ഒഴിവാക്കേണ്ട രണ്ടാമൻ

ആണുങ്ങളായ ആണുങ്ങളെല്ലാം തലവഴി മുണ്ടിട്ട് മൂടി മറ്റൊരാണിനെ  ഉള്ളിൽ പാർപ്പിച്ചിട്ടുണ്ട്.അല്ലാത്തവരുമുണ്ട്.  അവരാണ് കുപ്പയിലെ മാണിക്യങ്ങൾ. എന്തായാലും ഞാനൊരു കുപ്പയിലെ മാണിക്യമല്ല. യോഗ്യനും, മാന്യനുമായ ഒന്നാമനെയാണ്   നമ്മൾ സമൂഹത്തിൽ ജീവിക്കാൻ വിട്ടിരിക്കുന്നത്.  കയറൂരിവിട്ടാൽ തടി കേടാകുന്നതുകൊണ്ടാണ് രണ്ടാമനെ കൂടുതലാളുകളും   ഉള്ളിന്റെയുള്ളിൽ തന്നെ മൂടി വെച്ചിരിക്കുന്നത്. ഇരട്ടചങ്കുള്ള ചില വിദ്വാന്മാർ ഈ രണ്ടാമനെയും തുറന്ന് വിടാറുണ്ട്. അതിന്റെ ഫലം അനുഭവിക്കാറുമുണ്ട്.

പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ മിഷ്ട്ടർ വിജയ്.പി.നായരുടെ യൂട്യൂബ് ചാനൽ ഞാനും കണ്ടു.തല ചെകിടിച്ചു പോയി.

തല്ല് കിട്ടാൻ വൈകിയതിലെ എനിക്ക് അത്ഭുതം തോന്നിയുള്ളൂ.പ്രസ്തുത വീഡിയോയിൽ ടിയാൻ പറയുന്ന കഥ നമ്മുടെയൊക്കെ ഉള്ളിൽ നാം താലോലിച്ച് കൊണ്ടുനടക്കുന്ന രണ്ടാമന്റെ തൃപ്തിക്ക് വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടാണല്ലോ പ്രതികരിക്കാൻ പെണ്ണുങ്ങൾ തന്നെ വേണ്ടിവന്നത്.  അവരുടെ പ്രതികരണം അക്ഷരാർത്ഥത്തിൽ നമ്മളിലെ രണ്ടാമനെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പ്രശ്നം സ്ത്രീകൾ പ്രതികരിച്ചതിനെച്ചൊല്ലിയാണ്. അവർ ചെയ്തത് ശരിയാണോ, അല്ലയോ എന്നതാണ് നമുക്കിടയിൽ തർക്കം. നിയമം കൈയിലെടുത്തുതും, തെറിപറഞ്ഞതും ഒക്കെയാണ് ഇപ്പോ ശരിയല്ലാത്ത കാര്യങ്ങൾ. സത്യത്തിൽ  സ്ത്രീകളും, പുരുഷന്മാരും തമ്മിലല്ല ഇപ്പോഴത്തെ ആശയസംഘട്ടനമെന്ന് നാം ചിന്തിക്കണം. വാഗ്വാദം നടക്കുന്നത് നമ്മൾ ആണുങ്ങൾ കൊണ്ടുനടക്കുന്ന ഇരട്ടവ്യക്തിത്വങ്ങൾ തമ്മിലാണ്. ഈ ചർച്ചകളൊക്കൊ കൊഴുപ്പിക്കുന്നത് നമ്മുടെയുളളിലെ രണ്ടാമനാണ്. എങ്ങനെയെങ്കിലുമൊക്കെ അവന് നിലനിന്നല്ലെ പറ്റൂ. നമ്മുടെ മുന്നിൽ മിഷ്ട്ടർ വിജയ്.പി.നായർ തല്ലുകിട്ടുന്നത് വരെ  വേട്ടക്കാരനായിരുന്നു. ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഇരകളും.തല്ലുകിട്ടിയ ശേഷം വസ്തുതകളെ തലകുത്തിവെച്ചിട്ട് നമ്മൾ പുരുഷപ്രജകൾക്ക് എന്ത് ലാഭം കിട്ടാനാണ്.നമ്മുടേതല്ലാത്ത പെണ്ണുങ്ങളുടെ അപവാദങ്ങളെ  കേൾക്കാൻ സുഖമുള്ളതാവൂ എന്ന യാഥാർത്ഥ്യം  മറന്ന് പോകരുത്. മിഷ്ട്ടർ വിജയ്.പി.നായർക്ക് വന്നുഭവിച്ച ദുര്യോഗം നമ്മുടെയൊക്കെ രണ്ടാമനുള്ള താക്കീതാണ്. 

ഈ സമയത്ത് പെണ്ണുങ്ങളുടെ മേലെ മെക്കിട്ടുകേറാതെ  അവനവന്റെ ഉള്ളിലെ രണ്ടാമനെ നാടുകടത്തുന്നതാണ് പുരുഷുക്കളായ നമ്മുടെയൊക്കെ ഇനിയുള്ള കാലത്തെ ആരോഗ്യത്തിന് നല്ലത്..

ആണായി പിറന്നു പോയതുകൊണ്ട്  അടികൊടുത്ത പെണ്ണുങ്ങൾക്ക് ഒപ്പം..

മജീദ് സെയ്ദ്

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped