ഓർമ്മകളിലെ ഉമ്മകൾ

നമുക്ക് ഉമ്മകളെ കുറിച്ച് സംസാരിച്ചാലോ?
ഭൂമിയിൽ ഇത്രയും മനോഹരമായി സംഭവിക്കുന്ന കാര്യം വേറെ ഏതുണ്ട്?
എൻ്റെ ആദ്യത്തെ ഉമ്മക്ക് അമ്മയുടെ മണമാണ്... ആദ്യത്തെ ഉമ്മ എന്നു പറയുമ്പോൾ തലച്ചോറ് ഫോട്ടം പിടിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തേത് എന്ന് ചേർത്ത് വായിക്കണം.
ചേറൂർ പള്ളിമൂലയിൽ നിന്നും ഒരു കുടക്കീഴിൽ വരുന്ന ഞാനും അമ്മയും... എൻ്റെ കയ്യിലെ പഞ്ചസാര ബിസ്ക്കറ്റിൻ്റെ മധുരത്തിനൊപ്പം അമ്മ തന്ന ഉമ്മ..... അന്ന് അമ്മയെക്കാണാൻ എന്ത് ഭംഗിയായിരുന്നെന്നന്നോ.... ആ ഉമ്മക്കും.
പിന്നെ അമ്മാമ്മയുമ്മ.ബസ്സിറങ്ങി നടന്ന് ഓടിച്ചെല്ലുമ്പോൾ അമ്മാമ്മ തന്നിരുന്ന ഉമ്മ.... നല്ല വൃത്തിയുള്ള ഉമ്മയായിരുന്നു അത്. ബലാഗുളിച്യാദി എണ്ണയുടെ മണമുള്ളത്.....
എൻ്റേച്ചിയുടെ ശ്വാസം മുട്ടിക്കുന്ന ഉമ്മ.... മുറുകെപ്പിടിച്ചാണ് എൻ്റേച്ചി ഉമ്മ വെയ്ക്കുക.....സനേഹത്തിൻ്റെ ഒട്ടലാണ് ആ ഉമ്മക്ക്....
പിന്നെ ഒരു തുപ്പലുമ്മ.... ആറു വയസ്സുള്ളപ്പോൾ ഒരാൾ ബലത്തിൽ പിടിച്ചു നിർത്തി തന്നത്.... കവിളിൽ അയാളുടെ തുപ്പൽ പറ്റിയെന്നോർത്ത് അറപ്പോടെ ഞാൻ ഓക്കാനിച്ചു. വീണ്ടും, വീണ്ടും മുഖം കഴുകി... പിറ്റേന്ന് ഒന്നും സംഭവിക്കാത്തതു പോലെ അയാൾ മുന്നിൽ നിന്നപ്പോൾ കവിളിലെ നഖപ്പാട് കണ്ട് ഞാൻ പിന്നേം ഓക്കാനിച്ചു... ഒട്ടും ഇഷ്ടമില്ലാത്ത ഒരുമ്മയായിരുന്നു അതെന്ന് മാത്രമേ ഓർത്തിട്ടുള്ളൂ. കൂടുതൽ ഓർക്കാൻ മിനക്കെട്ടിട്ടില്ല അന്നും, ഇന്നും....
ലൗ ബാങ്ക് എന്നൊരു ഗൾഫ് കളിപ്പാട്ടം ഉണ്ടായിരുന്നു ഞങ്ങൾക്ക്....ഒരാൺകുട്ടിയും,പെൺകുട്ടിയും ചുണ്ടു ചേർക്കുമ്പോൾ ഹൃദയാകൃതിയിലുള്ള ഒരു ചുവന്ന ചിഹ്നം മിന്നി. "നാണമില്ലാത്തോറ്റ " എന്ന അമ്മാമ്മയുടെ ചുണ്ടുകോട്ടലിനൊപ്പം ആ ഉമ്മകളുടെ ബാറ്ററി തീർന്നു പോയി.
ഉമ്മകളിൽ അധികം വിശ്വസിക്കാത്ത ഒരു കൂട്ടം ആൾക്കാരാണ് എനിക്കു ചുറ്റും ഉണ്ടായിരുന്നത് എന്നുള്ളത് കൊണ്ട് വലുതാവും തോറും ഉമ്മകൾ കുറഞ്ഞു വന്നു...
ഉമ്മകളുടെ വംശാവലി അന്യം നിന്നു പോകുമോ എന്നോർത്ത് ഞാൻ ഭയപ്പെട്ടിരുന്നപ്പോഴാണ് ഞാനേറ്റവും സ്നേഹിച്ചിരുന്ന ഒരു കൂട്ടുകാരൻ ഉമ്മച്ചോദ്യത്താൽ എന്നെ നിലാവിൻ്റെ ലോകത്തേക്ക് ബസ്സ് കയറ്റി വിട്ടത്... അതിലൊരു ചോദ്യത്തിൻ്റെ കുസൃതി മാത്രമേ ഉണ്ടായിരുന്നുള്ളൂ...... ഞങ്ങൾ രണ്ടു പേർക്കും അത്രക്ക് ധൈര്യം ഉണ്ടായിരുന്നില്ല, ഉറപ്പായും. എങ്കിലും എത്രയോ കവിതകളിൽ, സ്വപ്നങ്ങളിൽ,ഭ്രാന്തുകളിൽ ഞാനവനെ ഉമ്മ കൊണ്ട് നനച്ചിട്ടുണ്ട്.... ഒരുമ്മയിൽ ക്കുരുങ്ങി ഭ്രാന്തമായ ഉന്മാദത്തിൽ ഞാനവനെ പ്രണയിച്ചിട്ടുണ്ട്.... ആ ഉമ്മകൾ എല്ലാം വിഷം തീണ്ടി നീലച്ച് മരിച്ചു പോയി..... അവയെ അടക്കം ചെയ്ത മണ്ണിൽ നിന്നും ഗതി കിട്ടാതെ പോയ ചുംബനമുദ്രകളുടെ അലമുറകൾ  ഇപ്പോഴും കേൾക്കാറുണ്ട്.....
കല്യാണം കഴിഞ്ഞപ്പോൾ ഉമ്മയുടെ രാഷ്ട്രീയം മാറിപ്പോയി.... ഉമ്മക്ക് ചില ജൈവീകമായ ബാധ്യതകൾ കൂടിയുണ്ടെന്ന് മനസ്സിലായി.... ശരീരത്തിൽ ഒരു ധർമ്മവും നിർവഹിക്കാനാവാതെ വെറുതേ വളരുന്ന ഒരവയവം പോലെയായി അത്.... പരിണാമത്തിൻ്റെ നിയമമനുസരിച്ച് സ്വാഭാവികമായും അതപ്രത്യക്ഷമായി... ഒന്നും ഓർമ്മിപ്പിക്കാൻ കൂടി മിനക്കെടാതെ.....
തിരുവനന്തപുരം കോച്ചിങ്ങ് സെൻ്ററിലെ ഒരദ്ധ്യാപകന് ഉമ്മയുടെ അസ്ക്യത ഉണ്ടായിരുന്നു.സ്നേഹത്തിൻ്റെ യാതൊരു കണികയും കയ്യിലില്ലെങ്കിലും ഉമ്മകൾ കൊണ്ട് ധാരാളിത്തം കാണിക്കാൻ അയാൾ മിനക്കെട്ടു. ശിഷ്യ വാത്സല്യം കൊണ്ടെന്ന പേരിൽ കിട്ടിപ്പോന്ന അത്തരം ഉമ്മകളിൽ നിന്നും രക്ഷപ്പെടാൻ ഞാനന്നേ സാമൂഹിക അകലം ശീലിച്ചു പോന്നു. പാവം എൻ്റെയൊരു കൂട്ടുകാരി എല്ലായ്പ്പോഴും ആ ഉമ്മകളെ പേടിച്ച് തല താഴ്ത്തി.... അവളുടെ നെറുകയിൽ അനാഥമായിക്കിടന്ന ആ ഉമ്മകളെ അയാളെ മനസ്സിൽ പ്രാകിക്കൊണ്ട് ഞങ്ങൾ പെറുക്കിക്കളഞ്ഞു.
എടപ്പാൾ ആശുപത്രിയിലെ ഐ.സി.യു വിലാണ് എൻ്റെ ശരീരത്തിൽ വീണ്ടും ഉമ്മ കിളിർത്തത്... അപ്പോൾ ജനിച്ചൊരു പെൺകുഞ്ഞ് ഒരു റോസ് തുണിയിൽ പൊതിയപ്പെട്ട് എൻ്റെ കയ്യിലിരുന്നു.... സിസേറിയൻ്റ വേദനകൾക്കിടയിലും ഞാനവളുടെ കൈവിരൽത്തുമ്പത്ത് ഉമ്മ വെച്ചു.... ഇതെനിക്കെപ്പോഴേ കിട്ടേണ്ടതായിരുന്നു എന്ന മട്ടിലുള്ള  അഹങ്കാരത്തിൻ്റെ പ്രതാപത്തിൽ അവളൊന്നു കൂടി ചുവന്നു.... ആ നിമിഷം ഞാനെൻ്റെ മനസ്സിൽ ഫ്രെയിം ചെയ്യുകയും ഓർമ്മകളുടെ നടുഭിത്തിയിൽ ഒരിക്കലും ഊരിപ്പോരാത്ത ഒരു ഇരുമ്പാണിയടിച്ച് തൂക്കിയിടുകയും ചെയ്തു....
അത് കഴിഞ്ഞ ഉടനെ വന്ന ഒരു ഡിപ്രഷൻ കാലത്ത് ഞാൻ വെറുതേ കരഞ്ഞു... ആത്മഹത്യ ചെയ്യാനുള്ള വഴികൾ തിരഞ്ഞു... അക്കാലം ഒരു രാത്രി അച്ഛനെൻ്റെ അരികിൽ വരികയും കണ്ണുനീരിൽ കുതിർന്ന ഒരുമ്മ എൻ്റെ നെറുകയിൽ വീഴുകയും ചെയ്തു... പ്രസവിച്ചു കിടക്കുന്ന ഒരുവളെ എങ്ങിനെ ചെറിയൊരു പെൺകുട്ടിയാക്കാം എന്ന സുവിശേഷം അറിയുന്ന ഒരുമ്മയായിരുന്നു അത്.... അതിൻ്റെ സ്വാസ്ഥ്യത്തിൽ അന്ന് രാത്രി പേടിയില്ലാതെ ഞാനുറങ്ങി.....
രണ്ടാം രാജകുമാരി ആറാം മാസാവസാനത്തിൽ തന്നെ വയറ്റിൽ നിന്ന് പുറപ്പെട്ട് പോന്നിരുന്നു.... അവളെ ഉമ്മ വെയ്ക്കാൻ പാടില്ലെന്ന് നഴ്സുമാരും, ഡോക്ടറും കട്ടായം പറഞ്ഞു.. കണ്ണുരുട്ടി.... എങ്കിലും സമയം കിട്ടുമ്പോഴൊക്കെ ഞാനവളുടെ ചെവിയിൽ ആരും കാണാതെ മുഖമമർത്തി.ഉമ്മകളുടെ രഹസ്യ ഉടമ്പടിയിൽ ഞങ്ങൾ ഒപ്പു വെച്ചു. ഇന്നും തുടരുന്ന ഒരുടമ്പടി.... ഒരു ദൈവവും അതിൻ്റെ കാലാവധി റദ്ദാക്കരുതെന്ന് ഞാനാശിക്കുന്നു.
പ്രണയത്തിൽ നനഞ്ഞ ഉമ്മകൾ എനിക്കു കിട്ടിയിട്ടുണ്ടെന്ന് ഞാനിവിടെ സാക്ഷ്യം പറയട്ടെ.....ആസക്തികളിൽ കുതിരാത്ത ഉമ്മകൾ നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നു.... സുന്ദരമായ ഒരനുഭവമാണത്.... പ്രപഞ്ചത്തിന് ഒരു താളവും, മിടിപ്പും ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യം വരും.... എന്തു കൊണ്ടാണ് ചില മനുഷ്യർ ഉമ്മകളെ ഭയക്കുന്നതെന്ന് മനസ്സിലാക്കാനാവും... സ്നേഹത്താൽ ബാധിക്കപ്പെടുമോ എന്ന് ഭയന്നിട്ടാവും...ടൂത്ത് പേസ്റ്റിൻ്റെ മണവും, വെടിപ്പും ഉള്ളതാവണം ഉമ്മകൾ എന്ന് ശങ്കിക്കാത്തിടത്തോളം കാലം അതിൻ്റെ രസതന്ത്രം സ്വാഭാവികമാണ്...സുന്ദരമാണ്.
എന്നാണ് സ്പർശനത്തിലൂടെയുള്ള ആശയവിനിമയത്തിൻ്റെ പ്രസക്തിയെ കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നത്? എന്നാണ് പീഡനവും, പ്രണയവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് നമ്മൾ അറിയാൻ പോകുന്നത്? എന്നാണ് മധുരമുള്ള ഒരു സുലൈമാനിക്കു ചുറ്റുമിരുന്ന് ഉമ്മകളെ കുറിച്ച് നമ്മളൊരു സംവാദത്തിലേർപ്പെടാൻ പോകുന്നത്....
എന്നെ സ്വീകരിച്ച, ഞാൻ സ്വീകരിക്കപ്പെട്ട എല്ലാ ഉമ്മകൾക്കും നന്ദി....
കിട്ടാതെ പോയവക്ക് സ്വസ്തി..

 

ആര്യ വിശ്വനാഥ് 

Fashion

Nov 192020
നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

Recipe of the day

Nov 252020
INGREDIENTS 1. Fish - 1/2 kg 2. Onion finely chopped - a cup Garlic - eight cloves Turmeric powder - a small teaspoon