പൂപ്പാവാട

സ്കൂൾ ആനിവേഴ്സറി എന്നാൽ
ആനിക്കു തൊണ്ട പൊട്ടുന്ന നോവാണ്!
ചുവപ്പിലും, പച്ചയിലും, നീലയിലും
വർണ്ണ ചിറകുള്ള ഉടുപ്പുകളിൽ ..
ചന്തത്തിൽ പൂമ്പാറ്റകളാവുന്ന കൂട്ടുകാരികൾ !
രണ്ടുടുപ്പല്ലേആനിക്കുള്ളു   !
യൂണിഫോം ഉടുപ്പും,
പിന്നെ
പള്ളിയിലും, അമ്മവീട്ടിലും, ചന്തേലും
ഒക്കെയിട്ടിട്ടു മഞ്ഞച്ചു, പിഞ്ചിയ
എളേപ്പന്റെ കൊച്ചിന്റെ
കുർബാന കൈകൊള്ളപ്പാടിന്റെ  വെള്ളയുടുപ്പും !
ചാച്ചനുണ്ടാരുന്നപ്പോ എന്തോരം ഉടുപ്പാരുന്നു
ചുവപ്പിൽ പൂവുള്ള,
പച്ചയിൽ പൊട്ടുള്ള
വെള്ളി ചിറകുള്ള,
അങ്ങനെ അങ്ങനെ...
കറുകറുത്ത ആനി
അതെല്ലാമിട്ട്  ഓടിക്കളിക്കുമ്പോ
എന്റെ മാലാഖ കുഞ്ഞേന്ന് ചാച്ചൻ  നീട്ടി വിളിക്കും
അതോർക്കുമ്പോ
ആനിക്കു കരച്ചിൽ വരും !
അമ്മച്ചി തയ്യ്ക്കാൻ പോകുന്ന കടയിൽ
അമ്മച്ചി തയ്ച്ചിടുന്ന
സ്വർണ്ണ ലേസ് വച്ച ഉടുപ്പുകൾ
ഹൊ എന്തൊരു ഭംഗിയാണ് !
അതൊന്നും ചെളിയാക്കല്ലേ കൊച്ചെന്നു
അമ്മച്ചി ദേഷ്യപ്പെടും  
എന്നാലും ആനി തൊട്ടുനോക്കും !
അല്ലേലും ചാച്ചൻ മരിച്ചേ പിന്നെ
അമ്മച്ചിക്ക്
എന്തിനും ഏതിനും ദേഷ്യമാണ് !
കയ്യെത്തുന്നിടത്തു കണ്ണെത്തണ്ടേ
കണ്ണെത്തുന്നടത്തു കൈയ്യെത്തണ്ടേ
അമ്മച്ചിക്ക് പിറുപിറുപ്പാണ്‌, ഓട്ട തിരക്കാണ് !
 എന്നിട്ടും എന്തിനാവോ
ആരോ വേണ്ടാന്ന് വച്ച തുണികൊണ്ട്
മിനുസമുള്ള മഞ്ഞ പൂ പാവാടയും,
വെട്ടുതുണികൊണ്ടു ചുവന്ന ബ്ലൗസും
 അമ്മച്ചി ആനിക്കും തയ്ച്ചത് !
ഇത്തവണ സ്കൂൾ ആനിവേഴ്സറിക്കു
മഞ്ഞ ചിറകിൽ ആനി !
തൊട്ടും, തലോടിയും
അമ്മച്ചി കാണാതെ ഇട്ട്
ചന്തം നോക്കിയും.....
എല്ലാരും അതിശയിക്കും,
തൊട്ട്‌ നോക്കും !
ഹൊ എന്ത് രസമായിരിക്കും !
കാത്ത് കാത്ത് അതിട്ട്  
സ്കൂളിലേക്കുള്ള വഴിയേ
കൊതിച്ചു കൊതിച്ചു തുള്ളിച്ചാടി ഇങ്ങനെ !
വർണ്ണ ചിറകുകൾക്കിടയിൽ  
 സൂര്യകാന്തി പോൽ തിളങ്ങുമ്പോൾ...
"ഇതെന്ത് കോലമാണെന്റെ ആനിയെ..
ഈ പെലമഞ്ഞ , മഞ്ഞ കൂരി പോലെ ഉണ്ടല്ലോ "!
എന്ന് സിസ്റ്റർ ആഗ്നെസ് പറയുമ്പോ
"അല്ലേലും ഇവറ്റോള് അങ്ങനെ തന്നെ
ജാത്യാലുള്ളത് തൂത്താൽ പോകോ.. "
 സിസ്റ്റർ ലിസ്യൂ ഏറ്റു പിടിക്കുമ്പോ
പിള്ളേര് കൂട്ട ചിരി ചിരിക്കുമ്പോ
വെള്ള ചിറകുവച്ച ദൈവവും,
വെളുത്ത മാലാഖമാരും
ആനിയുടെ തലയിൽ നിന്നിറങ്ങി പോകുമ്പോ
നിങ്ങൾക്കറിയുമോ പിന്നീടൊരിക്കലും
നിറങ്ങളുടെ തുമ്പിച്ചിറകിൽ
 ആനി പറന്നിട്ടേ ഇല്ലന്ന്!
ഒരിടത്തും തലയുയർത്തി,
ഒച്ചയിൽ മിണ്ടിട്ടെ  ഇല്ലന്ന്...
നിറം മങ്ങിയല്ലാതെ അവൾ ജീവിച്ചിട്ടേ ഇല്ലന്ന് !
സൂര്യകാന്തികൾ ഒഴിഞ്ഞു പോയ വഴികൾ പിന്നെ
തളിർത്തതെ ഇല്ലന്ന്.......

ലിഷ ജയൻ

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 232020
ചേരുവകൾ 1. തക്കാളി - ഒരു കിലോ ഗ്രാം 2. പുളി - 50 ഗ്രാം 3. ഉപ്പ് - പാകത്തിന് 4. മഞ്ഞള്പ്പൊരടി - അര സ്പൂൺ 5. ഉലുവാപ്പൊടി - 1 സ്പൂണ്‍