നേരിന്റെയും നെറിയുടെയും ശബ്ദം

1972 മുതൽ 2009 വരെ അമേരിക്കയിൽ സെനറ്റർ (ഇന്ത്യൻ രീതിയിൽ പറഞ്ഞാൽ പാർലമെന്റേറിയൻ) ആയി പ്രവർത്തിച്ച  വ്യക്തിയാണ് ജോ ബൈഡൻ . 37 വർഷത്തോളം വിവിധ സെനറ്റ് കമ്മിറ്റികളിൽ അംഗമായിരുന്നു അദ്ദേഹം. വിദേശകാര്യ വിദഗ്ധനായിരുന്ന ബൈഡൻ പ്രധാനമായും ഇരുന്നത് സെനറ്റിന്റെ വിദേശ കാര്യ കമ്മിറ്റികളിൽ ആണ്. നയതന്ത്രപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൃത്യമായി അറിയുന്ന,  അതിൽ വ്യക്തമായ നിലപാടുകളുള്ള വ്യക്തി കൂടിയാണ് ജോ ബൈഡൻ. വർണ്ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കാത്ത  ദക്ഷിണാഫ്രിക്കൻ സർക്കാരുമായി അമേരിക്കൻ സർക്കാരിനുണ്ടായിരുന്ന സൗഹൃദത്തെ, അന്നത്തെ അമേരിക്കൻ വിദേശ കാര്യ സെക്രട്ടറിയുടെ മുഖത്ത് നോക്കി തന്നെ  വളരെ രൂക്ഷമായ ഭാക്ഷയിൽ ആണ് ബൈഡൻ വിമർശിച്ചത്. റീഗന്റെ കാലയളവിൽ, ആയിരത്തിതൊള്ളായിരത്തി എൺപത്തിയാറിൽ നടന്ന ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ബൈഡന്റെ രാഷ്ട്രീയ മൂല്യങ്ങളുടെ, നിലപാടുകളുടെ വര്ഷങ്ങൾക്ക് മുൻപുള്ള നേർചിത്രം അവിടെ കാണാം. മിഡിൽ ഈസ്റ്റ് , ബാൽകൺ, നാറ്റോ വിഷയങ്ങളിൽ വർഷങ്ങളോളം നേരിട്ട് ഇടപെട്ടു പ്രവർത്തിച്ച  പരിചയം ബൈഡനുണ്ട്. ബോസ്നിയ സെർബിയ യുദ്ധത്തിൽ മനുഷ്യപക്ഷ നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹം. സെർബിയൻ പ്രസിഡന്റോട് നേരിട്ട് നിങ്ങൾ ഒരു യുദ്ധ കുറ്റവാളി ആണ് എന്ന് ആർജ്ജവത്തോടെ പറഞ്ഞ അമേരിക്കൻ സെനറ്റർ. റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും തന്റെ സുഹൃത്തുമായ ജോൺ മക്കൈനുമായി ചേർന്ന് 1999 ഇൽ കൊസോവോ രാഷ്ട്രീയം പഠിച്ച് തയ്യാറാക്കിയ മക് കെയിൻ-ബൈഡൻ കൊസോവോ പ്രരേയം ബൈഡന്റെ വിദേശരംഗത്തെ ഇടപടെലുകളുടെ സാക്ഷ്യമാണ്.  കൊസോവോയിലെ അൽബേനിയൻ എത്നിക് ന്യൂനപക്ഷത്തെ സഹായിക്കാൻ സൈന്യത്തെ ഉപയോഗിക്കാൻ പ്രസിഡന്റ് ബിൽ ക്ലിന്റൺനു ഉപദേശം നൽകിയത് ബൈദനും കൂടിയാണ്. 1991 ലെ ഗൾഫ് യുദ്ധത്തിനെതിരെ നിലപാടെടുത്ത സെനറ്റർമാരിൽ മുന്നിലായിരുന്നു അദ്ദേഹം. അതേസമയം  2001 ലെ അമേരിക്കൻ ഭീകരാക്രമണത്തിനു തിരിച്ചടിയായി അഫ്ഘാനിസ്ഥാനിൽ നടത്തിയ അമേരിക്കൻ സൈനിക ഇടപെടലുകളുടെയും, സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള ഇറാഖിലെ  സൈനിക നടപടികളുടെയും വലിയ അനുകൂലി ആയിരുന്നു അദ്ദേഹം. അമേരിക്കയുടെ താൽപര്യം സംരക്ഷിക്കാൻ ഉള്ള സൈനിക ഇടപെടലുകൾ നടത്തേണ്ടിടത്തു വിമുഖത കാണിക്കുന്ന വ്യക്തി അല്ല ജോ ബൈഡൻ എന്ന് മനസിലാക്കാം. കശ്മീർ , പലസ്തീൻ , സിറിയ, അഫ്ഘാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളിലും അതിർത്തി പ്രശ്നങ്ങളിലും വളരെ ആഴത്തിലുള്ള അറിവ് ബൈനുണ്ട്.  ഇത്തരം വിഷയങ്ങളിൽ അമേരിക്കയുടെ നിലപാട് നിശ്ചയിക്കുന്ന തന്ത്രപ്രധാനമായ സെനറ്റ് കമ്മിറ്റികളിൽ വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ജോ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്ക് വരുന്നത്. അദ്ദേഹത്തെ ആർക്കും പറഞ്ഞു പറ്റിക്കാനാവില്ല. ഇന്നത്തെ അവിടുത്തെ രാഷ്ട്രീയ നേതാക്കളെക്കാൾ ആഴത്തിൽ ആ വിഷയങ്ങളുടെ ചരിത്രവും പശ്ചാത്തലവും അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെ ജോ ബൈഡൻ എന്ന പ്രസിഡന്റ് വിദേശകാര്യ  വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകൾ എല്ലാവരും താല്പര്യത്തോടെ നോക്കി കാണുമെന്നുറപ്പാണ് . തന്റെ അത്ര ശോഭനീയമല്ലാത്ത അഭിഭാഷക ജോലി വിട്ടതിനു ശേഷം , 1972 മുതൽ രാഷ്ട്രീയ തട്ടകത്തിലേക്കിറങ്ങി.  അമേരിക്കയിലെ പ്രായം കുറഞ്ഞ ആറാമത്തെ സെനറ്റർ ആയി തന്റെ മുപ്പതാം വയസ്സിൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ വ്യക്തി ആണ് ബൈഡൻ. സെനറ്റർ ആയി ജോലി തുടങ്ങുന്ന സമയം തന്നെ , ജീവിതത്തിൽ ദാരുണമായ ഒരു സംഭവം നടന്നു. ഒരു വാഹനാപകടത്തിൽ തന്റെ ഭാര്യയും , ഒരു വയസ്സ് മാത്രം പ്രായമായ മകളും കൊല്ലപ്പെട്ടു. മൂന്നും രണ്ടും വയസ്സുള്ള ആൺകുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അവരുമായി ബൈഡൻ ജീവിതം മുന്നോട്ടു കൊണ്ടുപോയി. 1977ൽ അദ്ദേഹം ജിൽ ട്രേസിയെ വിവാഹം ചെയ്തു. ഈ വിവാഹബന്ധത്തിൽ ജില്ലിനും ജോക് ബൈഡനും  ഒരു പെൺകുഞ്ഞു പിറന്നു. 2015 ഇൽ നാല്പത്താറുകാരനായ മൂത്ത മകൻ ബ്വോ ബൈഡൻ ബ്രെയിൻ ട്യൂമർ ബാധിച്ചു മരിച്ചു. തന്റെ എല്ലാ കഴിവുകളുമുള്ള, എന്നാൽ തന്നിലെ കുറവുകൾ ഒന്നുമില്ലാത്ത ബ്വോ ഒരു നാൾ അമേരിക്കൻ പ്രസിഡന്റ് ആകും എന്ന് ജോ കരുതിയിരുന്നു. ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ഉദിച്ചു വന്ന യുവ വ്യക്തിത്വം ആയിരുന്നു ബ്വോ. ഡെലവെയറിലെ അറ്റോർണി ജനറൽ ആയിരുന്ന ബ്വോ  ഗവർണർ ആയി മത്സരിക്കാൻ തയ്യാറെടുക്കുമ്പോളാണ് രോഗം സ്ഥിരീകരിക്കുന്നത്.  ബ്വോയുടെ  മരണം വൈകാരികമായി ജോയെ തളർത്തി. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ മത്സരിക്കാതിരിക്കാൻ മുഖ്യ കാരണം ഇതായിരുന്നു. 2020 ഇൽ തന്റെ 77 ആം  വയസ്സിൽ മത്സരിക്കാനുള്ള ഊർജ്ജവും ബ്വോ തന്നെ . ബ്വോ  ബൈഡനെ കുറിച്ച്  എഴുതിയ ‘പ്രോമിസ് മീ, ഡാഡ് ‘ എന്ന ജോ ബൈഡന്റെ പുസ്തകത്തിൽ ഇതെല്ലാം പ്രതിപാദിക്കുന്നുണ്ട്.  വ്യക്തി ജീവിതത്തിൽ ഒരു പാട് ദുരന്തങ്ങളിലൂടെ കടന്നു പോയ ജോ അതിൽ നിന്നെല്ലാം പൊരുതി മുന്നേറി സ്വന്തം പ്രയത്നത്താലാണ് തന്റെ രാഷ്ട്രീയ ജീവിതം കെട്ടി പടുത്തത്. അദ്ദേഹം ജീവിതത്തിൽ ഇന്നോളം സംസാരിച്ചത് ഒരുമയുടെ രാഷ്ട്രീയമാണ്. അമേരിക്കയിലെ സാധാരണക്കാരായ ജനതയ്ക്ക് അദ്ദേഹത്തോട് സ്നേഹം നിറഞ്ഞ ആരാധന തോന്നുന്നത് സ്വാഭാവികം ആണ്. 1988ൽ തന്റെ നാൽപ്പത്തിയാറാം വയസ്സിൽ അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം തേടാൻ‌ മുന്നോട്ടു വന്നതായിരുന്നു അദ്ദേഹം. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കാരണം അന്ന് അദ്ദേഹത്തിന് അതിനു കഴിഞ്ഞിരുന്നില്ല. പക്ഷെ അതിനകം ബൈഡൻ അമേരിക്കൻ സെനറ്റിലെ പ്രമുഖ വ്യക്തിത്വം ആയി മാറിയിരുന്നു. തന്റെ  വർഷങ്ങളുടെ പരിചയസമ്പത്ത് കൊണ്ടും പാർട്ടി ഭേദമന്യേ  എല്ലാവരോടും കാണിക്കുന്ന സ്നേഹവും സൗഹൃദവും  കൊണ്ടും ജോ ഡെമോക്രറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും ഒരു പോലെ പ്രിയപ്പെട്ട വ്യക്തിയായി മാറി. 2008 മുതൽ 2016 വരെ അദ്ദേഹം ഒബാമ സർക്കാരിലെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഒബാമ യുടെ ഭാഷയിൽ പറഞ്ഞാൽ “എനിക്ക് നിലപാടെടുക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ, ആ നിമിഷങ്ങളിൽ വൈറ്റ് ഹൗസിൽ എന്റെ ഔദ്യോഗിക മുറിയിൽ എന്റെ കൂടെ ചർച്ച ചെയ്യാൻ ഉണ്ടാകുന്ന വ്യക്തി ആണ് ജോ”. ഇതിൽ നിന്നു തന്നെയറിയാം ജോ ബൈഡൻ എന്ന വ്യക്തിയുടെ ഭരണ രംഗത്തെ  അനുഭവ പരിചയത്തിന്റെ പ്രാഗൽഭ്യം. ഇത്രയും ആഴത്തിലും പരപ്പിലുമുള്ള അറിവും അനുഭവ സമ്പത്തുമുള്ള ഒരു വ്യക്തി, തന്റെ ചെറുപ്പ കാലത്ത് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ എത്താൻ യോഗ്യനായിരുന്നിട്ടു പോലും അതിനു സാധിക്കാതെ , ഇന്ന് എഴുപത്തി എട്ടിനോടടുക്കുന്ന ജീവിതത്തിന്റെ സായന്തന ഘട്ടത്തിൽ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് നടന്നു കയറുകയാണ്. അത് ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യത്തിന്റെ , പോരാട്ടവീര്യത്തിന്റെ വിജയമാണ്. ഒരാൾക്കും ചിന്തിക്കാൻ പോലുമാകാത്ത ദുരന്തങ്ങളിൽ പതറാതെ, പൊരുതി മുന്നേറിയാണ് അയാൾ ഇവിടെ എത്തിയത്. കാലം കാത്തു വച്ച അംഗീകാരം തന്നെ ആണ് ബൈഡന്റെ ഈ സ്ഥാനലബ്ധി. ഒരു പക്ഷെ ഇങ്ങനെ ഒന്ന് സംഭവിക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിരുന്നെങ്കിൽ അത് ചരിത്രത്തിലെ ഒരു അനീതി ആകുമായിരുന്നു. ഒരുപാട് സന്തോഷത്തോടെ, പ്രതീക്ഷയോടെ പ്രസിഡന്റ് ഇലക്ട് ജോ ബൈഡനു ആശംസകൾ അർപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു തല പൊക്കിയിരിക്കുന്ന വലതുപക്ഷ മതവംശ വാദി നേതാക്കൾക്ക് നേരെ നേരിന്റെയും നെറിയുടെയും ശബ്ദം ഉയർത്താൻ കഴിയുന്ന ഒരു ജനനേതാവാണ്‌ അമേരിക്കൻ പ്രസിഡന്റിന്റെ കസേര വലിച്ചിട്ടു ഇരിക്കാൻ പോകുന്നത് എന്നത് തന്നെയാണ്  ലോകത്തു മനുഷ്യ പക്ഷത്തു നിൽക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്കുള്ള ആശ്വാസവും . പ്രതീക്ഷയും  !

 

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

May 82021
4 boneless pieces of chicken thinly sliced 1/2 cup of chicken broth 2 tablespoon of olive oil 1 and 1/2 cups of diced mushrooms