൃശ്യം അടയാളപ്പെട്ടു.
"കണ്ണടക്കൂ..."
തിരിച്ചെത്തിയ അയാൾ ലിഗ്രേയോടു പറഞ്ഞു. ലിഗ്രേ അനുസരിച്ചു. കൈത്തണ്ടകളിൽപ്പറ്റിയ ഇളംമഞ്ഞുതുള്ളികൾ അയാൾ ലിഗ്രേയുടെ മൂക്കിനുമുന്നിലേക്കു നീട്ടിക്കൊണ്ടു പറഞ്ഞു:
"സാവധാനം ശ്വാസം
അകത്തേക്കെടുക്കൂ." ലിഗ്രേ അനുസരിച്ചു. മൂക്കിൻതുമ്പിൽനിന്നും ഹൃദയത്തിലേക്ക് ചോളക്കതിരുകളിൽപ്പുരണ്ട മഞ്ഞുനനവിന്റെ ഗന്ധം പരന്നു.
"ലിഗ്രേ... കണ്ണുകളടച്ച് ഇനിയുമിനിയും ദീർഘമായി ശ്വാസം  അകത്തേക്കെ ടുക്കൂ... എന്നിട്ട് പരിലസിതഗന്ധത്തിൽ തനിച്ചിറങ്ങിനടക്കൂ... ഞാൻ ഗ്രിഗറി ലിഗ്രേ... നിന്റെ മുത്തച്ഛൻ. എഴുപതു കഴിഞ്ഞ വൃദ്ധൻ. പിന്നിട്ട എഴുപതുവർഷങ്ങളുടെ സാക്ഷ്യത്തിൽ ഞാൻ പറയും നീയിപ്പോൾ അനുഭവിക്കുന്നത് ഏകാന്തതയുടെ ശുദ്ധഗന്ധമാണ്. ഒരാൾ അനുഭവിക്കുന്ന ഏകാന്തത എന്നത് ഭൂതകാലവുമായി അയാൾ നടത്തുന്ന യുദ്ധങ്ങളാണ്. ഈ ഗന്ധത്തിൽ എന്റെ പാരീസുണ്ട്. ജിപ്സികളായ കലാകാരന്മാരാൽ നിറഞ്ഞ ആ തെരുവുകളുടെ ഗന്ധമുണ്ട്. അവിടെനിന്നിങ്ങോട്ടുള്ള യാത്രയുടേയും യാതനയുടേയും ഗന്ധങ്ങളുണ്ട്. ഒറ്റ അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് ആത്മാക്കളുടെ സാന്നിദ്ധ്യമുണ്ട് ലിഗ്രേ... നിനക്ക് അകത്തേക്കെടുക്കാവുന്ന ഏറ്റവും ദീർഘമായ ശ്വാസമെടുക്കൂ... തീരെ ചെറിയൊരു യാത്രയിലല്ല നമ്മളിപ്പോൾ."
ലിഗ്രേ, അതനുസരിച്ചു. ശ്വാസത്തിനൊപ്പം അകത്തേക്ക് അലയടിച്ചുപതയുന്ന ഗന്ധത്തിൽ അയാൾ അമ്മയേക്കണ്ടു. അമ്മൂമ്മയേക്കണ്ടു. സദാ പുഞ്ചിരിക്കുന്ന മുഖമുള്ള അച്ഛനേക്കണ്ടു. ഇതേ ചോളവയലിൽനിന്നും കൊയ്തെടുത്ത ഇടവിളകളുമായി ആഴ്ചച്ചന്തയിലേക്കുള്ള യാത്രയിലാണ് ട്രാക്റ്റർ മറിഞ്ഞ് മൂന്നുപേരുടേയും ജീവിതം അവസാനിച്ചത്. കണ്ണടച്ചുള്ള അതേനില്പിൽ ലിഗ്രേ, കൂടുതൽക്കൂടുതൽ ശ്വാസം ഉള്ളിലേക്കെടുത്തു.
അയാളുടെ മുടിയിഴകളേത്തഴുകാനെത്തിയ കാറ്റിലും ചോളവും മഞ്ഞും കൂടിക്കുഴഞ്ഞ ഗന്ധമുണ്ടായിരുന്നു.
ഗ്രിഗറി അയാളെ ഗാഢമായ ഒരാലിംഗനത്തിൽ ചേർത്തു തളച്ചു. അതേ നില്പിൽ അയാളോർത്തു, മുത്തച്ഛനിങ്ങനെ ഈ വയലിലൂടെ ഒരു പറവയായി അലയുന്നത് പല വട്ടം കണ്ടിട്ടുണ്ട്. ആ നടപ്പിന്റെ ഒരു സെൽഫ് പോട്രേറ്റ് മുത്തച്ഛൻ വരച്ചിട്ടുമുണ്ട്. അന്നേരമൊക്കെ  മുത്തച്ഛൻ സ്വയം അനുഭവിച്ചു കൊണ്ടിരുന്നത് നഷ്ടങ്ങളുടേയും ഏകാന്തതയുടേയും ഖേദക്കനപ്പുകളാണെന്ന് അറിഞ്ഞതേയില്ല. ലിഗ്രേ മുത്തച്ഛനെ അതിഗാഢമായി ചേർത്തുപിടിച്ചു. വിറയാർന്നു വീഴാൻതുടങ്ങുന്ന വൃദ്ധനിൽ അതൊരു താങ്ങുവേരുപോലെ പടർന്നു.
തിരിച്ചു നടക്കുമ്പോൾ ഗ്രിഗറി പറഞ്ഞു:
"സുഗന്ധങ്ങൾക്കൊരു സത്യമുണ്ട്. ഏകാഗ്രതയും വ്രതവും തെറ്റിക്കരുത്.  ചോളപ്പാടക്കരയിലുള്ള നമ്മുടെ ആ കുടിലുപയോഗിച്ചോളൂ, നിന്റെ ആ പ്രിയപ്പെട്ട വാസന വാറ്റുവാൻ. താക്കോൽ, ചുവരിലെ ആണിയിലെങ്ങോ തൂങ്ങിക്കിടപ്പുണ്ട്."
താക്കോലുതേടി അകത്തേക്കു കയറിയ ലിഗ്രേ ചുവരിൽ പൊടിപിടിച്ചു കിടക്കുന്ന 'മുത്തച്ഛൻപറവ'യുടെ ചിത്രം കണ്ടു. അയാളതിന്റെ പൊടിപടലങ്ങളിലൂടെ വിരലോടിച്ചു. ചോളക്കതിരിൽ വീണ മഞ്ഞുമാത്രമല്ല അതിൽ ഇത്തിരി നനഞ്ഞ മണ്ണുകൂടിച്ചേർന്ന ഗന്ധമാണ് ഏകാന്തതയെ അത്രമേൽ ത്രസിപ്പിക്കുക എന്ന് മൂന്നാത്മാക്കൾ അയാളോട് ആണയിടുന്നതുപോലെ ലിഗ്രേക്കു തോന്നി. 

തുടരും, 

ധർമ്മരാജ്  മടപ്പള്ളി

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍