ഒന്നാമൻ 

ദേവാലയത്തിലായിരുന്നു ഞാനപ്പോൾ 

എന്നെ ആ വിശുദ്ധസ്ഥലത്തേക്ക് 

ആനയിച്ചത് ഞാൻ ഒത്തുതീർപ്പു 

ആകാതിരുന്നു 

കലഹിച്ച 

പകലും രാത്രിയുമാണ് .

 

തുണിക്കടയിലെ അഴിയപ്പെടാതെ 

ചുരുട്ടിവെച്ചിരിക്കുന്ന വെള്ളത്തുണി പോലെയായിരുന്നു

എന്റെ ദിനങ്ങൾ ആ നാളുകളിൽ . 

 

എന്റെ ദിവസങ്ങളെ ഭംഗിയായി 

വെട്ടിയൊരുക്കി 

എനിക്ക് ചേരുന്ന 

അളവുകളോടെ ധരിക്കണമെന്നു 

ഞാൻ എന്നേ ആഗ്രഹിച്ചതാണ് .

 

വിശ്വകലാകാരന്റെ സന്നിധിയിലേക്ക് ,

ഞാൻ പതിഞ്ഞ കാൽവയ്പുകളോടെയാണ് കടന്നുചെന്നത് .

നിശബ്ദമായിരുന്നു അവന്റെ കൂടാരം .

 

കുന്തുരുക്കത്തിന്റെ മണമോ 

ഹന്നാൻ വെള്ളത്തിന്റെ നനവോ 

ഉരുകുന്ന തിരിവെട്ടമോ അവിടെ കണ്ടില്ല .

 

ഒരു കൈ അകലത്തിൽ 

അല്ലെങ്കിൽ വേണ്ട ,

രണ്ടുകൈ 

അകലത്തിലെങ്കിലും 

അവനിലായിരിക്കാനായിരുന്നു എനിക്കിഷ്ടം .

 

പറയുവാനൊന്നുമില്ലാത്തവൾക്കു 

കൂട്ടായി നാവും അധരങ്ങളും പണിമുടക്കി .

 

സാക്ഷ്യപേടകത്തിനുള്ളിൽ നിന്നു 

എന്റെ 

ഹൃദയവിചാരങ്ങൾ 

അവൻ ഒപ്പിയെടുക്കുമെന്ന വിശ്വാസമായിരുന്നു എനിക്ക് .

 

ഒരു കൈ അകലത്തിൽ മാറ്റിവച്ച മൊബൈലും 

പഴ്സും തൂവാലയും ,

ലോകത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടു എന്ന്‌ 

മൂഢയായ ഞാൻ കരുതി .

അവനാൽ നിറയാൻ സമർപ്പണത്തിന്റെ നെടുവീർപ്പുകളാൽ എന്നെ ഒരുക്കപ്പെട്ടു .

 

പെട്ടെന്ന് , വളരെ പെട്ടെന്ന് 

പിന്നിൽ നിന്നും ഒരു ആർത്തനാദം .

 

അതിവിശുദ്ധസ്ഥലത്തിനു യോജിക്കാത്ത 

ജല്പനങ്ങൾ .

ഇന്ദ്രിയങ്ങൾ ഓരോന്നും എന്നെ  വിട്ടു 

പിന്നിലേക്കോടി ..

 

എന്റെ  മനഃസ്സറിഞ്ഞ ദിവ്യസ്നേഹം 

കുസൃതികണ്ണുകളോടെ മൗനസമ്മതം മൂളി .

മുന്നോട്ട് നടക്കുന്നതിലും പ്രയാസമായിരുന്നു 

പിന്നിലേക്ക് നടക്കാൻ .

 

അപ്പോഴേക്കും 

വ്രണിതഹൃദയന്റെ ജൽപനങ്ങൾ 

പുലമ്പലുകളായി മാറിയിരുന്നു .

അയാൾക്കും പിന്നിലായി  അയാളെ കാണാനും കേൾക്കാനും പാകത്തിൽ ഞാനും ഇരുന്നു .

 

കാഴ്ച്ചയിൽ 

അയാൾ തകർന്നവനും തകർക്കപെട്ടവനും 

മുഷിഞ്ഞ വേഷധാരിയും ആയിരുന്നു .

 

ഞാനോ ,

മിനുത്ത വസ്ത്രം ധരിച്ചവളും 

പിന്നിയ മുടിയുള്ളവളും ആഭരണങ്ങൾ അണിഞ്ഞവളും .

 

പരിസരം മറന്നുള്ള ആ ആക്രോശങ്ങളിലേക്ക് 

ഞാനും 

ചെവിയോർത്തു 

 

അങ്ങ് നീതിമാനാണ് 

പണ്ടേ 

എനിക്കതറിയാം 

അപ്പനും അമ്മയും പറഞ്ഞുതന്നിട്ടുണ്ട് 

ഇനി അത് പഠിപ്പിക്കാൻ 

ഞാൻ നിന്നുതരില്ല 

 

ഞാൻ പാപിയാണ് ,

പക്ഷെ 

അങ്ങ് നീതിമാനാണെന്നു ഞാൻ പറഞ്ഞാൽ എന്നോട് കോർക്കാൻ വരരുതേ ,

നീ പറഞ്ഞതുപോലെയെല്ലാം ഞാൻ കേട്ടു 

പരദേശിയായി ,പീഡിതനും നിന്ദിതനുമായി ഞാൻ തിരികെ എത്തിയിരിക്കുന്നു .

നീതിമാനെ ,സകലവല്ലഭനെ ,

ഒന്ന് മാത്രം ഞാൻ നിന്നോട് ചോദിക്കുന്നു 

 

"ഭൂമിയിൽ ജീവിച്ചിരിക്കുന്നവരേക്കാൾ 

അധികം ആളുകൾ ഇപ്പോൾ 

നിന്റെ പക്കൽ ഉണ്ടല്ലോ .

 

എന്തിനാണ് ഇത്രയധികം ജനം 

അവിടെ ."

 

അതിനാൽ 

നിത്യതയുടെ ലോകത്തിലേക്ക് 

നീ  എന്നോടു പറയാതെ കൊണ്ടുപോയ എന്റെ 

പ്രിയപെട്ടവരെ തിരികെ തരിക !! 

 

എന്റെ മാതാപിതാക്കളെ കൂടപ്പിറപ്പുകളെ.

അത് മാത്രം അത് മാത്രം 

എനിക്കുമതി 

 

ജൽപനങ്ങൾ 

നെടുവീർപ്പുകളും 

വിതുമ്പലുകളുമായി .

മുഷിഞ്ഞ വസ്ത്രങ്ങൾ 

വെണ്മേഘം പോലെയും .

 

ഞാനും 

അയാളോടൊപ്പം മുട്ടുകുത്തി .

 

രണ്ടാമത് വന്ന 

അയാളെ ആദ്യം പോകാൻ  അനുവദിച്ചു 

ആദ്യം വന്നവൾ 

മെല്ലെ  ആലയം വിട്ടിറങ്ങി .

 

നടന്നല്ല പട്ടം പോലെ പറന്ന് .

റോസ് ജോർജ്

  

 

 

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.