പെങ്ങൾ ഡാ

കുരിശുപള്ളിയിൽ നിന്നും സന്ധ്യമണി കേട്ടതും അമ്മച്ചി പണിയൊതുക്കി, കത്തിച്ച മെഴുക് തിരിയ്ക്ക് മുന്നിൽ ഞങ്ങളെ വിളിച്ചു മുട്ടിമേൽ നിർത്തി സന്ധ്യ പ്രാർത്ഥന തുടങ്ങി...
സ്വർഗ്ഗസ്ഥനായ പിതാവേ...
ചൊല്ലുമ്പോൾ എന്റെ ശ്രദ്ധ ഇറയത്തെ മഞ്ഞ ബൾബിനു അടുത്തേയ്ക്ക് നീങ്ങുന്ന ആ തവിട്ടൻ പല്ലിയിൽ ആയിരുന്നു, കണ്ണുകൾ ബൾബിനുചുറ്റും വട്ടമിട്ടുപറക്കുന്ന ഇയ്യാംപാറ്റകളിലും.

നിമിഷാർദ്ധത്തിനുള്ളിൽ രണ്ടുചിറകുകൾ മാത്രം നിലത്തേക്കുവീഴുന്ന കണ്ടപ്പോൾ ഒരുപാട് സംശയങ്ങളാണ് മനസ്സിൽ തോന്നിയത്. മേരിടീച്ചർ പഠിപ്പിച്ചപോലെ നാവുനീട്ടിയായിരിക്കുമോ അവനാ ഇയ്യാനെ കൊന്നുതിന്നത്??
അങ്ങനെയെങ്കിൽ എന്തേ അവൻ നാക്കുനീട്ടുന്നത് എനിക്ക് കാണാൻ കഴിഞ്ഞില്ല??
അതുമല്ല പല്ലിവരുന്നത് തന്നെ തിന്നാനാണെന്നു ഇയ്യാന് അറിയാവുന്നതല്ലേ എന്നിട്ടും അവനെന്തേ ഒഴിഞ്ഞുമാറിയില്ല? രക്ഷപെടാൻ ശ്രമിച്ചില്ല?
ഇനിയവൻ അറിഞ്ഞിട്ടും രക്ഷപെടാതെ നിന്നതാകുമോ? പുലരുംവരെ ആയുസ്സില്ലെന്നറിഞ്ഞുകൊണ്ട് സ്വയം ഭക്ഷണമായി മാറിയതാകുമോ? ....

ചിന്തകൾ മനസ്സിൽക്കയറിയപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവ് നാവിലെത്തിയില്ല, കൂർത്ത നഖങ്ങൾ കൊണ്ട് ഉള്ളംതുടയിൽ നുള്ളുകിട്ടുന്നവരെ.. അതവളാ, എന്റെ ചേച്ചി.. ഇന്നുമിന്നലെയൊന്നും തുടങ്ങിയതല്ല ഈ ആക്രമണം, ഒരുപാടുനാളുകളായി. പ്രർത്ഥനക്കിരിക്കുമ്പോളാ കൂടുതൽ ശല്യം. കന്യാസ്ത്രീയാകാൻ പോകുന്നതിന്റെ കെറുവായിരിക്കും.

ഒരുദിവസം പിറന്നെങ്കിലും സെക്കന്റുകളുടെ വ്യത്യാസത്തിൽ എന്റെ കടിഞ്ഞൂലവകാശം കൊണ്ടുപോയവൾ.. അവക്കെന്താ എന്നെ പേരുവിളിച്ചാൽ, എടാ ചെക്കാ എന്നെ വിളിക്കൂ, ഏതാണ്ട് വല്യേച്ചിയെപ്പോലെ. ഞാനവളെ ചേച്ചിയെന്നു നീട്ടിവിളിക്കണം അല്ലേ പിടിച്ചുമാന്തും.. അമ്മയും അവളുടെ ഭാഗത്താ വീട്ടിലെ ഏക ആന്തരി ഞാനല്ലേ, വലുതാകുമ്പോൾ കുടുമ്പം നോക്കേണ്ടത് ഞാനല്ലേ എന്നൊള്ള ചിന്തയൊന്നും അവർക്കില്ല.. എനിക്കും ഒരവസരം വരും, അന്നിതിനെല്ലാം പകരം വീട്ടണം അന്നത്തെ രാത്രിമുഴുവൻ മനസ്സിൽ ഇതായിരുന്നു ചിന്ത.

രാവിലെയെണീറ്റു കിണറ്റിങ്കരയിൽ നിന്നും തണുത്തവെള്ളം കോരിയൊഴിക്കുമ്പോൾ ഒട്ടും കുളിരുതോന്നിയില്ല, എനിക്കറിയാമായിരുന്നു ഇന്നത്തെ ദിവസം എനിക്കൊള്ളതാണെന്ന്. അമ്മിക്കല്ലിന്റെ മറയിൽനിന്നുകൊണ്ട് മൂടുപിന്നിയ ഈരിഴത്തോർത്തുകൊണ്ട് മേലുതുടക്കുമ്പോൾ ഓലമേഞ്ഞ കുളിപ്പുരയിൽനിന്നും അവളിറങ്ങിവന്നു, എന്താടാ ചെക്കാ ഇങ്ങനെ തുറിച്ചു നോക്കുന്നതെന്നമട്ടിൽ അവൾ തലതിരിച്ചു നോക്കിയപ്പോ തിരിച്ചൊരുചിരിയും എന്നിലണിഞ്ഞു ഞാൻ..

ചുമരിലെ ആണിയിൽ തൂങ്ങിയ കണ്ണാടിയിൽനോക്കി മുടിചീവി, പുസ്തകങ്ങൾ അടുക്കിക്കൂട്ടി പ്ലാസ്റ്റിക്ക് കവറിലാക്കി, ഉച്ചക്കഞ്ഞിക്കുള്ള സ്റ്റീൽപാത്രം അതിനുമുകളിൽ വെച്ച് 5ബിയിലേക്ക് ഞാനിറങ്ങി.

ഇന്ന് ചൊവ്വാഴ്ചയാണ് ഇന്നാണ് അതിനുപറ്റിയ ദിവസം, എന്റെ പ്രതികാരത്തിനുള്ള ദിവസം.. വീട്ടിലെത്തിയതും സഞ്ചിയെടുത്തു റൂമിന്റെ വശത്തെക്ക് വലിച്ചെറിഞ്ഞു അടുക്കളയിലെ ചട്ടികലത്തിൽ ഒലത്തിവെച്ചിരുന്ന ചക്കക്കൂട്ടാൻ ഒരുവിധത്തിൽ വായിലേക്ക് കുത്തിക്കേറ്റി പുറത്തേക്കോടി.

വീടിനുപുറകിലൊരു വലിയ ജാതിത്തോട്ടമാണ് അതിലൂടെ നടന്നാണ് ഞങ്ങൾ പള്ളിയിൽ എളുപ്പമെത്തുക, ചൊവ്വാഴ്ച്ചകളിൽ അന്തോണീസ് പുണ്യാളന്റെ നൊവേനയുണ്ട് അതുമുടക്കാൻ അമ്മ സമ്മതിക്കാറില്ല. അമ്മക്ക് പറ്റിയിലേൽ വീട്ടിൽനിന്നും ആരെങ്കിലും അതിനുപോകണം, ഇന്നമ്മ പോകുന്നില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അവളുപോകും, കൂട്ടിനു ഞാനും പോകണമെന്ന്...

ഇന്നത്തെ കുർബാന അവള് മറക്കരുത്, തോട്ടത്തിലെ മോട്ടോർ കുഴിയിൽനിന്നും തൂമ്പയെടുത്തു ഞാൻ കുഴികുത്താൻ തുടങ്ങി, മുട്ടിനു താഴെവരെ ആഴത്തിൽ രണ്ടടി വീതിയിൽ കുഴിമാന്തി ഞാൻ പുറത്തുകടന്നു, വേലിക്കൽ നിന്നും കുറച്ചു കുപ്പിച്ചില്ലും പാറക്കഷണവും അതിനുള്ളിൽ വിരിച്ചു, ചെറിയ കമ്പുകൾ നീളത്തിലും കുറുകെയും പതിയെവെച്ചു മുകളിൽ വട്ടയിലയും തേക്കിലയും നിരത്തി അതിനുമുകളിൽ കരിയിലകൾ നിറച്ചു.. സ്ഥലം മാറിപ്പോകാതിരിക്കാൻ ചെറിയൊരു അടയാളവും കുത്തി വീട്ടിലേക്കോടി..

"ചേച്ചി, കുളിക്ക് .. പള്ളിൽ പോണ്ടേ" കൈകളിലെ മൺതരികൾ ട്രൗസറിലേക്ക് പരത്തിക്കൊണ്ട് ഞാനകത്തുകേറി...

"ഇന്നെന്താടാ ചെക്കാ ഇത്ര സ്നേഹം".

"ഒന്നൂല്ല്യ" തോർത്തെടുത്തു ഞാൻ കുളിക്കാനോടി.

പള്ളിയിൽ മൂന്നാംമണി കേട്ടതും ഞങ്ങളിറങ്ങി,പതിവില്ലാതെ ഞാൻ മുന്നിലൂടെ നടന്നു, ഞാൻ തെളിച്ചവഴിയിൽ ചേച്ചിയും.. ജാതിത്തോട്ടമെത്തിയപ്പോൾ പതിയെ പിന്നിലേക്ക് വലിഞ്ഞു, കുഴി അവളുടെനേരെ വരുന്നതരത്തിൽ വശത്തേക്ക് മാറിനടന്നു..

അന്തോണീസ് പുണ്യാളൻ ചതിച്ചില്ല, അമ്മേയെന്നുള്ള നിലവിളി അധികം വൈകാതെ ഞാൻ കേട്ടു.. അവൾ വീഴുന്നകണ്ടപ്പോൾ ഞാൻ മുന്നിലേക്കോടി, വിജയിച്ചവന്റെ ചിരിയോടെ പറമ്പിന്റെ വക്കിലേക്കോടിച്ചെന്നു അവൾ വരുന്നതും നോക്കിനിന്നു.

സമയം കുറെയായിട്ടും അവളെക്കണ്ടില്ല, തിരിഞ്ഞുനടന്നു നോക്കുമ്പോൾ കുഴിയിൽനിന്നും കാല് മുകളിൽവെച്ചു അവളിരിക്കുന്നു, കാലുകൾ അങ്ങിങ്ങായി മുറിഞ്ഞു രക്തം പൊടിയുന്നു. പുള്ളിപ്പാവാടയിൽ അവിടവിടെയായി രക്തത്തുള്ളികൾ .

ചേച്ചീ......... യെന്നു വിളിച്ചുകൊണ്ടു ഞാനോടിച്ചെന്നു.. ആദ്യമായി മനസ്സിൽനിന്നും ആ വിളിവന്നപോലെ... ഇത്രക്കും വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ മനസ്സിലെത്തി, എന്തായാലും കൂടെപ്പിറപ്പല്ലേ.. വേദനിച്ചുകാണില്ലെ..

വെള്ളക്കുഴിയിൽനിന്നും ബക്കറ്റിൽ വെള്ളമെടുത്തു കാലുകളെ കഴുകിക്കൊടുത്തു, കമ്മ്യൂണിസ്റ് പച്ചപിഴിഞ്ഞു കാലിൽ ഇറ്റിച്ചു, ചെന്തെങ്ങിന്റെ മൊരിയെടുത്തു മുറിവിൽപ്പൊത്തി ചേച്ചിയെയും താങ്ങിപ്പിടിച്ചു വീട്ടിലേക്കെത്തി.. എന്തുപറ്റിയെന്ന അമ്മയുടെ ചോദ്യത്തിന് കലുങ്കിൽനിന്നും വീണതെന്ന ഒഴുക്കൻ മറുപടി അമ്മയെ തൃപ്തിപ്പെടുത്തിയെന്നു തോന്നിച്ചു...

അന്നു രാത്രിയും പല്ലിയും ഇയ്യാനും ഉമ്മറത്തെ ചുമരിലുണ്ടായിരുന്നു, എങ്കിലും ഞാനത് കണ്ടില്ല. അന്നത്തെ പ്രാർത്ഥന ഹൃദയത്തിൽ നിന്നായിരുന്നു, അതെന്റെ ചേച്ചിക്ക് വേണ്ടിയായിരുന്നു..

പിന്നെയും ഒരുപാട് പല്ലികൾ ജീവിതം തേടി ആ ചുമരിലെത്തി, ആയിരക്കണക്കിന് ചിറകുകൾ അവിടെ അനാഥമായി.. ഞങ്ങളും വളർന്നുകേറി...

ഗ്രാമവും മാറിമറിഞ്ഞു പള്ളിയിലേക്കിപ്പോൾ ടാറിങ് റോഡുണ്ട്, എനിക്ക് സൈക്കിളുണ്ട്, ചേച്ചിക്ക് കുളിക്കാൻ കുളിമുറിയുണ്ട്..

"ഡാ, ചെക്കാ വാ പള്ളിപ്പോകാം, ഇന്ന് നൊവേന കൂടണം".

ചേച്ചി നാളെ മഠത്തിൽ ചേരുകയാ, ചെറുപ്പം മുതലുള്ള അവളുടെ ആഗ്രഹമാ.. മനസ്സിൽ വിഷമം തോന്നിയെങ്കിലും എനിക്കുമത് അംഗീകരിക്കേണ്ടിവന്നു..

സൈക്കിളെടുക്കാൻ ചെന്നയെന്നെ അവൾ തടഞ്ഞു, നമുക്ക് നടന്നുപോകാമെടാ ചെക്കാ.. പഴയപോലെ .. തോട്ടത്തിലൂടെ..

അന്നവൾ മുന്നിലൂടെ നടന്നു, തോട്ടമെത്തിയപ്പോൾ വശത്തിലൂടെയും.. ചരിത്രം ആവർത്തിക്കപ്പെട്ടു, അന്തോണീസ് പുണ്യാളൻ പ്രാർത്ഥന കേട്ടു, അമ്മേയെന്ന ശബ്ദം വീണ്ടും മുഴങ്ങി.

പിറ്റേന്ന് യാത്രപറഞ്ഞു മഠത്തിലേക്ക്പോകാൻ കാറിൽക്കയറാൻ നേരം ചേച്ചിയെനിക്ക്നേരെ ഒരു കവർ നീട്ടി, തുറന്നുനോക്കിയപ്പോൾ അതിലൊരു പുള്ളിപാവാട.. അതിലങ്ങിങ്ങായി രക്തക്കറകൾ...

അതുംകയ്യിലേന്തി കാറിനുപുറകേ ഓടിച്ചെല്ലുമ്പോൾ രണ്ടുകണ്ണുകൾ എന്നെത്തന്നെ അതിലിരുന്ന് നോക്കുന്നുണ്ടായിരുന്നു...

അവയെന്നോട് പറയുന്നപോലെ ഡാ ചെക്കാ എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും...

പക്ഷെ എന്തുകൊണ്ടാണ് ആ കണ്ണുകളപ്പോൾ നിറഞ്ഞിരുന്നത്, എന്റെയും.....

ഒരുപക്ഷെ പുണ്യാളന് അറിയുമായിരിക്കും.....

 

അന്ന ബെന്നി