പെണ്ണായി പിറക്കുന്ന ഓരോ പ്രതിഭയും മനുഷ്യവംശത്തിന് നഷ്ടപ്പെടുന്നു

സ്വന്തമായി ഒരു മുറി എന്ന ആശയത്തിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിയാൻ ഈ ലോക്ക് ഡൗൺ കാലം നമുക്ക് അവസരം തന്നിട്ടുണ്ട്. ഒരുപക്ഷേ quarantine എന്ന വാക്ക് ഇത്രമേൽ സർവസാധാരണമാകുന്നതിന് മുൻപ് പലരും അതേക്കുറിച്ച് അത്ര ഓർത്ത് കാണില്ല.
 ജീവിതത്തിലും സാഹിത്യത്തിലും കലയിലും അങ്ങനെ കാലഘട്ടങ്ങൾ സ്വയം അടയാളപ്പെടുത്തുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയ്ക്കുള്ള കാലഘട്ടം സാഹിത്യത്തിൽ മഹാവിഷാദത്തിന്റെ കയ്യൊപ്പിട്ടു. അതിനെ തുടർന്ന് വന്ന ആധുനിക കാലത്തിലേക്കുള്ള കടവ് മാനസിക സംഘർഷങ്ങളുടെയും തുടർന്നുള്ള വിപ്ലവങ്ങളുടെയും അടയാളങ്ങളായി .
ഈ കാലഘട്ടത്തിലാണ് വിർജിനിയ വൂൾഫ് എന്ന എഴുത്തുകാരിയുടെ കടന്നുവരവ്. സ്വാഭാവികമായും അന്നത്തെ വ്യവസ്ഥിതിയോടുള്ള കലഹങ്ങളായിരുന്നു അവരുടെ എഴുത്തുകൾ.
 അവരുടെ Collection of essays  പഠിക്കാൻ ഉണ്ടായിരുന്നുവെങ്കിലും പഠന ശേഷമുള്ള വായനയിലാണ് പതിവ് പോലെ അതിന്റെ ഉൾക്കാമ്പ് പിടി കിട്ടിയത്.  1928 ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്ക് കീഴിലുള്ള രണ്ട് കോളേജുകളിലായി വൂൾഫ് അവതരിപ്പിച്ച രണ്ട് പ്രബന്ധങ്ങൾ അവരുടെ A Room of ones own എന്ന ഉപന്യാസ ഗ്രന്ഥമാവുകയായിരുന്നു.
സ്‌കൂളിൽ പഠിക്കാൻ പോലും അനുവാദമില്ലാതിരുന്ന പെൺകുട്ടികൾ ഉള്ള വീട്ടിൽ നിന്നാണ് വിർജിനിയ വൂൾഫ് വളർന്നത്. പ്രബന്ധമവതരിപ്പിക്കാൻ സ്റ്റേജിൽ കയറിയ എഴുത്തുകാരി, പഠിക്കാനുള്ള അവസരമെങ്കിലും കിട്ടിയ അവിടത്തെ വിദ്യാർത്ഥിനികളെ അഭിനന്ദിച്ചു. ശേഷം, പ്രതിഭയുള്ള കുറച്ചു സ്ത്രീകളിൽ അവർ നടത്തിയ ഗവേഷണഫലങ്ങളെ കുറിച്ച് ഒരു കഥയെഴുത്തുകാരിക്കു മാത്രം സ്വന്തമായ കയ്യടക്കത്തോടെ  അവതരിപ്പിച്ചു. അത് പിന്നീട് വർഷങ്ങൾക്ക് ശേഷം ലോകമെമ്പാടും ഉയർന്ന് വന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി.
വൂൾഫിന്റെ രചനകൾ സാമ്പ്രദായിക രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ആഖ്യാന ശൈലിയാണ്. Stream of consciousness എന്ന വളരെ സ്വാഭാവികമായ രീതിയാണ് അവർ അവലംബിക്കുന്നത്. അതേ ഒഴുക്ക് തന്നെയാണ് 'സ്വന്തമായൊരു മുറി' എന്ന non fiction ലും കാണാൻ കഴിയുക എന്നതിനാൽ ഫിക്ഷൻ വായനക്കാർക്കും ഈ പുസ്തകം പ്രിയപ്പെട്ടതാകുന്നു.
"പെണ്ണായി പിറക്കുന്ന ഓരോ പ്രതിഭയും മനുഷ്യവംശത്തിന് നഷ്ടപ്പെടുന്നു" എന്ന സ്റ്റെന്താളിന്റെ അഭിപ്രായത്തോടുള്ള ഐക്യദാർഢ്യമാണ് ഈ രചനയുടെ സത്ത. എന്തുകൊണ്ട് എങ്ങനെ ആ പ്രതിഭ സമൂഹത്തിന് ഉപകാരപ്പെടാതെ പോകുന്നു എന്ന് ജെയിൻ ഓസ്റ്റിൻ, ജെയിംസ് ജോയ്സ്, ആനി ഫിഞ്ച് തുടങ്ങിയ എഴുത്തുകാരിലൂടെയും അറിയപ്പെടാത്ത പല സ്ത്രീകളിലൂടെയും വൂൾഫ് നടത്തിയ യാത്രയാണ് ഈ ഗ്രന്ഥം.
സ്വസ്ഥമായി ഇരുന്ന് ചിന്തിക്കാൻ, എഴുതാൻ, വരയ്ക്കാൻ സ്വന്തമായി ഒരു മുറിയും അത്യാവശ്യം സാമ്പത്തിക ഭദ്രതയും ഉള്ള ഒരു സ്ത്രീക്ക് മാത്രമേ ഒരു നല്ല സർഗസൃഷ്ടി നടത്താനാവൂ എന്ന വൂൾഫിന്റെ കണ്ടെത്തലാണ് ഈ പുസ്തകത്തിന്റെ കാതൽ. എഴുത്തിന്റെ തുടർച്ച നഷ്ടപ്പെടൽ, Writer's Block  എന്ന അലങ്കാരവാക്കിൽ ഒതുങ്ങാത്ത വരണ്ട മൗനം, നിരന്തരമായ  മാനസിക സംഘർഷങ്ങൾക്കും കടുത്ത ചില തിരഞ്ഞെടുപ്പുകൾക്കും ശേഷമുള്ള അവളുടെ രണ്ടാം വരവ് തുടങ്ങിയ ഇന്നത്തെ ചില പ്രതിഭാസങ്ങളുടെ പോലും മിന്നലാട്ടങ്ങൾ ഈ പുസ്തകത്തിൽ കാണാം
എന്തിന് സ്ത്രീ തന്നെ എഴുതണം..എന്ന ചോദ്യം ഉയരുന്നതിനുള്ള വൂൾഫിന്റെ ഉത്തരങ്ങളും ഇതിലുണ്ട്. യുദ്ധം ചെയ്യാത്ത ബ്രെഹ്റ്റും നെരൂദയും മയ്ക്കോഫ്‌സ്‌കിയുമൊക്കെയാണ് ഒരുപക്ഷേ ഹോചിമിനേക്കാളും ചെഗുവേരയേക്കാളും വിപ്ലവമെന്ന ആശയത്തെ സമൂഹത്തിലേക്ക് എത്തിച്ചത് എന്നൊരു യാഥാര്ഥ്യം നമുക്ക് മുന്നിൽ തന്നെയുണ്ടല്ലോ.
പരിചിതമല്ലാത്ത ഇത്തരം ആശയങ്ങൾ അന്നത്തെ വായനക്കാരിലേക്ക് ഇറക്കി വയ്ക്കാൻ വൂൾഫ് എന്ന കഥാകാരി ഷേക്സ്പിയരുടെ സഹോദരി എന്ന ഒരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചു. ജൂഡിത്ത് എന്ന ആ പെണ്കുട്ടിക്ക് ഷേക്സ്പിയറിന് ലഭിച്ച ലാറ്റിൻ വിദ്യാഭ്യാസമോ നാടകം കാണാൻ പോവാനുള്ള അനുവാദമോ ലഭിച്ചില്ല. അവൾ എഴുതാനോ ചിന്തിക്കാനോ ആരംഭിച്ചാൽ അവളെ കറിക്ക് അരിയാനും പാത്രങ്ങൾ കഴുകി വയ്ക്കാനും വീട്ടുകാർ പറഞ്ഞയച്ചു. അവളുടെ ആത്മപ്രകാശനങ്ങൾ വെറും നേരംപോക്കുകളോ ചിത്ര തുന്നലുകളോ ആയി പരിഹസിക്കപ്പെട്ടപ്പോൾ അവൾ അത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയോ കീറി കളയുകയോ ചെയ്തു. അതൊന്ന് സൂക്ഷിച്ചു വയ്ക്കാൻ സ്വന്തമായി ഒരു മുറിയോ അലമാരയോ പോലും അവൾക്കില്ലായിരുന്നു.
പുസ്തകത്തിന്റെ അവസാനഭാഗത്ത് വൂൾഫ് ഇങ്ങനെ എഴുതുന്നു..
"സിഡ്‌നി ലീ എഴുതിയ കവിയുടെ ജീവിതചരിത്രത്തില്‍ അവളെ തിരയരുത്. അവള്‍ ചെറുപ്പത്തിലേ മരിച്ചു—-ഹാ കഷ്ടം, അവള്‍ ഒരു വാക്കുപോലും എഴുതിയില്ല. എലിഫന്റ് ആന്‍ഡ് കാസിലിനെതിര്‍വശത്ത് ഇന്ന് ഓമ്‌നി ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലാണ് അവളെ സംസ്‌കരിച്ചത്. കവലയില്‍ സംസ്‌കരിക്കപ്പെട്ട, ഒരു വാക്കുപോലുമെഴുതാത്ത ആ കവയത്രി ഇപ്പോഴും ജീവിക്കുന്നുവെന്നാണ് എന്റെ വിശ്വാസം. അവള്‍ നിങ്ങളിലും എന്നിലും ജീവിക്കുന്നു, പാത്രങ്ങള്‍ കഴുകുന്നതുകൊണ്ടും കുട്ടികളെ ഉറക്കുന്നതുകൊണ്ടും ഈ രാത്രി ഇവിടെ എത്തിച്ചേരാന്‍ കഴിയാതെപോയ മറ്റു സ്ത്രീകളിലും പക്ഷേ, അവള്‍ ജീവിക്കുന്നു; മഹാകവികള്‍ക്കു മരണമില്ല; നിരന്തരമായ സാന്നിധ്യങ്ങളാണവര്‍; നമുക്കിടയില്‍ സജീവമായി നടക്കാനുള്ള അവസരം മാത്രമാണ് അവര്‍ക്കാവശ്യം…."
50 ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ പുസ്തകം മലയാളത്തിലും ലഭ്യമാണ്.

ശ്രീജ രാമൻ

 

 

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍